പത്രങ്ങള്‍ കേരളത്തെ ഗുജറാത്താക്കിയേനേ


യാസീന്‍ അശ്റഫ്

ഒടുവില്‍ മലയാള മനോരമയും ആ പ്രേതബാധ ഒഴിപ്പിച്ചു.
2011 ജനുവരി മൂന്നിലെ പത്രത്തിന്‍െറ പിന്‍പുറത്തുവന്ന വാര്‍ത്ത ഒന്നരവര്‍ഷം മുമ്പത്തെ അതിന്‍െറ ഒരു പരമ്പര സൃഷ്ടിച്ച വിഷമിറക്കാന്‍ ഉപകരിച്ചെങ്കില്‍ നന്ന്.
‘‘ലൗ ജിഹാദ് എന്ന പേരില്‍ കേരളത്തിലുണ്ടായ വിവാദത്തിനും പ്രചാരണത്തിനും പിന്നില്‍ ഒരു മതസംഘടനയുടെ വെബ്സൈറ്റാണെന്നു പൊലീസ് കണ്ടെത്തി...നടത്തിപ്പുകാര്‍ക്കെതിരെ സംസ്ഥാന സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു’’ എന്നാണ് ജി. വിനോദിന്‍െറ തിരുവനന്തപുരം റിപ്പോര്‍ട്ട്. ‘‘കേരളത്തില്‍ ലൗ ജിഹാദ് ഇല്ളെന്ന് ഒരു വര്‍ഷം മുന്‍പു കണ്ടെത്തിയ പൊലീസ്, തുടരന്വേഷണത്തിലാണ് ഇപ്പോള്‍ വ്യാജ പ്രചാരകരെയും കുടുക്കിയത്.’’
ആരാണീ വ്യാജ പ്രചാരകരായ മതസംഘടന? ഹിന്ദുജാഗൃതി ഡോട്ട് ഓര്‍ഗ് ആണ് വെബ്സൈറ്റ്. മുസ്ലിം സംഘടനയുടെ പേരില്‍ വ്യാജപോസ്റ്ററും ചേര്‍ത്തായിരുന്നു പ്രചാരണം. ഉത്തരേന്ത്യക്കാരനായ മാര്‍ഗിര്‍ഷ് കൃഷ്ണയാണ് സൈറ്റ് രജിസ്റ്റര്‍ ചെയ്തത്.
ലൗ ജിഹാദിന്‍െറ പേരില്‍ ‘‘ഒരു പ്രത്യേക മതവിഭാഗത്തെ ചിലര്‍ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു’’ എന്ന് മനോരമ. ശരിയാണ്. അങ്ങനെ ശ്രമിച്ചവരില്‍ മനോരമ കൂടി ഉള്‍പ്പെട്ടു എന്നതും ശരിയാണ്. ‘‘ലൗ ബോംബ്’’ എന്നായിരുന്നു പ്രയോഗമെങ്കിലും ഉന്നം ‘‘പ്രത്യേക മതവിഭാഗം’’ തന്നെ.
2009 ആഗസ്റ്റില്‍ മനോരമ ജയന്‍ മേനോന്‍, കെ. രേഖ, എസ്.വി. രാജേഷ്, ബിജീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ തയാറാക്കിയ ഒരു പരമ്പര പ്രസിദ്ധപ്പെടുത്തി-‘‘ഇരയാണ് അവള്‍, എവിടെയും’’. ആഗസ്റ്റ് 31ലെ ഭാഗത്തിന് സ്തോഭജനകമായ തലക്കെട്ടായിരുന്നു: ‘‘പൊട്ടിക്കാന്‍ ലൗ ബോംബ്.’’
‘‘പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്കു നയിക്കുന്ന സംഘം രാജ്യത്തു സജീവം. പ്രണയം, വിവാഹം, പിന്നെ തീവ്രവാദം-ഇതു പ്രവര്‍ത്തന രീതി. ഇന്ത്യയില്‍ ഇതുവരെ 4000 പെണ്‍കുട്ടികളെ അവര്‍ വശീകരിച്ചു. കേരളത്തില്‍ 500ല്‍പരം പെണ്‍കുട്ടികള്‍ വലയില്‍. പ്രണയപ്പോരാളികള്‍ക്കായി തിരുവനന്തപുരത്തുമാത്രം ഒരു സ്കോര്‍പിയോ കാറും എട്ടു ബൈക്കുകളും.’’ ഇത്തരം വിവരങ്ങള്‍ ‘‘ഹൈക്കോടതിയുടെ മുന്‍പാകെ ഒരു പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍’’ ആണത്രെ. ഏത് പൊലീസ് റിപ്പോര്‍ട്ട്? അത് പറയുന്നില്ല.
ഹൈകോടതി പിന്നീട് ചോദിച്ചപ്പോള്‍ ഇങ്ങനെയൊന്നും ഇല്ല എന്ന് ഡി.ജി.പി റിപ്പോര്‍ട്ട് കൊടുത്ത വിവരവും അല്‍പം കഴിഞ്ഞ് മനോരമക്ക് കൊടുക്കേണ്ടിവന്നു (2009 ഒക്ടോബര്‍ 23, നവംബര്‍ 12). അപ്പോള്‍ ആ ‘‘കണ്ടെത്തലുകള്‍’’ ആരുടേതായിരുന്നു?
അതിന്‍െറ ഉത്തരമാണ് ഇപ്പോള്‍ വന്ന വാര്‍ത്തയിലുള്ളത്.
വാസ്തവത്തില്‍, വാര്‍ത്ത വസ്തുനിഷ്ഠമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ അന്നേ ഇക്കാര്യം കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നു.
അജ്മീര്‍, മാലേഗാവ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ഇപ്പോള്‍ കണ്ടെത്തിയ സനാതന്‍ സന്‍സ്ഥയുടെ മുഖപത്രമായ സനാതന്‍ പ്രഭാതില്‍ വന്നതായിരുന്നു ‘‘ലൗ  ജിഹാദ് എന്ന സംഘടന’’യെക്കുറിച്ച വാര്‍ത്ത. പ്രേമംനടിച്ച് പെണ്‍കുട്ടികളെ മതം മാറ്റുന്നവരാണത്രെ ഇവര്‍. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയും ശ്രീരാംസേനയും ദുര്‍ഗാവാഹിനിയും 2009 തുടക്കത്തില്‍ ‘‘ ലൗ ജിഹാദ്’’ എന്ന കെട്ടുകഥ പ്രചരിപ്പിച്ചു. സംഘ്പരിവാര്‍ ബന്ധമുള്ള ‘ഹൈന്ദവ കേരളം’, ‘ഹിന്ദു ജാഗ്രതി’ വെബ്സൈറ്റുകള്‍ ‘‘ലൗ ജിഹാദി’’ന്‍െറ കണക്കുകള്‍ അടക്കം കഥകള്‍ ചേര്‍ത്തു.
കേരള കൗമുദിയുടെ സായാഹ്നപത്രമായ ഫ്ളാഷ് ഇത് ഏറ്റുപിടിച്ച് ഫീച്ചര്‍ പ്രസിദ്ധപ്പെടുത്തി. കലാകൗമുദി മുഴുനീള കവര്‍സ്റ്റോറി ചെയ്തു. മൊത്തം 82 പേജില്‍ 30ഉം ലൗ ജിഹാദ് കഥതന്നെ. ഐ.ബിയെ ഉദ്ധരിച്ചാണ് കൗമുദി വിവരങ്ങള്‍ നല്‍കിയത്. ഏത് ഐ.ബി? ആവോ! സംസ്ഥാനത്തെ 14 ജില്ലകളിലും ലൗ ജിഹാദ് എന്ന റോമിയോ ജിഹാദിന് സോണല്‍ ഓഫിസുണ്ടെന്നും മലപ്പുറത്ത് 20ഓളം അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പൊലീസ് കണ്ടെത്തിയെന്നും കൗമുദി അറിയിച്ചു. ജന്മഭൂമി സ്വാഭാവികമായും വാചാലമായി. കേരളശബ്ദം നുണ ബോംബ് കണ്ടെത്തുന്നതില്‍ ഇവരുമായി മത്സരത്തിനെത്തി. മംഗളവും മാതൃഭൂമിയും ആവുന്ന പിന്തുണ നല്‍കി. ചില ചാനലുകളും മോശമാക്കിയില്ല.
വാര്‍ത്തകളുടെയും ഫീച്ചറുകളുടെയും അടിത്തറ ദുര്‍ബലമാണെങ്കിലും മാധ്യമങ്ങള്‍ ആ വഴിക്കുതന്നെ മുന്നോട്ടുപോയി-വര്‍ഗീയ മനസ്സുകളുടെ ഉദാരമായ പിന്‍ബലത്തോടെ. മനോരമ മുഖപ്രസംഗമെഴുതി: ‘‘മുന്‍പു ക്യാംപസിന്‍െറ മതില്‍ക്കെട്ടുകള്‍ പെണ്‍കുട്ടികള്‍ക്കു സുരക്ഷയുടെ കരിങ്കല്‍ക്കെട്ടായിരുന്നു. പ്രണയ ഏജന്‍റുമാരുടെ വരവോടെ ഉറപ്പിന്‍െറ കല്ലുകള്‍ ഓരോന്നായി നിലംപൊത്തി...’’ (2009 സെപ്റ്റംബര്‍ 7). ദീപികയിലെ കൊച്ചിവാര്‍ത്ത (‘‘പ്രണയിച്ച് മതംമാറ്റല്‍ കലാലയങ്ങളില്‍ പെരുകുന്നു’’). മറ്റൊരു സാമ്പിളാണ്. ‘‘പ്രണയമതതീവ്രവാദം എന്നു വിശേഷിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു വര്‍ഷമായി സജീവമാണെന്നു റിപ്പോര്‍ട്ടുണ്ട്.’’ (2009 ഒക്ടോബര്‍ 5)-ആരുടെ, ഏത് റിപ്പോര്‍ട്ട്? തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയും (2009 നവംബര്‍) ‘‘വലവിരിച്ച് ലൗ ജിഹാദികള്‍’’ എന്ന തലക്കെട്ടില്‍ ഒന്നാംപേജ് റിപ്പോര്‍ട്ടും ‘‘ഉണര്‍ന്നിരിക്കുക, ലൗ ജിഹാദികള്‍ ഇവിടെയുണ്ട്’’ എന്ന് മുഖപ്രസംഗവും കൊടുത്തു. ചില വായനക്കാരുടെ പ്രകോപനപരമായ എഴുത്തുകളും പ്രാധാന്യപൂര്‍വം ചേര്‍ത്തു.
മാതൃഭൂമിയുടെകൂടി കോളമിസ്റ്റായ ബി.ജെ.പിയിലെ ബല്‍ബീര്‍ പുന്‍ജ് മനോരമ ഫീച്ചര്‍ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ (2009 സെപ്റ്റംബര്‍ 4) വര്‍ഗീയ ലേഖനമെഴുതി. നോക്കുക-സംഘ് പ്രചാരണം ആധാരമാക്കി മനോരമ ഫീച്ചര്‍ ചെയ്യുന്നു; മനോരമയെ ചൂണ്ടി സംഘ് നേതാവ് പ്രചാരണത്തിന് സ്ഥിരീകരണം നല്‍കുന്നു. ഐ.ബിയെ ഉദ്ധരിച്ചാണ് കൗമുദിയും മറ്റും ലൗ ജിഹാദി കണക്ക് പറഞ്ഞതെങ്കില്‍ പുന്‍ജ് അത് തല തിരിച്ചിടുന്നു: ‘‘4000 ഇന്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് തട്ടിക്കൊണ്ടുപോകാനും പരിശീലിപ്പിക്കാനും പാക് ജിഹാദികള്‍ക്ക് കഴിഞ്ഞെങ്കില്‍ നമ്മുടെ ഇന്‍റലിജന്‍സിന്‍െറ കഴിവുകേടെന്നേ പറയേണ്ടൂ.’’
മാധ്യമങ്ങളുടെ ഈ കുപ്രചാരണങ്ങള്‍ അപകടകരമായ നിലയിലെത്തി. സമുദായങ്ങള്‍ തമ്മില്‍ അവിശ്വാസം വളര്‍ന്നു. കോടതിപോലും പ്രചാരണത്താല്‍ സ്വാധീനിക്കപ്പെട്ടു. കേരളത്തിന്‍െറ മനസ്സ് വിഷലിപ്തമായി.
‘‘ലൗ ജിഹാദി’’ന് തെളിവില്ളെന്ന് പൊലീസ് പറഞ്ഞത് വേണ്ടത്ര അന്വേഷിക്കാതെയാണെന്ന് എന്‍.എസ്.എസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ലൗ ജിഹാദ് തടയാന്‍ നിയമം നിര്‍മിക്കണമെന്ന് രാജ്യസഭയില്‍ ബല്‍ബീര്‍ പുന്‍ജ്. ഇതിന് അദ്ദേഹം ആധാരമാക്കിയത് കേരള ഹൈകോടതിയില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍െറ അന്വേഷണോത്തരവ്. അതിന് ആധാരമായത് പത്രങ്ങള്‍ നടത്തിയ പ്രചാരണം. വര്‍ഗീയ വെബ്സൈറ്റുകളും പത്രങ്ങളും സൃഷ്ടിച്ച ‘‘ലൗ ജിഹാദ്’’ എന്ന പദം കോടതിയും ഉപയോഗിച്ചതോടെ അതിന് കൂടുതല്‍ സ്വീകാര്യതയായി. ജിഹാദികളെ സൂക്ഷിക്കാന്‍ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) ക്രിസ്ത്യാനികളെ ഉപദേശിച്ചു. ഈഴവ സമുദായത്തിനും ഭീഷണിയുണ്ടെന്നും ജിഹാദിനെ നേരിടുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ക്രിസ്ത്യന്‍ പള്ളികളില്‍ ബോധവത്കരണ ശ്രമവുമായി സഭകള്‍ ഇറങ്ങി. മതപരിവര്‍ത്തനത്തിലൂടെ ലോകത്ത് മുസ്ലിം ഭൂരിപക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം, പ്രണയം നടിച്ച് വശത്താക്കി ‘‘വിവാഹം കഴിഞ്ഞാല്‍ പര്‍ദക്കുള്ളിലാക്കും, നരകജീവിതത്തിലേക്ക് തള്ളും’’ എന്നെല്ലാം കെ.സി.ബി.സി ലഘുലേഖയില്‍ മുന്നറിയിപ്പ് നല്‍കി. യോഗക്ഷേമസഭയും ലൗ ജിഹാദിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ബി.ജെ.പി, ഹിന്ദു ഐക്യവേദി, വി. എച്ച്.പി എന്നിവ രംഗത്തിറങ്ങിയെന്ന് പറയേണ്ടതില്ല. മുസ്ലിം ഡോക്ടര്‍മാരെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ‘‘ക്ളിനിക്കല്‍ ജിഹാദ്’’ എന്ന പുതിയ കെട്ടുകഥയുമിറങ്ങി.
മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ സമൂഹ മനസ്സ് രൂപപ്പെട്ടു. ബംഗളൂരുവിലും മറ്റും അവര്‍ക്ക് താമസസ്ഥലം കിട്ടാതായി. ഒരു എന്‍ജിനീയറെ യു.എസ് കമ്പനി പിരിച്ചുവിട്ടു. പലേടത്തും യുവാക്കള്‍ക്ക് ജോലി നിഷേധിക്കപ്പെട്ടു. മാനസിക പീഡനം വ്യാപകമായി. മുസ്ലിംകളില്‍ ഭീതി പടര്‍ന്നു.
ലൗ ജിഹാദിന് തെളിവില്ളെന്ന് ഖണ്ഡിതമായി പറഞ്ഞ കേരള പൊലീസും നടപടികള്‍ അവസാനിപ്പിച്ച ഹൈകോടതിയും (ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍) പക്വതയുള്ള മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങളുമാണ് അപകടകരമായ ഈ പോക്കിന് തടയിട്ടത്. ഇല്ലായിരുന്നെങ്കില്‍?
കേരളത്തില്‍നിന്ന് ഗുജറാത്തിലേക്ക് ഏറെ ദൂരമില്ളെന്ന് തോന്നിച്ച നാളുകളായിരുന്നു അവ. ഗുജറാത്തില്‍ മുസ്ലിം വിരുദ്ധ മനസ്സ് രൂപപ്പെടുത്തിയ ശേഷമാണ് കലാപങ്ങളുണ്ടായത്. അത് രൂപപ്പെടുത്തിയത് സന്ദേശ്, ഗുജറാത്ത് സമാചാര്‍ തുടങ്ങിയ പത്രങ്ങളായിരുന്നു. കലാപത്തില്‍ അവ എണ്ണയൊഴിച്ചുകൊണ്ടുമിരുന്നു. പിന്നീട് പ്രസ് കൗണ്‍സില്‍ ഈ പത്രങ്ങളെ ശാസിച്ചെങ്കിലും നടക്കേണ്ടത് നടന്നുകഴിഞ്ഞിരുന്നു.
ശാസന വരുമെന്നുവെച്ച് ആരും സൂക്ഷ്മത പാലിക്കില്ല എന്നുതന്നെയാണല്ളോ ‘‘ലൗ ജിഹാദ്’’ പ്രചാരണം കാണിക്കുന്നത്. ഇത്ര അപകടകരമായ രീതിയില്‍ വിഷം പരത്തിയ പത്രങ്ങളില്‍ മനോരമയൊഴിച്ചുള്ളവയൊന്നും പുതിയ വാര്‍ത്ത ചേര്‍ത്തുകണ്ടില്ലതാനും.
‘‘ലൗ ജിഹാദ്’’ ഇല്ളെങ്കിലെന്ത്? ഒരു സമൂഹം മുഴുവന്‍ അരക്ഷിതാവസ്ഥയിലായാലെന്ത്? കേരളമനസ്സ് വര്‍ഗീയമായാലെന്ത്? സര്‍ക്കുലേഷന്‍െറ പെരുക്കം, ഹരം കൊള്ളിക്കുന്ന വായന -ഇത്രയുമായാല്‍ മതിയല്ളോ.