ഒരു വട്ടം കൂടി...


പഴയ വിദ്യാലയത്തിരുമുറ്റത്തെത്തുവാന്‍ മോഹം...


തളിക്കുളം ഇസ്ലാമിയാ കോളിജില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കുടുംബസമേതം 8 വര്‍ഷത്തിന് ശേഷം കോളേജില്‍ സംഗമിച്ചപ്പോള്‍........ ..............,,,




അങ്ങിനെ ഒരു വട്ടം കൂടി ഞങ്ങള്‍ തളിക്കുളം കോളേജിലെത്തി. കാന്റീനിന്റെ ഒരു മൂലയിലെ തുരുമ്പെടുത്ത ഇരുമ്പുകഷ്ണത്തിന്റെ പരിസരത്ത് ബെല്‍ കൊണ്ടുവന്നാല്‍ കോളേജ് ഉണരും. സുബിഹിക്ക് എണീക്കാനായി റൂമിന്റെ മുമ്പിലുള്ള ഘോരഘര്‍ജ്ജനം മുഴക്കുന്ന കിര്‍ര്‍ര്‍ര്‍ര്‍....സൗണ്ട് അഞ്ചുമിനുട്ട് നിറുത്താതെ അടിച്ചാലും അറിയാത്തവരാണ് സുബ്ഹിനമസ്‌കാരം കഴിഞ്ഞുള്ള സുഖ സുഷുപ്തിയില്‍ എട്ടരയാവുമ്പോള്‍ കാന്റിനിലെ ബെല്ല് പതുക്കെയൊന്ന് തൊടുമ്പോഴേക്കും ചാടിയെഴുന്നേല്‍ക്കുന്നത്. 2004 ല്‍ കോളേജില്‍ നിന്ന് ഇറങ്ങി എട്ടര വര്‍ഷത്തിന്‌ശേഷം 2012 ഡിസംബര്‍ 8 ന് രാത്രി ഞങ്ങള്‍ കാന്റീനിലെ ബെല്ലടി കേട്ട് ഞങ്ങള്‍ വീണ്ടും കാന്റീനിലേക്കോടി. ഓരോരുത്തുരും കാന്റീനിലെ ആ പഴയ ബെഞ്ചിലും ടേബിളിലും വീണ്ടുമെത്തി ഫുഡിനിരുന്നു. പ്ലെയിറ്റൊക്കെ ആ പഴയതു തന്നെ. കട്ടികള്‍ കുറവായത് കാരണം ഒരോ ബെഞ്ചിലും മൂന്ന് പേരൊക്കെയുള്ളൂ ഇരിക്കാറ്.

കോളേജിലുള്ളവര്‍ക്കെല്ലാവര്‍ക്കും ചിക്കന്‍ ബിരിയാണി ഞങ്ങളുടെ വകയായിരുന്നു. അങ്ങനെ അവരോടൊപ്പം ഞങ്ങളും ഡബിളും ത്രിബിളുമെല്ലാ മടിച്ച് പോളിങ് സജീവമാക്കി. അന്ന് പക്ഷെ, അവിടെ കോളേജില്‍ എട്ടു കൊല്ലത്തിന് ശേഷം തിരിച്ചെത്തിയത് ഞങ്ങളൊറ്റക്കായിരുന്നില്ല. ഓരോരുത്തരുടെയും പരിവാരങ്ങളോടൊപ്പമായിരുന്നു. അതെ ഞങ്ങളെ ഞങ്ങളാക്കിയ ആ സ്ഥാപനം നേരില്‍ കാണാവുവാനും ഞങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി ഭക്ഷണം കഴിച്ചിരുന്ന കാന്റീനില്‍ സഹധര്‍മിണികളെയും മക്കളെയെല്ലാവരും കൊണ്ടു വരികയെന്നത് ഞങ്ങളുടെ ഒരു ആഗ്രഹമായിരുന്നു. അതിനായിരുന്നു ആ ഡിസംബര്‍ 8,9 സാക്ഷ്യം വഹിച്ചത്.

അന്ന് രാത്രി കുട്ടികള്‍ക്കുള്ള സ്‌പെഷ്യലും ഞങ്ങളുടെ തന്നെ വകയായിരുന്നു. അങ്ങനെ നമസ്‌കാരവും ഭക്ഷണനും കഴിഞ്ഞ് ഗ്രൗണ്ടിലല്പം വട്ടം കൂടിയും വര്‍ത്തമാനം പറഞ്ഞു നിന്നും പഴയ ഓര്‍മകളിലേക്ക് തിരിച്ചു യാത്ര നടത്തി. കോളേജില്‍ നന്നായി വിലസി.ഞങ്ങളുടെ കൂടെയുള്ള നാസര്‍ തന്നെയാണിപ്പോള്‍ കോളേജിലെ വാഡനും. ഇതും ഞങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെട്ട എല്ലാ കാര്യവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായകമായി. പിന്നെ റെയില്‍ വേ പോലീസായി മാറിയ അക്ബര്‍ തളിക്കുളത്ത് തന്നെ സ്വന്തം വീടുകയറ്റി താമസമാക്കിയതിനാല്‍ കുടുംബങ്ങള്‍്കകും താമസവും പ്രയാസമായില്ല. കോളേജിലെ കോട്ടേഴ്‌സിലും അക്ബറിന്റെയും അവന്റെ പെങ്ങളുടെയും വീട്ടിലുമായി ഞങ്ങളെ പോലെ അല്‍പം റിസ്‌കെല്ലാം ആസ്വദിച്ച് ഒരുമിച്ച് ഒരേ പായില്‍ ഭാര്യമാരും ഒരു ദിവസം താമസിച്ചു. സ്വന്തം റൂമില്ലാത്തതിന്റെ പേരില്‍ ആരും ആരോടും പരാതി പറഞ്ഞില്ല എന്നു മാത്രമല്ല അതാവട്ടെ അവര്‍ക്കം വല്ലാത്തൊരനുഭവമായിരുന്നു എന്നാണ് ഇങ്ങിനെ ചേരുന്നതിനോടൊന്നും ആദ്യ ഘട്ടത്തില്‍ വലിയ താല്പര്യമൊന്നുമില്ലാതിരുന്ന എന്റെ പാതി പോലും പറഞ്ഞത്. അഥവാ അവരും സംഗമം സ്വയം എന്‍ജോയ് ചെയ്യുകയായിരുന്നു.

സൗകര്യങ്ങളും റൂമുകളും സ്വന്തമായി ഓരോരുത്തര്‍ക്കും കട്ടിലുമെല്ലാം ഇപ്പോഴുണ്ടെങ്കിലും അന്നത്തേതിന്റെ പകുതി കുട്ടികളെ ഇപ്പോള്‍ കോളേജിലുള്ളൂ. രണ്ടാം ശനിയായതു കാരണം അറുപതോളം കുട്ടികളേ കോളേജിലന്ന് ഉണ്ടായിരുന്നുള്ളൂ. വേറെ അധ്യാപകരാരും ഇല്ലാത്തതിനാലും അന്ന് ഞങ്ങള്‍ തന്നെ കോളേജ് പിടിച്ചടക്കി. രാത്രി പാതിരാവോളം ഓരോ രസങ്ങളും പറഞ്ഞു തീര്‍ത്തു. ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ഓഡിറ്റോറിയത്തിലെത്തി. രാത്രി മാനം നോക്കി കടക്കുകയും സൈദുല്‍ അമീനും അനസും ബാര്‍ബര്‍ഷാപ്പ് നടത്തുകയും ജെട്ടി ഉണക്കാനിടുകയുമെല്ലാം ചെയ്തിരുന്ന ഒഴിഞ്ഞ പ്രദേശം ഇപ്പോ ഓഡിറ്ററിയമാണ്. അവിടെ വെച്ച് എസ്. ഐ. ഒവിന്റെ വക സ്വീകരണ ചടങ്ങുണ്ടായിരുന്നു. ചടങ്ങില്‍ എസ്. ഐ. ഒ പ്രതിനിധികളും ശൈഖ് ഉസ്താദും സംസാരിച്ചു. കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ഉസ്‌റ ബാച്ച് കുടുംബസമേതം ഇങ്ങനെ ടൂറായി കോളേജിലെത്തിച്ചേരുന്നത്. ഇക്കാര്യം വളരെ സന്തോഷപൂര്‍വ്വം ഹനീഫ് മാഷും ആദം ഉസ്താദും ഞങ്ങളെ അറിയിച്ചു. രാവിലെ ഞങ്ങളെ കാണാനായി മാത്രം ആദം ഉസ്താദ് കോളേജിലെത്തിയിരുന്നു. ആദം ഉസ്താദിനെയും ശൈഖ് ഉസ്താദിനെയും കൂട്ടി ഇരുത്തി ഫോട്ടോ സെഷനും രാവിലെ റൂര്‍ ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നു. റശീദിന്റെ പ്രൊഫഷണല്‍ നിക്കോണ്‍ സ്റ്റില്‍ കാമറ എഴുപതിലധികം പേരടങ്ങുന്ന കോളേജിന് മുന്നിനെ നീണ്ട നിര ഒറ്റ സ്റ്റില്‍സില്‍ വീശിയടിച്ചു. ആദ്യം ഭാര്യമാരും കുട്ടികളും മാത്രവും പിന്നിട് എല്ലാവരും ചേര്‍ന്നും അതിന് ശേഷം ബോയ്‌സ് മാത്രവുമായിരുന്നു ഫോട്ടോ എടുത്തത്.

ഔപചാരിക സ്വീകരണം പെട്ടെന്നവസാനിച്ച് മൈക്കയും സ്റ്റേജും ഞങ്ങള്‍ കൈയടക്കി. കോളേജില്‍ നിന്നും യാത്ര പറയുന്ന ഘട്ടത്തില്‍ ഈയുള്ളവന്‍ എഴുതിയ 41 വിദ്യാര്‍ഥികളുടെയും പേര് വെച്ചുള്ള ഇസ്രയേലിന്‍ നാഥനായി ...എന്ന ട്യൂണിലുള്ള ആ ഗാനം വീണ്ടും അവിടെ ആലപിച്ചു. മുബീനും അന്‍വറും നബീലും പാട്ടുപാടി. അക്ബറിന്റെ വളിച്ച ഡയലോഗുകളും ചേര്‍ന്നപ്പോള്‍ പരിപാടി ജോറായി. അക്ബറിന്റെ കലാപ പ്രകടനം പക്ഷെ, അവിടെ കൊണ്ടും അവസാനിക്കുന്നതായിരുന്നില്ല. പിറ്റേന്നുള്ള അതിരുപ്പള്ളിയിലേക്കും വാഴച്ചാലിലേക്കുമുള്ള യാത്രയിലുടനീളം എല്ലാവരും അത് സഹിച്ചു. പക്ഷെ ബസ്സില്‍ വെച്ചുള്ള ആട്ടത്തില്‍ ചെറിയൊരു സംശയം ബാക്കിയായി. റഊഫ് ടി.ഇ അക്ബറിനെയും കടത്തി വെട്ടിയോ എന്ന്. ഏതായാലും കോളേജിലെ കലാപരിപാടി അല്‍പം അവാര്‍ഡായി അനുഭവപ്പെട്ടെങ്കിലും അതിന്റെ സങ്കടം ബസ്സിലെ മൈക്കിലൂടെ തീര്‍ത്തു. ഇല്‍യാസും അന്‍വറും മുബീനും  അസ്‌ലമുമെല്ലാം പാടി. ഇത് ടൂറാണ് എല്ലാവരും ഉഷാറാക്കണമെന്ന അമീറുസ്സഫര്‍ ഇബ്രാഹിം അസ്ലമിന്റെ വാക്ക് എല്ലാവരും കാര്യമായി തന്നെ പരിഗണിച്ചിരുന്നു.


സുപ്രധാനമായ ചില തീരുമാനങ്ങള്‍ക്കും രാത്രിയിലെ യോഗം വേദിയായി. 2011 ല്‍ അസ്ലമിന്റെ കല്യാണത്തിന് വന്നവര്‍ ഒരുമിച്ച് ചേര്‍ന്നാണ് നമ്മുടെ ഫണ്ട് കാര്യക്ഷമമാക്കാന്‍ തീരുമാനമായത്. ഇതിനായ ഓരോ ജില്ലയിയിലും പ്രത്യേകം കോഡിനേറ്റര്‍മാരെയും കണ്ടു. ഒരു ബാങ്ക് അക്കൗണ്ടും തുറന്നിരുന്നു. കോളേജില്‍ നിന്ന് പിരിഞ്ഞിറങ്ങിയ മുതല്‍ തന്നെ ഫണ്ട് രൂപീകപരിച്ചെങ്കിലും വ്യവസ്ഥാപിതമായി മുന്നോട്ട് പോയിരുന്നില്ല. എന്നാല്‍ പോലും ലക്ഷത്തില്‍ പരം രൂപയുടെ സഹായം കല്യാണം രോഗം പോലുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. അതാവട്ടെ പലപ്പോഴും ചിലവ്യക്തികള്‍ മാത്രം എടുക്കുകയായിരുന്നു. അഹ്മദ് സിറാജ് പ്രസിഡന്റായും ഇബ്രാഹിം അസ്ലം സെക്രട്ടറിയും നാസര്‍ ട്രഷററും അന്‍വര്‍ കോഡിനേറ്ററുമായ കമ്മിറ്റി അതോടെ കൂടുതല്‍ സജീവമായി. എല്ലാവരും 2011 ജനുവരി മുതല്‍ മാസം നൂറുരൂപവീതം തങ്ങളുടെ ഫണ്ടിലേക്ക് അടക്കണമെന്ന് വ്യവസ്ഥ വെച്ചു. അതിനനുസരിച്ച് ഓരോരുത്തരും കൃത്യമായി അടച്ചു കൊണ്ടിരിക്കുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ വര്‍ഷം കൂടിയ ആദ്യ ഫാമിലി സംഗമത്തില്‍ ഇക്കാര്യം ഭാര്യമാരുടെ ശ്രദ്ധയിലും ഉണ്ടായിരിക്കണമെന്ന കാര്യം പ്രത്യേകം ഉണര്‍ത്തിയിരുന്നു. 45 പേരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് പല വര്‍ഷങ്ങളായി നിര്‍ത്തിപ്പോയവരും ഓരോരുത്തരായി ചേരുകയായിരുന്നു. അങ്ങനെ കുടുംബാഗങ്ങള്‍ നൂറിലേക്കും മക്കള്‍  ഒന്നും രണ്ടും മൂന്നിലേക്കും കടക്കുന്നതോടെ അത് നൂറ്റമ്പതും ഇരുനൂറുമെല്ലാം അവുകയാണ്. അതു കൊണ്ട് തന്നെ ഈ ബന്ധം പരസ്പരം കൂടുതല്‍ ശക്തമാവണമെങ്കില്‍ സ്ത്രീകളുടെ ഭാഗത്ത് നിന്നും കോഡിനേറ്റര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം ഞാന്‍ യോഗത്തില്‍ എടുത്തിട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അന്‍വര്‍ അതിന്റെ പ്രസ്‌ക്തി ഊന്നിപ്പറയുകയും സത്രീ കോഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുകയും ചെയ്തു. സഅദിയ്യ മുബീന്‍ (കോഡിനേറ്റര്‍), അസ്മ സിറാജ് (അസി. മധ്യമേഖല), മിസിസ് അമീന്‍ (അസി. വടക്ക് മേഖല) എന്നിവരെ തെരഞ്ഞെടുത്ത്. ഫോണ്‍നമ്പര്‍ ശേഖരിക്കുകയും അതിരപ്പള്ളിയില്‍ ആണുങ്ങളെല്ലാം മുകള്‍ ഭാഗത്തേക്ക് കുളിക്കാന്‍ പോയ തക്കത്തില്‍ സ്ത്രീകള്‍ മാത്രം ഒരു യോഗം ചേരുകയും ചെയ്തു. ഒരു മണിക്കൂറോളം അതിരപ്പള്ളിയിലെ നട്ടുച്ച നേരത്തും തണുത്തവെള്ളമൊഴുകുന്ന പുഴയില്‍ ഞങ്ങള്‍ ആര്‍മാദിച്ചു. എല്ലാവരും വെള്ളത്തിലേക്ക് ഇറങ്ങിയേ പറ്റൂ എന്നും സാധ്യമാവുന്ന എല്ലാ കൂട്ടുകാരും കുളിച്ചു കയറണമെന്നുമുള്ള വാഹനത്തില്‍ വെച്ചുള്ള യാത്രാ അമിറിന്റെ നിര്‍ദ്ദേശവും പ്രത്യേകം പരിഗണിക്കാതിരുന്നില്ല.


രാത്രി യോഗമെല്ലാം കഴിഞ്ഞ് പെണ്ണുങ്ങളെയും കുട്ടികളെയുമമെല്ലാം പ്രത്യേകമായ സൗകര്യങ്ങളിലേക്ക് മാറ്റി ഞങ്ങള്‍ കോളേജില്‍ തന്നെ അന്തിയുറങ്ങി.
9.12.2012 പ്രഭാതം
സുബ്ഹിന് പള്ളിയില്‍ മുമ്പത്തെ പോലെയൊന്നുമല്ല. നല്ല ഖാരിഉകളായ കുട്ടികള്‍ ഇമാം നില്‍ക്കാനുണ്ടായിന്നു. അന്നും നമ്മടെ പ്രിയങ്കരനായ പി.കെ. യെ കണ്ടു. ഒരു മാറ്റവുമില്ല. നമസ്‌കാരം കഴിഞ്ഞ് പിറകിലെ തൂണിന് പിന്നിലേക്ക് ഇരുന്ന് ദുആഇല്‍ മുഴുകിയ ആ രംഗം എട്ട് വര്‍ഷത്തെ കോളേജാനന്തര വിടവുകള്‍ ലംഘിക്കാന്‍ പര്യാപ്തമായിരുന്നു.  രാവിലെയെഴുന്നേറ്റപ്പോള്‍ പലരുടെ സ്വഭാവത്തിനും യാതൊരു മാറ്റവുമില്ല. സോപ്പില്ല, പേസ്റ്റില്ല, ബ്രഷില്ല, മുണ്ടില്ല. ഏതായാലും അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് അതെല്ലാം ഒരു വിധം ശരിയാക്കി. പിന്നെ നേരെ ഗ്രൗണ്ടിലേക്കിറങ്ങിയില്ലേ...വോളിബോളും ഷട്ടിലും ക്രിക്കറ്റും ഫുട്‌ബോളുമായി കോളേജ് കാമ്പസ് കീഴടക്കി. കളിക്കാന്‍ വാഡനായ നാസറും അവിടെയുള്ള ശിഹാബുമാഷും കുട്ടികളും. എട്ടര വരെ കളിതന്നെ.

പിന്നെ മുണ്ടും കയ്യില്‍ മടക്കിപ്പിടിച്ച് പോയത് ബാത്ത് റൂമിലേക്ക്. അതായിരുന്നു ശരിക്കും നൊസ്റ്റു ആയത്.  ഒരു മാറ്റവുമില്ല., പൊട്ടിയ പൈപ്പും, ബ്ലോക്ക് ചെയ്തും ലീക്കുള്ളതുമായ പൈപ്പും അവിടെ തന്നെ. ചിലത് കൊളുത്തില്ല, കൊളുത്തുള്ളതില്‍ ബക്കറ്റില്ല, ബക്കറ്റുള്ളതില്‍ പൈപ്പില്ല, എല്ലാമുള്ളതില്‍ കയറിനോക്കിയാ ബ്ലോക്കും. എന്തായാലും അവിടെ തന്നെ പോയി. ഇപ്പുറത്ത് ചുമരിനോട് ചേര്‍ന്നിരിക്കുന്ന പൈപ്പിന്റെ ചുവട്ടില്‍ വെച്ചൊരു പാട്ട് പാടിയൊരു ഓപ്പണ്‍ബാത്തും. പലരുടെ തടിയും വയറും കാരണം പൈപ്പിന്റെ ചുവട്ടില്‍ കുളിക്കാന്‍ നന്നേ പ്രയാസം. എന്നാലും സഹിച്ചു.

ഒമ്പതായപ്പോഴേക്കും എല്ലാവരും  മാറ്റി റെഡിയായി കോളേജിലെത്തി. പിന്നെ പുഷ്‌കും പ്രതീക്ഷിച്ച് കാന്റീനില്‍. നോക്കുമ്പോള്‍ പുട്ടും ഗ്രീന്‍ പീസുമുണ്ട്. അവിടുന്ന് ഉച്ചക്കുള്ള നെയ്‌ചോറും ചിക്കനും ചെമ്പിലാക്ക് വണ്ടിയിലേക്ക്. അതിരപ്പള്ളിയിലേക്കുള്ള വീഡിയോ കോച്ച് ടൂറിസ്റ്റ് ബസ് എട്ടുമണി മുതല്‍ പുറത്ത് വെയിറ്റിങ്ങിലാണ്. പിന്നെ ആട്ടവും പാട്ടുമായി അതിരപ്പള്ളിയിലേക്ക്. കഴിഞ്ഞ കൊല്ലം ആദ്യമായി കൊച്ചിയില്‍ കൂടിയപ്പോഴും സൈദിന്റെ കല്ല്യാണത്തിന് കോട്ടക്കുന്ന് ചേര്‍ന്നപ്പോഴും ഒരുമിച്ചുള്ള യാത്ര ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ ഒരു ചെറിയ ഒരു ബോട്ട് യാത്ര ഉണ്ടായിരുന്നെന്ന് മാത്രം. പക്ഷെ വിശാലമായ ഒരു ബോട്ട് യാത്ര ഇപ്രാവശ്യം നടത്താനുദ്ദേശിച്ചിരുന്നു. ആലപ്പുഴയിലെത്തി പിറ്റെ ദിവസം കുട്ടനാട്ടിലൂടെയുള്ള ഒരു യാത്ര. 2012 ആഗസ്ത് 26 ന് വാടാനപ്പള്ളി ഉസ്‌റ സംഗമത്തില്‍ എന്റെയും ജസീറിന്റെയും വൈഫ് മാത്രമേ എത്തിയിരുന്നുള്ളൂ. അന്ന് അവസാനം ചേര്‍ന്ന നമ്മുടെ ബാച്ചിന്റെയോഗത്തില്‍ ആണ് ഞാന്‍ അത്തരമൊരു നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രയാസം നേരിട്ടതിനാല്‍ അത് മറ്റൊരവസരത്തിലേക്ക് മാറ്റുകയും അവസാനം കോളേജില്‍ കൂടാന്‍ തീരുമാനിക്കുകയുമായിരുന്നു. നവംബര്‍ 11 ട്രെയിനില്‍ വെച്ച് അസ്‌ലമിനെ കണ്ടപ്പോള്‍ പറഞ്ഞത് പരിപാടിക്കാര്‍ക്കും വലിയ താല്പര്യമില്ലെന്ന് തോന്നുന്നു, തല്‍ക്കാലം അത് നടക്കില്ല എന്നിടത്താണുള്ളതെന്നാണ് പറഞ്ഞത്. എന്ത് വന്നാലും വേണ്ടില്ല, അത് നടക്കണമെന്നും എല്ലാവരെയും ഫോണില്‍ വിളിച്ചാല്‍ തീരുന്ന വിഷയമേ ഉള്ളൂ എന്നും പറഞ്ഞപ്പോഴാണ് ബ്രേക്ക് ത്രൂ എന്നോണം പരിപാടി വീണ്ടും ചര്‍ച്ചവിഷയമായത്. സൈദിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലൂടെ ചര്‍ച്ച സജീവമായി. അസ്‌ലമിന്റെ അമീന്റെയും ശ്രമങ്ങള്‍ ഇതിന് പിന്നില്‍ നന്നായി ഉണ്ടായി. സംഘാടനത്തില്‍ നാസറും അക്ബറും പ്രധാന പങ്ക് വഹിച്ചു. അങ്ങിനെയാണ് ഔപചാരികമല്ലാതിരുന്നിട്ടും ഇത്രയും ആളകള്‍ ഇവിടെയെത്തിയത്. ഏകദേശം ഇരുപതിനായിരത്തോളം രൂപം പരിപാടിക്കായി ചിലവായിട്ടുണ്ടെങ്കിലും അതെല്ലാം ഫണ്ടില്‍ നിന്നായിരുന്നു എടുത്തത്.

ബസില്‍ ഇല്യാസിന്റെ പോലീസ് അമളികളും  കടലിലെ ഹോട്ടലും അക്ബറിന്റെ റെയില്‍വേ രസങ്ങളും മൊയ്‌നുവിന്റെ തെങ്ങുമെല്ലാം സജീവമായി. പന്ത്രണ്ടെ കാലിന് വാഴച്ചാലെത്തി. ചാലക്കുടിപ്പുഴയിലെ സൗന്ദര്യറാണിയാണ് അതിരപ്പള്ളിയും വാഴച്ചാലും. പറമ്പിക്കുളം, ഷോളയാര്‍, കരപ്പാറ, ആനക്കയം തുടങ്ങിയ മലയൊഴുക്കുകള്‍ ചേര്‍ന്നാണ് ഈ ചാലക്കുടിപ്പുഴയുടെ ഉത്ഭവം. വാഴച്ചാലില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടമാണെങ്കില്‍ ആതിരപ്പള്ളിയിലത് ചെങ്കുത്തായ ചാട്ടമാണ്. പുകപാറുംകണക്കെയുള്ള അതിരപ്പള്ളിയിലെ വെള്ളച്ചാട്ടത്തിനടുത്തുനിന്നും ഓരോ കപ്പിള്‍സും പോസ് ചെയ്തു. അനീസ് പി.എയുടെ ഹാന്റി കാമില്‍ വീഡിയോയും പകര്‍ത്തി. വാഴച്ചാലില്‍ വെച്ച് തന്നെ തയ്യാറാക്കി കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. അല്‍പസമയം അവിടെ ചിലവഴിച്ചാണ് 6 കി.മി വിത്യാസത്തിലുള്ള ആതിരപ്പള്ളിയിലെത്തിയത്. രണ്ടിടത്തേക്കും കൂടി ഒരാള്‍ക്ക് 20 രൂപയാണ് ടിക്കറ്റ്. അതിനിടക്ക് ചില നാടകീയ രംഗങ്ങളും അരങ്ങേറി. സഗീറിന്റെ കുട്ടിയുടെ കയ്യില്‍ നിന്നും അടച്ചു വെച്ച ടിഫിന്‍ ബോക്‌സും തട്ടിപ്പറിച്ച് കുരങ്ങച്ചന്‍ ഓടി. കുട്ടി നിലവിളിച്ചും ഉപ്പയും ഉമ്മയും വെപ്രാളത്തിലും. ആളുകളുടെ ശ്രദ്ധയെല്ലാം അങ്ങോട്ടേക്ക്. അതിലൊന്നുമില്ലെന്ന് പറഞ്ഞ് സഗീര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കില്‍ സഹോദരഭാഷ മനസ്സിലാകാത്തതു കൊണ്ടാണോ എന്നറിയില്ല കുരങ്ങന്‍ മരത്തിന്റെ നെറുകിലേക്ക് കയറി. എന്നിട്ട് കഷ്ടപ്പെട്ട് പല്ലും നഖവും ഉപയോഗിച്ച് ബോക്‌സ് തുറന്നെങ്കിലും അതിലുണ്ടോ വല്ലതും. ദ്വേഷ്യം പിടിച്ച് കുരങ്ങന്‍ ബോക്‌സു കൊണ്ട് ഒറ്റ ഏറ് വെച്ചു കൊടുക്കുത്തു. അതെടുത്ത് കുട്ടിക്ക് കൊടുത്തതോടെ കുട്ടിയുടെ കരച്ചിലും ഷോയും അവസാനിച്ചു. ആളുകള്‍ പിരിഞ്ഞു പോയി. സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്കിടയിലെ വേദനകള്‍ പലപ്പോഴും ഒറ്റക്ക് തന്നെ സഹിക്കേണ്ടി വരുന്നു. ഷിയാസിന്റെ ധൃതിപിടിച്ചുള്ള വാഹനത്തില്‍ കയറാനുള്ള ആഹ്വാനത്തിനിടെ അസ്മാ സിറാജ് കാല് തെറ്റി വീഴുകയും അലപം പരിക്കേല്‍ക്കുകയും ചെയ്തു. 2.30 ന് അതിരപ്പള്ളിയിലെത്തി 4 മണിയോടെ തിരിച്ച്  വണ്ടിയില്‍ കയറി. നാല് മണിയെന്നത് കൃത്യമായി പ്രഖ്യാപിച്ചില്ലെങ്കിലും ആ സമയത്തെ ധൃതിതന്നെയാണ് ഒരുപാട് പേര്‍ക്ക് പ്രത്യേകിച്ചും വടക്കോട് ട്രെയില്‍ കിട്ടാന്‍ കാരണമായത്. 5.30 ന് ചാലക്കുടിയെത്തിയപ്പോള്‍ ട്രെയിനിനുള്ളവരൊക്കെ ഇറങ്ങി. ബാക്കിയുള്ളവര്‍ നേരെ കോളേജിലേക്ക്. ഏഴു മണിക്ക് കോളേജിലെത്തി. നേരെ പോയത് കൈതക്കലെ നമ്മുടെ ബെസ്റ്റിലേക്ക്. അങ്ങിനെ അവിടെ ചെന്ന് കുടുംബസമേതം പഴംജൂസും സ്വീറ്റ് പൊറോട്ടയുമടിച്ച് ഓര്‍മ പുതുക്കിയാണ് തളിക്കുളത്ത് നിന്നും നാട്ടിലേക്ക് പിരിഞ്ഞത്.

ഒരു കൈയുടെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഇപ്പോഴും ഒറ്റത്തടിയായി ഉള്ളൂ. അനീസലി, ജാഫര്‍, ഖാദര്‍, നവാസ്, സാദിഖ് തുടങ്ങിയവര്‍. ബാക്കിയെല്ലാവരും ദീനിന്റെ പാതി പൂര്‍ത്തീകരിച്ചവരായിരുന്നു. കണ്ണൂരില്‍ നിന്നും റഫീഖ് പി.സി, കോഴിക്കോട് നിന്നും നബീല്‍, മൊയ്‌നുദ്ദീന്‍ മലപ്പുറത്ത് നിന്നും സഗീര്‍, ഇഖ്ബാല്‍, ഖാജ ശിഹാബുദ്ദീന്‍, സുനീര്‍ കെ.പി, ഇബ്രാഹിം അസ്‌ലം, അന്‍വര്‍ കെ.ടി, അബ്ദുന്നാസര്‍ ടി, സൈദുല്‍ അമീന്‍,അബ്ദു റഷീദ്, പാലക്കാട് നിന്നും സുഹൈറലി, ശംസുദ്ദീന്‍, അസ്‌ലം കോങ്ങാട്, ഫൈസല്‍ കോങ്ങാട്, തൃശൂരില്‍ നിന്നും ഇല്യാസ്, അക്ബറലി, ആബിദ്, അന്‍വര്‍, അനീസ് .പി.എ, എറണാകുളത്ത് നിന്നുള്ള അഹ്മദ് സിറാജ്, ഷിയാസ് കോതമംഗലം, ആലപ്പുഴ നിന്നും റഊഫ് ടി.ഇ, കൊല്ലത്ത് നിന്നും സലാഹുദ്ദീന്‍, കോട്ടയത്ത് നിന്നും അന്‍വര്‍, തിരുവനന്തപുരത്ത് നിന്നും മുബീന്‍ അമീന്‍ എന്നിവരായിരുന്നു കെട്ട്യോളെയും കുട്ട്യോളെയും കൂട്ടി ശനിയാഴ്ച വൈകുന്നേരം 4 മണിയോട് തളിക്കുളത്തെ സ്‌നേഹതീരം ബീച്ചിലെത്തിയത്. ഞങ്ങളുടെ ക്ലാസില്‍ മാത്രം പഠിച്ച 27 പേരും അവരുടെ കുടുബംങ്ങളുമാണ് 74 പേരടങ്ങുന്ന സംഗമം തീര്‍ത്തത്. 21 ഭാര്യമാരും 26 മക്കളുമായിരുന്നു ഉണ്ടായത്. നാട്ടിലില്ലാത്തതു കൊണ്ടും,സ്ഥ്ിരമായി സംഗമങ്ങളില്‍ പങ്കെടുക്കുന്നവരായിരുന്നിട്ടും വ്യക്തിപരമായ പ്രയാസങ്ങളും കാരണം ചിലര്‍ക്കെത്താന്‍ കഴിഞ്ഞില്ല. പലരുടെയും ഭാര്യമാര്‍ കൊച്ചു കുട്ടികളുള്ളവരോ 'ഭാരവാഹി'കളായതിനാലോ ആയിരുന്നു എത്താതിരുന്നത്. എന്നാലും ആറുമസം ഭാരവാഹിയായിരുന്ന സൈദുല്‍ അമീനന്റെ പത്‌നി പ്രയാസങ്ങളെ വക വെക്കാതെയാണ് എത്തിച്ചേര്‍ന്നത്. റഷീദ് പരിപാടിക്കായി മാത്രം ഒരാഴ്ചത്തെ ലീവിന് നാട്ടിലെത്തുകയായിരുന്നു. പലരും ഫേസ് ബുക്കിലൂടെ സംഗമമറിഞ്ഞ താല്പര്യപൂര്‍വമാണ് പരിപാടിക്കായി ഒരുങ്ങിയത്. വാഹനത്തില്‍ നിന്നും വീണു കൊണ്ടുള്ള പരിക്ക് കാരണമായിരുന്നു ശുഐബും അശ്‌റഫ് കൊടിയത്തൂരും വരാതിരുന്നു. ഭാര്യയുടെ തീയതി അടുത്തതിനാല്‍ നാട്ടിലുണ്ടായിരുന്നും സാബിഖിനും ഹാറൂനും എത്താനായില്ല. ജസീര്‍ ലീവ് അറിയിച്ചിരുന്നു. ബാബുലാല്‍ ആശുപത്രിക്കേസിലായതു കൊണ്ടായിരുന്നു എത്താതിരുന്നത്...



ഞങ്ങളും ഏഴുമണിയോടെ എല്ലാവരും എത്തിച്ചേര്‍ന്നു. ഞങ്ങള്‍ ട്രെയിനില്‍ കയറാനിരിക്കെയായിരുന്നു നമുക്ക് കാറില്‍ പോവാമെന്നും കാഷ് ഷെയര്‍ ചെയതാല്‍ മതിയെന്നും സഗീര്‍ അറിയിക്കുന്നത്. അങ്ങിനെ സഗീറിന്റെ വീട്ടിലെത്തി. ഇഖ്ബാലും സഗീറും ഞാനും ഫാമിലി സഹിതം റിറ്റ്‌സില്‍ ബീച്ചിലെത്തി. അസ്ലം കോങ്ങാടും കുടുബവും ഫെസല്‍ കോങ്ങാടും ഷിയാസിന്റെ ഭാര്യയും അന്‍വര്‍ തൃശൂരും ആദ്യദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആബിദ്, ഇല്യാസ് എന്നിവരും കുടുംബവും പി.സി, ഇബ്രാഹിം അസ്‌ലം രാവിലെയാണ് നമ്മോടൊപ്പം ചേര്‍ന്നത്.


എട്ടു വര്‍ഷത്തിന്റെ വിടവ് ഞങ്ങളില്‍ നിന്ന് പൂര്‍ണമായും അറുത്തു മാറ്റാന്‍ ഡിസംബറിലെ ആ ഒരുറ്റ രാത്രി കൊണ്ടായി എന്നതായിരുന്നു ഈ ഫാമിലി സംഗമത്തിന്റെ ഏറ്റവും പ്രധാന നേട്ടം.