പുലിയായി വരുന്ന മെസ്സേജുകൾ

പണ്ടൊരു കഥയുണ്ട്..പുലി വരുന്നേ പുലി എന്നാണ് കഥയുടെ തലക്കെട്ട്..കഥയുടെ ബാക്കി പിന്നെ പറയേണ്ടല്ലോ. ഇതു പോലെയാണ് ഈയിടെ എനിക്ക് എം.എസ്.എസ്സായി ലഭിച്ച ഒരു മെസ്സേജിന്റെ സ്ഥിതിയും. സദുദ്ദേശത്തോടെ അയച്ചവരെല്ലാം ഇളിഭ്യാരായി മെസ്സേജ് വ്യാജമാണെന്ന് പറഞ്ഞ് മാധ്യമത്തില്‍ വാര്‍ത്തയും വന്നു. ഇനി ആരെങ്കിലും കാര്യത്തില്‍ വല്ല എം. എസ്.എമ്മസയച്ചാലും നാം തിരിഞ്ഞു നോക്കുമോ?

നിങ്ങള്‍ക്കും രക്തം ആവശ്യപ്പെട്ടുള്ള ആ മെസ്സേജ് കിട്ടിയിരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ഇതു കുറേ ഓടി...കിട്ടുന്നവര്‍ക്കെല്ലാം അത് തയ്യാറാക്കിയയച്ച ഡൈറ്റ് എസ്.എം.എസില്‍ കാണാത്തതിനാല്‍ കിട്ടിയവര്‍ക്കെല്ലാം മെസ്സേജ് പുതിയതായിരുന്നു. പിന്നെ ആരാണ് അയച്ചതെന്നാണ് നോക്കുക. കുഴപ്പമില്ല വിശ്വസിക്കാവുന്ന സുഹൃത്ത് തന്നെ..എന്നാ കിടക്കട്ടെ...നമുക്ക് ഏതായാലും രക്തം കൊടുക്കാനാവില്ല...ഇത് വായിച്ച് ആരെങ്കിലും കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെ...എന്ന സദുദ്ദേശത്തോടെ  അയച്ചു. എല്ലാവരും ഇതു തന്നെ വിചാരിച്ച് അവരും അയച്ചു തങ്ങളുടെ അടുത്തവര്‍ക്കെല്ലാം. എന്നാലതിലൊരാളും ഈ സംഗതിയുടെ നിജസ്ഥിതിയറിയാന്‍ അതിലെ നമ്പരിലേക്കൊരു മിസ് കോള്‍ വിടാന്‍ പോലും മെനക്കെട്ടില്ല എന്നതാണ് സങ്കടകരം. ഇനി ലോകം മുഴുവന്‍ എസ്.എം. എസ് പ്രചരിപ്പിച്ചാല്‍ തിരിച്ച് റീപ്ലേ ആയൊന്നും രക്തം കൊടുക്കാനാവില്ലെന്ന തിരച്ചറിവെങ്കിലും ഇങ്ങിനെ ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.
മാധ്യമം 29.7.12 
കഴിഞ്ഞയാഴ്ച ഈ മെസ്സേജ് എറണാകുളത്തെ ഒരു സുഹൃത്തില്‍ നിന്നും കിട്ടിയപ്പഴേ ഇതില്‍ സംശയം തോന്നി അവിടെ ഇട്ടു. അഞ്ച് ദിവസം കഴിഞ്ഞപ്പോ പാലക്കാടുള്ള സുഹൃത്തില്‍ നിന്നും ഇതേ മസ്സേജ്. ഉടനെ അതില്‍ കൊടുത്ത നമ്പറിലേക്ക് വിളിച്ചു. ഫോണ്‍ സ്വിച്ചോഫ്. ഉടനെ അയച്ച ആള്‍ക്ക് വിളിച്ചു.  ഇതാര്‍ക്ക വേണ്ടിയാണെന്ന് ചോദിച്ചു. അതില്‍ നമ്പറുണ്ടല്ലോ എന്നായിരുന്നു മറുപടി. അയക്കുന്നതിന് മുമ്പ് നമ്പറിലേക്ക് വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ വിളിച്ചിരുന്നില്ല. മലപ്പുറത്തെ ഇന്ന സുഹൃത്ത് അയച്ചു തന്നപ്പോ ഫോര്‍വേഡ് ചെയ്തതാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു. ഒന്നുകില്‍ ഇത് വ്യാജമാവാം, ഇനി യാഥാര്‍ഥ്യമാണെങ്കില്‍ തന്നെ അതിന്റെ ആവശ്യം എന്നേ കഴിഞ്ഞിരിക്കാം. നിങ്ങള്‍ പറഞ്ഞത് നന്നായി എന്നും പറഞ്ഞ് അദ്ദേഹം ഫോണ്‍വെച്ചു. എറണാകുളത്ത് നിന്ന് അയച്ചയാളോട് വിളിച്ചപ്പോഴും പ്രതികരണം ഇതു തന്നെ. പിന്നെ നോക്കുമ്പോഴാണ് സംഗതി ആറുമുമ്പത്തെ കേസാണെന്ന് പത്രത്തില്‍ കാണുന്നത്. കോള്‍ കൊണ്ട് കുടുങ്ങി മൂപ്പര് ഫോണ്‍നമ്പര്‍ ഒഴിവാക്കിയതായിരിക്കാനാണ് സാധ്യത.

ഇത്തരത്തിലുള്ള മെസ്സേജ് ഫോര്‍വേഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.
1. ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് മെസ്സേജിന്റെ നിജസ്ഥിതി നേരിട്ട് അന്വേഷിക്കുക.
2. അങ്ങിനെയുള്ള നമ്പറില്‍ ബന്ധപ്പെടാനാവുന്നില്ലെങ്കില്‍ സന്ദേശം കാലഹരണപ്പെട്ടുവെന്നോ വ്യാജമാണെന്നോ കണക്കാക്കി ഡിലീറ്റ് ചെയ്യുക.
3. രക്തം ആവശ്യമുള്ളവര്‍ എസ്.എം.എസിലൊതുക്കാതെ ബന്ധപ്പെടാവുന്ന വ്യക്തികള്‍ക്ക് നേരിട്ട് വിളിച്ച് അന്വേഷിക്കുക.
4. എന്നേക്കാണ് ആവശ്യമെങ്കില്‍ ആ തീയ്യതിയും സ്ഥലവും കൃത്യമായി മെസ്സേജില്‍ വെക്കുക.
5. ഗ്രൂപ്പ് മെസ്സേജായി ലോകം മുഴുവന്‍ ഫോര്‍വേഡ് ചെയ്യാതെ ആശുപത്രിയുമായി അടുത്തുള്ളവര്‍ക്ക് മാത്രം അയക്കുക.








ഐടിയെ കുറിച്ചും ഖുർആനിലോ?


നാം ജീവിക്കുന്നത് ഡിജിറ്റലല്‍ സാങ്കേതിക വിദ്യയുടെ യുഗത്തിലാണല്ലോ. ഇപ്പോള്‍ നമ്മളുപയോഗിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അതിലുള്ള സോഫ്ട്‌വെയറുകളും നമുക്ക് സുപപരിചിതമാണ്. ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടര്‍ സ്‌ക്രീനിലെത്തുന്ന കോടാനുകോടി വിജ്ഞാനങ്ങളുടെയും ശബ്ദ ദൃശ്യങ്ങളുടെയും ഭാഷയെ നാം ഡിജിറ്റല്‍ ഭാഷയെന്ന് വിളിക്കുന്നു. നമ്മുടെ കാലം ഡിജിറ്റല്‍ യുഗമെന്ന് വിശേഷിപ്പിക്കുന്നതും അതുകൊണ്ട് തന്നെ.
Binary
കമ്പ്യൂട്ടറിന് ഒരു ഭാഷ മാത്രമേ അറിയൂ. ഡിജിറ്റല്‍ ഭാഷയെന്ന വിളിക്കുന്ന കമ്പ്യൂട്ടര്‍ ഭാഷയാണത്. ഇതില്‍ അക്കങ്ങളും അക്ഷരങ്ങളുമായി രണ്ടേ രണ്ട് സംഖ്യകള്‍ മാത്രം. പൂജ്യവും ഒന്നും. ഈ ബൈനറി അക്കങ്ങള്‍ കൊണ്ടാണ് കമ്പ്യൂട്ടറിന്റെ ഡാറ്റയും സ്വരങ്ങളും അക്ഷരങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ബൈനറി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയാണ് കമ്പ്യൂട്ടര്‍. ഈ രീതിയില്‍ സോഴ്‌സ്‌കോഡിനെ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ലേറ്റര്‍മാരെയാണ് കംപയിലര്‍, ഇന്റര്‍പ്രട്ടര്‍ എന്ന് വിളിക്കുന്നത്.
ഡിജിറ്റല്‍ ലൈബ്രറികളും സിനിമകളും മ്യൂസിക്കുകളുമെല്ലാം നാം സ്വായത്തമാക്കി. ഒരു കാലത്ത് എല്ലുകളിലും തോലുകളിലും ചിത്രലിപികളിലുമെല്ലാമായിരുന്നു വിവരശേഖരണം നടത്തിയിരുന്നത.് പിന്നീട് കടലാസുകളിലേക്കും അച്ചടിയിലേക്കും വഴിമാറി. വിവിധ ലിപികളും ഭാഷകളും വന്നതോടെ അതെല്ലാം അക്ഷരങ്ങളിലേക്ക് മടങ്ങി. ഇന്നാവട്ടെ അവയെല്ലാം തന്നെ ഡിജിറ്റലിലേക്കും പകര്‍ത്തപ്പെട്ടിരിക്കുന്നു. എല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാം. ഒരു പക്ഷെ, ഇതിന്റെ തന്നെ ഉയര്‍ന്ന സാങ്കേതികവിദ്യ കൈവരുമ്പോള്‍ ഇന്ന് ഡിജിറ്റലിന് വഴങ്ങാത്തതും അന്ന് വഴങ്ങിയേക്കാം. കഴിഞ്ഞ കാലങ്ങളിലെ മാറ്റങ്ങള്‍ അതാണ് നമ്മെ പഠിപ്പിക്കുന്നത്.
സര്‍വ്വലോകജ്ഞാനിയായ ദൈവത്തില്‍ നിന്നും അവതരിപ്പിക്കപ്പെട്ടിട്ടുള്ള കാലാധിവര്‍ത്തിയായ വിശുദ്ധ ഖുര്‍ആനില്‍ വിവരങ്ങളുടെ ഈ പുതിയ സങ്കേതങ്ങളെ കുറിച്ച് യാതൊരു സൂചനയും ഇല്ലാതെ വരുമോ? വിവരങ്ങള്‍ സൂഷ്മമായി രേഖപ്പെടുത്താവുന്ന സാങ്കേതിക വൈദഗ്ദ്യം ഖുര്‍ആനും അജ്ഞാനമായിരുന്നുവോ? വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ആറാം നൂറ്റാണ്ടില്‍ പ്രചുരമായിരുന്ന സാങ്കേതികജ്ഞാനം തന്നെയാണോ ഖുര്‍ആനും അവതരിപ്പിക്കുന്നത്? അതല്ല, അതിനുമപ്പുറത്തേക്കുള്ള ആശയം നല്‍കുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആന്‍ നടത്തുന്നുണ്ടോ? അന്വേഷണ വിധേയമാക്കാവുന്ന ഒരു വിഷയമല്ലേ ഇത്?
ഇവിടെയാണ് ഖുര്‍ആനിലെ ചില പദപ്രയോഗങ്ങള്‍ ശ്രദ്ധേയമാവുന്നത്. പരലോകത്ത് മനുഷ്യന്റെ ജീവിതരേഖയടങ്ങുന്ന ഗ്രന്ഥം സമര്‍പ്പിക്കുന്ന ഘട്ടവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ 83-ാം അധ്യായത്തില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു.
'നിശ്ചയം, ദുര്‍മാര്‍ഗിക്കളുടെ ഗ്രന്ഥം സിജ്ജീനിലാകുന്നു. സിജ്ജീനെന്താണെന്ന് താങ്കള്‍ക്കറിയാമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.'(83:7,8,9) ഇപ്രകാരം സത്യവിശ്വാസികളെ കുറിച്ചും പറയുന്നു. 'നിശ്ചയം സല്‍കര്‍മ്മികളുടെ കര്‍മ്മരേഖ ഇല്ലിയ്യീനിലാകുന്നു. ഇല്ലിയ്യൂന്‍ എന്നാണെന്ന് താങ്കള്‍ക്കറിയുമോ? അത് കിതാബുന്‍ മര്‍ഖൂമാകുന്നു.' (83:18,19,20)
കിതാബുന്‍ മര്‍ഖൂമിന് പൊതുവെ എഴുതപ്പെട്ട പുസ്തകം എന്നാണ് പരിഭാഷപ്പെടുത്താറുള്ളത്. എന്നാല്‍ എഴുതപ്പെട്ടത് എന്ന കൃത്യമായി അര്‍ഥം ലഭിക്കണമെങ്കില്‍ 'മക്തൂബ്' എന്നാണ് വരേണ്ടിയിരുന്നത്. എന്തുകൊണ്ട് ഈ സമഗ്ര ആലേഖനയെ കുറിച്ച് മര്‍ഖൂം എന്ന് പ്രയോഗിച്ചു.?
റഖ്മ് എന്ന അറബി വാക്കിന് അക്കം, ഡിജിറ്റ് എന്നെല്ലാമാണ് അര്‍ഥം. മര്‍ഖൂം എന്നാല്‍ നമ്പര്‍ ചെയ്യപ്പെട്ടതെന്നോ ഡിജിറ്റലൈസ് ചെയ്തതെന്നോ പറയാം. ഡിജിറ്റല്‍ ലൈബ്രറിക്ക് അറബിയില്‍ മക്തബതുര്‍റഖ്മിയ്യ എന്നും ഡിജിറ്റല്‍ സാങ്കേത വിദ്യക്ക് അത്തഖ്‌നിയ്യ അര്‍റഖ്മിയ്യ എന്നുമാണ് പറയാറുള്ളത്. മലയാളത്തില്‍ അതേ ആശയം വരുന്ന സാങ്കേതിക പ്രയോഗമില്ലാത്തതിനാല്‍ 'ഡിജിറ്റല്‍' എന്ന് തന്നെ ഉപയോഗിക്കുന്നു.
ഖുര്‍ആനിന്‍ പലിയിടത്തും പറയുന്നത് പോലെ വമാ അദ്‌റാക അഥവാ നിനക്കറിയുമോ എന്ന് ചോദിച്ചു കൊണ്ട് അതിന്റെ അര്‍ഥമാണ് തുടര്‍ന്ന് പറയാറുള്ളത്. ഉദാഹരണാമായി അല്‍ ഖാരിഅ(101:1), ലൈലതുല്‍ ഖദ്ര്‍(97:1), അഖബ (60:12) എന്നീ വാക്കുകള്‍ നോക്കുക. എന്നാല്‍ ഇവിടെ സിജ്ജീന്‍ എന്താണെന്നും ഇല്ലിയ്യീന്‍ എന്താണെന്നും ചോദിച്ചതിന് ശേഷം കിതാബുന്‍ മര്‍ഖൂം ആണെന്ന് പറയുന്നുണ്ടെങ്കിലും അത് അതിന്റെ വിശദീകരണമല്ലെന്ന് ഖഫ്ഫാല്‍ പറയുന്നതായി ഇമാം റാസി ഉദ്ദരിക്കുന്നു. സിജ്ജീനിന്റെയോ ഇല്ലിയ്യീനിന്റെയോ വിശദീകരണമല്ല കിതാബുന്‍ മര്‍ഖൂം എന്നത്. കാരണം രണ്ടും പരസ്പര വിരുദ്ധമാണ് എന്നത് തന്നെ. അങ്ങിനെ വരുമ്പോള്‍ നന്മയായാലും തിന്മയായാലും അത് രേഖപ്പെടുത്തി വെക്കുന്ന പൊതുവായ സാങ്കേതിവിദ്യയാവാനേ തരമുള്ളൂ.
എഴുതപ്പെട്ടത് എന്ന അര്‍ത്ഥം പൊതുവായി പറയാറുണ്ടെങ്കിലും അതും ഏകകണ്ഠമല്ല എന്ന് മനസ്സിലാക്കാനാവും. മര്‍ഖൂം എന്ന വാക്കിന് അഞ്ച് വ്യഖ്യാനങ്ങള്‍ ഇമാം റാസി തന്റെ തഫ്‌സീറുല്‍ കബീറില്‍ ഉദ്ദരിക്കുന്നു. അതിലൊന്ന് മാത്രമാണ് മക്തൂബ് അഥവാ എഴുതപ്പെട്ടത്. മറ്റൊരര്‍ത്ഥം സീല്‍ ചെയ്യപ്പെട്ടത് എന്നാണ്. മറ്റ് മൂന്ന് അര്‍ത്ഥങ്ങളും കണക്കുമായി ബന്ധപ്പെട്ടതാണ്. ഒന്ന്). നരകം അല്ലെങ്കില്‍ സ്വര്‍ഗം നിര്‍ബന്ധമാണെന്ന് കണക്കാക്കി. രണ്ട്). കച്ചവടക്കാര്‍ വിലക്കനുസരിച്ച് കണക്കുകൂട്ടി ചരക്കുകള്‍ തയ്യാറാക്കുന്ന പോലെ കര്‍മ്മങ്ങള്‍ കണക്കൂകൂട്ടി വെച്ചിരിക്കും. മൂന്ന്). അവരുടെ രക്ഷാ ശിക്ഷകള്‍ കണക്കുകൂട്ടി വെച്ചിരിക്കും. അതിലൊന്നും വിട്ടു പോവുകയില്ല.
ഖുര്‍തുബിയില്‍ മക്തൂബും ക റഖമി ഫി ഥൗബി അഥവാ പ്രതിഫലം കണക്കനുസരിച്ച് രേഖപ്പെടുത്തിയെന്ന് അര്‍ഥം നല്‍കിയിരിക്കുന്നത്. ളഹ്ഹാഖില്‍ നിന്നും മഖ്തൂം അഥവാ സീല്‍ ചെയ്യപ്പെട്ടത് എന്ന വ്യാഖ്യാനവും ഉദ്ദരിക്കപ്പെടുന്നു.
തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൗലാനാ മൗദൂദി സാഹിബ് സിജ്ജീന്‍, ഇല്ലിയ്യീന്‍ എന്നതിന് ഗ്രന്ഥം തന്നെ ഒഴിവാക്കി തടവുകാരുടെ പട്ടികയെന്നും ഉന്നത സ്ഥാനീയരുടെ പട്ടികയെന്നുമാണ് അര്‍ഥം നല്‍കിയിട്ടുള്ളത്.
ഇത്രയും വ്യാഖ്യാനസാധ്യതയുള്ളപ്പോള്‍ അല്ലാഹു ഉപയോഗിച്ച ഒരു പദത്തിന് കുറച്ചു കൂടി കൃത്യമായി അതിനെ ഡിജിറ്റല്‍ രേഖയെന്നും പറഞ്ഞു കൂടെ? ഒരു പദത്തിന് അതിന്റെ പാദാനുപദം അര്‍ഥം തന്നെ ഫിറ്റായിരിക്കെ ആ അര്‍ഥം തന്നെയല്ലേ പ്രസക്തവും? അഥവാ ഖുര്‍ആനിന്റെ ഓരോ അക്ഷരവും പദപ്രയോഗവും അര്‍ഥവത്തും സൂഷ്മവുമായി ദൈവത്താല്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഖുര്‍ആനിലെ അല്‍ഭുതങ്ങള്‍ ഒരു കാലത്തും ഒടുങ്ങുന്നില്ല എന്ന പ്രവാചകവചനത്തിന്റെ ഒരു പുലര്‍ച്ച കൂടിയായി ഇതിനെ മനസ്സിലാക്കിക്കൂടെ?

കടം @ എസ്.എം.എസ്

ഒരിക്കല്‍ സഹപ്രവര്‍ത്തകനോട് ഞാന്‍ ആയിരം രൂപ കടം ചോദിച്ചു. പണം തരികയും മെസേജ് ഫ്രീയാണെങ്കില്‍ Received 1000/ എന്ന് ഒരു എം.എസ്.എസ് അയക്കാനാവശ്യപ്പെടുകയും ചെയ്തു. എസ്.എം.എസ് അയച്ചതോടെ അദ്ദേഹം നന്ദിയറിയിച്ചു. അതോടെ രണ്ടു പേരുടെയും പരസ്പര ധാരണയോടെയുള്ള രേഖയായി അത് മാറി. മുമ്പും ഈ രീതി സ്വീകരിക്കാറുണ്ടെങ്കിലും നേരിട്ട് പറഞ്ഞത് മാതൃകയായി തോന്നി. വാങ്ങിയ തിയ്യതിയും തിരിച്ചു തരുന്ന തിയ്യതിയുമെഴുതുന്നതിലൂടെ കാലാവധിയും സ്ഥിരപ്പെട്ടു. ഇപ്രകാരം എസ്.എം.എസോ ഇമെയിലോ അയക്കാം. ദിവസം അനവധി തവണ മൊബൈലില്‍ കളിക്കുന്ന നമുക്ക് ഇത് കാണുമ്പോള്‍ സദാ ഓര്‍മ്മപ്പെടുത്തലാവുകയും ചെയ്യുന്നു.

വിശുദ്ധ ഖുര്‍ആന്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ വളരെ ഗൗരവത്തോടെ ഊന്നിപ്പറഞ്ഞിട്ടുള്ള വിഷയമാണ്. വിശിഷ്യാ ദാനദര്‍മ്മം, പലിശ, കടം മുതലായവ. ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം (2:282) തന്നെ കടത്തെ സംബന്ധിച്ചുള്ളതാണെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പരസ്പരസഹകരണത്തോടെ നിശ്ചിത അവധിവെച്ചുള്ള കടമിടപാടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ വചനത്തില്‍ ഊന്നിപ്പറയുന്നു. പ്രധാനമായും ഇത്തരം ഇടപാടുകള്‍ക്ക് രേഖാമൂലമുള്ള തെളിവുണ്ടാകണമെന്നാണ്. രണ്ടാമത്തേത് പ്രസ്തുത ഇടപാടുകളില്‍ വല്ല ആശയക്കുഴപ്പം രൂപപ്പെടുന്ന പക്ഷം അതിനെ സ്ഥിരീകരിക്കാന്‍ സാക്ഷികളുണ്ടാവണമെന്നും. സാക്ഷ്യം ഫലവത്താകാന്‍ മറ്റെല്ലാ സാമ്പത്തിക കൊള്ളക്കൊടുക്കുകളിലും നാം സ്വീകരിക്കുന്ന പോലെ ചുരുങ്ങിയത് രണ്ട് പേര്‍ നിര്‍ബന്ധവുമാണ്. കാരണം ഒരാളാണെങ്കില്‍ വശീകരിക്കപ്പെടാന്‍ എളുപ്പമാണെന്നതോടൊപ്പം യോജിച്ചുകൊണ്ടുള്ള ചൂഷണത്തിനും സാധ്യതയേറെയാണ്. എന്നാല്‍ രണ്ട് നീതിമാന്‍മാരുടെ സാക്ഷ്യം അത്തരം സാധ്യത കുറക്കുന്നു. സ്ത്രീകളാണെങ്കിലും ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ട് അവര്‍ക്ക് കൂട്ടായി മറ്റൊരു സ്ത്രീ കൂടി വേണമെന്നും നിശ്ചയിച്ചു. അതാവട്ടെ പരസ്പരം ഓര്‍മ്മപ്പെടുത്താനാണെന്ന് വ്യക്തമായി ഖുര്‍ആന്‍ പറയുകയും ചെയ്യുന്നു.

ഇത്രയും കൃത്യമായി പഠിപ്പിക്കപ്പെട്ട സാമ്പത്തിക ഇടപെടുകളില്‍ എത്രപേര്‍ ഈ സൂഷ്മത പുലര്‍ത്തുന്നുണ്ട്. അതില്ലാത്തതിന്റെ പേരില്‍ എത്ര ബന്ധങ്ങള്‍ ഉലയുകലും പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അടിയന്തിരഘട്ടങ്ങളില്‍ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും അപേക്ഷ ആര്‍ക്കും തള്ളിക്കളയാനാവില്ല. സ്വഭാവികമായും കയ്യില്‍ കാശുണ്ടെങ്കില്‍ അത് നല്‍കി സഹായിക്കുകയും ചെയ്യും. പക്ഷെ വാങ്ങാനുള്ള ആവേശം പലപ്പോഴും തിരിച്ച്‌നല്‍കാന്‍ ഉണ്ടാവാറില്ല എന്നതത്രെ സത്യം. പലരും സ്വയം ഡയറിയില്‍ എഴുതിവെക്കുന്ന ശീലമുണ്ടെങ്കിലും തുല്യധാരണയോടെ അത് നിര്‍വ്വഹിക്കാറില്ല. രേഖാമൂലമാക്കുന്നത് പരസ്പരവിശ്വസമില്ലായ്മയുടെ പ്രശ്‌നമായി കാണുമോ എന്ന ആശങ്ക കൊണ്ട് അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്നു. ഇത്രയും സംഖ്യ കടമായി വാങ്ങുന്നയാള്‍ക്കില്ലാത്ത പ്രയാസം ഒരു കടലാസില്‍ ഒപ്പ് ഇടീക്കുമ്പോള്‍ നല്‍കുന്നയാള്‍ക്കുമുണ്ടാവേണ്ടതില്ല.

രേഖയുടെ അഭാവത്തില്‍ ബോധപൂര്‍വ്വമല്ലാത്ത വീഴ്ചകളും വന്നുപോവാന്‍ സാധ്യത ധാരാളമാണ്. ഒരാള്‍ കടം വാങ്ങി അത് സ്വയം മറന്നു പോവുന്നതോടെ നല്‍കിയയാള്‍ അത് നേരിട്ട് ചോദിക്കാനുള്ള പ്രയാസത്താല്‍ തെറ്റിദ്ധാരണ വെച്ച് കഴിഞ്ഞു കൂടുന്നു. ഇനി പറഞ്ഞാലും ചിലപ്പോള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ടാറുമുണ്ട്. മറ്റു ചിലപ്പോള്‍ നമ്മുടെ ധാരണയിലൊന്നുമില്ലെങ്കിലും കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ കൊടുത്തൊഴിവാക്കാറും സ്വാഭാവികം. ഫലത്തില്‍ വലിയൊരു ബാധ്യതയായി അത് അവശേഷിക്കുന്നു.

മയ്യിത്ത് നമസ്‌കാരത്തിന് മുമ്പായി പള്ളിയില്‍ വെച്ചുള്ള വിളംബരത്തില്‍ അവസാനിക്കുന്ന ഒന്നല്ല അത്. സാക്ഷിയോ രേഖയോ ഒന്നുമില്ലതെ ആരെങ്കിലും പരേതന്റെ ബന്ധുക്കളെ സമീപിക്കുമെന്നും തോന്നുന്നില്ല. ലഭിക്കാനുണ്ടെങ്കിലും അതില്‍ രേഖയോ സാക്ഷികളോ ഇല്ലാതിരിക്കുന്നതിന്റെ പ്രയാസം പരേതന്റെ ബന്ധുക്കളിലും സൃഷ്ടിക്കാറുണ്ട്. പലപ്പോഴും അതൊരു ചടങ്ങു വര്‍ത്തമാനമായി മാത്രം അവശേഷിക്കുന്നു. ഇവിടെയാണ് ഖുര്‍ആനിക നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നത്. ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന സാക്ഷികള്‍ ഉണ്ടാവുന്നത് എന്തു കൊണ്ടും നല്ലത് തന്നെ. വലിയ ഇടപാടുകള്‍ക്ക് നാമത് ബാധകമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ ദൈനംദിനമായി നടക്കുന്ന അനവധി കൊള്ളക്കൊടുക്കലുകള്‍ക്ക് പലപ്പോഴും പ്രായോഗിക വിഷമതകളും നേരിടുന്നതിനാല്‍ തന്നെ അത്തരമൊരു കാര്യം പാടെ ഒഴിവാക്കാറാണ് പതിവ്.

ചെറിയ ഇടപാടുകളില്‍ വലിയ റിസ്‌കൊന്നും ഇല്ലാതെ ചെയ്യാവുന്ന ലളിതമായ കാര്യമാണ് എസ്.എം.എസ്. എന്നാല്‍ നടത്തിയ ഇടപാടുകള്‍ നിഷേധിക്കപ്പെടാനും അവിശ്വസിക്കപ്പെടാനുമുള്ള സാധ്യത നിലനില്‍ക്കുന്നതു കൊണ്ടാണല്ലോ സാക്ഷികള്‍ ആവശ്യമാണെന്ന് പറഞ്ഞത്. നിലവിലെ ബാങ്കിങ് / നെറ്റ് ബാങ്കിങ് വഴിയോ മറ്റോ എത്ര രൂപ കൈമാറിയാലും നിഷേധിക്കാനാവാത്ത കൈമാറ്റ രേഖകള്‍ ലഭ്യമാണ്. എം. എസ്. എസിലും ഇമെയിലും ഈ രീതിയില്‍ പ്രൊവൈഡര്‍മാരില്‍ നിന്ന് ലഭ്യമാവുന്ന രേഖകള്‍ അനിഷേധ്യമാണ്.

കൂടുതല്‍ സങ്കീര്‍ണതകളിലേക്കൊന്നും നീങ്ങാതെ എപ്പോഴും നടത്താവുന്ന ഈ രീതി ഒന്നുമില്ലാതെ നടക്കുന്ന ഇടപാടുകളെക്കാള്‍ അവലംബ്യമാവുന്നതും അതുകൊണ്ട് തന്നെയാണ്. ചെയ്യേണ്ടത് ഇത്രമാത്രം, വാങ്ങിയ ആളോട് ഈ തുക സ്വീകരിച്ചു എന്ന് പറഞ്ഞൊരു എസ്.എം.എസ് അയക്കാന്‍ പറയുക. വാങ്ങിയതാണെങ്കില്‍ നമ്മളപ്രകാരം ചെയ്യുക. സ്വാഭാവികമായും ഈ രീതി അയാളും പിന്തുടരും.

സുഹൈറലി തിരുവിഴാംകുന്ന് 
http://www.islamonlive.com/story/2012-06-27/1392

ഇതുകൂടി ഒന്നു ഷെയർ ചെയ്തോട്ടെ...:(

അങ്ങനെ അവന്റെ പഴയകാലത്തെ ഫോട്ടോകളെല്ലാം സ്‌കാന്‍ ചെയ്ത് ഫേസ്ബുക്കിലെത്തിച്ചു..
സ്‌കൂളില്‍ പോയി...അതിന്റെ ഫോട്ടോ ഫേസ് ബുക്കിലിട്ടു...
കോളേജിലെത്തി അവിടെ കൂട്ടുകാരുമായി ജോളിയടിച്ചിരിക്കുന്നതും അതു വൈകാതെ മൊബൈലിലെത്തി...fbയിൽ...
പിന്നെയാണ് ടൂര്‍ പോയത്...
അതിലെ രസകരമായ എല്ലാ ദൃശ്യങ്ങളും ഫേസ് ബൂക്കിലേക്ക് ഷെയര്‍ ചെയ്തു...ഹാവൂ ആശ്വാസം
ഒറ്റ ദിവസത്തിനകം നൂറിലധികം ഷെയറും ലൈക്കും! ആനന്ദ ലബ്ദിക്ക് ഇനിയെന്ത് വേണം...
പിന്നെയായിരുന്നു കല്ല്യാണം. കല്യാണ ഫോട്ടോകളും ഫേസ് ബുക്കിലെത്തി...
അങ്ങിനെ കുഞ്ഞ് പിറന്നു വീണത് ഫേസ്ബുക്കിലേക്കാണോ എന്ന് പലരും കമന്റും ഇട്ടിരുന്നു...
അവളുടെ വളര്‍ച്ചയുടെ ഓരോ പടവുകളും ഫേസ്ബുക്കിലെത്തിച്ചു കൊണ്ടേയിരുന്നു...
വീടുവെച്ചു അത് മനോഹരമായി വാളിലെ മുഖ ചിത്രമാക്കി....
പുതിയ ജോലി സ്ഥലങ്ങള്‍, സഞ്ചരിച്ച സ്ഥലങ്ങള്‍, എടുത്ത ജോലികള്‍...അങ്ങിനെയങ്ങിനെ എല്ലാം ഫേസ്ബുക്കിലെത്തി...
പക്ഷെ വളരെ സുപ്രധാനമായ ഒരു രംഗം, കൂട്ടുകാരും ബന്ധുക്കളെല്ലാം വീട്ടിലെത്തിയ ആരംഗം മാത്രം കാമറയിലാക്കി ലോഗിന്‍ ചെയ്ത് സ്വന്തം വാളില്‍ കയറ്റാനായില്ല...അതിന് വന്ന ലൈക്കും ഷെയറും കാണാനായില്ല...
ഒരു പക്ഷെ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധം ഇതാവാം....



അല്ലേലും പവർക്കട്ടിനെന്താണിത്ര കുഴപ്പം ...



അങ്ങിനെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രതീക്ഷയുടെ മേല്‍ വസന്തത്തിന്റെ ഇടിമുഴക്കവുമായി വീണ്ടുമൊരു പവര്‍കട്ട് യുഗം….
ഗൃഹാതുരമുണര്‍ത്തുന്ന ആ പവര്‍കട്ട് കാലത്തെ ആര്‍ക്കാണ് മറക്കാനാവുക.
എല്ലാ ശനിയാഴ്ചയും പത്രം വരുമ്പോള്‍ നോക്കുക ഈ ആഴ്ച എപ്പോഴാണ് പവര്‍ക്കട്ട് എന്നായിരിക്കും. ചിലര്‍ അതെല്ലാം നേരത്തെ കണക്കു കൂട്ടി പറയും.
എന്നാലും ഞായറാഴ്ച കട്ടില്ലാത്തതു കാരണം ദുരദര്‍ശനിലെ നാല്മണി പടം മുടങ്ങാറില്ല. പക്ഷെ, ചിലപ്പോഴെങ്കിലും ഞായറാഴ്ചകളിലും പവര്‍ക്കട്ട് വരാറുണ്ട്.
മിക്കവാറും അതിനിടക്ക് ആകെ ക്കൂടി പ്രതീക്ഷിച്ച ഇടി കഴിഞ്ഞിട്ടുണ്ടെങ്കില്‍ സങ്കടമാണ്. അങ്ങിനെയായിരിക്കും ഒരാഴ്ച വാര്‍ത്തയുടെ സമയത്ത് ലോഡ്‌ഷെഡിങ് വരുന്നത്...ഹാവൂ..ആശ്വാസം.
അല്ലെങ്കിലും വാര്‍ത്ത തുടങ്ങിയാല്‍ സിനിമക്കുള്ള ഇന്റര്‍വെല്ലാണ്.
പിന്നെ വെള്ളിയാഴ്ചയിലെ ചിത്രഗീതവും ബുധനാഴ്ചത്തെ തിരനോട്ടവും പല പവര്‍ക്കട്ടുകളും അപഹരിച്ചു കളഞ്ഞിട്ടുണ്ട്. ഇതെല്ലാം പ്രകാശമ്മാഷുടെയും റുക്യത്താത്തയുടെയും വീട്ടിലെ കാര്യം.
വീട്ടിലെത്തിയാല്‍ ലോഡ്‌ഷെഡിങിന്റെ അരമണിക്കൂറിലേക്ക് വീട്ടുകാർ പണിയെല്ലാം സെറ്റ് ചെയ്തു വെക്കും. എട്ട് മണിക്കാണ് കട്ടെങ്കിലും അതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് ചോറു കൊടുത്തിരിക്കും. മിക്കവാറും കരണ്ടു വന്നിട്ട് കഴിക്കാം എന്നായിരിക്കും വലിയവരുടെ തീരുമാനം. പിന്നെ അരമണിക്കൂര്‍ പഠിക്കണ്ടല്ലോ എന്നതാണ് മറ്റൊരാശ്വാസം. എന്നാലും പുതിയ വല്ല കഥ പുസ്തകവും കിട്ടിയിട്ടുണ്ടെങ്കില്‍ ആസമയത്ത് മണ്ണെണ്ണ വിളക്കിനടുത്ത് നിന്ന് തന്നെ അതിലെ ഡിങ്കനും മായാവിയും പൂച്ചപ്പോലീസുമെല്ലാം വായിച്ചു തീര്‍ത്തിരിക്കും.
പിന്നെ വല്ല വികൃതിയും ഒപ്പിക്കാനാകെ കിട്ടുന്ന സമയവും അതാണ്. അങ്ങനെ വിളക്കത്തിരുന്ന് കയ്യില്‍ കിട്ടിയത് വല്ലതും കത്തിച്ച് സമയം കഴിക്കും. ചിലപ്പോഴാവട്ടെ വിരുന്നുകാരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ഓറഞ്ച് കൊണ്ട് വന്നിട്ടുണ്ടാവും. അതിന്റെ തൊലിയെടുത്ത് കണ്ണില്‍ പീച്ചുന്നത് പോലെ വിളക്കത്ത് പീച്ചിയാലും നല്ല രസമായിരിക്കും. ചിലപ്പോഴെങ്കിലും വല്ല പ്ലാസ്റ്റിക്കും ഉരുക്കുന്നതിനിടക്ക് കയ്യല്‍പ്പം പൊള്ളിയാലും ആരോടും പറായാതിരിക്കും.
അങ്ങനെ അരമണിക്കൂര്‍ കഴിഞ്ഞാല്‍ പെട്ടെന്ന് നൂറ്റിപ്പത്തിന്റെ ബള്‍ബങ്ങ് തെളിയുമ്പോ കണ്ണൊരു പുളിപ്പാണ്. പക്ഷെ മറ്റു ബള്‍ബുകള്‍ കത്തിക്കൊണ്ടിരിക്കുന്നുണ്ടോ എന്നറിയാല്‍ ഫിലമെന്റിലേക്ക് ടോര്‍ച്ചടിച്ച് നോക്കണം. അന്നാവട്ടെ 14 ജില്ലകളെ കൂടാതെ വോള്‍ട്ടേജില്ല എന്നൊരു ജില്ല കൂടിയുണ്ടെന്നറിഞ്ഞത് ഒരു മിമിക്‌സ് പരേഡിന്റെ കാസറ്റ് കേട്ടപ്പോഴാണ്. പലപ്പോഴും അിറയാതെ പകല്‍ സമയത്ത് നൂറ്റിപത്തിന്റെ ബള്‍ബിട്ട് അടിച്ച് പോയ അനുഭവങ്ങളും ധാരാളം.

ഇതെല്ലാം ഞങ്ങളുടെ ലോകം. ഇനി ഒന്നാലോചിച്ചു നോക്കൂ.. വീട്ടിലെ മുതിര്‍ന്നവരെല്ലാം ഒന്നശ്വാസത്തോടെ കൂട്ടം കൂടിയിരിക്കുന്നത് മറ്റെപ്പോഴാണ്. പുള്ളത്തിണ്ടുമ്മേ ആ ഇളം കാറ്റും കൊണ്ടിരിക്കാന്‍ പവർകട്ടല്ലാതെ പിന്നെ മറ്റെവിയെടാ സമയമുള്ളത്. അങ്ങനെ ദിവസവും ഒരു കുടുംബയോഗം തന്നെയായിരിക്കും അത്. അതിലാവട്ടെ പലരസങ്ങളും പറഞ്ഞ് കുട്ടികളുടെ കളികളുമെല്ലാമായി ആസമയമങ്ങനെ കഴിയും. ഇന്നാര്‍ക്കാണ് അര മണിക്കൂറൊന്ന് ഒഴിഞ്ഞിരിക്കാന്‍ സമയമുള്ളത്. പഠിപ്പു മുറിയിലെ കുട്ടികളെയും അടുക്കളയിലെ സ്ത്രീകളെയും ടി.വികണ്ടിരിക്കുന്ന ആണുങ്ങളെയും ബാക്കിയുള്ളവരെയും ഒരുമിച്ചരുത്താന്‍ കട്ട് സമയം ധാരാളം. പിന്നെ അര മണിക്കൂര്‍ കട്ടായാല്‍ ആകെക്കൂടെ അരമണിക്കൂര്‍ ടി.വി പരിപാടി പോകും എന്നതില്‍ കവിഞ്ഞ് ഒരു വീട്ടിലെന്താ കുഴപ്പം.

രാത്രിയെ രാത്രിയായി നിര്‍ത്തിയ ആ നാളുകളെ പൂര്‍ണ്ണമായി തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിലില്ലേലും അര മണിക്കൂറായെങ്കിലും മടക്കിത്തരാന്‍ നമ്മുടെ സര്‍ക്കാറിനെ കൊണ്ട് സാധിച്ചതില്‍ സരക്കാറിന് നന്ദി പറയണം.ഏതായാലും സര്‍ക്കാരിന്റെ പവര്‍ക്കട്ട് തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ട്……



പത്രങ്ങള്‍ കേരളത്തെ ഗുജറാത്താക്കിയേനേ


യാസീന്‍ അശ്റഫ്

ഒടുവില്‍ മലയാള മനോരമയും ആ പ്രേതബാധ ഒഴിപ്പിച്ചു.
2011 ജനുവരി മൂന്നിലെ പത്രത്തിന്‍െറ പിന്‍പുറത്തുവന്ന വാര്‍ത്ത ഒന്നരവര്‍ഷം മുമ്പത്തെ അതിന്‍െറ ഒരു പരമ്പര സൃഷ്ടിച്ച വിഷമിറക്കാന്‍ ഉപകരിച്ചെങ്കില്‍ നന്ന്.
‘‘ലൗ ജിഹാദ് എന്ന പേരില്‍ കേരളത്തിലുണ്ടായ വിവാദത്തിനും പ്രചാരണത്തിനും പിന്നില്‍ ഒരു മതസംഘടനയുടെ വെബ്സൈറ്റാണെന്നു പൊലീസ് കണ്ടെത്തി...നടത്തിപ്പുകാര്‍ക്കെതിരെ സംസ്ഥാന സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു’’ എന്നാണ് ജി. വിനോദിന്‍െറ തിരുവനന്തപുരം റിപ്പോര്‍ട്ട്. ‘‘കേരളത്തില്‍ ലൗ ജിഹാദ് ഇല്ളെന്ന് ഒരു വര്‍ഷം മുന്‍പു കണ്ടെത്തിയ പൊലീസ്, തുടരന്വേഷണത്തിലാണ് ഇപ്പോള്‍ വ്യാജ പ്രചാരകരെയും കുടുക്കിയത്.’’
ആരാണീ വ്യാജ പ്രചാരകരായ മതസംഘടന? ഹിന്ദുജാഗൃതി ഡോട്ട് ഓര്‍ഗ് ആണ് വെബ്സൈറ്റ്. മുസ്ലിം സംഘടനയുടെ പേരില്‍ വ്യാജപോസ്റ്ററും ചേര്‍ത്തായിരുന്നു പ്രചാരണം. ഉത്തരേന്ത്യക്കാരനായ മാര്‍ഗിര്‍ഷ് കൃഷ്ണയാണ് സൈറ്റ് രജിസ്റ്റര്‍ ചെയ്തത്.
ലൗ ജിഹാദിന്‍െറ പേരില്‍ ‘‘ഒരു പ്രത്യേക മതവിഭാഗത്തെ ചിലര്‍ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു’’ എന്ന് മനോരമ. ശരിയാണ്. അങ്ങനെ ശ്രമിച്ചവരില്‍ മനോരമ കൂടി ഉള്‍പ്പെട്ടു എന്നതും ശരിയാണ്. ‘‘ലൗ ബോംബ്’’ എന്നായിരുന്നു പ്രയോഗമെങ്കിലും ഉന്നം ‘‘പ്രത്യേക മതവിഭാഗം’’ തന്നെ.
2009 ആഗസ്റ്റില്‍ മനോരമ ജയന്‍ മേനോന്‍, കെ. രേഖ, എസ്.വി. രാജേഷ്, ബിജീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ തയാറാക്കിയ ഒരു പരമ്പര പ്രസിദ്ധപ്പെടുത്തി-‘‘ഇരയാണ് അവള്‍, എവിടെയും’’. ആഗസ്റ്റ് 31ലെ ഭാഗത്തിന് സ്തോഭജനകമായ തലക്കെട്ടായിരുന്നു: ‘‘പൊട്ടിക്കാന്‍ ലൗ ബോംബ്.’’
‘‘പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്കു നയിക്കുന്ന സംഘം രാജ്യത്തു സജീവം. പ്രണയം, വിവാഹം, പിന്നെ തീവ്രവാദം-ഇതു പ്രവര്‍ത്തന രീതി. ഇന്ത്യയില്‍ ഇതുവരെ 4000 പെണ്‍കുട്ടികളെ അവര്‍ വശീകരിച്ചു. കേരളത്തില്‍ 500ല്‍പരം പെണ്‍കുട്ടികള്‍ വലയില്‍. പ്രണയപ്പോരാളികള്‍ക്കായി തിരുവനന്തപുരത്തുമാത്രം ഒരു സ്കോര്‍പിയോ കാറും എട്ടു ബൈക്കുകളും.’’ ഇത്തരം വിവരങ്ങള്‍ ‘‘ഹൈക്കോടതിയുടെ മുന്‍പാകെ ഒരു പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍’’ ആണത്രെ. ഏത് പൊലീസ് റിപ്പോര്‍ട്ട്? അത് പറയുന്നില്ല.
ഹൈകോടതി പിന്നീട് ചോദിച്ചപ്പോള്‍ ഇങ്ങനെയൊന്നും ഇല്ല എന്ന് ഡി.ജി.പി റിപ്പോര്‍ട്ട് കൊടുത്ത വിവരവും അല്‍പം കഴിഞ്ഞ് മനോരമക്ക് കൊടുക്കേണ്ടിവന്നു (2009 ഒക്ടോബര്‍ 23, നവംബര്‍ 12). അപ്പോള്‍ ആ ‘‘കണ്ടെത്തലുകള്‍’’ ആരുടേതായിരുന്നു?
അതിന്‍െറ ഉത്തരമാണ് ഇപ്പോള്‍ വന്ന വാര്‍ത്തയിലുള്ളത്.
വാസ്തവത്തില്‍, വാര്‍ത്ത വസ്തുനിഷ്ഠമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ അന്നേ ഇക്കാര്യം കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നു.
അജ്മീര്‍, മാലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ഇപ്പോള്‍ കണ്ടെത്തിയ സനാതന്‍ സന്‍സ്ഥയുടെ മുഖപത്രമായ സനാതന്‍ പ്രഭാതില്‍ വന്നതായിരുന്നു ‘‘ലൗ  ജിഹാദ് എന്ന സംഘടന’’യെക്കുറിച്ച വാര്‍ത്ത. പ്രേമംനടിച്ച് പെണ്‍കുട്ടികളെ മതം മാറ്റുന്നവരാണത്രെ ഇവര്‍. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയും ശ്രീരാംസേനയും ദുര്‍ഗാവാഹിനിയും 2009 തുടക്കത്തില്‍ ‘‘ ലൗ ജിഹാദ്’’ എന്ന കെട്ടുകഥ പ്രചരിപ്പിച്ചു. സംഘ്പരിവാര്‍ ബന്ധമുള്ള ‘ഹൈന്ദവ കേരളം’, ‘ഹിന്ദു ജാഗ്രതി’ വെബ്സൈറ്റുകള്‍ ‘‘ലൗ ജിഹാദി’’ന്‍െറ കണക്കുകള്‍ അടക്കം കഥകള്‍ ചേര്‍ത്തു.
കേരള കൗമുദിയുടെ സായാഹ്നപത്രമായ ഫ്ളാഷ് ഇത് ഏറ്റുപിടിച്ച് ഫീച്ചര്‍ പ്രസിദ്ധപ്പെടുത്തി. കലാകൗമുദി മുഴുനീള കവര്‍സ്റ്റോറി ചെയ്തു. മൊത്തം 82 പേജില്‍ 30ഉം ലൗ ജിഹാദ് കഥതന്നെ. ഐ.ബിയെ ഉദ്ധരിച്ചാണ് കൗമുദി വിവരങ്ങള്‍ നല്‍കിയത്. ഏത് ഐ.ബി? ആവോ! സംസ്ഥാനത്തെ 14 ജില്ലകളിലും ലൗ ജിഹാദ് എന്ന റോമിയോ ജിഹാദിന് സോണല്‍ ഓഫിസുണ്ടെന്നും മലപ്പുറത്ത് 20ഓളം അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പൊലീസ് കണ്ടെത്തിയെന്നും കൗമുദി അറിയിച്ചു. ജന്മഭൂമി സ്വാഭാവികമായും വാചാലമായി. കേരളശബ്ദം നുണ ബോംബ് കണ്ടെത്തുന്നതില്‍ ഇവരുമായി മത്സരത്തിനെത്തി. മംഗളവും മാതൃഭൂമിയും ആവുന്ന പിന്തുണ നല്‍കി. ചില ചാനലുകളും മോശമാക്കിയില്ല.
വാര്‍ത്തകളുടെയും ഫീച്ചറുകളുടെയും അടിത്തറ ദുര്‍ബലമാണെങ്കിലും മാധ്യമങ്ങള്‍ ആ വഴിക്കുതന്നെ മുന്നോട്ടുപോയി-വര്‍ഗീയ മനസ്സുകളുടെ ഉദാരമായ പിന്‍ബലത്തോടെ. മനോരമ മുഖപ്രസംഗമെഴുതി: ‘‘മുന്‍പു ക്യാംപസിന്‍െറ മതില്‍ക്കെട്ടുകള്‍ പെണ്‍കുട്ടികള്‍ക്കു സുരക്ഷയുടെ കരിങ്കല്‍ക്കെട്ടായിരുന്നു. പ്രണയ ഏജന്‍റുമാരുടെ വരവോടെ ഉറപ്പിന്‍െറ കല്ലുകള്‍ ഓരോന്നായി നിലംപൊത്തി...’’ (2009 സെപ്റ്റംബര്‍ 7). ദീപികയിലെ കൊച്ചിവാര്‍ത്ത (‘‘പ്രണയിച്ച് മതംമാറ്റല്‍ കലാലയങ്ങളില്‍ പെരുകുന്നു’’). മറ്റൊരു സാമ്പിളാണ്. ‘‘പ്രണയമതതീവ്രവാദം എന്നു വിശേഷിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു വര്‍ഷമായി സജീവമാണെന്നു റിപ്പോര്‍ട്ടുണ്ട്.’’ (2009 ഒക്ടോബര്‍ 5)-ആരുടെ, ഏത് റിപ്പോര്‍ട്ട്? തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയും (2009 നവംബര്‍) ‘‘വലവിരിച്ച് ലൗ ജിഹാദികള്‍’’ എന്ന തലക്കെട്ടില്‍ ഒന്നാംപേജ് റിപ്പോര്‍ട്ടും ‘‘ഉണര്‍ന്നിരിക്കുക, ലൗ ജിഹാദികള്‍ ഇവിടെയുണ്ട്’’ എന്ന് മുഖപ്രസംഗവും കൊടുത്തു. ചില വായനക്കാരുടെ പ്രകോപനപരമായ എഴുത്തുകളും പ്രാധാന്യപൂര്‍വം ചേര്‍ത്തു.
മാതൃഭൂമിയുടെകൂടി കോളമിസ്റ്റായ ബി.ജെ.പിയിലെ ബല്‍ബീര്‍ പുന്‍ജ് മനോരമ ഫീച്ചര്‍ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ (2009 സെപ്റ്റംബര്‍ 4) വര്‍ഗീയ ലേഖനമെഴുതി. നോക്കുക-സംഘ് പ്രചാരണം ആധാരമാക്കി മനോരമ ഫീച്ചര്‍ ചെയ്യുന്നു; മനോരമയെ ചൂണ്ടി സംഘ് നേതാവ് പ്രചാരണത്തിന് സ്ഥിരീകരണം നല്‍കുന്നു. ഐ.ബിയെ ഉദ്ധരിച്ചാണ് കൗമുദിയും മറ്റും ലൗ ജിഹാദി കണക്ക് പറഞ്ഞതെങ്കില്‍ പുന്‍ജ് അത് തല തിരിച്ചിടുന്നു: ‘‘4000 ഇന്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് തട്ടിക്കൊണ്ടുപോകാനും പരിശീലിപ്പിക്കാനും പാക് ജിഹാദികള്‍ക്ക് കഴിഞ്ഞെങ്കില്‍ നമ്മുടെ ഇന്‍റലിജന്‍സിന്‍െറ കഴിവുകേടെന്നേ പറയേണ്ടൂ.’’
മാധ്യമങ്ങളുടെ ഈ കുപ്രചാരണങ്ങള്‍ അപകടകരമായ നിലയിലെത്തി. സമുദായങ്ങള്‍ തമ്മില്‍ അവിശ്വാസം വളര്‍ന്നു. കോടതിപോലും പ്രചാരണത്താല്‍ സ്വാധീനിക്കപ്പെട്ടു. കേരളത്തിന്‍െറ മനസ്സ് വിഷലിപ്തമായി.
‘‘ലൗ ജിഹാദി’’ന് തെളിവില്ളെന്ന് പൊലീസ് പറഞ്ഞത് വേണ്ടത്ര അന്വേഷിക്കാതെയാണെന്ന് എന്‍.എസ്.എസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ലൗ ജിഹാദ് തടയാന്‍ നിയമം നിര്‍മിക്കണമെന്ന് രാജ്യസഭയില്‍ ബല്‍ബീര്‍ പുന്‍ജ്. ഇതിന് അദ്ദേഹം ആധാരമാക്കിയത് കേരള ഹൈകോടതിയില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍െറ അന്വേഷണോത്തരവ്. അതിന് ആധാരമായത് പത്രങ്ങള്‍ നടത്തിയ പ്രചാരണം. വര്‍ഗീയ വെബ്സൈറ്റുകളും പത്രങ്ങളും സൃഷ്ടിച്ച ‘‘ലൗ ജിഹാദ്’’ എന്ന പദം കോടതിയും ഉപയോഗിച്ചതോടെ അതിന് കൂടുതല്‍ സ്വീകാര്യതയായി. ജിഹാദികളെ സൂക്ഷിക്കാന്‍ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) ക്രിസ്ത്യാനികളെ ഉപദേശിച്ചു. ഈഴവ സമുദായത്തിനും ഭീഷണിയുണ്ടെന്നും ജിഹാദിനെ നേരിടുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ക്രിസ്ത്യന്‍ പള്ളികളില്‍ ബോധവത്കരണ ശ്രമവുമായി സഭകള്‍ ഇറങ്ങി. മതപരിവര്‍ത്തനത്തിലൂടെ ലോകത്ത് മുസ്ലിം ഭൂരിപക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം, പ്രണയം നടിച്ച് വശത്താക്കി ‘‘വിവാഹം കഴിഞ്ഞാല്‍ പര്‍ദക്കുള്ളിലാക്കും, നരകജീവിതത്തിലേക്ക് തള്ളും’’ എന്നെല്ലാം കെ.സി.ബി.സി ലഘുലേഖയില്‍ മുന്നറിയിപ്പ് നല്‍കി. യോഗക്ഷേമസഭയും ലൗ ജിഹാദിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ബി.ജെ.പി, ഹിന്ദു ഐക്യവേദി, വി. എച്ച്.പി എന്നിവ രംഗത്തിറങ്ങിയെന്ന് പറയേണ്ടതില്ല. മുസ്ലിം ഡോക്ടര്‍മാരെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ‘‘ക്ളിനിക്കല്‍ ജിഹാദ്’’ എന്ന പുതിയ കെട്ടുകഥയുമിറങ്ങി.
മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ സമൂഹ മനസ്സ് രൂപപ്പെട്ടു. ബംഗളൂരുവിലും മറ്റും അവര്‍ക്ക് താമസസ്ഥലം കിട്ടാതായി. ഒരു എന്‍ജിനീയറെ യു.എസ് കമ്പനി പിരിച്ചുവിട്ടു. പലേടത്തും യുവാക്കള്‍ക്ക് ജോലി നിഷേധിക്കപ്പെട്ടു. മാനസിക പീഡനം വ്യാപകമായി. മുസ്ലിംകളില്‍ ഭീതി പടര്‍ന്നു.
ലൗ ജിഹാദിന് തെളിവില്ളെന്ന് ഖണ്ഡിതമായി പറഞ്ഞ കേരള പൊലീസും നടപടികള്‍ അവസാനിപ്പിച്ച ഹൈകോടതിയും (ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍) പക്വതയുള്ള മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങളുമാണ് അപകടകരമായ ഈ പോക്കിന് തടയിട്ടത്. ഇല്ലായിരുന്നെങ്കില്‍?
കേരളത്തില്‍നിന്ന് ഗുജറാത്തിലേക്ക് ഏറെ ദൂരമില്ളെന്ന് തോന്നിച്ച നാളുകളായിരുന്നു അവ. ഗുജറാത്തില്‍ മുസ്ലിം വിരുദ്ധ മനസ്സ് രൂപപ്പെടുത്തിയ ശേഷമാണ് കലാപങ്ങളുണ്ടായത്. അത് രൂപപ്പെടുത്തിയത് സന്ദേശ്, ഗുജറാത്ത് സമാചാര്‍ തുടങ്ങിയ പത്രങ്ങളായിരുന്നു. കലാപത്തില്‍ അവ എണ്ണയൊഴിച്ചുകൊണ്ടുമിരുന്നു. പിന്നീട് പ്രസ് കൗണ്‍സില്‍ ഈ പത്രങ്ങളെ ശാസിച്ചെങ്കിലും നടക്കേണ്ടത് നടന്നുകഴിഞ്ഞിരുന്നു.
ശാസന വരുമെന്നുവെച്ച് ആരും സൂക്ഷ്മത പാലിക്കില്ല എന്നുതന്നെയാണല്ളോ ‘‘ലൗ ജിഹാദ്’’ പ്രചാരണം കാണിക്കുന്നത്. ഇത്ര അപകടകരമായ രീതിയില്‍ വിഷം പരത്തിയ പത്രങ്ങളില്‍ മനോരമയൊഴിച്ചുള്ളവയൊന്നും പുതിയ വാര്‍ത്ത ചേര്‍ത്തുകണ്ടില്ലതാനും.
‘‘ലൗ ജിഹാദ്’’ ഇല്ളെങ്കിലെന്ത്? ഒരു സമൂഹം മുഴുവന്‍ അരക്ഷിതാവസ്ഥയിലായാലെന്ത്? കേരളമനസ്സ് വര്‍ഗീയമായാലെന്ത്? സര്‍ക്കുലേഷന്‍െറ പെരുക്കം, ഹരം കൊള്ളിക്കുന്ന വായന -ഇത്രയുമായാല്‍ മതിയല്ളോ.

നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ ഭാവിയുടെ ശത്രുക്കളല്ല



-ടി. ആരിഫലി
(23.12.11 ന് കോഴിക്കോട് മസ്ജിദു ലുഅ്ലുഇൽ നടത്തിയ ഖുതുബ കേട്ടപ്പോൾ മൊബൈലിൽ റിക്കോർഡ് ചെയ്യാൻ തോന്നി. പിന്നെ ഇങ്ങിനെ ഇവിടെ ഇടാനും..)
നാം സമൂഹത്തില്‍ പല പദവികളും അലങ്കരിച്ചു കൊണ്ടിരിക്കുന്നവരാണ്. കുടുംബത്തില്‍ തന്നെ ഓരോരുത്തര്‍ക്കുമുണ്ട് വ്യത്യസ്ഥ പദവികൾ.. ഒരു സ്ത്രീയാണെങ്കില്‍ ഒരു മകളോ സഹോദരിയോ ഭാര്യയോ ഉമ്മയോ മരുമകളോ ആയിരക്കും. സമൂഹത്തിലിറങ്ങിയാലും ഡോക്ടറോ എഞ്ചിനിയറോ അധ്യാപികയോ ഭരണാധികാരിയോ എല്ലാമായിരിക്കും. ഇപ്രകാരം വ്യത്യസ്ഥമായ മേഖലകളില്‍ വിവിധങ്ങളായ പദവികള്‍ അലങ്കരിക്കുന്നവരായിരിക്കും സ്ത്രീകളും പുരുഷന്മാരും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ വഹിച്ചു കൊണ്ടിരിക്കുന്ന പദവികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മഹത്വമേറിയതുമായ പദവി മാതാവ് എന്നതാണ്. അതിനേക്കാള്‍ മഹത്വമേറിയ ഒരു ഒരു പദവി ഈ ലോകത്ത് സ്ത്രീക്ക് ലഭിക്കാനില്ല. മറ്റെല്ലാ സ്ഥാനങ്ങളും മാതാവ് എന്ന സ്ഥാനത്തേക്കാള്‍ താഴെയാണ്.
 ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അയാള്‍ക്കും വ്യത്യസ്ഥങ്ങളായ പദവികളുണ്ടാവാം. സ്വന്തം കുടുംബത്തിലോ സമൂഹത്തിലോ ഭരണത്തിലോ എല്ലാം. പക്ഷെ ആ ഭരിച്ചു കൊണ്ടിരിക്കുന്ന പദവികളിലെല്ലാം മെച്ചപ്പെട്ടതും പ്രധാനപ്പെട്ടതുമായ പദവി പിതാവാണെങ്കില്‍ ഒരു പിതാവാണ് എന്നത് തന്നെയാണ്. മാതാവാവുക, പിതാവുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് നിര്‍വഹിക്കുവാനുള്ള പ്രധാന പദവി. ഈ ലോകത്ത് നാം പലതും വികാസിപ്പിച്ചെടുക്കുന്നുണ്ട്. ലേഖനം, പുസ്തകം, കവിത, ചിത്രരചന, സിനിമ, മറ്റു നിര്‍മ്മാണങ്ങള്‍ തുടങ്ങി ഒരാള്‍ തന്റെ ജീവിതകാലത്ത് എന്തെല്ലാം ഉണ്ടാക്കിയെടുക്കുന്നുവോ അതിനേക്കാളെല്ലാം പ്രധാനം താന്‍ ഉല്‍പാദിപ്പിച്ച സന്താനങ്ങളാണ്.

പുരുഷനെ സംബന്ധിച്ചിടത്തോളവും സ്ത്രീയെ സംബന്ധിച്ചിടത്തോവും അത്്് പ്രധാനമാണ്. താന്‍ ഉണ്ടാക്കിയെടുക്കുന്ന വ്യാപാര ശൃഘലകളിലോ വ്യവസായ സ്ഥാപനങ്ങളിലോ ഫ്്ളാറ്റുകളിലോ താന്‍ രചിച്ചെടുക്കുന്ന ചിത്രങ്ങളിലോ ലേഖനങ്ങളിലോ പുസ്തകങ്ങളിലോ സിനിമകളിലോ ഒന്നിലും തന്നെ തന്റെ ശരീരത്തിന്റെ അംശം കൈമാറ്റം ചെയ്യുന്നില്ല. തന്റെ സന്താനത്തിലേക്ക് മാത്രമാണ് തന്റെ ശരീരത്തിന്റെ അത് കൈമാറ്റം ചെയ്യുന്നത്. എന്നില്‍ നിന്നാണ് ആ ബീജം സ്രവിച്ചിട്ടുള്ളത്. എന്റെ ശരീരത്തിന്റെ ആകത്തുകയാണ് ആ ബീജം. എനിക്ക് ശാരീരികവും മാനസികവും ബുദ്ധിപരവും സ്വഭാവപരവുമായ എന്തൊക്കെ സവിശേഷതകളുണ്ടോ അതെല്ലാം ഉള്‍ക്കൊള്ളുന്ന എന്റെ ഒരു ഭാഗത്തെയാണ് എന്റെ ബീജം നല്‍കുക വഴി എന്റെ സന്താനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. എന്റെ ഇണയും അണ്ഡവും കൂടിച്ചേര്‍ന്നാണ് ആ കുഞ്ഞുണ്ടായിട്ടുള്ളത്. ആ അണ്ഡത്തിലൂടെ മാതാവിന്റെ ശരീരത്തിലെ ഒരംശം, മാതാവിന്റെ സകലമാന സവിശേഷതയുടെയും ഒരാകത്തുകയാണ് ആ ജീനിന്റെ കൈമാറ്റത്തിലൂടെ സംഭിവിക്കുന്നത്. തന്റെ അംശം കൈമാറ്റം ചെയ്യപ്പെട്ട യാതൊരു ഉല്‍പ്പന്നവും വേറെയില്ല. നാം നിര്‍മ്മിക്കുന്ന മറ്റു സാധനങ്ങളെല്ലാം നമ്മുടെ പ്രൌഡിയുടെയും യുക്തിയുടെയും ബുദ്ധിയുടെയും ഭാവനയുടെയും സര്‍ഗബോധത്തിന്റെയും കലാ വാസനയുടെയും ഉല്‍പന്നമായേക്കാം. പക്ഷെ അവയെല്ലാം നിദര്‍ശനങ്ങളാണ് അല്ലാതെ അംശമല്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതു കൊണ്ട് മറ്റു പ്രതിഭാസങ്ങളേക്കാള്‍ ഏറ്റവും മഹത്തരമായിട്ടുള്ളത് നമ്മുടെ സന്താനങ്ങള്‍ തന്നെയാണ്. അതിനാല്‍ നാം നിര്‍വ്വഹിക്കുന്ന ഒരായിരം ജോലികളും ഉത്തരവാദിത്വങ്ങളേക്കാളുമെല്ലാം പ്രധാനമാണ് സ്വന്തം ചോരയില്‍ ജനിച്ചിട്ടുള്ള നമ്മുടെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം.

കുഞ്ഞുങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം ശല്യങ്ങളല്ല. അവര്‍ ഭാവിയുടെ ശത്രുക്കളെന്ന് നമ്മെ ആരോ പറ്റിച്ചു കളഞ്ഞിട്ടുണ്ട്. അങ്ങനെ മനുഷ്യരെയാകെ പറഞ്ഞ് പറ്റിക്കാന്‍ വേണ്ടി ലോകത്ത് ഒരു ഹിമാലയം വങ്കത്തം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതാണ് മാല്‍ത്തുസിയന്‍ തിയറി. മാല്‍ത്തൂസിയന്‍ വങ്കത്തം എന്ന് മാത്രമേ അതിനെ വിശേഷിപ്പിക്കാനാവൂ. വളര്‍ന്ന് വരുന്ന തലമുറ നമ്മുടെ രാജ്യത്തെയും ലോകത്തെയും തിന്നു മുടിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട പണ്ടാരങ്ങളല്ല. ഭാവിയുടെ തലമുറ നമ്മുടെ രാജ്യത്തെയും ലോകത്തെയും നിയന്ത്രിക്കാനും പടുത്തുയര്‍ത്തുവാനും കഴിവുള്ള മാനവ വിഭവശേഷിയാണ്. വളരെ വലിയ ഒരു യാഥാര്‍ഥ്യത്തെ മറച്ചു കളയുക മാത്രമാണ് മേല്‍ തിയറിയിലൂടെ ചെയ്തിട്ടുള്ളത്.

കുഞ്ഞുങ്ങളെ കുറിച്ച് ഖുര്‍ആന്‍ പല പരാമര്‍ശങ്ങളും നടത്തിയിട്ടുണ്ട്. നാം ധരിച്ചു വച്ചിരിക്കുന്നത് പോലെ സമ്പത്തും സമ്പത്തിനാല്‍ ഉണ്ടാക്കിയെടുക്കുന്നതും  മാത്രമല്ല ജീവിതത്തിന്റെ അലങ്കാരം. മറിച്ച് സന്താനങ്ങള്‍ കൂടിയാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. നമ്മുടെ വീട്ടില്‍ കളിച്ചു ചിരിച്ചു വളര്‍ന്നു വരുന്ന മക്കള്‍. തമാശ പറഞ്ഞും ചിലപ്പോഴൊക്കെ അടിപിടി കൂടിയും നമ്മില്‍ കൌതുകമുണര്‍ത്തിക്കൊണ്ട് വളര്‍ന്ന് വരുന്ന നമ്മുടെ മക്കള്‍ ഐഹിക ജീവിതത്തിന്റെ സൌന്ദര്യമാണ് ഖുര്‍ആനിക വിക്ഷണം. ഒരിക്കലും അവര്‍ അനാവശ്യമായ ഭാരമല്ല.
സമ്പത്തു കൊണ്ടു സന്താനങ്ങളെ കൊണ്ടും നാം നിങ്ങളെ അഭിവൃദ്ധിപ്പെടുത്തിയിരിക്കുന്നുവെന്നും വികസനം സാദ്ധ്യമാക്കിയിരിക്കുന്നുവെന്നുമുള്ള വിശാലമായ ആശയമാണ് വ അംദദ്നാകും എന്ന വാക്യത്തിലൂടെ ഖുര്‍ആന്‍ പകര്‍ന്നു തരുന്നത്. വികസനത്തിന്റെ ശത്രുക്കളല്ല, മറിച്ച് വികസനത്തിന്റെ ഉപകരണങ്ങളും പ്രേരകങ്ങളും മാധ്യമങ്ങളുമാണ് സന്താനങ്ങള്‍ എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ മാനവ സമൂഹത്തെ പഠിപ്പിക്കുന്നു.

സന്താനങ്ങളെ സംബന്ധിച്ച് ഖുര്‍റത്ത് ഐന്‍ എന്നാണ് ഖുര്‍ആനിന്റെ വിശേഷണം. കണ്‍കുളിര്‍മ്മയും നയനാനന്ദവും നിര്‍വൃതിയും ആസ്വാദനവും അനുഭൂതിയുമാണ് സന്താനങ്ങള്‍.

നിങ്ങളാലോചിച്ചു നോക്കൂ..കുഞ്ഞുങ്ങളോടുള്ള നമ്മുടെ സമീപനം എന്തായിക്കഴിഞ്ഞിരിക്കുന്നു?
മുന്ന് വയസ്സായ ഒരു കുട്ടിയേയുമായി മാതാപിതാക്കള്‍ ഒരു മനശ്ശാസ്ത്രജ്ഞനെ കാണാനായി വരുന്നു. എന്റെ കുട്ടി ഒരു കാര്യവും സംസാരിക്കുന്നില്ല. ഒരു കാര്യത്തിലും ഒരു താല്‍പര്യവുമെടുക്കുന്നില്ല. എല്ലാറ്റിനോടും പുറന്തിരിഞ്ഞ് മാത്രം നില്‍ക്കുന്നു. ഞങ്ങളോട് ക്രിയാത്മകമായി ഈ കുട്ടി പ്രതികരിക്കുന്നില്ല. കുട്ടിയെ വിശദാമായി പരിശോദിച്ചതിന് ശേഷം ആ യുവദമ്പതികളെ വിളിച്ച് പറഞ്ഞു. നിങ്ങള്‍ മൂന്ന് വര്‍ഷവും പത്ത് മാസവും മുമ്പ് എന്റെ അടുത്ത് വരണമായിരുന്നു. പ്രസ്തുത സമയത്ത് നിങ്ങളില്‍ സംഭവിച്ചിട്ടുള്ള ഒരു തകരാറിന്റെ ലക്ഷണം ഈ കുട്ടിയില്‍ കാണാന്‍ കഴിയുന്നുണ്ട്. അന്ന് നിങ്ങള്‍ വന്നിരുന്നുവെങ്കില്‍ ഈ കുട്ടിയുടെ അവസ്ഥ ഇതാകുമായിരുന്നില്ല. മാതാപിതാക്കള്‍ക്ക് കാര്യം മനസ്സിലായില്ല. അവര്‍ ഡോക്ടറോട് പലതും ചോദിച്ചു കൊണ്ടിരുന്നു. കാര്യം മനസ്സിലാക്കാന്‍ വേണ്ടി ഈ മനശ്ശാസ്ത്രജ്ഞന്‍ ഒരു സര്‍വ്വേ അനുഭവം ഈ ദമ്പതികള്‍പ്പ് പറഞ്ഞു കൊടുത്തു. 159 ദമ്പതിമാരുടെ മക്കളിലാണ് ആ പഠനം നടത്തിയത്. മാതാപിതാക്കളുടെ, വിശിഷ്യാ അമ്മമാരുടെ  മനോഭാവം വെച്ച് അവരെ നാലായി തിരിച്ചു.

ഒരു തരം മാതാക്കള്‍ അവര്‍ ഗര്‍ഭിണിയായി എന്ന വസ്തുതയെ ആഹ്ളാദഭരിതമായി സ്വീകരിച്ചവരാണ്. അത് മനസ്സിലാക്കിയ ആദ്യ നിമിഷം തന്നെ ഓഫീസിലുള്ള ഭര്‍ത്താവിനോട് ആ സന്തോഷം പങ്ക് വെക്കുകയാണ്. ഭര്‍ത്താവും ആ സന്തോഷത്തെ ഏറ്റെടുത്ത് വീട്ടില്‍ നേരത്തെ എത്തി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നു. വയറില്‍ കൈ വെച്ച് ആ ചലനം അനുഭവിപ്പിക്കുന്നു. അങ്ങനെ ആ ആഹ്ളാദത്തിന്‍രെ അലയൊലികള്‍ കുടുംബാന്തരീക്ഷത്തില്‍ പരക്കുകയാണ്.  ഇതായിരുത്തു ഒന്നാമത്തെ വിഭാഗം.
രണ്ടാമത്തെ മാതാപിതാക്കള്‍ ഒരു തരത്തിലുള്ള ആശയക്കുഴപ്പത്തിലായിരുന്നു. ചിലപ്പോള്‍ തോന്നും സന്തോഷം. ഞാനൊരു സ്ത്രീയെന്നും അയാളൊരു പുരുഷനെന്നും തെളിയിക്കപ്പെട്ടല്ലോ. എന്നാല്‍ അതേ അവസരത്തില്‍ തന്നെ ആശങ്ക. ഡിഗ്രീ സെക്കന്റ് ഇയറല്ലേ ആയിട്ടുള്ളൂ. എങ്ങനെ ഡിഗ്രി പൂര്‍ത്തീകരിക്കാന്‍ കഴിയും . ഒരു മാസമല്ലേ കല്ല്യാണം കഴിഞ്ഞ് ആയിട്ടുള്ളൂ. സുഹൃത്തുക്കളും കൂട്ടുകാരികളെന്ത് പറയും? കല്ല്യാണം കഴിഞ്ഞ് ഒരു മാസമായി എന്ന് പറഞ്ഞിട്ടെന്താ ഫലം. ഇതുവരെ ഹണിമൂണിനായി ഒരു യാത്രയും പീക്നിക്കും നടത്തിയിട്ടില്ല. ഇപ്പോള്‍ വലിഞ്ഞു കേറി വന്നിരിക്കുന്നു എന്ന മനോഭാവത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ പെരുമാറും.ഇതാണ് രണ്ടാമത്തെ മാതാക്കളുടെ രീതി.

മൂന്നാമത്തെ മാതാക്കള്‍ ഗര്‍ഭസ്ഥശിശുവിനോട് ഒരു തണുപ്പന്‍ പ്രതികരണമായിരിക്കും. ആ വരട്ടെ..കാണട്ടെ...ആകാം എന്നിങ്ങനെ.

നാലാമത്തെ വിഭാഗം തീര്‍ത്തും ഇതിനെ നിരാകരിക്കുവാന്‍ ശ്ര്മിക്കുന്നവരായിരുന്നു. എന്നാല്‍ അതിനുള്ള മാര്‍ഗ്ഗം അവലംഭിക്കാന്‍ സാധിച്ചതുമില്ല. കുട്ടി എങ്ങിനെയോ ജനിച്ചു പോയി. ഗര്‍ഭിണിയായതും അതിന്റെ പ്രയാസാവസ്ഥയും കുട്ടി ജനിച്ചതും കുട്ടിയെ നോക്കാനുള്ള ഭാരവുമെല്ലാം കൂടി ആലോചിച്ച് കുട്ടി എന്ന അസ്ഥിത്വത്തോട് തന്നെ നിഷേധാത്മക സമീപനം.

ഈ മാതാപിതാക്കളെ എങ്ങിനെയാണോ തരം തിരിച്ചിട്ടുള്ളത് ഏതാണ്ട് അതു പോലെതന്നെ മക്കളെയും തരം തിരിക്കാനായി. ആദ്യത്തെ വിഭാഗത്തില്‍ പെട്ട മക്കള്‍ക്ക് ജീവിതത്തോട് വല്ലാത്ത ആര്‍ത്തിയായിരുന്നു. എല്ലാത്തിനോടും അവര്‍ക്ക് പോസിറ്റീവായ സമീപനമായിരുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവരുടെ മക്കള്‍ക്ക് ഒരുതരത്തിലുള്ള ആശങ്കയും സംശയവും നീങ്ങുമായിരുന്നില്ല. മൂന്നാമത്തെ വിഭാഗത്തില്‍ പെട്ട് സന്താനങ്ങള്‍ക്കള്‍ക്ക് എല്ലാത്തിനോടും ഒരു തണുപ്പന്‍ പ്രതികരണമായിരുന്നു. നാലാമത്തെ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കാവട്ടെ എല്ലാത്തിനോടും ഒരു നിഷേധാത്മക സമീപനമായിരുന്നു ഉണ്ടായിരുന്നത്.
ഇനി യുവാക്കളയായ മാതാപിതാക്കളും ദമ്പതിമാരും ഒന്ന് ആലോചിച്ചു നോക്കുക. ഗര്‍ഭസ്ഥ ശിശുവിനോടുള്ള നമ്മുടെ സമീപനമെന്താണ്? ഒരു കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കില്‍ അതിന് രണ്ടോ മൂന്നോ വയസ്സായി വരുമ്പോള്‍ ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞിനോടുള്ള നമ്മുടെ സമീപനമെന്താണ്? .രണ്ട് കുഞ്ഞുങ്ങളുണ്ടെങ്കില്‍ മൂന്നാമത്തെ കുഞ്ഞിനോടുള്ള നമ്മുടെ സമീപനമെന്താണ്? വളരെ മൌലികമായി, നമ്മുടെ കുട്ടികളുടെ ഭാവി ആലോചിച്ച് നമ്മുടെ ഈ ലോകത്തെയും പരലോകത്തെയും ഭാവി ആലോചിച്ച് മാറ്റം വരുത്തണം. ഇപ്പോഴൊരു മനാഭാവമുണ്ട്. ആദ്യത്തേത് ഒരു പെണ്‍കുട്ടിയാവുക. രണ്ടാമത്തേത് ഒരു ആണ്‍കുട്ടിയാവുക. ഇത് രണ്ടും ആയിക്കഴിഞ്ഞാല്‍ വളരെ സന്തോഷം. സപപ്രവര്‍ത്തരെല്ലാം അവരുടെ ഭാഗ്യത്തെ പ്രശംസിക്കും. ഇനി നിര്‍ത്തമാല്ലോ എന്ന കാര്യവും കൂടെ സൂചിപ്പിച്ചെന്നു വരും. രണ്ട് പെണ്‍കുട്ടിയുണ്ടായാല്‍ മൂന്നാമതൊരാണ്‍കുട്ടിയുണ്ടാവാനാഗ്രിഹിക്കുന്നു. അതേ അവസരത്തില്‍ രണ്ട് ആണ്‍ കുട്ടിയാണ് ജനിച്ചതെങ്കില്‍ മൂന്നാമതൊരു പെണ്‍കുട്ടിയെ ആഗ്രഹിക്കുന്നില്ല. ഇതാണ് നമ്മുടെ സമൂഹത്തിലെ ഒരു പൊതുവികാരം.

വീട്ടിലൊരു പെണ്‍കുട്ടിയുണ്ടായാല്‍ ആനന്ദമല്ലേ. അവളുടെ പാട്ടും നൃത്തവും ചാടിക്കളിയും സ്നേഹവും വിനയവും എന്ത് സന്തോഷമാണ്. എന്നിട്ട് ഈ സന്തോഷത്തെയാണ് നാം തള്ളിക്കളയാന്‍ പലപ്പോഴും ആഗ്രഹിക്കാറുള്ളത്.

മക്കളെ കാണുന്നതും നോക്കുന്നതും സാമ്പത്തികമായ കാഴ്ചപ്പാടോടു കൂടിയായിരിക്കണമെന്നും തന്റെ ഭാവിയുടെ ശത്രുവോ മിത്രമോ എന്ന് പരിഗണിച്ചു കൊണ്ടാണ് സന്താനങ്ങളുണ്ടാവേണ്ടതെന്നുമുള്ള തെറ്റായ ഒരു ചിന്താഗതിയാണ് ഈ മനോഭാവം വളര്‍ന്നു വരുന്നതിനുള്ള കാരണം. പക്ഷെ അല്ലാഹു പറയുന്ന കാര്യം ശ്രദ്ധിക്കുക.

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനുള്ളതാണ്. അവനുദ്ദ്യേശിക്കുന്നത് അവന്‍ പടക്കുന്നു. അവനുദ്ദ്യേശിക്കുന്ന ദാനമായി പെണ്‍കുട്ടികളെ നല്‍കുന്നു. അവനുദ്ദ്യേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെ ദാനമായി നല്‍കുന്നു. ചിലയാളുകള്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി നല്‍കുന്നു. എന്നാല്‍ വേറെ ചിലയാളുകളെ വന്ധ്യയാക്കുന്നു.  അല്ലാഹു സൂക്ഷിപ്പു വസ്തു എന്ന നിലക്ക് നിങ്ങളെ ഏല്‍പ്പിക്കുന്നതാണ്. ആ കുഞ്ഞുങ്ങളെ നിങ്ങളെങ്ങിനെ കാണുന്നു?.ഭാവിയുടെയും വികസനത്തിന്റെ ശത്രുവായി കാണുന്നുവോ അതോ കണ്ണിന് കുളിര്‍മ്മയെന്നോണം കാണുന്നുവോ എന്നതാണ് പരിശോധിക്കപ്പെടുന്നത്. ഇത് മനസ്സിലാക്കാനാണ് ഇപ്രകാരം അല്ലാഹു ചെയ്യുന്നത്. സ്ത്രീകളെ മാത്രം നല്‍കുന്നതും അല്ലാഹുവാണ്. സ്ത്രീകളെ മാത്രമാവുമ്പോള്‍ വളര്‍ത്തിയെടുക്കാനും അല്‍പം പ്രയാസമുണ്ട്. സാമ്പത്തികമായ ബാധ്യതയോര്‍ത്ത് ദു:ഖിക്കുന്ന പുരുഷന്‍ മാത്രമല്ല ഇന്നത്തെ സാഹചര്യത്തില്‍ അസ്വസ്ഥരാകുന്നത്, മാതാവ് കൂടിയാണ്. വിവാഹപ്രായമെത്തി ഒരു പുരുഷന്റെ കയ്യിലേല്‍പ്പിക്കുന്നത് വരെ ഒരു മാതാവിനുണ്ടാകുന്ന പ്രയാസം , ആകാംക്ഷ, ഭയം, ശ്രദ്ധ, പരിശീലനം, ജാഗ്രത എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ ആ പ്രയാസം നാം മനസ്സിലാക്കുന്നു. പക്ഷെ ഈ പിതാവിനും മാതാവിനും അല്ലാഹു സമ്മാനം നല്‍കുന്നുണ്ട്. വളരെ വലിയ സമ്മാനം.

ആര്‍ക്കെങ്കിലും മൂന്ന് പെണ്‍കുട്ടികണ്ടാവുകയും ആ പെണ്‍കുട്ടികളുടെ കാര്യത്തില്‍ എല്ലാം ക്ഷമാ പൂര്‍വ്വം കൈകാര്യ ചെയ്യുകയും അയാളുടെ ധനത്തില്‍ നിന്ന് അവരെ കുടിപ്പിക്കുകയും ഉടുപ്പിക്കുകയും ചെയ്തു. ആ പെണ്‍കുട്ടികള്‍ നാളെ പരലോകത്തെ ഇവരെ നരകത്തില്‍ നിന്നും തടയുന്ന മറയായിരിക്കും എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ഇത് പ്രവാചകന്‍ പറയുമ്പോള്‍ സദസ്സ വികാരാധീതമായി. പക്ഷെ ചില ആളുകള്‍ക്ക് മൂന്ന് പെണ്‍കുട്ടികളില്ലായിരുന്നു. രണ്ട് പെണ്‍കുട്ടികളുള്ള ഒരാള്‍ എഴുന്നേറ്റ് നിന്ന് പ്രവാചകനോട് ചോദിച്ചു. റസൂലേ ഈ മറയാവുക എന്ന അവസ്ഥ രണ്ട് പെണ്‍കുട്ടികള്‍ ബാധകമാണോ?റസൂല്‍ പറഞ്ഞു. രണ്ടായാലും മതി. ആ സമയത്തി വിറയാര്‍ന്ന മനസ്സുമായി ഒരു പെണ്‍കുട്ടിമാത്രമുള്ള ഒരാള്‍ ചോദിച്ചു. റസൂലേ ഒരു പെണ്‍കുട്ടി മാത്രമാണെങ്കിലോ എന്ന്. റസൂല്‍ പറഞ്ഞു.ഒന്നാണെങ്കിലും. അവരുടെ കണ്ണിലേക്ക് നോക്കിയപ്പോള്‍ പ്രവാചകന്‍ അവരുടെ മക്കളോടുള്ള കാരുണ്യവും സ്നേഹവും അത്രക്കും ശക്തിമാണെന്ന് മനസ്സിലാക്കിയാണ് ആ മറുപടി നല്‍കിയത്.

അതു കൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങളോടുള്ള മനോഭാവം മാറണം. കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കുക. വിവിധ സ്വഭാവങ്ങളിലുള്ള രുചിയുള്ള ഭക്ഷണം അവര്‍ക്ക് നല്‍കുക. അവര്‍ അതിനായി പുറത്ത് പോവാന്‍ ഇടവരരുത്. നിങ്ങള്‍ കുട്ടികള്‍ക്ക് വീടുകളില്‍ നല്ല വിനോദങ്ങള്‍ നല്‍കുക. വിനോദത്തിനായി അവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരരുത്. നിങ്ങള്‍ നിങ്ങളുടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ സ്നേഹം നിറച്ചു നല്‍കുക. നിങ്ങളുടെ ഹൃദയം തുറന്ന് അവരുടെ ഹൃദയങ്ങളിലേക്ക സ്നേഹം പ്രവഹിപ്പിക്കുക. സ്നേപത്തിന്റെ തിരി അന്വേഷിച്ച് അവരുടെ അവരുടെ ശരീരവും ജീവിതവും മറ്റുവര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുന്നവരുടെ എണ്ണം കൂടികൂടി വരുന്നുണ്ടെങ്കില്‍ അതിന് സ്വന്തം വീടുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്നേഹം നിറച്ചു നല്‍കാന്‍ നിങ്ങള്‍ക്കാവേണ്ടതുണ്ട്. സ്നേഹവും കാരുണ്യവും വിനോദവും ഭക്ഷണവും നല്‍ക്കുന്നിടങ്ങളില്‍ നിങ്ങളില്‍ നിന്ന് സംഭവിക്കുന്ന കുറവുകള്‍ പുറമേനിന്ന് അവര്‍ നികത്താന്‍ ശ്രമിക്കും. അതാവട്ടെ അവരുടെ ഭാവിയെയും ശരീരത്തിനെയും മനസ്സിനേയും ബുദ്ധിയെയും അത് ബാധിക്കും. സര്‍വ്വോപരി നിങ്ങളുടെ കുടുംബാന്തരീക്ഷത്തെയും   വല്ലാത്ത അപകടത്തിലേക്കത് നയിക്കും. അതുകൊണ്ട് നിങ്ങളുടെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരിഗണനയുടെയും ചിറകുകള്‍ നിങ്ങളുടെ മക്കളിലേക്ക് വിരിയിച്ചു കൊടുക്കുക.

(കോഴിക്കോട് മസ്ജിദു ലുഅ്ലുഇല്‍ 23.12.2011 നി നടത്തിയ ഖുതുബ)