ഐടിയെ കുറിച്ചും ഖുർആനിലോ?


നാം ജീവിക്കുന്നത് ഡിജിറ്റലല്‍ സാങ്കേതിക വിദ്യയുടെ യുഗത്തിലാണല്ലോ. ഇപ്പോള്‍ നമ്മളുപയോഗിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അതിലുള്ള സോഫ്ട്‌വെയറുകളും നമുക്ക് സുപപരിചിതമാണ്. ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടര്‍ സ്‌ക്രീനിലെത്തുന്ന കോടാനുകോടി വിജ്ഞാനങ്ങളുടെയും ശബ്ദ ദൃശ്യങ്ങളുടെയും ഭാഷയെ നാം ഡിജിറ്റല്‍ ഭാഷയെന്ന് വിളിക്കുന്നു. നമ്മുടെ കാലം ഡിജിറ്റല്‍ യുഗമെന്ന് വിശേഷിപ്പിക്കുന്നതും അതുകൊണ്ട് തന്നെ.
Binary
കമ്പ്യൂട്ടറിന് ഒരു ഭാഷ മാത്രമേ അറിയൂ. ഡിജിറ്റല്‍ ഭാഷയെന്ന വിളിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷയാണത്. ഇതില്‍ അക്കങ്ങളും അക്ഷരങ്ങളുമായി രണ്ടേ രണ്ട് സംഖ്യകള്‍ മാത്രം. പൂജ്യവും ഒന്നും. ഈ ബൈനറി അക്കങ്ങള്‍ കൊണ്ടാണ് കമ്പ്യൂട്ടറിന്റെ ഡാറ്റയും സ്വരങ്ങളും അക്ഷരങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ബൈനറി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ് കമ്പ്യൂട്ടര്‍. ഈ രീതിയില്‍ സോഴ്‌സ്‌കോഡിനെ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ലേറ്റര്‍മാരെയാണ് കംപയിലര്‍, ഇന്റര്‍പ്രട്ടര്‍ എന്ന് വിളിക്കുന്നത്.
ഡിജിറ്റല്‍ ലൈബ്രറികളും സിനിമകളും മ്യൂസിക്കുകളുമെല്ലാം നാം സ്വായത്തമാക്കി. ഒരു കാലത്ത് എല്ലുകളിലും തോലുകളിലും ചിത്രലിപികളിലുമെല്ലാമായിരുന്നു വിവരശേഖരണം നടത്തിയിരുന്നത.് പിന്നീട് കടലാസുകളിലേക്കും അച്ചടിയിലേക്കും വഴിമാറി. വിവിധ ലിപികളും ഭാഷകളും വന്നതോടെ അതെല്ലാം അക്ഷരങ്ങളിലേക്ക് മടങ്ങി. ഇന്നാവട്ടെ അവയെല്ലാം തന്നെ ഡിജിറ്റലിലേക്കും പകര്‍ത്തപ്പെട്ടിരിക്കുന്നു. എല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാം. ഒരു പക്ഷെ, ഇതിന്റെ തന്നെ ഉയര്‍ന്ന സാങ്കേതികവിദ്യ കൈവരുമ്പോള്‍ ഇന്ന് ഡിജിറ്റലിന് വഴങ്ങാത്തതും അന്ന് വഴങ്ങിയേക്കാം. കഴിഞ്ഞ കാലങ്ങളിലെ മാറ്റങ്ങള്‍ അതാണ് നമ്മെ പഠിപ്പിക്കുന്നത്.
സര്‍വ്വലോകജ്ഞാനിയായ ദൈവത്തില്‍ നിന്നും അവതരിപ്പിക്കപ്പെട്ടിട്ടുള്ള കാലാധിവര്‍ത്തിയായ വിശുദ്ധ ഖുര്‍ആനില്‍ വിവരങ്ങളുടെ ഈ പുതിയ സങ്കേതങ്ങളെ കുറിച്ച് യാതൊരു സൂചനയും ഇല്ലാതെ വരുമോ? വിവരങ്ങള്‍ സൂഷ്മമായി രേഖപ്പെടുത്താവുന്ന സാങ്കേതിക വൈദഗ്ദ്യം ഖുര്‍ആനും അജ്ഞാനമായിരുന്നുവോ? വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ആറാം നൂറ്റാണ്ടില്‍ പ്രചുരമായിരുന്ന സാങ്കേതികജ്ഞാനം തന്നെയാണോ ഖുര്‍ആനും അവതരിപ്പിക്കുന്നത്? അതല്ല, അതിനുമപ്പുറത്തേക്കുള്ള ആശയം നല്‍കുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആന്‍ നടത്തുന്നുണ്ടോ? അന്വേഷണ വിധേയമാക്കാവുന്ന ഒരു വിഷയമല്ലേ ഇത്?
ഇവിടെയാണ് ഖുര്‍ആനിലെ ചില പദപ്രയോഗങ്ങള്‍ ശ്രദ്ധേയമാവുന്നത്. പരലോകത്ത് മനുഷ്യന്റെ ജീവിതരേഖയടങ്ങുന്ന ഗ്രന്ഥം സമര്‍പ്പിക്കുന്ന ഘട്ടവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ 83-ാം അധ്യായത്തില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു.
'നിശ്ചയം, ദുര്‍മാര്‍ഗിക്കളുടെ ഗ്രന്ഥം സിജ്ജീനിലാകുന്നു. സിജ്ജീനെന്താണെന്ന് താങ്കള്‍ക്കറിയാമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.'(83:7,8,9) ഇപ്രകാരം സത്യവിശ്വാസികളെ കുറിച്ചും പറയുന്നു. 'നിശ്ചയം സല്‍കര്‍മ്മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാകുന്നു. ഇല്ലിയ്യൂന്‍ എന്നാണെന്ന് താങ്കള്‍ക്കറിയുമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.' (83:18,19,20)
കിതാബുന്‍ മര്‍ഖൂമിന് പൊതുവെ എഴുതപ്പെട്ട പുസ്തകം എന്നാണ് പരിഭാഷപ്പെടുത്താറുള്ളത്. എന്നാല്‍ എഴുതപ്പെട്ടത് എന്ന കൃത്യമായി അര്‍ഥം ലഭിക്കണമെങ്കില്‍ 'മക്തൂബ്' എന്നാണ് വരേണ്ടിയിരുന്നത്. എന്തുകൊണ്ട് ഈ സമഗ്ര ആലേഖനയെ കുറിച്ച് മര്‍ഖൂം എന്ന് പ്രയോഗിച്ചു.?
റഖ്മ് എന്ന അറബി വാക്കിന് അക്കം, ഡിജിറ്റ് എന്നെല്ലാമാണ് അര്‍ഥം. മര്‍ഖൂം എന്നാല്‍ നമ്പര്‍ ചെയ്യപ്പെട്ടതെന്നോ ഡിജിറ്റലൈസ് ചെയ്തതെന്നോ പറയാം. ഡിജിറ്റല്‍ ലൈബ്രറിക്ക് അറബിയില്‍ മക്തബതുര്‍റഖ്മിയ്യ എന്നും ഡിജിറ്റല്‍ സാങ്കേത വിദ്യക്ക് അത്തഖ്‌നിയ്യ അര്‍റഖ്മിയ്യ എന്നുമാണ് പറയാറുള്ളത്. മലയാളത്തില്‍ അതേ ആശയം വരുന്ന സാങ്കേതിക പ്രയോഗമില്ലാത്തതിനാല്‍ 'ഡിജിറ്റല്‍' എന്ന് തന്നെ ഉപയോഗിക്കുന്നു.
ഖുര്‍ആനിന്‍ പലിയിടത്തും പറയുന്നത് പോലെ വമാ അദ്‌റാക അഥവാ നിനക്കറിയുമോ എന്ന് ചോദിച്ചു കൊണ്ട് അതിന്റെ അര്‍ഥമാണ് തുടര്‍ന്ന് പറയാറുള്ളത്. ഉദാഹരണാമായി അല്‍ ഖാരിഅ(101:1), ലൈലതുല്‍ ഖദ്ര്‍(97:1), അഖബ (60:12) എന്നീ വാക്കുകള്‍ നോക്കുക. എന്നാല്‍ ഇവിടെ സിജ്ജീന്‍ എന്താണെന്നും ഇല്ലിയ്യീന്‍ എന്താണെന്നും ചോദിച്ചതിന് ശേഷം കിതാബുന്‍ മര്‍ഖൂം ആണെന്ന് പറയുന്നുണ്ടെങ്കിലും അത് അതിന്റെ വിശദീകരണമല്ലെന്ന് ഖഫ്ഫാല്‍ പറയുന്നതായി ഇമാം റാസി ഉദ്ദരിക്കുന്നു. സിജ്ജീനിന്റെയോ ഇല്ലിയ്യീനിന്റെയോ വിശദീകരണമല്ല കിതാബുന്‍ മര്‍ഖൂം എന്നത്. കാരണം രണ്ടും പരസ്പര വിരുദ്ധമാണ് എന്നത് തന്നെ. അങ്ങിനെ വരുമ്പോള്‍ നന്മയായാലും തിന്മയായാലും അത് രേഖപ്പെടുത്തി വെക്കുന്ന പൊതുവായ സാങ്കേതിവിദ്യയാവാനേ തരമുള്ളൂ.
എഴുതപ്പെട്ടത് എന്ന അര്‍ത്ഥം പൊതുവായി പറയാറുണ്ടെങ്കിലും അതും ഏകകണ്ഠമല്ല എന്ന് മനസ്സിലാക്കാനാവും. മര്‍ഖൂം എന്ന വാക്കിന് അഞ്ച് വ്യഖ്യാനങ്ങള്‍ ഇമാം റാസി തന്റെ തഫ്‌സീറുല്‍ കബീറില്‍ ഉദ്ദരിക്കുന്നു. അതിലൊന്ന് മാത്രമാണ് മക്തൂബ് അഥവാ എഴുതപ്പെട്ടത്. മറ്റൊരര്‍ത്ഥം സീല്‍ ചെയ്യപ്പെട്ടത് എന്നാണ്. മറ്റ് മൂന്ന് അര്‍ത്ഥങ്ങളും കണക്കുമായി ബന്ധപ്പെട്ടതാണ്. ഒന്ന്). നരകം അല്ലെങ്കില്‍ സ്വര്‍ഗം നിര്‍ബന്ധമാണെന്ന് കണക്കാക്കി. രണ്ട്). കച്ചവടക്കാര്‍ വിലക്കനുസരിച്ച് കണക്കുകൂട്ടി ചരക്കുകള്‍ തയ്യാറാക്കുന്ന പോലെ കര്‍മ്മങ്ങള്‍ കണക്കൂകൂട്ടി വെച്ചിരിക്കും. മൂന്ന്). അവരുടെ രക്ഷാ ശിക്ഷകള്‍ കണക്കുകൂട്ടി വെച്ചിരിക്കും. അതിലൊന്നും വിട്ടു പോവുകയില്ല.
ഖുര്‍തുബിയില്‍ മക്തൂബും ക റഖമി ഫി ഥൗബി അഥവാ പ്രതിഫലം കണക്കനുസരിച്ച് രേഖപ്പെടുത്തിയെന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ളഹ്ഹാഖില്‍ നിന്നും മഖ്തൂം അഥവാ സീല്‍ ചെയ്യപ്പെട്ടത് എന്ന വ്യാഖ്യാനവും ഉദ്ദരിക്കപ്പെടുന്നു.
തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൗലാനാ മൗദൂദി സാഹിബ് സിജ്ജീന്‍, ഇല്ലിയ്യീന്‍ എന്നതിന് ഗ്രന്ഥം തന്നെ ഒഴിവാക്കി തടവുകാരുടെ പട്ടികയെന്നും ഉന്നത സ്ഥാനീയരുടെ പട്ടികയെന്നുമാണ് അര്‍ഥം നല്‍കിയിട്ടുള്ളത്.
ഇത്രയും വ്യാഖ്യാനസാധ്യതയുള്ളപ്പോള്‍ അല്ലാഹു ഉപയോഗിച്ച ഒരു പദത്തിന് കുറച്ചു കൂടി കൃത്യമായി അതിനെ ഡിജിറ്റല്‍ രേഖയെന്നും പറഞ്ഞു കൂടെ? ഒരു പദത്തിന് അതിന്റെ പാദാനുപദം അര്‍ഥം തന്നെ ഫിറ്റായിരിക്കെ ആ അര്‍ഥം തന്നെയല്ലേ പ്രസക്തവും? അഥവാ ഖുര്‍ആനിന്റെ ഓരോ അക്ഷരവും പദപ്രയോഗവും അര്‍ഥവത്തും സൂഷ്മവുമായി ദൈവത്താല്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഖുര്‍ആനിലെ അല്‍ഭുതങ്ങള്‍ ഒരു കാലത്തും ഒടുങ്ങുന്നില്ല എന്ന പ്രവാചകവചനത്തിന്റെ ഒരു പുലര്‍ച്ച കൂടിയായി ഇതിനെ മനസ്സിലാക്കിക്കൂടെ?

കടം @ എസ്.എം.എസ്

ഒരിക്കല്‍ സഹപ്രവര്‍ത്തകനോട് ഞാന്‍ ആയിരം രൂപ കടം ചോദിച്ചു. പണം തരികയും മെസേജ് ഫ്രീയാണെങ്കില്‍ Received 1000/ എന്ന് ഒരു എം.എസ്.എസ് അയക്കാനാവശ്യപ്പെടുകയും ചെയ്തു. എസ്.എം.എസ് അയച്ചതോടെ അദ്ദേഹം നന്ദിയറിയിച്ചു. അതോടെ രണ്ടു പേരുടെയും പരസ്പര ധാരണയോടെയുള്ള രേഖയായി അത് മാറി. മുമ്പും ഈ രീതി സ്വീകരിക്കാറുണ്ടെങ്കിലും നേരിട്ട് പറഞ്ഞത് മാതൃകയായി തോന്നി. വാങ്ങിയ തിയ്യതിയും തിരിച്ചു തരുന്ന തിയ്യതിയുമെഴുതുന്നതിലൂടെ കാലാവധിയും സ്ഥിരപ്പെട്ടു. ഇപ്രകാരം എസ്.എം.എസോ ഇമെയിലോ അയക്കാം. ദിവസം അനവധി തവണ മൊബൈലില്‍ കളിക്കുന്ന നമുക്ക് ഇത് കാണുമ്പോള്‍ സദാ ഓര്‍മ്മപ്പെടുത്തലാവുകയും ചെയ്യുന്നു.

വിശുദ്ധ ഖുര്‍ആന്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വളരെ ഗൗരവത്തോടെ ഊന്നിപ്പറഞ്ഞിട്ടുള്ള വിഷയമാണ്. വിശിഷ്യാ ദാനദര്‍മ്മം, പലിശ, കടം മുതലായവ. ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം (2:282) തന്നെ കടത്തെ സംബന്ധിച്ചുള്ളതാണെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പരസ്പരസഹകരണത്തോടെ നിശ്ചിത അവധിവെച്ചുള്ള കടമിടപാടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ വചനത്തില്‍ ഊന്നിപ്പറയുന്നു. പ്രധാനമായും ഇത്തരം ഇടപാടുകള്‍ക്ക് രേഖാമൂലമുള്ള തെളിവുണ്ടാകണമെന്നാണ്. രണ്ടാമത്തേത് പ്രസ്തുത ഇടപാടുകളില്‍ വല്ല ആശയക്കുഴപ്പം രൂപപ്പെടുന്ന പക്ഷം അതിനെ സ്ഥിരീകരിക്കാന്‍ സാക്ഷികളുണ്ടാവണമെന്നും. സാക്ഷ്യം ഫലവത്താകാന്‍ മറ്റെല്ലാ സാമ്പത്തിക കൊള്ളക്കൊടുക്കുകളിലും നാം സ്വീകരിക്കുന്ന പോലെ ചുരുങ്ങിയത് രണ്ട് പേര്‍ നിര്‍ബന്ധവുമാണ്. കാരണം ഒരാളാണെങ്കില്‍ വശീകരിക്കപ്പെടാന്‍ എളുപ്പമാണെന്നതോടൊപ്പം യോജിച്ചുകൊണ്ടുള്ള ചൂഷണത്തിനും സാധ്യതയേറെയാണ്. എന്നാല്‍ രണ്ട് നീതിമാന്‍മാരുടെ സാക്ഷ്യം അത്തരം സാധ്യത കുറക്കുന്നു. സ്ത്രീകളാണെങ്കിലും ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ട് അവര്‍ക്ക് കൂട്ടായി മറ്റൊരു സ്ത്രീ കൂടി വേണമെന്നും നിശ്ചയിച്ചു. അതാവട്ടെ പരസ്പരം ഓര്‍മ്മപ്പെടുത്താനാണെന്ന് വ്യക്തമായി ഖുര്‍ആന്‍ പറയുകയും ചെയ്യുന്നു.

ഇത്രയും കൃത്യമായി പഠിപ്പിക്കപ്പെട്ട സാമ്പത്തിക ഇടപെടുകളില്‍ എത്രപേര്‍ ഈ സൂഷ്മത പുലര്‍ത്തുന്നുണ്ട്. അതില്ലാത്തതിന്റെ പേരില്‍ എത്ര ബന്ധങ്ങള്‍ ഉലയുകലും പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അടിയന്തിരഘട്ടങ്ങളില്‍ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും അപേക്ഷ ആര്‍ക്കും തള്ളിക്കളയാനാവില്ല. സ്വഭാവികമായും കയ്യില്‍ കാശുണ്ടെങ്കില്‍ അത് നല്‍കി സഹായിക്കുകയും ചെയ്യും. പക്ഷെ വാങ്ങാനുള്ള ആവേശം പലപ്പോഴും തിരിച്ച്‌നല്‍കാന്‍ ഉണ്ടാവാറില്ല എന്നതത്രെ സത്യം. പലരും സ്വയം ഡയറിയില്‍ എഴുതിവെക്കുന്ന ശീലമുണ്ടെങ്കിലും തുല്യധാരണയോടെ അത് നിര്‍വ്വഹിക്കാറില്ല. രേഖാമൂലമാക്കുന്നത് പരസ്പരവിശ്വസമില്ലായ്മയുടെ പ്രശ്‌നമായി കാണുമോ എന്ന ആശങ്ക കൊണ്ട് അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്നു. ഇത്രയും സംഖ്യ കടമായി വാങ്ങുന്നയാള്‍ക്കില്ലാത്ത പ്രയാസം ഒരു കടലാസില്‍ ഒപ്പ് ഇടീക്കുമ്പോള്‍ നല്‍കുന്നയാള്‍ക്കുമുണ്ടാവേണ്ടതില്ല.

രേഖയുടെ അഭാവത്തില്‍ ബോധപൂര്‍വ്വമല്ലാത്ത വീഴ്ചകളും വന്നുപോവാന്‍ സാധ്യത ധാരാളമാണ്. ഒരാള്‍ കടം വാങ്ങി അത് സ്വയം മറന്നു പോവുന്നതോടെ നല്‍കിയയാള്‍ അത് നേരിട്ട് ചോദിക്കാനുള്ള പ്രയാസത്താല്‍ തെറ്റിദ്ധാരണ വെച്ച് കഴിഞ്ഞു കൂടുന്നു. ഇനി പറഞ്ഞാലും ചിലപ്പോള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ടാറുമുണ്ട്. മറ്റു ചിലപ്പോള്‍ നമ്മുടെ ധാരണയിലൊന്നുമില്ലെങ്കിലും കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ കൊടുത്തൊഴിവാക്കാറും സ്വാഭാവികം. ഫലത്തില്‍ വലിയൊരു ബാധ്യതയായി അത് അവശേഷിക്കുന്നു.

മയ്യിത്ത് നമസ്‌കാരത്തിന് മുമ്പായി പള്ളിയില്‍ വെച്ചുള്ള വിളംബരത്തില്‍ അവസാനിക്കുന്ന ഒന്നല്ല അത്. സാക്ഷിയോ രേഖയോ ഒന്നുമില്ലതെ ആരെങ്കിലും പരേതന്റെ ബന്ധുക്കളെ സമീപിക്കുമെന്നും തോന്നുന്നില്ല. ലഭിക്കാനുണ്ടെങ്കിലും അതില്‍ രേഖയോ സാക്ഷികളോ ഇല്ലാതിരിക്കുന്നതിന്റെ പ്രയാസം പരേതന്റെ ബന്ധുക്കളിലും സൃഷ്ടിക്കാറുണ്ട്. പലപ്പോഴും അതൊരു ചടങ്ങു വര്‍ത്തമാനമായി മാത്രം അവശേഷിക്കുന്നു. ഇവിടെയാണ് ഖുര്‍ആനിക നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നത്. ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന സാക്ഷികള്‍ ഉണ്ടാവുന്നത് എന്തു കൊണ്ടും നല്ലത് തന്നെ. വലിയ ഇടപാടുകള്‍ക്ക് നാമത് ബാധകമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ ദൈനംദിനമായി നടക്കുന്ന അനവധി കൊള്ളക്കൊടുക്കലുകള്‍ക്ക് പലപ്പോഴും പ്രായോഗിക വിഷമതകളും നേരിടുന്നതിനാല്‍ തന്നെ അത്തരമൊരു കാര്യം പാടെ ഒഴിവാക്കാറാണ് പതിവ്.

ചെറിയ ഇടപാടുകളില്‍ വലിയ റിസ്‌കൊന്നും ഇല്ലാതെ ചെയ്യാവുന്ന ലളിതമായ കാര്യമാണ് എസ്.എം.എസ്. എന്നാല്‍ നടത്തിയ ഇടപാടുകള്‍ നിഷേധിക്കപ്പെടാനും അവിശ്വസിക്കപ്പെടാനുമുള്ള സാധ്യത നിലനില്‍ക്കുന്നതു കൊണ്ടാണല്ലോ സാക്ഷികള്‍ ആവശ്യമാണെന്ന് പറഞ്ഞത്. നിലവിലെ ബാങ്കിങ് / നെറ്റ് ബാങ്കിങ് വഴിയോ മറ്റോ എത്ര രൂപ കൈമാറിയാലും നിഷേധിക്കാനാവാത്ത കൈമാറ്റ രേഖകള്‍ ലഭ്യമാണ്. എം. എസ്. എസിലും ഇമെയിലും ഈ രീതിയില്‍ പ്രൊവൈഡര്‍മാരില്‍ നിന്ന് ലഭ്യമാവുന്ന രേഖകള്‍ അനിഷേധ്യമാണ്.

കൂടുതല്‍ സങ്കീര്‍ണതകളിലേക്കൊന്നും നീങ്ങാതെ എപ്പോഴും നടത്താവുന്ന ഈ രീതി ഒന്നുമില്ലാതെ നടക്കുന്ന ഇടപാടുകളെക്കാള്‍ അവലംബ്യമാവുന്നതും അതുകൊണ്ട് തന്നെയാണ്. ചെയ്യേണ്ടത് ഇത്രമാത്രം, വാങ്ങിയ ആളോട് ഈ തുക സ്വീകരിച്ചു എന്ന് പറഞ്ഞൊരു എസ്.എം.എസ് അയക്കാന്‍ പറയുക. വാങ്ങിയതാണെങ്കില്‍ നമ്മളപ്രകാരം ചെയ്യുക. സ്വാഭാവികമായും ഈ രീതി അയാളും പിന്തുടരും.

സുഹൈറലി തിരുവിഴാംകുന്ന് 
http://www.islamonlive.com/story/2012-06-27/1392