ബാബരി : കറുത്ത ഞായറാഴ്ചക്ക് മുമ്പുള്ള ചില കറുത്ത ദിനങ്ങള്‍

ഇന്ത്യന്‍ മതേതരത്വത്തിന് ഏല്‍പ്പിച്ച ഏറ്റവും സുപ്രധാനമുറിവുകളിലൊന്നാണ് ബാബരി മസ്ജിദ് ധ്വംസനം. ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ടും അതിന്റെ ചരിത്ര പശ്ചത്തലത്തെ സംബന്ധിച്ചും ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ശ്രദ്ധേയമായ ഒരു ലേഖനമാണ് ഒക്ടോബര്‍ ലക്കം പച്ചക്കുതിരയിലുള്ളത്. 'ബാബരി-കൗടില്യങ്ങളുടെ കറുത്തരാത്രി' എന്ന തലക്കെട്ടില്‍ മുഹമ്മദ് സുഹൈബ് എഴുതിയ സുദീര്‍ഘ ലേഖനം വായിക്കപ്പെടേണ്ടതാണ്. 1992 ഡിസംബര്‍ 6 ആണ് ബാബരി മസ്ജിദ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പതിയുന്ന തീയ്യതി. എന്നാല്‍ ബാബരി എന്ന് കേള്‍ക്കുമ്പോള്‍ ഒരു നിരീക്ഷകന്റെ മനസ്സില്‍ നിര്‍ബന്ധമായും പതിഞ്ഞിരിക്കേണ്ട മറ്റൊരു തീയ്യതിയാണ് ലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. അത് 1949 ഡിസംബര്‍ 22 ന്റെ അര്‍ധരാത്രിയാണ്.

ഡല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ കൃഷ്ണാ ഝാ, ധീരേന്ദ്രാ ഝാ എന്നിവര്‍ ചേര്‍ന്ന് എഴുതിയ അയോധ്യ: ദ ഡാര്‍ക് നൈറ്റ് എന്ന ഹാര്‍പേഴ്‌സ് കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകത്തെ ഉപജീവിച്ചാണ് ലേഖനം എഴുതിയിട്ടുള്ളത്. കൃഷ്ണാ ഝാ ഗ്രന്ഥകാരനും കൂടിയാണ്. ഡല്‍ഹിയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ് ധീരേന്ദ്ര. 1949 ലെ ഗൂഢാലോചനയില്‍ പങ്കെടുത്തവരും അതിന് സാക്ഷിയായ പല പ്രമുഖരും ജീവിച്ചിരുന്നിട്ടും അവരിലേക്ക് മാധ്യമപ്രവര്‍ത്തകരോ അന്വേഷണ ഏജന്‍സികളോ ചെന്നാത്തതിലുള്ള ദുരൂഹതയും ഉള്ളുകള്ളികളും ആമുഖത്തില്‍ തന്നെ പങ്കു വെക്കുന്നുണ്ട്. വളരെ സാഹസികമായി രചിച്ച ഈ പുസതകത്തില്‍ അന്ന് സജീവമായി പങ്കെടുത്ത, ഇപ്പോഴും ജീവിച്ചിരിപ്പുള്ള ആളുകളെ നേരില്‍ കണ്ടും, അല്ലാത്തവരുടെ ചരിത്രം ശേഖരിച്ചും, നിയമ-ഭരണാധികാര രഹസ്യരേഖകള്‍ സമാഹരിച്ചും അന്നത്തെ പത്രക്കുറിപ്പുകള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവ തേടിപ്പിടിച്ചും എല്ലാമാണ് ഗ്രന്ഥ രചന നിര്‍വഹിച്ചിരിക്കുന്നത്. 

സംഭവമിതാണ് ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള ബാബരി മസ്ജിദില്‍ സ്വയം ഭൂവാണെന്ന് പ്രചരിക്കപ്പെട്ട ശ്രീരാമ വിഗ്രഹം എങ്ങിനെ അവിടെ എത്തിപ്പെട്ടു എന്നതാണ് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നത്. 1949 ഡിസംബര്‍ 22 നാണ് ഗൂഢാലോചനയുടെ തുടക്കം. ഹിന്ദുമഹാസഭ ഇതിനായി പല നീക്കങ്ങളും നടത്തിയിരുന്നു. സംഘടനയുടെ നേതാവ് മഹന്ത് സിങ് വിജയ് നാഥ് ബാബരി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. ഇതിനായ മലയാളി ഉദ്വേഗസ്തനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയുണ്ടായി. അങ്ങിനെ ഒരു രാത്രി. പള്ളിയില്‍ ഇശാ നമസ്‌കാരം കഴിഞ്ഞു. എല്ലാവരും പിരിഞ്ഞു പോയി. പള്ളി പരിപാലിച്ചിരുന്ന ഇസ്മയീല്‍ പള്ളിയില്‍ ഉറങ്ങാനുള്ള ശ്രമം ആരംഭിച്ചു. രാത്രി ഏറെ വൈകിയതിന് ശേഷം പുറത്ത് ചില കാല്‍ പെരുമാറ്റം. പുറത്തിറങ്ങിയ ഇസ്മായീല്‍ തടയാന്‍ ശ്രമിച്ചെങ്കിലും ശക്തമായ മര്‍ദ്ദനമേറ്റു ജീവനു കൊണ്ടോടി. അഭിറാം ദാസിന്റെ നേതൃത്വത്തിലായിരുന്നു ശ്രീരാമ വിഗ്രഹ പ്രതിഷ്ട നടന്നത്. ഈ സംഭവത്തിന് ശേഷം പിറ്റേന്ന് തന്നെ ഫൈസാബാദിലെ അയോധ്യാ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കി. അഭിറാം ദാസ്, രാംസകാല്‍ ദാസ്, സുദര്‍ശന്‍ ദാസ് എന്നിവര്‍ക്കെതിരെ കലാപത്തിനും രാത്രിയിലുള്ള അതിക്രമത്തിനും ആരാധനാലയം അശുദ്ധമാക്കിയതിന്റെയും പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരുന്നു. ശേഷം 1950 ല്‍ പുനെയില്‍ നടന്ന ഹിന്ദുമഹാസഭയുടെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ മസ്ജിദ് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രമേയവും പാസ്സാക്കി. ഈ രീതിയിലുള്ള ബാബരിധ്വംസനത്തിന് മുന്നോടിയായിയുള്ള പിന്നാമ്പുറക്കാഴ്ചകളാണ് ഈ ലേഖനത്തിലൂടെ വെളിവാക്കുന്നത്. 

അയോധ്യയില്‍ കോടതി വിധി വരുന്ന ഏതു നിമിഷവും ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ ശിലയും കല്ലുകളും റെഡിയാണ്. അതിനായി സമീപ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കുന്നു. ഔട്ടുലുക്കിലും ദഹിന്ദുവിലും മില്ലിഗസറ്റിലും ഈ പുസ്തകത്തെ കുറിച്ചുള്ള റിവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുസ്‌ലിം മാഗ്നാകാര്‍ട്ട
ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക സുരക്ഷിതത്വത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടായ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ മുസ്‌ലിം മാഗ്നാകാര്‍ട്ട എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ജനസംഖ്യയുടെ 25 ശതമാനമുള്ള ദളിത്-ആദിവാസി വര്‍ഗങ്ങളും 15 ശതമാനമുള്ള മുസ്‌ലിം സമുദായവും സമനീതി നഷ്ടപ്പെട്ട് പൊതുസമൂഹത്തിന്റെ അരികുകളില്‍ തുടരുന്ന കാലത്തോളം ഇന്ത്യ അവികസിത രാഷ്ട്രമായി തുടരും എന്നാണ് തേജസ് ദൈ്വവാരികയുടെ 'സച്ചാര്‍ അനനന്തരം' എന്ന പേരിലുള്ള കവര്‍ സ്റ്റോറി പ്രസ്താവിക്കുന്നത്. പൊതു തിരഞ്ഞെടുപ്പു വരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലികളെ അഭിമുഖീകരിക്കുന്നുണ്ടെത്ത് വരുത്തിത്തീര്‍ക്കാനുള്ള തത്രപ്പാടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ 40 ലോക സഭാ മണ്ഡലത്തില്‍ 25 ശതമാനത്തിലധികവും മറ്റൊരു 40 ലോകസഭാ മണ്ഡലങ്ങളില്‍ 15 ശതമാനത്തിലധികവും മുസ്‌ലികളായതിനാല്‍ വശീകരണ തന്ത്രങ്ങള്‍ കാര്യമായി തന്നെ പയറ്റേണ്ടിരിക്കുന്നു. എന്നാല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടും അതിലൂടെയുണ്ടായ മാറ്റങ്ങളും കാര്യക്ഷമമായ നീക്കങ്ങളും ഫലത്തില്‍ എവിടെയാണ് എത്തി നില്‍ക്കുന്നതെന്നും അന്വേഷിക്കുകയാണ് തേജസ് ഒക്ടോബര്‍ 16 ലക്കത്തില്‍ ഇം.എം. അബ്ദുറഹ്മാന്‍.

ഒ.ഐ.സിയും ഇസ്‌ലാമിക സമൂഹവും
ലോക ഇസ്‌ലാമിക സമൂഹത്തിന്റെ വിഷയങ്ങള്‍ സമയാസമയങ്ങളില്‍ കൈകാര്യം ചെയ്യാനണ് ഒ.ഐ.സി രൂപീകരിച്ചിട്ടുള്ളത്.  അഫ്ഗാനിസ്ഥാന്‍, ഫലസ്തീന്‍, മ്യാന്‍മാര്‍, സിറിയ...തുടങ്ങി ലോക മുസ്‌ലികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളാണ് ഒര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സിനും അതിന്റെ ജനറല്‍ സെക്രട്ടറി അക്മലുദ്ദീന്‍ ഇഹ്‌സാനന്റെയും മുമ്പിലുള്ളത്. മ്യാന്‍മാറിലും സിറിയയിലും ഫലസ്തീന്‍ പ്രശ്‌നത്തിലുമെല്ലാം ഒ.ഐ.സി എടുത്ത തീരുമാനങ്ങളും നടപടിക്രമങ്ങളും ചലനങ്ങളും വിവരിക്കുകയാണ് ശബാബ് വാരികയില്‍(11.10.13)
Read IslamOnlive >>>>

മുടിയാട്ടം തീര്‍ന്നു... ഇനി മോഡിയാട്ടം....!


കാന്തപുരത്തിനെതിരെതിയെള്ള മുടിവിവാദത്തിന് ശേഷം സജീവമായത് മോഡി വിവാദമാണ്. കേരളശബ്ദം വാരികയില്‍ കാന്തപുരം നല്‍കിയ അഭിമുഖമാണ് വിവാദത്തിന് വഴി വെച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വികസനമുഖം ഉയര്‍ത്തിക്കാണിച്ച് പിന്തുണ സ്വരം ഉയര്‍ത്തിയത്. ഈ ഭാഗം പൂര്‍ണ്ണായും പ്രസിദ്ധീകരിച്ച് സിറാജ് പത്രം ചോദിക്കുന്നതും ഇതില്‍ വിവാദമാക്കാനെന്തിരിക്കുന്നു എന്നാണ്.

'ചാദ്യം: നരേന്ദ്രമോഡി സര്‍ക്കാറിന്റെ സഹായം ഗുജറാത്തിലെ താങ്കളുടെ സ്‌കൂളുകള്‍ക്ക് കിട്ടുന്നുണ്ടോ ?.
കാന്തപുരം: അവിടെ സര്‍ക്കാരിന് ഒരു പോളിസി ഉണ്ടല്ലോ. ഞങ്ങള്‍ കെട്ടിടം പണിത് സ്‌കൂള്‍ നടത്തണമെന്ന് പറഞ്ഞാല്‍ അനുവദിക്കാതിരിക്കാന്‍ കഴിയില്ലലോ. അത് മോഡി സര്‍ക്കാര്‍ എന്നാ നിലക്കല്ല.
ചോദ്യം: മോഡിയെ അഗീകരിക്കുന്നുണ്ടോ?
കാന്തപുരം: ഒരാളെ അഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഞങ്ങളുടെ നയമല്ല. ഏത് വ്യക്തിയായാലും പ്രവാചകരെ അഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നായിരിക്കും മറുപടി. ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തെയാണ് അഗീകരിക്കുകയോ അഗീകരിക്കാതിരിക്കുകയോ ചെയ്യുന്നത്.
ചോദ്യം: മോഡിയുടെ പ്രവര്‍ത്തങ്ങളെ അഗീകരിക്കുന്നുണ്ടോ?
കാന്തപുരം: റോഡ് നന്നാക്കുകയും കൃഷിയുണ്ടാക്കുകയും ചെയ്യുന്ന എല്ലാവരുടെയും പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അഗീകരിക്കും. അതില്‍ മോഡിയുള്‍പ്പെട്ടിട്ടുണ്ടങ്കില്‍ അദ്ദേഹത്തെയും.
ചോദ്യം:അതില്‍ മോഡി ഉള്‍പ്പെടുമോ?
കാന്തപുരം: ഞാന്‍ അവിടെപോയി നോക്കിയിട്ടില്ല.'(കേരളശബ്ദം)

എവിടെയാണ് ഇതില്‍ മോഡിയുടെ നരഹത്യയെ പിന്തുണക്കുന്നത്, ഇത്തരമൊരു ആരോപണം പൂര്‍ണമായും വളച്ചൊടിക്കപ്പെട്ടതും, കാന്തപുരത്തോടുള്ള വിരോധം തീര്‍ക്കുകയാണെന്നും, മോഡിക്ക് വേണ്ടി പ്രചാരം നടത്തുകയാണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലുളള ലക്ഷ്യങ്ങള്‍ എന്നുമെല്ലാമുള്ള വിമര്‍ശനങ്ങള്‍ അനുയായികള്‍ക്കും ഇത് വാര്‍ത്ത നല്‍കിയ പത്രത്തിനോട് വിരോധമുള്ളവര്‍ക്കും വാദിക്കാവുന്നതാണ്.

ശരി, ഇതില്‍ മോഡിയെ നേര്‍്ക്ക് നേരെ പിന്തുണക്കുന്ന പ്രസ്താവനയില്ല എന്നു സമ്മതിക്കാം. എന്നാല്‍ ഈ രീതിയിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രത്യേകിച്ചും ദേശീയ തലത്തില്‍ മോഡിയുടെ കപട വികസനമുഖം പ്രചാരങ്ങളും ഏറ്റെടുത്ത് മോഡിയെ വിശുദ്ധനേതാവായി വാഴിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു പ്രസ്താവന അതിന്റെ ഭാഗം മാത്രമേ ആവുകയുള്ളൂ എന്നത് അറിഞ്ഞു കൂടാത്തത് ആര്‍ക്കാണ്. മോഡിയുടെ വംശഹത്യ മോഡിയൊഴിച്ച് ആരും അംഗീകരിക്കുന്നില്ല എന്ന കാര്യം വ്യക്തമാണല്ലോ. മോഡി പോലും വംശഹത്യയെ ഇപ്പോള്‍ ന്യായീകരിച്ചു കൊണ്ടുള്ള പ്രചാരണം തീര്‍ക്കുന്നില്ല. ഇത്തരമൊരു ഘട്ടത്തില്‍ മോഡിയുടെ വംശഹത്യയെ അനുകൂലിക്കുന്നില്ല എന്ന ന്യായീകരണം അപ്രസക്തമാണ്. മോഡിയെ അനുകൂലിക്കുന്നവരെല്ലാം ഇതു തന്നെയാണ് പറഞ്ഞിട്ടുള്ളതും.

സോഷ്യല്‍ മീഡിയയാണ് ഈ വിഷയം ചൂടുള്ള വിവാദമാക്കിയത്.മോഡിയുടെ സ്ഥാനത്ത് പിശാചിനെ വെച്ച് അഭിമുഖം മാറ്റിയെഴുതിയാണ് ഒരു പ്രതികരണം. നിങ്ങളുടെ പെണ്ണുങ്ങളെ അവര്‍ ബലാല്‍സംഘം ചെയ്തിട്ടുണ്ടാകും പക്ഷെ നിങ്ങളുടെ കുട്ടികള്‍ക്കു പഠിക്കാന്‍ സ്‌കൂളുകള്‍ ഉണ്ടാക്കിയില്ലേ നിങ്ങളുടെ വീടുകള്‍ അവര്‍ ചുട്ടുചാമ്പലാക്കിയിട്ടുണ്ടാകും പക്ഷെ നിങ്ങളുടെ വീട്ടിലേക്കുള്ള റോഡുകള്‍ അവര്‍ അതിസുന്ദരമാക്കിയില്ലേ....നിങ്ങളുടെ കുട്ടികളെ അവര്‍ മാതാവിന്റെ വയറ്റില്‍ നിന്നെടുത്തു തീയിലേക്കെറിഞ്ഞിട്ടുണ്ടാകും പക്ഷെ അവര്‍ നിങ്ങള്‍ക്കു വേണ്ടി ആശുപത്രികള്‍ ഉണ്ടാക്കിയില്ലേ എന്ന തരത്തിലാണ് മറ്റൊരു പ്രതികരണം. ഇനി ഈ ചോദ്യങ്ങള്‍ക്ക് കാന്തപുരം ശരിക്കും പറയേണ്ടിയിരുന്ന മറുപടിയും ഓരോരുത്തന്മാര്‍ എഴുതി.

മറിച്ചൊരു നിലപാടുണ്ടെങ്കില്‍ അത് തുറന്നു പറയുകയും ചെയ്യാമായിരുന്നില്ലേ. അതും ഉണ്ടായില്ല. ഇനി മോഡിയുടെ തനിനിറം തന്റെ ഭാഷണത്തില്‍ പറഞ്ഞിട്ടും കേരളശബ്ദം ലേഖകന്‍ അത് വെട്ടിക്കളഞ്ഞതാണോ? എങ്കില്‍ അതും പറയണം. സാഹചര്യത്തെ കുറിച്ച് ആലോചിക്കാതെയോ ഇത്തരം പ്രസ്താവനകളുടെ അപകടം അറിയാതെ പറഞ്ഞതാണെങ്കില്‍ ഒരു നേതാവെന്ന നിലക്ക് അദ്ദേഹം കുറച്ചു കൂടി ഗൗരവത്തില്‍ ഇത്തരം സംഭവങ്ങളെ കാണേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കേണ്ടതായി വരും. ഒപ്പം നേതൃത്വവും ഈ രീതിയില്‍ മോഡി അനുകൂലികള്‍ നടത്തുന്ന കപട പ്രചാരണത്തിന് മുന്നില്‍ വീണു എന്നും വാദിക്കാം. അതുമല്ലെങ്കില്‍ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്കിടയായ പശ്ചാത്തലത്തില്‍ തന്റെ യഥാര്‍ഥ നിലപാട് വിളിച്ച് പറയാന്‍ ഒരു പത്രസമ്മേളനമോ പത്രക്കുറിപ്പോ ഇറക്കുക.

ഇത്രയും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വിമര്‍ശകര്‍ക്ക് ചിലത് പറയാനെങ്കിലും അവസരം കൊടുക്കേണ്ടതായും വരും. മോഡിയില്‍ നിന്ന് അഞ്ച് കോടി കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമാണ് ഈ പ്രസ്താവനയെന്ന് സമസ്തയുടെ നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ചേകനൂര്‍ കേസ് പശ്ചാത്തലവും ചില സന്ദര്‍ശനകളും വിരോധികള്‍ കൂട്ടിവായിച്ചെന്നിരിക്കും. ഗുജറാത്തില്‍ പ്രത്യേകമായി ലഭിച്ചുകൊണ്ടിരിക്കുന്ന സൌകര്യങ്ങളും ഈ സമയം ഓര്‍ക്കേണ്ടതായി വരും. മോഡിയാണ് ഇന്ത്യയില്‍ റോഡും കൃഷിയും കാര്യമായി പരിഗണിക്കുന്ന മുഖ്യമന്ത്രിയെന്ന വലിയ പ്രോപഗണ്ടയെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ മനസ്സിലാകും കാന്തപുരം തനിക്ക് മോഡിയെ സമ്മതമാണ് എന്ന് പറയാന്‍ ഇതിനേക്കാള്‍ നല്ല ഒരു ശൈലി സ്വീകരിക്കാനാവില്ല എന്ന്. ഇത് മീഡിയാ വണ്‍ കണ്ടെത്തി എന്നത് അത്ര വലിയ തെറ്റല്ല എന്നും പറയാം.

ഏതായാലും ചുരുങ്ങിയത് അണികളെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് മോഡിഅനുകൂല നിലപാടില്ല എന്ന് പറയാനായി രംഗത്ത് വന്നത് നന്നായി. രണ്ട് രീതിയില്‍ വ്യാഖ്യാന സാധ്യത തൊടുവിട്ട കാന്തപുരം തന്നെയാണ് ഇനി ക്ലാരിഫിക്കേഷന്‍ വരുത്തി അപവാദങ്ങള്‍ക്ക് അറുതി വരുത്തേണ്ടത്.ഏതായായാലും കാന്തപുരവിരോധികള്‍ക്ക് മരുന്നുകള്‍ ഓരോന്നായി കാന്തപുരം തന്നെ ഉല്‍പാദിപ്പിച്ചാല്‍ എന്നാ ചെയ്യും. ഇനി കാന്തപരം പറഞ്ഞതില്‍ യാതൊരു കുഴപ്പവും കാണാത്തവരുണ്ടേല്‍ അവരിലും മോഡിയുടെ പ്രചാരണം വിജയിച്ചും എന്നു വേണം മനസ്സിലാക്കാന്‍.

വിവാഹക്കണക്കുകള്‍

മുസ്ലിം ശൈശവ വിവാഹത്തെ വിമര്‍ശിക്കുന്ന ലേഖനം ചിന്തവാരികയിലുണ്ട്. ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ ചില കണക്കുകള്‍ പെട്ടിക്കോളത്തില്‍ നല്‍കിയത ഇവിടെ പ്രസക്തമാവുന്നു. 1975 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 200 പെണ്‍കുട്ടികളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ 10. 2012 മുസ്ലിം വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആണ്. 1967 മമ്പാട് എം.ഇ.എസ് കോളേജിലെ മുസ്ലിം വിദ്യാര്‍ഥിനികളുടെ എണ്ണം 4 ആയിരുന്നുവെങ്കില്‍ 2013 ല്‍ അത് 620 ആണ്.
യൂനിസെഫ് റിപ്പോര്‍ട്ട് 2012 ന്റെ അടിസ്ഥാനത്തിലുള്ള ചില കണക്കുകള്‍. ഇന്ത്യയില്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ - 47% ;പതിനെട്ട് വയ്യസ്സിന് മുമ്പ് അമ്മമാരാകുന്നവര്‍ - 22 %; ലോകത്താകെയുള്ള ശൈശവ വിവാഹത്തില്‍ ഇന്ത്യന്‍ സംഭാവന - 40 % ; ഭാരക്കുറവുള്ള കുട്ടികള്‍(ഗ്രാമം) - 46%; വിളര്‍ച്ച കണ്ടുവരുന്ന കുട്ടികള്‍ -72 %. അത സമയം ശൈശവ വിവാഹത്തെ എതിര്‍ത്ത് യു.എന്‍. ബില്ല് കൊണ്ടുവരാനൊരുങ്ങുമ്പോള്‍ ഇന്ത്യ അതില്‍ ഒപ്പു വെക്കില്ല എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത.

പുസ്തക വേട്ട വീണ്ടും

കന്നട സാഹിത്യകാരന്‍ യാഗേഷ് മാസ്റ്ററെ ആഗസ്ത് 29 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ധുണ്‍ഡി എന്ന നോവലിലെ ചില വരികള്‍ ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നതായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 285 A,298 വകുപ്പുകള്‍ ചുമത്തി. ഗണപതിയെ കീഴാള ഗോത്രരാജാവായി അവതരിപ്പിച്ചു. മാധ്യമം വാരിക കേരളത്തില്‍ നടക്കുന്ന പുസ്തക വേട്ടകളെ കുറിച്ചുള്ള രാഷ്ട്രീയവും സാമൂഹികവുമായ വിശകലനമാണ് ഈ വാരം നടത്തുന്നത്. നിരോധിച്ചിട്ടില്ലാത്ത പുസ്തകങ്ങളെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളപോലീസിന്റെ അക്ഷരവേട്ടയാണ് ഡോ. സുധീപ് കെ.എസ് തുറന്നു കാണിക്കുന്നത്. ബാങ്ക് അക്കൗണ്ട് തുറക്കാന്‍ തന്റെ പേര് തീവ്രവാദി പേരല്ലെന്ന് തെളിയിക്കണം എന്ന നിബന്ധനയിലെ മനുഷ്യാവകാശ പ്രശ്‌നമാണ് ഒരു പേരിലെല്ലാമിരിക്കുന്നു എന്ന ലേഖനം.

കേരളത്തിലെ പുസ്തകവേട്ടയെ കുറിച്ച് ഉത്തരകാലം എന്ന വെബ് പോര്‍ട്ടലില്‍ വന്ന ലേഖനങ്ങള്‍ ശ്രദ്ധേയമാണ്. മുസ്ലീങ്ങള്‍ക്ക് നല്ലതല്ല 'ആവിഷ്‌ക്കാര സ്വാതന്ത്ര്യം' :പ്രസിദ്ധീകരണ സ്ഥാപനങ്ങളും മതേതരത്വവും എന്ന ലേഖനം.(http://utharakalam.com/?p=9115) 'തേജസ് പത്രവും കേരളത്തിലെ ഡീപ് സ്‌റ്റേറ്റും' എന്ന ലേഖനം തേജസ് പുനപ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ മുഖ്യധാരാപത്രങ്ങളും ചാനലുകളും പ്രകടിപ്പിക്കുന്ന സാമുദായിക, താല്‍പ്പര്യങ്ങള്‍ പൊതുവെ എല്ലാവര്‍ക്കും അറിവുള്ളതാണ്. 'മലയാള മനോരമയും' 'മാതൃഭൂമി'യും അത് മറച്ചുവെക്കാറുമില്ല. പദ്മനാഭക്ഷേത്രത്തിലെ നിധിയുടെ വിവാദത്തിന്റെ സമയത്ത് ആരാണ് കൂടുതല്‍ ഹൈന്ദവം എന്ന മത്സരംപോലും പത്രങ്ങള്‍ പ്രകടിപ്പിച്ചതായും കണ്ടിട്ടുണ്ട്. 'ജന്മഭൂമിയും' 'കേസരിയുമൊക്കെ പുറത്തുവിടുന്ന സാമുദായിക വിരോധത്തിന്റെ വിഷം ദേശീയവാദത്തിന്റെ യുക്തിക്കുള്ളിലാണ് രക്ഷപ്പെടുന്നത്. എല്ലാ പത്രങ്ങള്‍ക്കും വ്യത്യസ്തമായ മത/സമുദായ/പാര്‍ട്ടി ചായ്‌വുകള്‍ ഉണ്ടെന്ന് അറിയാമെങ്കിലും അവയൊക്കെ മറ്റുസമുദായ/പാര്‍ട്ടികേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ മാത്രം നേരിടുകയും, എന്നാല്‍ മതേതരം എന്നോ നിഷ്പക്ഷമെന്നോ അവകാശപ്പെടാനും കഴിയുന്നു. എന്നാല്‍ 'തേജസ് പോലെയുള്ള പത്രങ്ങള്‍ക്ക് ദേശീയബോധം തെളിയിക്കേണ്ട ബാധ്യത വരുന്നു. ഗ്യാനേന്ദ്ര പാണ്‌ഡെയുടെ വളരെ സുപ്രധാനമായ ഒരു രാഷ്ട്രീയ ചോദ്യം വീണ്ടും ചോദിക്കേണ്ടിവരുന്നു. ''can  a Muslim  be Indian ?' പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ മറ്റൊരു ചോദ്യംകൂടി ചോദിക്കാവുന്നതാണ് 'മുസ്ലീം (ഉടമസ്ഥതയിലുള്ള) പത്രത്തെ ഇന്ത്യന്‍ പത്രമായി പരിഗണിക്കുമോ? -ലേഖകന്‍ ചോദിക്കുന്നു.
വാചകവാരം:'ഉസ്താദ,് അങ്ങ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരണപ്പെട്ടു പോയ പ്രവാചകന്റെ തിരു മുടിയെ കുറിച്ച് ഇത്ര ആധികാരികമായി പറയുമ്പോള്‍ ഗുജറാത്തിലെ വികസനത്തെ കുറിച്ച് പറയാന്‍ എന്തിന്നു അവിടെ വരെ പോവണം' -ഫേസ്ബുക്ക് കമന്റ്മാര്‍ക്‌സിസവും മുസ്‌ലിം മുഹബ്ബത്തും

mandathrammmഇടതു പക്ഷത്തിന്റെ ന്യൂനപക്ഷസമൂഹങ്ങളോടും മലബാറിലെ മുസ്‌ലിംകളോടുമെല്ലാമുള്ള മുഹബ്ബത്ത് അണപൊട്ടിയൊഴുകുകയായിരുന്നുവല്ലോ കഴിഞ്ഞ വാരം. കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസ്ഥാവനയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്ര പാരമ്പര്യത്തെ പറ്റിയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്കിനെ അനുസ്മരിക്കുന്നതോടൊപ്പം ഇടതുപക്ഷത്തിന് വിശാലമായ ന്യൂനപക്ഷ കാഴ്ചപ്പാടുകളുമെല്ലാം വിശദീകരിക്കുന്ന പിണറായി വിജയന്റെ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം ദേശാഭിമാനി ദിനപത്രത്തില്‍ മൂന്ന് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചു. മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും എന്ന തലക്കെട്ടിലായിരുന്നു ലേഖനം. 

ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയാണെന്നും ആര്‍.എസ്.എസിന് ബദലാണെന്നു പറഞ്ഞതോടൊപ്പം ജമാഅത്ത് മുന്‍കൈ എടുത്തു രൂപീകരിച്ച വെല്‍ഫെയര്‍പാര്‍ട്ടി ജമാഅത്തിന്‍രെ മുഖം മൂടിയാണെന്നും കൂടി സെക്രട്ടറി വ്യക്തമാക്കി. തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ് എസ്.ഡി.പി.ഐയും കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തില്‍ ജമഅത്തെ ഇസ്‌ലാമി പ്രിയങ്കരമായിത്തീരുന്നതിന്റെയും അപ്രിയമായിത്തീരന്നതിന്റെയും രാഷ്ട്രീയം ഇന്ന് ഏറെക്കുറെ പാട്ടാണ്. ഇടതു പക്ഷവും മുസ്‌ലിം ലീഗും കോണ്‍ഗ്രസുമെല്ലാം ഇക്കാര്യത്തില്‍ ഒരേ ധാരയിലാണെന്നത് യാഥാര്‍ഥ്യം. ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ഇടതു പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം.

'ചരിത്രപരമായ മണ്ടത്തം ആവര്‍ത്തിക്കാന്‍' സി.പി.എം എന്ന തലക്കെട്ടില്‍ മാധ്യമത്തില്‍ എ.ആര്‍. പിണറായിയോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നുണ്ട്. (8.10.13) പ്രസ്ഥാവനയുടെ രാഷ്ടീയ അനിവാര്യതയും പശ്ചാത്തവലവും എ.ആര്‍ വിശകലനം ചെയ്യുന്നു. സാമ്രാജ്യത്തോടുള്ള നിലപാടുകളിലും മനോഭാവങ്ങളിലും ഇടതു പക്ഷത്തിന്റെ മുന്‍കാല ആര്‍ജ്ജവം നഷ്ടമായതും പശ്ചിമബംഗാളിലെ പതനവുമെല്ലാം മുന്നില്‍ കാണുമ്പോള്‍ എങ്ങിനെയെങ്കിലും കുറച്ച് വോട്ട് സമാഹരിക്കാനും ശത്രുവിന്റെ ശത്രു വല്ലവരുമുണ്ടങ്കില്‍ കൂടെ കൂട്ടുവാനുമായിരുന്നു പിണറായിയുടെ പ്ര്‌സ്താവന. ചരിത്രപരമായ മണ്ടത്തം ആവര്‍ത്തിക്കാനാണ് പുറപ്പാടെങ്കില്‍ ലോക്‌സഭ ഇലക്ഷനുശേഷം നേരില്‍ കാണാം, ലാല്‍ സലാം! എന്നും പറഞ്ഞാണ് എ.ആര്‍. ലേഖനം അവസാനിപ്പിക്കുന്നത്.

ഇനി ലീഗ് മുഖപത്രത്തിലേക്ക് വന്നാല്‍ ഇടതുപക്ഷത്തിന്റെ മുസ്‌ലിം പ്രേമത്തെ കൈകാര്യം ചെയ്യാന്‍ കെ.എന്‍.എ ഖാദറിന്റെ ലേഖനമാണുള്ളത്.(9.10.13) ലേഖനം മുന്നോട്ട് പോവുന്നത് കമ്മ്യൂണിസത്തിന്റെ താത്വിക തലം വിശദീകരിച്ചു കൊണ്ടാണ്. നാസ്തികത്വത്തിലധിഷ്ടിതമായ കമ്മ്യൂണിസം മുസ്‌ലിംകള്‍ വര്‍ജ്ജ്യമാവുന്നതെങ്ങിനെയാണെന്നും വ്യക്തമാക്കുന്നുണ്ട്. ഭൗതികവാദ തത്വശാസ്ത്രമാണ് അതെന്നും അത് വ്യക്തമായ ഇസ്‌ലാമിക വിരുദ്ധതയാണെന്നും പറയുന്ന ലേഖകന്‍ മറുപക്ഷത്ത് പ്രതിഷ്ട്രിക്കുന്ന ഇസ്‌ലാമിനെയാണ്. നല്ല ലേഖനം നല്ല വിലയിരുത്തലുകള്‍. അതേ സമയം മുസ്‌ലിം ലീഗ് പ്രമോട്ട് ചെയ്യുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയുടെ അവസ്ഥയും അതു തന്നെയല്ലേ. രണ്ടും പ്രതിനിധാനം ചെയ്യുന്നത് ഇസ്‌ലാമല്ല, ഭൗതികതയാണ്. എങ്കില്‍ വിശ്വാസത്തിന്റെ അവിശ്വസത്തിന്റെയും സംഘര്‍ഷം എങ്ങിനെ ഒരു പാര്‍ട്ടിയില്‍ മാത്രമുണ്ടാവും എന്നും ചോദിക്കാവുന്നതാണ്. താത്വികമായി കമ്മ്യൂണിസത്തെ അനിസ്‌ലാമികമാക്കാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ കോണ്ഗ്രസിനും ബാധകമാവണം.

ജമാഅത്തുമായി ബന്ധപ്പെട്ട വിശകലനം നടത്തുന്നത് വളരെ ക്രിയാത്മകമായിട്ടാണ്. തങ്ങള്‍ക്ക് അനുകൂലമലല്ലെന്ന് തോന്നുന്ന ഘട്ടത്തില്‍ ഇതേ പ്രസ്താവനകള്‍ നടത്തുന്ന മുസ്‌ലിം സംസ്ഥാന നേതാവ് കെ.എന്‍.എ ഖാദര്‍ അല്പം കാര്യഗൗരവത്തോടെ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ സംവിധാനങ്ങളെകുറിച്ചും അവയുടെ പൊതു സമൂഹത്തിലെ ഇംപാക്ടിനെ കുറിച്ചും സംഘടനാ സംവിധാനത്തെ കുറിച്ചും വിവരിക്കുന്നു. ഇടതു പക്ഷത്തിന്റെതിനോട് കിടപിടിക്കുന്നതോ അതിനേക്കാള്‍ മികച്ചതോ ആയ സംഘടനാ സെറ്റപ്പുള്ള ജമാഅത്തെ ഇസ്‌ലാമിയെ തൊണ്ടു തൊടാതെ വിഴുങ്ങാന്‍ സി.പി.എമ്മിനാവില്ല എന്നാണ് കെ.എന്‍.എ ഖാദറിന്റെ വിലയിരുത്തല്‍. ഇത്തരമൊരു പ്രസ്ഥാനത്തിന്‍രെ മുന്‍കൈയ്യില്‍ രൂപം കൊണ്ട രാഷ്ട്രീയപാര്‍ട്ടിയെന്ന നിലക്ക് അല്‍പം ബേജാറ് വെല്‍ഫെയര്‍ പാര്‍ട്ടിയെ സംബന്ധിച്ചും പിണറായിക്കും ഇടതു പക്ഷത്തിനും ഉണ്ടാവുമെന്നും ലേഖകന്‍ സൂചന തരുന്നുണ്ട്. മുസ്‌ലിം ലീഗിനെക്കാളും കോണ്‍ഗ്രസിനേക്കാളും സംഘടനാ ബലവും സംവിധാനങ്ങളും നിലനില്‍ക്കുന്ന സി.പി.എമ്മിനെ തുലനം ചെയ്യുമ്പോള്‍ ജമാഅത്തിന്‍രെ താഴെയാണ് പാര്‍ട്ടിയുടെ സ്ഥാനം അടയാളപ്പെടുത്തുന്നത്. ഇതെല്ലാം വായിക്കുമ്പോള്‍ പിണറായി നെക്കിയും കെ.എന്‍.എ. ഖാദര്‍ നക്കിയും ജമാഅത്തിനെ കൊല്ലുകയാണോ എന്നതാണ് ഫേസ്ബുക്കര്‍മാരുടെ ചോദ്യങ്ങള്‍.

ഹജ്ജിന്റെ രചനാവിഷ്‌കാരം
hajjraj
'അയാളിപ്പോള്‍ ആകെ മാറിപ്പോയിരിക്കുന്നു. ആളുകള്‍ ഓര്‍ക്കുന്നതും ഓര്‍ക്കാത്തതുമായ കടങ്ങള്‍ കൊടുത്തു തീര്‍ത്തിരിക്കുന്നു. പഴി കേള്‍ക്കേണ്ടി വന്നവരെ തേടിപ്പിടിച്ച് കെടുവാക്കുകള്‍ക്ക് മാപ്പ് ചോദിച്ചിരിക്കുന്നു. ദുന്‍യാവിലെ ബാധ്യതകളില്‍ നിന്നെല്ലാം വിമുക്തനായിരിക്കുന്നു. മനസ്സ് സ്വാതന്ത്ര്യത്തിന്റെ രുചിയറിയുന്നു. അപ്പോള്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടണമെന്ന ആശയവസാനിക്കുന്നു. ഇന്നലെയോളം താലോലിച്ചിരുന്ന സ്വപ്‌നങ്ങളേ അല്ല ഇന്നയാളുകടെ കിനാക്കള്‍. ആത്മാവ് അറേബ്യയുടെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ആസകലം മാറിപ്പോയ അയാള്‍ ഇക്കാലമത്രയും ചുമന്ന് നടന്നിരുന്ന പേരിന് ഇനി പ്രസക്തിയില്ലെന്ന് വേണ്ടപ്പെട്ടവര്‍ തന്നെ വിധിയെഴുതിയിരിക്കുന്നു. ഇപ്പോള്‍ അയാള്‍ ഹാജിയാണ്.' രിസാല വാരികയുടെ പുതിയ ലക്കം ഹജ്ജ് വായനക്കായി മാറ്റി വെച്ചിരിക്കുന്നു. ഹജ്ജിന്റെ രചനാവിഷ്‌കാരങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പ്രസിദ്ധ യൂറോപ്യന്‍ ചാനലായ എം.ടി.വി ആങ്കറായിരുന്ന ക്രിസ്റ്റീനാ ബേക്കര്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം എഴുതിയ, പാശ്ചാത്യലോകത്തെ ബെസ്റ്റ് സെല്ലറായിരുന്നു From MTV to Mecca; How Inspired my life എന്ന ഗ്രന്ഥത്തില്‍ ഹജ്ജ് തീര്‍ഥാടനത്തെ കുറിച്ച് ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ഒരധ്യാത്തിന്റെ വിവര്‍ത്തനം ഈ ലക്കം രിസാലയില്‍ ചേര്‍ത്തിട്ടുള്ള. സമാനവിഷയത്തിലുള്ള മറ്റു നാല് ലേഖനങ്ങളും ഈ ലക്കത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.
വാചകവാരം: 'ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന പിണറായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവും വേണ്ടെന്നു വെച്ചത് ആ പാര്‍ട്ടി ശൈശവദശയിലായതു കൊണ്ടാവാം എന്നാണ് കരുതേണ്ടത്. കടയില്‍ നിന്നു പറ്റു വാങ്ങുന്നവരെപോലെ മുമ്പ് വീട്ടാവശ്യത്തിനുള്ള സകല സാധനങ്ങളും ജമാഅത്തുകാര്‍ വാങ്ങി കൊണ്ടിരുന്നത് പിണറായിമാരുടെ രാഷ്ട്രീയക്കടയില്‍ നിന്നായിരുന്നു. ഇപ്പോള്‍ ജമാഅത്തുകാര്‍ സ്വന്തമായൊരു കട തുടങ്ങിയതിന്റെ വെപ്രാളമാണ് പിണറായി പ്രകടിപ്പിക്കുന്നത്. പറ്റുകാര്‍ കുറഞ്ഞു പോകുമ്പോള്‍ കടക്കാരനനുഭവിക്കുന്ന അസ്തിത്വ ദു:ഖം' -കെ.എന്‍.എ ഖാദര്‍
http://islamonlive.in/story/2013-10-10/1381370143-4114733

വി ആര്‍ അനന്തമുര്‍ത്തി, യു ആര്‍?
ഈയാഴ്ചയിലെ താരങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേഷത്തിലെത്തിയ മോഡിയും മോഡിയെ പിന്തുണക്കുകയും എതിര്‍ക്കുകയും ചെയ്ത രണ്ട് പ്രമുഖരുമാണെന്ന് പറയാം. വി.ആര്‍. കൃഷ്ണയ്യറും യു.ആര്‍ അനന്തമൂര്‍ത്തിയുമായിരുന്നു അവര്‍. ഞങ്ങള്‍ മോഡിയെ എതിര്‍ക്കുന്ന അനന്തമൂര്‍ത്തിക്കൊപ്പമാണ്, നിങ്ങള്‍ കൃഷ്ണയ്യര്‍ക്കൊപ്പമോ എന്ന ചോദ്യമാണ് മുകളിലെ പേരുകളിലെ ഇനീഷ്യലുകള്‍ തിരിച്ചിടുമ്പോള്‍ അര്‍ഥമാക്കുന്നത്.

'മോഡിക്ക് അധികാരം ലഭിച്ചാല്‍ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സ്വപ്‌നം കണ്ട ഇന്ത്യയെ കാണാന്‍ സാധിക്കില്ല' എന്നാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ തുടക്കം പംക്തിയിലെ റൈറ്റപ്പ്. സമീപകാലത്തെ ഏറ്റവും വലിയ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തപ്പെടുമ്പോള്‍ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് അതു നല്‍കുന്ന വിപല്‍ സന്ദേശങ്ങളാണ് ബി. ആര്‍.പി ഭാസ്‌കര്‍ പരിശോധിക്കുന്നത്.  ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വഷണം നടത്തിയ നാനാവതി കമ്മീഷനുമുമ്പാകെ കലാപത്തിന്റെ അനാലറ്റിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയത് ആര്‍. ബി. ശ്രീകുമാറാണ്. അദ്ദേഹവുമായി നടത്തിയ ദീര്‍ഘാഭിമുഖം ഈ ലക്കം (6.10.13) കലാകൗമുദിയിലുണ്ട്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമായിരുന്നു അതെന്നും കോര്‍പ്പറേറ്റ് വക്താവാണ് മോഡിയെന്നും അദ്ദേഹം മണ്ടനാണെന്നും കേസ് അട്ടിമറി വിദഗ്ദനാണെന്നുമെല്ലാം ശ്രീകുമാര്‍.

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ നരേന്ദ്ര മോഡിയുടെ, അത്ര ഹിഡന്‍ അല്ലാത്ത കേരള പദ്ധതിയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ജാതീയ  സാമുദായിക ചേരിതിരിവുകളെക്കുറിച്ചും അഴിമുഖം  എന്ന ഓണ്‍ലൈന്‍ ജേണലില്‍ സംസാരിക്കുന്നു. ഗുജറാത്ത് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും എന്നാണ് തലക്കെട്ട്.
(http://www.azhimukham.com/secondtopnews-240.h-tml)

അത്തും പിത്തുമായോ കൃഷ്ണയ്യര്‍ക്ക് എന്നാണ് മുജീബു റഹ്മാന്‍ കിനാലൂര്‍ ചോദിക്കുന്നത്. 'ഇത്രയേറെ കളങ്കിതനായ മോഡിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആളുണ്ടായില്ല എന്നതിനേക്കാള്‍ ആശങ്കാകുലം മോഡിക്ക് വേണ്ടി വക്കാലത്തുമായി മതേതരവാദികള്‍ എന്ന് നാം ആഘോഷിച്ചു പോന്ന പലരും മുന്നോട്ടു വരുന്നു എന്നതാണ്.. മോഡിക്ക് ജന്മദിനാശംസ നേര്‍ന്ന പ്രമുഖരില്‍ ഒരാളാണ് മുന്‍സുപ്രീം കോടതി ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍ . മോഡിയെ പ്രശംസകള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ച കൃഷ്ണയ്യര്‍ , അദ്ദേഹം മനുഷ്യാവകാശ സംരക്ഷകനും സോഷ്യലിസ്റ്റുമാണെന്നും പറഞ്ഞു കളഞ്ഞു! മുന്‍ കരസേവ മേധാവി വി കെ സിംഗ്, മുന്‍ സൈനികനും ഒളിമ്പിക് ജേതാവുമായ രാജ്യവര്‍ധന്‍ രധോര്‍, നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ മോഡിക്ക് അഭിനന്ദനവുമായി രംഗത്ത് വന്നു. നരേന്ദ്ര മോഡിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി ജെ പി ന്യൂനപക്ഷസെല്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി അംഗത്വ വിതരണത്തില്‍ ധാരാളം മുസ്‌ലിംകള്‍ ബിജെപിയില്‍ ചേര്‍ന്നതായാണ് അവരുടെ അവകാശവാദം. ഇത് പൂര്‍ണമായും ശരിയാകില്ലെന്നു കരുതിയാല്‍ തന്നെ, അധികാര മോഹികളായ യൂദാസുകള്‍ ഏതു ചെകുത്താനും കുഴലൂതാനുണ്ടാകും. രാജ്യത്തെ മതേതര രാഷ്ട്രീയക്കാര്‍ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. സ്വതസിദ്ധമായ ചാഞ്ചാട്ടം വെടിഞ്ഞു വര്‍ഗീയതയെ എതിര്‍ക്കാനും ന്യൂപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും കോണ്‍ഗ്രസിനു കഴിയുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.'(http://www.kinalur.com/2013/09/blog-post_26.html)

മുസ്ഫര്‍നഗറിലെ നിലവിളികള്‍

മുസ്ഫര്‍ നഗര്‍ കലാപത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം കൂടുതല്‍ വിശകലനങ്ങളും നിരീക്ഷണങ്ങളും ഈയാഴ്ച പുറത്തുവന്നു. കലാപത്തെ കുറിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് സെന്റര്‍ ഫോര്‍ പോളിസി അനാലിസിസാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ സിവില്‍ സര്‍വീസ് ഉദ്വേഗസ്തനുമായ ഹര്‍ഷ് മന്ദര്‍, അതിര്‍ത്തി രക്ഷാ സേനയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഇ.എന്‍. രാം മോഹന്‍, ജെ.എന്‍.യുവിലെ കമല്‍ ചിത്ര ചിനോയ്, ദേശീയോദ്ഗ്രഥന കൗണ്‍സിലംഗം ജോണ്‍ ദയാല്‍, സുകുമാര്‍ മുരളീധരന്‍, സീമ മുസ്തഫ തുടങ്ങിയവര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമം ആഴ്ചപ്പപ്പതിപ്പില്‍ (7.10.13) മുറിവേറ്റ മുസഫര്‍ നഗര്‍ എന്നാണ് തേജസ് ദൈ്വവാരികയുടെ കവര്‍ സ്‌റ്റോറി. മുസഫര്‍ നഗറിലെ ജൗല റിലീഫ് ക്യാമ്പില്‍ നിന്നും ഇ.എം. അബ്ദുറഹ്മാനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ രാം പുനിയാനിയുടെ മുസഫര്‍ നഗര്‍: കലാപങ്ങള്‍ , വിളനിലങ്ങള്‍ എന്ന ലേഖനം ഡൂള്‍ ന്യൂസില്‍ (http://www.doolnews.com/muzaffarnagar-violence-polarization-with-a-difference-by-ram-puniyani-malayalam-news-545.h-tm-l) പ്രസിദ്ധീകരിച്ചു. ബി. ജെ. പിയുടെ പരിക്രം യാത്രയിലൂടെ അവര്‍ ഇവിടെ വിഭാഗീയതയുടെ വിത്ത് പാകി. സമാജ് വാദി പാര്‍ട്ടിയും ഈ രീതിയില്‍ തന്നെ ചിന്തിച്ചു. ഹിന്ദു വിഭാഗീയത ബി.ജെ.പിക്ക് ഗുണമാവുന്നത് പോലെ തന്നെ മുസ്ലിം വിഭാഗീയത തങ്ങള്‍ക്കും ഗുണമാകുമെന്ന് അവരും കണക്കും കൂട്ടി. ഈ കണക്കുകൂട്ടല്‍ കലാപം പടരുന്നതിന് കാരണമായി-രാം പുനിയാനി.

മുസ്ലിം സംഘടനകള്‍ പ്രതിക്കൂട്ടില്‍

കേരളത്തിലെ മുസ്ലിം സംഘടനകളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ കയറ്റിയ വാരമാണ് കഴിഞ്ഞു പോയത്. എം.എന്‍. കാരശ്ശേരി മാതൃഭൂമി പത്രത്തില്‍ ഈ വിഷയത്തില്‍ ലേഖനമെഴുതി. ലേഖനത്തിലുദ്ദരിച്ച ഹദീസ് ഇവിടെ പ്രസക്തം തന്നെയാണ്. ഒരു പെണ്‍കുട്ടി മുഹമ്മദ് നബിയുടെ സദസ്സില്‍ വന്ന്, തന്റെ അറിവോ അനുവാദമോ ഇല്ലാതെ ബാപ്പ തന്നെ ഇന്നയാള്‍ക്ക് കെട്ടിച്ചുവെന്ന് പരാതിപ്പെട്ടു.
നബി ചോദിച്ചു: ''നിനക്ക് പ്രായപൂര്‍ത്തിയായിട്ടില്ലേ?''
''ആയിട്ടുണ്ട്.''
''നിന്നോട് ചോദിക്കാതെയാണോ കെട്ടിച്ചത്?''
''അതെ.''
'ശരി, ഇഷ്ടമില്ലെങ്കില്‍ ആ വിവാഹം നിനക്ക് റദ്ദാക്കാം. പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ നടക്കുന്ന നിക്കാഹിന് സാധുതയില്ല.''
'പ്രവാചകരേ, ഭര്‍ത്താവിനെ എനിക്കിഷ്ടമായി. ഞാന്‍ തൃപ്തയാണ്. ഈ സഭയില്‍ വന്ന് ഞാന്‍ ഇത് ചോദിച്ചത് അത്തരം കാര്യങ്ങളില്‍ തീര്‍പ്പെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടോ എന്ന് അങ്ങയുടെ മുഖത്തുനിന്ന് കേള്‍ക്കുന്നതിനുവേണ്ടിയാണ്.'
''തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ആ അവകാശമുണ്ട്.''

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പാഠം ഒന്ന് വിലാപം ചെയ്ത ആര്യാടന്‍ ഷൗക്കത്തിന്റെ ലേഖനമുണ്ട്. വിഷയം ഇതുതന്നെ. ഈ ലക്കം കലാകൗമുദി എം.എം. ഹസന്‍, സാദിഖലി എന്നിവരുടെ വീക്ഷണങ്ങള്‍ ചേര്‍ത്തി നിക്കാഹിന്റെ രാഷ്ട്രീയം എന്ന പേരില്‍ കവര്‍‌സ്റ്റോറി ചെയ്തു (6.10.13). മാറാത്ത നേതൃത്വം മാറേണ്ട സമുദായം എന്ന പേരില്‍ ഡൂള്‍ ന്യൂസില്‍ വന്ന നീണ്ട ലേഖനത്തില്‍ മതസംഘടനകളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അതേ സമയം ലീലാ മേനോടൊപ്പം മമതാ ശര്‍മ്മയും. ബലാല്‍സംഘങ്ങള്‍ വര്‍ദ്ദിക്കുന്നത് തടയാന്‍ വിവാഹപ്രായം കുറക്കുന്നത് തന്നെയാണ് നല്ലതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമതാ ശര്‍മ്മാ പറയുന്നത്.

സംഘടനാ നേതാക്കളും തങ്ങളുടെ നിലപാട് വിശദീകരിക്കുകയുണ്ടായി. വിവാഹ പ്രായം വസ്തുതയറിയാതെ വിമര്‍ശിക്കുന്നവര്‍ എന്ന തലക്കെട്ടില്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അസ്ഗറലി വര്‍ത്തമാനത്തില്‍ ലേഖനമെഴുതി. ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലിയുടെ മാധ്യമം അഭിമുഖത്തില്‍ വിഷയത്തിലുള്ള മധ്യമനിലപാട് പറയുന്നു. '18 വയസ്സ് ആകുന്നതിനുമുമ്പ് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചേ അടങ്ങൂ എന്നു വിചാരിക്കുന്ന പിന്തിരിപ്പന്മാരും 18 എന്നത് വിശുദ്ധ നമ്പറാണെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചപോലും അനുവദിക്കില്ല എന്നും ധാര്‍ഷ്ട്യം വെച്ചുപുലര്‍ത്തുന്ന മതേതര പൗരോഹിത്യവും ഫലത്തില്‍ ഒന്നുതന്നെയാണ്. 18 എന്നത് ഒരു നിശ്ചിത സാഹചര്യത്തില്‍ ഇന്ത്യയില്‍ രൂപപ്പെട്ട നിയമമാണ്. സാമൂഹികശാസ്ത്രപരവും മനശ്ശാസ്ത്രപരവും മറ്റുമായ ഒരുപാട് ഘടകങ്ങള്‍ മുന്‍നിര്‍ത്തി ഒരു സമയത്ത് വന്ന തീരുമാനം. അതിനെ സംവാദവിധേയമാക്കാനേ പാടില്‌ളെന്ന് പറയുന്ന സെക്കുലര്‍ വരേണ്യര്‍ക്ക് നിയമ രൂപവത്കരണത്തെയും സാമൂഹിക മാറ്റങ്ങളെയും കുറിച്ച സാമാന്യ ധാരണകളില്ല എന്നതാണ് സത്യം. (മാധ്യമം 27.9.13)

പുസ്‌കവിവാദങ്ങള്‍ വീണ്ടും
ഉറുദു ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥം 12 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ഒരു തടസ്സവുമില്ലാതെ വില്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മലയാള ഭാഷയില്‍ 4 വര്‍ഷമായി ഈ പുസ്തകം വായിക്കപ്പെടുന്നുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഇംഗ്‌ളീഷ് പാഠപുസ്തകത്തിലെ 'ഓഡ് റ്റു ദ സീ' എന്ന കവിത നിരോധിച്ച വിവാദം അടങ്ങിയത് ഈയിടെയാണ്. നന്മ ബുക്‌സിന്റെ ഉടമ അബ്ദുറഹ്മാനെയാണ് ഇതിന്റേ പേരില്‍ അറസ്റ്റ് ചെയ്ത്. ഇതിന് ശേഷം തൊട്ടടുത്ത് ദിവസം തന്നെ ഇദ്ദേഹത്തെ മറ്റൊരു പുസ്തകത്തിന്റെ പേരിലും കേസെടുത്തിരിക്കുന്നു. 'അസവര്‍ണക്ക് നല്ലത് ഇസ്ലാം' എന്ന പുസ്തകത്തിന്റെ 2005 ലെ പതിപ്പിന്റെ വിതരണം നടത്തി എന്നതാണ് കേസ്. 1936ല്‍ കേരള തിയ്യ യൂത്ത് ലീഗാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്‍, പി.കെ കുഞ്ഞിരാമന്‍, സഹോദരന്‍ കെ.അയ്യപ്പന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തരകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെയ പിതാവ് എ.കെ ഭാസ്‌കരന്‍ എന്നിവരുടെ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി മുസ്ലീങ്ങളെ അകാരണമായി അറസ്റ്റ് ചെയ്യരുതെന്നു പറഞ്ഞു സര്‍ക്കലര്‍ അയച്ച വാരത്തിലാണീ സംഭവവും.


ഈമഷിയുടെ അച്ചടിമഷി പതിപ്പ്

ഒരു കാലത്ത് മുഖ്യധാരയില്‍ മാറ്റി നിര്‍ത്തപ്പെട്ടവരോ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ മുഖം കാണിക്കാനാവാത്തതോ വരാത്തതോ ആയ രചനകള്‍ ആവിഷ്‌കരിക്കാനുള്ള ഇടം എന്ന നിലയിലായിരുന്നു ബ്ലോഗുലകത്തെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ബ്ലോഗുകള്‍ ശക്തമായ സാഹിത്യരചനകള്‍ വിരിയുന്ന ഇടമായി മാറിയിരിക്കുന്നു. emashi.blogspot.in എന്ന ഓണ്‍ലൈന്‍ മാസികയുടെ വാര്‍ഷികപ്പതിപ്പ് പ്രിന്റ് എഡിഷനില്‍ പുറത്തിറങ്ങി. നൂറ് പേജുള്ള പതിപ്പില്‍ കഥയും കവിതയും ലേഖനങ്ങളും അനുഭവങ്ങളും അഭിമുഖങ്ങളുമെല്ലാമായി സജീവമാണ്. ഈ മഷിയി മാത്രം വിരിഞ്ഞ രചനകള്‍ക്ക് അച്ചടിമഷി ലഭിച്ച സന്തോഷത്തിലാണ് ബ്ലോഗേഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍.


* തിരുകേശം വിവാദം അവസാനിപ്പിക്കാന്‍ സമയമായി എന്ന് പറഞ്ഞ് കാന്തപുരത്തിന്റെ മുടിവാദങ്ങള്‍ പുതിയ പശ്ചാത്തലത്തില്‍ നിരൂപണം ചെയ്ത് മാധ്യമത്തില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി ലേഖനമെഴുതി. കാന്തപുരത്തിനെതിരെ അഞ്ച് കാരണങ്ങള്‍ എന്ന പേരില്‍ കാന്തപുരത്തെ ന്യായീകരിച്ച് മാധ്യമത്തില്‍ തന്നെ 26.9.13 നും ലേഖനം രചിച്ചു. ഈ ലക്കം സത്യധാരയില്‍ കാന്തപുരം തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവന്ന ജിഷാന്‍ മാഹിയുടെയും മുഹമ്മദ് രാമന്തളിയുടെയും വെളിപ്പെടുത്തലുകളും വിശദാംശങ്ങളുമുണ്ട്. മുടിയുടെ വിഷയത്തില്‍ ശ്രദ്ധേയന്റെ എട്ട് ബ്ലോഗ് പോസ്‌റ്‌റുകളും ശ്രദ്ധേയമായിരുന്നു.

* മുസ്ലിം ജനതയെ യാഥാസ്ഥികതയുടെ മൂടുപടമണിയിക്കുന്ന മുജാഹിദ് മഠാധിപതികള്‍, മുജാഹിദ് പ്രസ്ഥാനം മൃദു വര്‍ഗീയതയുടെ ഒളിത്താവളം-മത മൗലികവാദത്തിന്റെയും എന്ന ലേഖനം ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ചിരിക്കുന്നു.

* വാക്‌സിനേഷന്റെ അധിനിവേശ ഗൂഢാലോചന ഭരണകൂടങ്ങളെ സ്വാധീനിച്ച് നടത്തപ്പെടുന്ന ഒരു സാമ്രാജ്യത്വ അധിനിവേശ ഗൂഢാലോചനയാണ് വാക്‌സിനേഷന്‍ എന്ന ആരോപണം വളരെ ശക്തമാണ്. കേരളീയ സമൂഹം അത് മനസ്സിലാക്കി വരുന്നു എന്നതിന് തെളിവാണ് ഇവിടെ വാക്‌സിനുകളോടുള്ള വിമുഖത. പക്ഷേ ഖേദകരമെന്ന് പറയട്ടെ, നമ്മുടെ അലോപ്പതി ഡോക്ടര്‍മാരില്‍ ചിലര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. (29.9.13) മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞ മാസത്തില്‍ ഈ വിഷയത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാഴ്ചവാരം:

ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ ഡോ.യൂസുഫുല്‍ ഖറദാവിയെ കുറിച്ച് മലയാളത്തില്‍ ആദ്യമായി ഡോക്യുമെന്ററി പുറത്തിറങ്ങി. പ്രാര്‍ത്ഥനാനിരതനായ പോരാളി എന്നാണ് ഡോക്യുമെന്ററിക്ക് നല്‍കിയിട്ടുളള പേര്. സിതാര ദോഹ അവതരിപ്പിക്കുന്നു ഇന്‍സൈറ്റ് വിഷ്വല്‍ മീഡിയ പ്രാര്ഞതനാ നിരതനായ  പോരാളി. സ്‌ക്രീപ്റ്റ് മുഹമ്മദ് പാറക്കടവ്  എഡിറ്റിഹ് ഫിറോസ് ആലുവ
അസോ. ഡയറക്ടര്‍ ബന്ന ചേന്ദമംഗല്ലൂര്‍ (https://www.facebook.com/photo.php?v=519873048088699)
ഖറദാവിയുടെ ആത്മകഥ തേജസ് വാരികയില്‍ പതിനാല് ലക്കം പിന്നിട്ടു കഴിഞ്ഞു. ഈജിപ്തിലെ ദാറുശ്ശൂറൂഖ് പ്രസിദ്ധീകരിച്ച ഖറദാവിയുടെ സമ്പൂര്‍ണ ആത്മകഥ മൂന്ന് വാള്യങ്ങളിലായി 1500 ലധികം പേജുകളുണ്ട്.