പുലിയായി വരുന്ന മെസ്സേജുകൾ

പണ്ടൊരു കഥയുണ്ട്..പുലി വരുന്നേ പുലി എന്നാണ് കഥയുടെ തലക്കെട്ട്..കഥയുടെ ബാക്കി പിന്നെ പറയേണ്ടല്ലോ. ഇതു പോലെയാണ് ഈയിടെ എനിക്ക് എം.എസ്.എസ്സായി ലഭിച്ച ഒരു മെസ്സേജിന്റെ സ്ഥിതിയും. സദുദ്ദേശത്തോടെ അയച്ചവരെല്ലാം ഇളിഭ്യാരായി മെസ്സേജ് വ്യാജമാണെന്ന് പറഞ്ഞ് മാധ്യമത്തില്‍ വാര്‍ത്തയും വന്നു. ഇനി ആരെങ്കിലും കാര്യത്തില്‍ വല്ല എം. എസ്.എമ്മസയച്ചാലും നാം തിരിഞ്ഞു നോക്കുമോ?

നിങ്ങള്‍ക്കും രക്തം ആവശ്യപ്പെട്ടുള്ള ആ മെസ്സേജ് കിട്ടിയിരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ഇതു കുറേ ഓടി...കിട്ടുന്നവര്‍ക്കെല്ലാം അത് തയ്യാറാക്കിയയച്ച ഡൈറ്റ് എസ്.എം.എസില്‍ കാണാത്തതിനാല്‍ കിട്ടിയവര്‍ക്കെല്ലാം മെസ്സേജ് പുതിയതായിരുന്നു. പിന്നെ ആരാണ് അയച്ചതെന്നാണ് നോക്കുക. കുഴപ്പമില്ല വിശ്വസിക്കാവുന്ന സുഹൃത്ത് തന്നെ..എന്നാ കിടക്കട്ടെ...നമുക്ക് ഏതായാലും രക്തം കൊടുക്കാനാവില്ല...ഇത് വായിച്ച് ആരെങ്കിലും കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെ...എന്ന സദുദ്ദേശത്തോടെ  അയച്ചു. എല്ലാവരും ഇതു തന്നെ വിചാരിച്ച് അവരും അയച്ചു തങ്ങളുടെ അടുത്തവര്‍ക്കെല്ലാം. എന്നാലതിലൊരാളും ഈ സംഗതിയുടെ നിജസ്ഥിതിയറിയാന്‍ അതിലെ നമ്പരിലേക്കൊരു മിസ് കോള്‍ വിടാന്‍ പോലും മെനക്കെട്ടില്ല എന്നതാണ് സങ്കടകരം. ഇനി ലോകം മുഴുവന്‍ എസ്.എം. എസ് പ്രചരിപ്പിച്ചാല്‍ തിരിച്ച് റീപ്ലേ ആയൊന്നും രക്തം കൊടുക്കാനാവില്ലെന്ന തിരച്ചറിവെങ്കിലും ഇങ്ങിനെ ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.
മാധ്യമം 29.7.12 
കഴിഞ്ഞയാഴ്ച ഈ മെസ്സേജ് എറണാകുളത്തെ ഒരു സുഹൃത്തില്‍ നിന്നും കിട്ടിയപ്പഴേ ഇതില്‍ സംശയം തോന്നി അവിടെ ഇട്ടു. അഞ്ച് ദിവസം കഴിഞ്ഞപ്പോ പാലക്കാടുള്ള സുഹൃത്തില്‍ നിന്നും ഇതേ മസ്സേജ്. ഉടനെ അതില്‍ കൊടുത്ത നമ്പറിലേക്ക് വിളിച്ചു. ഫോണ്‍ സ്വിച്ചോഫ്. ഉടനെ അയച്ച ആള്‍ക്ക് വിളിച്ചു.  ഇതാര്‍ക്ക വേണ്ടിയാണെന്ന് ചോദിച്ചു. അതില്‍ നമ്പറുണ്ടല്ലോ എന്നായിരുന്നു മറുപടി. അയക്കുന്നതിന് മുമ്പ് നമ്പറിലേക്ക് വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ വിളിച്ചിരുന്നില്ല. മലപ്പുറത്തെ ഇന്ന സുഹൃത്ത് അയച്ചു തന്നപ്പോ ഫോര്‍വേഡ് ചെയ്തതാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു. ഒന്നുകില്‍ ഇത് വ്യാജമാവാം, ഇനി യാഥാര്‍ഥ്യമാണെങ്കില്‍ തന്നെ അതിന്റെ ആവശ്യം എന്നേ കഴിഞ്ഞിരിക്കാം. നിങ്ങള്‍ പറഞ്ഞത് നന്നായി എന്നും പറഞ്ഞ് അദ്ദേഹം ഫോണ്‍വെച്ചു. എറണാകുളത്ത് നിന്ന് അയച്ചയാളോട് വിളിച്ചപ്പോഴും പ്രതികരണം ഇതു തന്നെ. പിന്നെ നോക്കുമ്പോഴാണ് സംഗതി ആറുമുമ്പത്തെ കേസാണെന്ന് പത്രത്തില്‍ കാണുന്നത്. കോള്‍ കൊണ്ട് കുടുങ്ങി മൂപ്പര് ഫോണ്‍നമ്പര്‍ ഒഴിവാക്കിയതായിരിക്കാനാണ് സാധ്യത.

ഇത്തരത്തിലുള്ള മെസ്സേജ് ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
1. ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് മെസ്സേജിന്റെ നിജസ്ഥിതി നേരിട്ട് അന്വേഷിക്കുക.
2. അങ്ങിനെയുള്ള നമ്പറില്‍ ബന്ധപ്പെടാനാവുന്നില്ലെങ്കില്‍ സന്ദേശം കാലഹരണപ്പെട്ടുവെന്നോ വ്യാജമാണെന്നോ കണക്കാക്കി ഡിലീറ്റ് ചെയ്യുക.
3. രക്തം ആവശ്യമുള്ളവര്‍ എസ്.എം.എസിലൊതുക്കാതെ ബന്ധപ്പെടാവുന്ന വ്യക്തികള്‍ക്ക് നേരിട്ട് വിളിച്ച് അന്വേഷിക്കുക.
4. എന്നേക്കാണ് ആവശ്യമെങ്കില്‍ ആ തീയ്യതിയും സ്ഥലവും കൃത്യമായി മെസ്സേജില്‍ വെക്കുക.
5. ഗ്രൂപ്പ് മെസ്സേജായി ലോകം മുഴുവന്‍ ഫോര്‍വേഡ് ചെയ്യാതെ ആശുപത്രിയുമായി അടുത്തുള്ളവര്‍ക്ക് മാത്രം അയക്കുക.