'ഫേസ്' ബുക്കിലും മനസ്സ് ഫേസ്ബുക്കിലും


ഫേസ് ബുക്ക് നിങ്ങളെ മാനസിക രോഗിയാക്കും!!


അത്ഭുതപ്പെടേണ്ട, സംഗതി സത്യമാണ്. ഫേസ് ബുക്കിന്റെ അമിതമായ ഉപയോഗം നിങ്ങളുടെ മാനസിക നിലയെ തകരാറിലാക്കുവാന്‍ കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഏതെങ്കിലും നാലാംകിട വാരികകളോ, വെബ്സൈറ്റുകളോ വായനക്കാരെ കൂട്ടുവാന്‍ വേണ്ടി അടിച്ചുവിട്ട അടിസ്ഥാനരഹിതമായ കണ്ടെത്തലാണ് ഇത് എന്ന് തെറ്റിദ്ധരിച്ച് തള്ളിക്കളയേണ്ട. കാരണം മാനസികരോഗ ചികിത്സാരംഗത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്ന അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ 119ാം വാര്‍ഷിക കണ്‍വെന്‍ഷനിലാണ് പുതിയ തലമുറയെ ആശങ്കയുടെ മുള്‍മുനകളിലേക്ക് ആനയിക്കുന്ന ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. ഇത് അവതരിപ്പിച്ചതും ചില്ലറക്കാരൊന്നുമല്ല, ആഗോളതലത്തിലെ ഏറ്റവും ശ്രദ്ധേയ യൂണിവാഴ്സിറ്റികളിലൊന്നായ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവാഴ്സിറ്റിയിലെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ ലാറി ഡി റോസന്‍ ആണ് ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കേവലം തമാശയുടേയും ആകാംക്ഷയുടേയും പേരിലാണ് പലരും ഫേസ്ബുക്കില്‍ സന്ദര്‍ശകരാകുന്നത്. തുടക്കത്തില്‍ ജോലിയുടേയും പഠനത്തിന്റേയുമൊക്കെ ഇടവേളകളില്‍ ഫേസ്ബുക്ക് സന്ദര്‍ശകരായെത്തുന്നവര്‍ ക്രമേണ ഫേസ്ബുക്കിലെ ഇടവേളകളില്‍ മാത്രം ജോലിയെക്കുറിച്ചും പഠനത്തെക്കുറിച്ചും എന്തിനേറെ കുടുംബത്തെക്കുറിച്ച് പോലും ചിന്തിക്കുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുന്നുണ്ട് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
താന്‍ അപ് ലോഡ് ചെയ്ത ഫോട്ടോക്കും സ്റ്റാറ്റസിനുമെല്ലാം മികച്ച പ്രതികരണങ്ങള്‍ ലഭിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇത് നടന്നില്ലെങ്കില്‍ പലരും നിരാശരാകുന്നു. ദുരന്തമുഖങ്ങളില്‍ പോലും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുവാന്‍ ശ്രമിക്കുന്ന തരത്തിലുള്ള വികലമായ മാനസിക നില ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പൊതുവെ കാണപ്പെടുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. നിദ്രാഭംഗം, ഉത്കണ്ഠ, വിഷാദം, അമിതമായ കോപം തുടങ്ങി പലതരത്തിലുള്ള മാനസിക വൈകല്യങ്ങളും, മാനസിക തകരാറിലേക്ക് നയിക്കുന്ന കാരണങ്ങളും പ്രൊഫസര്‍ ലാറി ഡി റോസന്‍ ചൂണ്ടിക്കാണിക്കുന്നു. ലാറി ഡി റോസന്റെ പ്രബന്ധത്തോടൊപ്പം തന്നെ ലോക വ്യാപകമായി ഫേസ്ബുക്കിന്റെ ഗുണ-ദോഷ വശങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പഠനങ്ങളിലെ പല കണ്ടെത്തലുകളും പ്രാധാന്യമര്‍ഹിക്കുന്നവയും രസകരങ്ങളുമാണ്.
പാതിരാത്രിയിലെ സ്ത്രീകളുടെ ഫേസ്ബുക്ക് ഉപയോഗം
പാതിരാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് ഫേസ്ബുക്കിലെ അപ്ഡേറ്റുകള്‍ സെര്‍ച്ച് ചെയ്യുന്നവരുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അമേരിക്കയിലെ ഓക്സിജന്‍ മീഡിയ, ലൈറ്റ് സ്പീഡ് റിസര്‍ച്ച് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പഠനത്തിലാണ് ഈ അറിവ് പുറത്ത് വന്നിരിക്കുന്നത്. പഠനത്തിന് വേണ്ടി ഇവര്‍ സമീപിച്ചത് 1605 സ്ത്രീകളെയാണ്. ഇതില്‍ 21 ശതമാനം പേര്‍ അര്‍ദ്ധരാത്രി ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് ഫേസ് ബുക്ക് ചെക്ക് ചെയ്യാറുണ്ടത്രെ. ഈ സമയങ്ങളില്‍ പ്രധാനമായും തങ്ങളുടെ ബോയ്ഫ്രണ്ട്സിനോട് തന്നെയാണ് സല്ലപിക്കാറുള്ളതെന്നും ഇവര്‍ സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ കൂടുതലായി ഒന്നും പറയേണ്ടതില്ലല്ലോ... ഇത് വായിക്കുന്നത് പുരുഷന്മാരാണെങ്കില്‍ സ്വന്തം പെണ്‍മക്കളുടേയും, സഹോദരിമാരുടേയും, ഇടയ്ക്ക് ഭാര്യയുടേയും മേലെ പാതിരാത്രിയിലെങ്കിലും ഒരു കണ്ണുണ്ടാവുന്നത് നല്ലത് തന്നെ. 53 ശതമാനം സ്ത്രീകളും തങ്കളുടെ പേഴ്സണല്‍ വിഷയങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറുണ്ടെന്നാണ് ഈ പഠനത്തില്‍ സമ്മതിച്ചിരിക്കുന്നത്. 18 വയസ്സിനും 34 വയസ്സിനുമിടയില്‍ പ്രായമുള്ളവരില്‍ 63 ശതമാനം പേരും തങ്ങളുടെ ഫോട്ടോ മറ്റുള്ളവര്‍ കണ്ട് അസൂയപ്പെടട്ടേ എന്ന് ചിന്തിക്കുന്നവരുമാണ്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ അതത്ര ശുഭകരമായിരിക്കില്ല എന്ന അടിക്കുറിപ്പും റിസര്‍ച്ച് നടത്തിയവര്‍ ചേര്‍ത്തിരിക്കുന്നുണ്ട്.
കുടുംബബന്ധങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നു
ഫേസ്ബുക്കിന് തീര്‍ത്തും അടിമകളായി മാറുന്നവരുടെ കുടുംബബന്ധങ്ങളില്‍ വലിയതോതിലുള്ള വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കുട്ടികളോടും, ഭാര്യയോടും, അച്ഛനമ്മമാരോടും ചെലവഴിക്കേണ്ട സമയങ്ങളില്‍ ഫേസ്ബുക്കില്‍ കയറി ഒരിക്കലും കാണാത്ത സുഹൃത്തുക്കളോട് സല്ലപിക്കുന്നവര്‍ ക്രമേണ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പോലും മറന്നുപോകാറുണ്ട്. ഇത് കുടുംബബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുവാന്‍ കാരണമാകുന്നു. ഇതിന് പുറമെ ഫേസ്ബുക്കിന് അടിമകളായി മാറിയവര്‍ സാമൂഹിക ബന്ധങ്ങളില്‍ നിന്ന് അകന്ന് പോകുന്ന കാഴ്ചയും ഭയപ്പെടേണ്ടതാണ്.
അസുഖങ്ങള്‍
ഫേസ്ബുക്കിന് അടിമകളായ വ്യക്തികള്‍ ദിവസേന കുറഞ്ഞത് ആറ്-ഏഴ് മണിക്കൂര്‍ കമ്പ്യൂട്ടറിന് മുന്‍പിലിരിക്കുന്നുണ്ടെന്നാണ് കണക്ക്. യാതൊരു വിധത്തിലും ശരീരം അനങ്ങാതെയുള്ള ഈ ഇരുപ്പില്‍ അമിതവണ്ണം പോലുള്ള അസുഖങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. ക്രിയാത്മകമായി യാതൊന്നും ചെയ്യാതെ എന്തെങ്കിലും സ്നാക്സും കൊറിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്‍ കൂടുതലൊന്നും പറയേണ്ടി വരില്ല, പ്രഷര്‍, ഷുഗര്‍ തുടങ്ങി ഹൃദ്രോഗങ്ങള്‍ വരെ എളുപ്പത്തില്‍ ഇവരെ വേട്ടയാടുമെന്ന കാര്യം ഉറപ്പ് തന്നെ.
ഫേസ്ബുക്കിന് വേണ്ടി ഫോട്ടോ എടുക്കുന്നവര്‍
ഇത്തരം വ്യക്തികളെക്കൊണ്ട് പല സന്ദര്‍ഭങ്ങളിലും പറയുവാന്‍ സാധിക്കാത്തത്ര ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കപ്പെടുന്നത്. പല ദുരന്ത സന്ദര്‍ഭങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുവാന്‍ വരെ ഈ ഫേസ്ബുക്കന്മാരുടെ പ്രവര്‍ത്തികള്‍ കാരണമാകാറുണ്ട്. ആരാധനാലയങ്ങള്‍ മുതല്‍ ആശുപത്രികള്‍ വരെ ഇവരുടെ പേക്കൂത്തുകള്‍ക്ക് വേദിയാകും. ഒരു തരത്തിലുള്ള ഗുരുതരമായ മാനസിക വൈകല്യമാണിത്.
പഠനത്തെ ബാധിക്കും
ഫേസ്ബുക്കിന് അടിമകളായ കുട്ടികളുടെ പഠനനിലവാരം വളരെ മോശമായ രീതിയില്‍ താഴ്ന്നുപോകുന്നു എന്നാണ് പല അധ്യാപകരുടേയും അനുഭവസാക്ഷ്യം. പഠിക്കേണ്ട സമയത്ത് ഫേസ്ബുക്കിന് മുന്‍പിലിരിക്കുന്നത് വഴി പഠന സമയം നഷ്ടപ്പെടുന്നു. ഇതിന് പുറമെ പുസ്തകത്തിന് മുന്‍പിലിരിക്കുമ്പോഴും മനസ്സ് നിറയെ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത ചിത്രത്തിന് ലഭിക്കുന്ന കമന്റുകളും ആകാംക്ഷയുമായിരിക്കും. സ്വാഭാവികമായും 'ഫേസ്' ബുക്കിലും മനസ്സ് ഫേസ്ബുക്കിലും എന്ന അവസ്ഥ വന്നുചേരും. ഇത് പഠനനിലവാരം കുറയുവാന്‍ കാരണമാകും. ഇതിന് പുറമെ പക്വതയെത്താത്ത പ്രായത്തിലുള്ളവരാണ് കുട്ടികള്‍ എന്നത് കൊണ്ട് തന്നെ ഈ മായികലോകത്തിനകത്തുള്ള ഗെയിമുകളും അശ്ളീല വീഡിയോകളുമെല്ലാം കുട്ടികളെ സ്വാധീനിക്കുവാനിടയുണ്ട്.
ജോലിയുടെ കാര്യം പോക്കാ...
സ്വന്തം കീശയില്‍ നിന്ന് കാശ് ചെലവാക്കി ഇന്റര്‍നെറ്റിലും ഫേസ്ബുക്കിലും കയറുന്നവര്‍ വളരെ കുറവായിരിക്കും. ഇത് വായിക്കുന്ന വ്യക്തിയും ഒരുപക്ഷെ ഓഫീസ് കമ്പ്യൂട്ടറിന് മുന്‍പിലായിരിക്കും. ഇതുകൊണ്ട് രണ്ട് തരത്തിലുള്ള ദോഷങ്ങളുണ്ട് ഒന്നാമതായി കമ്പ്യൂട്ടറില്‍ ഫേസ് ബുക്ക് ഓണ്‍ ചെയ്ത് മിനിമൈസാക്കി വെച്ച് ജോലി ചെയ്യുന്ന വ്യക്തി 5 മിനിട്ടില്‍ ഒരു തവണ എന്ന രീതിയിലെങ്കിലും മിനിമൈസ് ചെയ്തുവെച്ച പേജ് സന്ദര്‍ശിക്കും. ഒരു തവണ സന്ദര്‍ശിച്ചാല്‍ കുറഞ്ഞത് ഒരു മിനിട്ടെങ്കിലും(ഏറ്റവും കുറഞ്ഞത്) അതിനുവേണ്ടി ചെലവഴിക്കുകയും ചെയ്യും. അതായത് അരമണിക്കൂറില്‍ 6 മിനിട്ട് ഫേസ്ബുക്കിന് വേണ്ടി ചെലവഴിച്ചു. ഒരു മണിക്കൂറില്‍ അത് 12 മിനിട്ടാവുകയും 8 മണിക്കൂറില്‍ ഒന്നേകാല്‍ മണിക്കൂറിലധികം ഫേസ്ബുക്കിന് വേണ്ടി സമയംചെലവഴിക്കുന്നു എന്ന് സാരം. ലഞ്ച് ബ്രേക്ക് പോലും ഒരു മണിക്കൂര്‍ മാത്രം കൊടുക്കുന്ന സ്ഥാപനത്തിന് ഫേസ്ബുക്കിന് വേണ്ടി ഒന്നേകാല്‍ മണിക്കൂര്‍ ചെലവഴിക്കുന്ന ജീവനക്കാരനെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടാകില്ലെന്നതുറപ്പല്ലെ. മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഫേസ്ബുക്കും ജോലിയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
ഫേസ്ബുക്കില്‍ തമാശക്കുവേണ്ടിയും അല്ലാതെയുമൊക്കെ പല കാര്യങ്ങള്‍ നമ്മള്‍ അപ് ലോഡ് ചെയ്യാറുണ്ട്. ഇതിന് പുറമെ പലരും നമ്മുടെ അക്കൌണ്ടില്‍ പലതും പേസ്റ്റ്ചെയ്യാറുമുണ്ട്. പുതുതായി ജോലിതേടിയെത്തുന്ന വ്യക്തിയുടെ സ്വഭാവ സവിശേഷത മനസ്സിലാക്കുവാന്‍ ഒരു മാനേജ്മെന്റിന് ഏറ്റവും എളുപ്പവഴി അവന്റെ ഫേസ്ബുക്ക് അക്കൌണ്ട് പരിശോധിക്കുക എന്നതാണ്. സാധാരണ ഗതിയില്‍ ഇങ്ങനെ ചെയ്താല്‍ ആ ഉദ്യാഗാര്‍ത്ഥിയുടെ ജോലി എപ്പോള്‍ പോയി എന്ന് ചോദിച്ചാല്‍ മതി. ഫേസ്ബുക്കിന് ഒട്ടനവധി ഗുണവശങ്ങളുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ ചില മോശം വശങ്ങളും ഫേസ് ബുക്കിനുണ്ട്. ഇത്തരം ദോഷകരമായ വശങ്ങളെ കൃത്യമായി മനസ്സിലാക്കി നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ അത് ഗുണകരമായിരിക്കും.
കടപ്പാട്: