ഖുര്‍ആന്‍-ശാസ്ത്രം പുതിയ വായനകള്‍

ചെറുകായയുടെ തോടിനുള്ളില്‍ നാമെല്ലാം ഒതുക്കപ്പെട്ടിരിക്കുകയാണെങ്കിലും അനന്തമായ ഈ പ്രപഞ്ചത്തിന്റെ രാജാക്കന്മാരായി നാം ഭാവിക്കുന്നു.' ഷേക്‌സ്പിയറിന്റെ ഹാംലെറ്റിലെ ഈ സംഭാഷണത്തില്‍ നിന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ് യൂനിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍ എന്ന പുസ്തകത്തിന്റെ പേര് കടമെടുത്തത്. മനുഷ്യന്റെ അറിവ് ഇത്രയൊക്കെ പരിമിതമായിട്ടും അവന്റെ അഹങ്കാരത്തിന് യാതൊരു പരിധിയും ഇല്ല!! 
ശാസ്ത്ര ജേണലുകളിലും സൈറ്റുകളിലും കാണുന്ന വാര്‍ത്തകളും വിവരണങ്ങളും അപ്പടി വിഴുങ്ങണമെന്നതാണ് പുരോഗമനവാദത്തിന്റെ ലക്ഷണം. ശാസ്ത്രത്തിന്റെ ലേബലില്‍ എന്ത് അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടാലും മതവിശ്വാസങ്ങളെ മാത്രമേ പിന്തിരപ്പത്തമായി കാണാറുള്ളൂ. ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു സ്രഷ്ടാവില്ലെന്നും പ്രപഞ്ചം തനിയെ ഉണ്ടായതാണെന്നുമുള്ള വാദങ്ങള്‍ ശാസ്ത്രീയമായിത്തീരുന്നതും മറിച്ചുള്ളതെല്ലാം മതയാഥാസ്ഥിതിക ചിന്തയായി മാറുന്നതും അങ്ങനെയാണ്. ഈ ബോധത്തെ പൊളിച്ചെഴുതുകയാണ് പ്രഫ. പി.എ വാഹിദ് തന്റെ ഖുര്‍ആനും ശാസ്ത്രവും നാസ്തിക സിദ്ധാന്തവും എന്ന പുസ്തകത്തിലൂടെ.
ഖുര്‍ആന്‍-ശാസ്ത്ര ഗവേഷണങ്ങളെ പല രീതികളില്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള രചനകള്‍ മലയാളത്തിലുണ്ട്. അവയില്‍ പലതും അവകാശവാദങ്ങള്‍ക്കപ്പുറം യുക്തിചിന്തയെ ഉണര്‍ത്തുന്നവയോ പ്രബോധനപരമോ അല്ല. ഈ ഖുര്‍ആന്‍-ശാസ്ത്ര വിശകലനങ്ങളില്‍ മനംമടുത്തവര്‍ അത്തരം വിഷയങ്ങളോട് പൂര്‍ണമായും പുറംതിരിഞ്ഞ് നില്‍ക്കുന്നതും കാണാം. മതവും ശാസ്ത്രവും രണ്ടായി പോവണമെന്ന് അഭിപ്രായമില്ലെങ്കിലും ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള ഗവേഷണങ്ങളെ ഒരു രണ്ടാംതരം ഏര്‍പ്പാടായി കാണുന്നവര്‍ ധാരാളമാണ്. ഖുര്‍ആന്‍ ദൈവികമാണ് എന്ന പോലെ തന്നെ ശാസ്ത്രവും ദൈവികമാണ് എന്ന ആശയത്തിലൂന്നി നിന്നു കൊണ്ട് ഖുര്‍ആനിലെ ശാസ്ത്ര സൂചനകളെ ആധുനിക ശാസ്ത്രവുമായി താരതമ്യം ചെയ്ത് അവതരിപ്പിക്കുന്ന രീതിക്ക് പുതുമയുണ്ട്.
'ശാസ്ത്രം ഇന്ന് കണ്ടെത്തിയതൊക്കെ ഞങ്ങളുടെ ഖുര്‍ആനില്‍ പണ്ടേ പറഞ്ഞതാണ്' എന്ന മട്ടിലുള്ള വിശകലനരീതിക്ക് പകരം ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദൈവിക ഗ്രന്ഥത്തെയും അതിന്റെ കര്‍ത്താവിനെയും അപഗ്രഥിക്കാനുള്ള വഴി തുറക്കുകയാണീ ഗ്രന്ഥത്തില്‍. അതേ സമയം ശാസ്ത്രം ഇനിയും ചെന്നെത്തിയിട്ടില്ലാത്തതും സ്ഥിരീകരിച്ചിട്ടില്ലാത്തതും ശാസ്ത്രദര്‍പ്പണത്തിന് പുറത്തുള്ളതുമായ ഖുര്‍ആനികാശയങ്ങളെയും പരിചയപ്പെടുത്തുന്നുമുണ്ട്.
പുസ്തകത്തില്‍ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയം ആധുനിക ശാസ്ത്രം ഏറെ കൊട്ടിഘോഷിച്ച ജിനോം പ്രോജക്ടിനെ കുറിച്ചാണ്. ജിനോം ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയായി പരിചയപ്പെടുത്തുമ്പോഴും ജീന്‍ എന്താണെന്ന് നിര്‍വചിക്കാന്‍ ഇന്നുവരെ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. ജീനിനെ കുറിച്ചുള്ള വിശകലനത്തില്‍ അത് അഭൗതികമായ പ്രതിഭാസമായി വരുന്നതിനാണ് സാധ്യതയേറെയുള്ളത്. ആ രീതിയില്‍ അതിനെ വിശദീകരിച്ചവരും ഉണ്ട്. എന്നാല്‍, അത് അംഗീകരിക്കുകയാണെങ്കില്‍ ദൈവിക സാന്നിധ്യത്തെ അത് അടയാളപ്പെടുത്തും. ഈ ബയോ സോഫ്ട്‌വെയറിനെ ഖുര്‍ആനിക പ്രയോഗമായ റൂഹുമായി ബന്ധപ്പെടുത്തി ലേഖകന്‍ അവതരിപ്പിക്കുന്നു.
ഏതൊരു കാര്യവും ശാസ്ത്രീയമാണെന്ന് പറയണമെങ്കില്‍ പരീക്ഷണത്തിന് വിധേയമാക്കി അത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ സാധിക്കണം. അതു കൊണ്ട് തന്നെ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ശാസ്ത്ര-ചരിത്ര-പ്രവചന മാനങ്ങളുള്ള വചനങ്ങളെ സ്ഥിരീകരിക്കപ്പെട്ട ശാസ്ത്ര കണ്ടെത്തലുമായി വിലയിരുത്തി തെറ്റാണെന്ന് തെളിയിക്കാവുന്നതാണ്. അതേ മാനദണ്ഡം ഉപയോഗിച്ച് ദൈവത്തെ ശാസ്ത്രീയമായി നിരാകരിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ശാസ്ത്രീയമായി ഖണ്ഡിക്കാനാവുന്ന ഖുര്‍ആനിക വെളിപാടുകളെ ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്നുണ്ട്. പ്രപഞ്ചോല്‍പത്തിയെ കുറിച്ചും പ്രപഞ്ച വികാസത്തെ കുറിച്ചും സൗര-ചാന്ദ്ര സവിശേഷതകളെ കുറിച്ചും ഗോള ചലനങ്ങളെ കുറിച്ചുമെല്ലാം ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ വിശകലനം ചെയ്യുന്നു. എന്നാല്‍, ഒരു വചനവും ഖണ്ഡിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ അത് ശാസ്ത്രീയമാവുന്നു. അതിലൂടെ ദൈവ വിശ്വാസവും യുക്തിപരമാവുന്നു. എന്നാല്‍, നിരീശ്വരത്വം പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രം നിരാകരിക്കുന്നതാണ്. ഖുര്‍ആനിന് എതിരായിട്ടുള്ള ശാസ്ത്ര സിദ്ധാന്തങ്ങള്‍ തള്ളപ്പെടുകയോ വിവാദമായി തുടരുകയോ ചെയ്യുന്നു എന്നിടത്താണ് ഗ്രന്ഥത്തിന്റെ ഉപസംഹാരം.  ഏതൊരു ശാസ്ത്രകുതുകിക്കും സാധാരണക്കാരനും ഉള്‍ക്കൊള്ളാനാവും വിധം ലളിതമായ ഉദാഹരണങ്ങളിലൂടെ കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

പുസ്തകം സുഹൈറലി തിരുവിഴാംകുന്ന്‌

'ചെറുകായയുടെ തോടിനുള്ളില്‍ നാമെല്ലാം ഒതുക്കപ്പെട്ടിരിക്കുകയാണെങ്കിലും അനന്തമായ ഈ പ്രപഞ്ചത്തിന്റെ രാജാക്കന്മാരായി നാം ഭാവിക്കുന്നു

മുസ്‌ലിം വിരുദ്ധമാകുന്ന മാധ്യമങ്ങളും മുസ്‌ലിംകളില്ലാത്ത ഇന്ത്യയും

mdf
മുഖ്യധാരാ മാധ്യമങ്ങളും സവര്‍ണ്ണ പൊതുബോധവും ഇസ്‌ലാം വിരുദ്ധമാവുന്നതിനെ കുറിച്ച് സുന്നി അഫ്കാറും(ഡിസംബര്‍4)തെളിച്ചവും (ഡിസംബര്‍) പ്രസിദ്ധീകരിച്ച രണ്ട് അഭിമുഖങ്ങളാണ് വായനാവാരം ചര്‍ച്ച ചെയ്യുന്നത്. മീഡിയകള്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും പ്രത്യേകിച്ചും പ്രശ്‌നം മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ തീര്‍ത്തും പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണെന്ന് യോഗീന്ദര്‍ സിക്കന്ത് അഭിപ്രായപ്പെടുന്നു. യോഗീന്ദര്‍ സിക്കന്ദുമായി മാധ്യമ പ്രവര്‍ത്തകന്‍ അജിത് സാഹി നടത്തിയ അഭിമുഖമാണ് സുന്നി അഫ്കാറിലെ കവര്‍ സ്റ്റോറി. എന്നാല്‍ മുസ്‌ലിംകള്‍ ഇല്ലാത്ത ഇന്ത്യ എങ്ങിനെയായിരിക്കുമെന്ന് വിശദീകരിക്കുകയാണ് കാഞ്ച ഐലയ്യ. ഹൈദരാബാദിലെ ലക്ചറായ കെ.അസ്‌ലം നടത്തിയ അഭിമുഖമാണ് തെളിച്ചം മാസികയിലുള്ളത്. 

മുസ്‌ലിം വിരുദ്ധത ഒരു വശത്ത് കൊണ്ടു നടക്കുമ്പോള്‍ ഹിന്ദു ക്യാമ്പുകളില്‍ അരങ്ങൊരുങ്ങുന്ന വാര്‍ഗീയ തീവ്രവാദ ചലനങ്ങളെ അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ആണ് ചെയ്യുന്നത്. ഇതിന് ഉദാഹരണമായി യോഗീന്ദര്‍ സിക്കന്ദ് എടുത്തുദ്ധരിക്കുന്നത് നരേന്ദ്രമോഡിയുടെ വിലാസമാണ്. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ വധ ശിക്ഷയോ നൂറു വര്‍ഷത്തെ തടവോ ലഭിക്കുകയോ അന്താരാഷ്ട്ര കുറ്റകൃത്യ നിയമ പരിധിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ട ഗുജറാത്ത് കലാപത്തലെ മുഖ്യ പ്രതിക്കെതിരെ മീഡിയ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. യോഗീന്ദര്‍ സിക്കന്ദ് ഇങ്ങിനെ ഉപസംഹരിക്കുന്നു. പോലീസ്, ജുഡീഷ്വറി, കോര്‍ട്ട്, മീഡിയ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും പ്രതീക്ഷ നഷ്ടപ്പെട്ട രീതിയിലാണ് ഇന്ന് ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ. അങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ അത് രാജ്യത്തിനും അവര്‍ക്ക് തന്നെയും ദുരിതങ്ങളായിരിക്കും സമ്മാനിക്കുക. ആസന്നമായി ദുരന്തത്തില്‍ നിന്നും നമ്മുടെ മണ്ണിനെ രക്ഷിക്കാന്‍ രാജ്യത്തിന്റെ നേതൃത്വം, അല്ലെങ്കില്‍ സ്വയം അങ്ങിനെ വിശേഷിപ്പിക്കുന്നവര്‍ ഉണര്‍ന്നിരിക്കേണ്ട സമയത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. 


അറിയപ്പെടുന്ന കീഴാള ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കാഞ്ച എലയ്യയുമായിയുള്ള അഭിമുഖത്തിലേക്ക് വരാം. അക്കാദമിക രംഗത്ത് മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുന്ന ബ്രാഹ്മണ മേധാവിത്വത്തെയും സവര്‍ണ ബോധത്തെയുമാണ് കുറിച്ചാണ് കാഞ്ച ഐലയ്യയുടെ സംസാരം. 

ഇന്ത്യന്‍ മതേതരത്വവും പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഭരണഘടന സൂഷ്മമായി നിരീക്ഷിക്കപ്പെടണം. ആത്മീയത രണ്ട് രീതിയില്‍ വികാസം പ്രാപിക്കുമെന്ന് കാഞ്ച എലയ്യ നിരീക്ഷിക്കുന്നു. അതിലൊന്ന് സ്പിരിച്വല്‍ ഡെമോക്രസിയും മറ്റൊന്നു സ്പിരിച്വല്‍ ഫാഷിസവുമാണ്. ഇതില്‍ ഇന്ത്യയിലെ ഹിന്ദ്വത്വ വക്താക്കള്‍ പ്രമോട്ട് ചെയ്യുന്നത് സ്പിരിച്വല്‍ ഫാഷിസമാണ്. ആഗോള അരക്ഷിതാവസ്ഥക്ക് കാരണം തന്നെ ആത്മീയഫാഷിസമാണ്. എന്നാല്‍ ഇസ്‌ലാം സ്പിരിച്വല്‍ ഡെമോക്രസിയില്‍ അധിഷ്ടിതമാണ്. താഴ്ന്ന വിഭാഗങ്ങള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയല്ലെന്നും ഇസ്‌ലാമിന്റെ സാമൂഹിക-ദൈവ കാഴ്ചപ്പാടുകളാണ് അതിന് നിമിത്തമായതെന്നും സമര്‍ഥിക്കുന്നു.

എന്നാല്‍ ഇസ്‌ലാമിന്റെ സമത്വകാഴ്ചപ്പാട് ഖുര്‍ആനിലും പള്ളികളിലുമുണ്ടെങ്കിലും ജാതിവിഷയത്തില്‍ പ്രയോഗിച്ചിട്ടോ തിരിഞ്ഞറിഞ്ഞിട്ടോ ഇല്ലെന്നു പറയുന്ന അദ്ദേഹം അംബേദ്കറെക്കാള്‍ വലിയ മാതൃക രാജ്യത്ത് മുസ്‌ലിംകള്‍ക്ക് കാഴ്ചവെക്കാനാവുമെന്ന് ഉറപ്പിച്ചു പറയുന്നു. ഇന്ത്യ വിതൗട്ട് ഇസ്‌ലാം എന്ന കാഞ്ച എലയ്യയുടെ പുറത്തിറങ്ങാനിരിക്കുന്നു പുസ്തകത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഇസ്‌ലാമില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ അവസ്ഥ എന്താകുമായിരുന്നു എന്നതാണ് അതിലെ നിരീക്ഷണം. ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ഇപ്രകാരം വിശദീകരിക്കുന്നു. 'ഇസ്‌ലാം എന്നത് ഒരു ആഗോള ചിന്താരീതിയും ശ്രദ്ധേയമായ ഒരു പരിവര്‍ത്തന ആശ്രയസ്രോതസ്സുമാണ്. ഇത് ഇന്ത്യക്ക് ഒരുപാട് രീതിയില്‍ ഉപകരിച്ചിട്ടുണ്ട്. പഷെ, മുസ്‌ലിംകള്‍ ആ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടില്ല. അവര്‍ ഒരുമിച്ചിരുന്നാലുള്ള ഗുണഫലങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും ഇറച്ചിയും ബിരിയാണിയും തിന്നിരിപ്പാണ്. ഇസ്‌ലാമിലെ ഫിലോസഫിക്കലായ ദൈവചിന്ത വലിയൊരു ചിന്താരീതിയാണ്. ഹിന്ദു ശരീരങ്ങളുടെ ദൈവത്തില്‍ വിശ്വസിക്കുന്നു. മുസ്‌ലിംകളുടെ ദൈവം കാണപ്പെടാത്തതാണ്. പഷെ അവര്‍ ദൈവത്തെ ഭയക്കുന്നു. എന്തു കൊണ്ട് അവര്‍ ഭയക്കുന്നു എന്നെനിക്കറിയില്ല. കാണപ്പെടുന്ന ആയുധങ്ങളെയല്ലേ സാധാരണ ഭയക്കാറ്?
*****
എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല മാതൃഭൂമി വാരാന്ത്യപ്പതിപ്പിലൂടെ ഒരിക്കല്‍ കൂടി തന്റെ ഹൈന്ദവാഭിനിവേശം വെളിപ്പെടുത്തി. ഇത്തവണ പറഞ്ഞത് താന്‍ മരണപ്പെട്ടാല്‍ ശവം പട്ടടയില്‍ വെച്ച് ദഹിപ്പിക്കണമെന്നാണ്. എന്നാല്‍ ശവം ദഹിപ്പിക്കലും ഹിന്ദുമതവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്ന് സമര്‍ഥിക്കുകയാണ് സ്വമി വിശ്വഭദ്രാനന്ദ ശക്തിബോധി സുന്നി വോയ്‌സിലൂടെ. (2013 ഡിസം 1-15). ശവം ദഹിപ്പിക്കുന്ന ആചാരം ബ്രാഹ്മണ സൃഷ്ടിയാണെന്നും വിശാല ഹിന്ദുമതമനുസരിച്ച് ശവം ദഹിപ്പിച്ചാല്‍ മാത്രമേ മനുഷ്യന്‍ ഹിന്ദുവാകൂ എന്നൊന്നില്ലെന്നും സമര്‍ഥിക്കുന്നു. അതു കൊണ്ട് ഹിന്ദുവായിരിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ ചുളുവില്‍ ജാതി ബ്രാഹ്മണനാവാന്‍ ആഗ്രഹിക്കുന്നു എന്നാണ് വന്നിരിക്കുന്നത്. 
യേശു ജനിച്ചത് ക്രിസ്തുമസിനോ എന്ന ലേഖനവൂം ഈ ലക്കത്തിലുണ്ട്. ക്രിസ്തുമസ് യേശുവിന്റെ ജന്മദിനമോ അതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികള്‍ ബൈബിള്‍ അംഗീകരിക്കുന്നതല്ല, എഡി 336 ലാണ് ക്രിസ്തുമസിന്റെ ആരംഭം. അത് സൂര്യദേവന്റെ പിറന്നാളാഘോഷത്തില്‍ നിന്ന് കടമെടുത്താതെന്നും ലേഖകന്‍ സമര്‍ഥിക്കുന്നു.
****
മത പ്രഭാഷണങ്ങളെ കുറിച്ചുള്ള പ്രത്യേക ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ ലക്കമാണ് ശബാബിന്റെ ഈ വാരം. (നവം-29). മൂല്യശോഷണം സംഭവിക്കുന്ന മതപ്രഭാഷണങ്ങള്‍ എന്ന ജമാലുദ്ദീന്‍ ഫാറൂഖിയുടെ ലേഖനം ശ്രദ്ധേയമാണ്. പ്രഭാഷണത്തിലെ പ്രവാചകധ്യാപനങ്ങളും മാതൃകളും ഇവിടെ ചേര്‍ക്കുന്നുണ്ട്. പ്രമുഖ ഇസ്ലാമിക തത്വ ചിന്തകരുടെ സംവേദനാവിഷ്‌കാരങ്ങളെ കുറിച്ച് പി.എം.എ ഗഫൂറിന്റെ ലേഖനവുമുണ്ട്. ഇമാം ഗസ്സാലി, ശൈഖ് ജീലാനി, ഹസന്‍ ബസ്വരി, ഇമാം ശാഫിഈ, മൗലാന മുഹമ്മദലി എന്നിവരുടെ ഉദ്ധരണികളാണ് ചേര്‍ത്തിട്ടുള്ളത്. പ്രസംഗകലയുടെ സാങ്കേതിക മികവിനുള്ള ടിപ്പുകളാണ് മറ്റൊരു ലേഖനം.
http://islamonlive.in/story/2013-12-07/1386395611-4916503

ഇടതിനെ തല്ലിയാലും ലീഗില്‍ രണ്ടഭിപ്രായമോ?

mukya3333

മുഖ്യധാരയിലെ മുസ്‌ലിം ഇപ്പോള്‍ സജീവ സംവാദവിഷയമാണല്ലോ. സി.പി.എം. ആരംഭിച്ച മുഖ്യാധാര ത്രൈമാസികയെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സി.ദാവൂദ് മാധ്യമത്തില്‍ എഴുതിയ സി.പി.എം. മുഖ്യധാരയിലെ മുസ്‌ലിം എന്ന ലേഖനം വലിയ ചര്‍ച്ചക്ക് വഴിവെച്ചു. എം.എം. നാരായണനും അഹ്മദ് കുട്ടി ശിവപുരവും മാധ്യമത്തില്‍ പ്രതികരണങ്ങളെഴുതി. തുടര്‍ന്ന് ടി.മുഹമ്മദ് വേളം മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ സി.പി.എം-ഇസ്‌ലാം യോജിപ്പിന്റെയും വിയോജിപ്പിന്റെ പ്രത്യയ ശാസ്ത്ര മേഖലകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. കെ.ടി. ഹുസൈന്‍ പ്രബോധനം വാരികയിലും ഈ വിഷയത്തില്‍ ലേഖനം എഴുതുകയുണ്ടായി. 

ഈ മേഖലയില്‍ മറ്റൊരു സംവാദം നടന്നത് ശബാബ് വാരികയിലായിരുന്നു.(22.11.13) മുഖ്യധാര ഇസ്‌ലാമും മാനവിക മുസ്‌ലിംകളും എന്നതായിരുന്നു കവര്‍ സ്‌റ്റോറി. മാക്‌സിസ്റ്റുകള്‍ ഭരിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് നീതി ലഭിച്ചോ എന്നാണ് ഒ.അബ്ദുല്ല ചോദിക്കുന്നത്. മുസ്‌ലിം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന മത നിരപേക്ഷവേദിയാണ് മുഖ്യധാരയെന്ന് മുഖ്യപത്രാധിപരും കൂടിയായ കെ.ടി. ജലീല്‍. വിശകലനങ്ങളിലെ വൈരുദ്ധ്യം വായിക്കാന്‍ കഴിഞ്ഞത് ലീഗ് നേതാക്കന്മാരില്‍ നിന്നാണ്. ഇടതിനെ തല്ലാനുള്ള അവസരത്തിലും മുസ്‌ലിം ലീഗില്‍ രണ്ടഭിപ്രായമോ എന്ന സംശയമാണ് വായനക്കാര്‍ക്ക് ലഭിച്ചത്. മുസ്‌ലിം വോട്ട് പെട്ടിയിലാക്കാനുള്ള മാക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടവ് നയമാണ് മുഖ്യധാരയും മുസ്‌ലിം സമ്മേളനവുമെല്ലാമെന്നാണ് അഡ്വ. കെ.എന്‍. എ ഖാദര്‍ എം.എല്‍.എയുടെ അഭിപ്രായം. 

'മലബാര്‍ കലാപം, മലപ്പുറം ജില്ല, ന്യൂനപക്ഷ സംവരണം തുടങ്ങിയ കുറച്ചുവിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപക്ഷത്തിന് മുസ്‌ലിം സമുദായത്തോടുള്ള ബന്ധവും അടുപ്പവും ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ അവയൊക്കെയും അര്‍ധസത്യങ്ങളോ അസത്യങ്ങളോ ആണ്. അടിസ്ഥാനപരമായി, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു ഹിന്ദു പാര്‍ട്ടിയാണ്, ബി ജെ പിയുടെ അത്ര ആഴത്തിലല്ല എന്നുമാത്രം. അതാണ് ബി ജെ പിയും സി പി എമ്മും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനവും. അതിന്റെ ക്ഷീണം തീര്‍ക്കാനാണ് മുസ്‌ലിംകള്‍ക്ക് മാത്രമായി മാസിക തുടങ്ങുന്നതും സമ്മേളനം വിളിച്ചുചേര്‍ക്കുന്നതും.' എന്നെല്ലാമാണ് കെ.എന്‍.എ ഖാദര്‍ പറയുന്നത്്. എന്നാല്‍ നവംബര്‍ 26 ലെ മാധ്യമം ദിനപത്രത്തിന് കെ.പി.എ. മജീദ് നല്‍കിയ അഭിമുഖത്തില്‍ സി.പി.എമ്മിന്റെ നീക്കത്തെ സംശയാസ്പദമായി കാണേണ്ടതില്ലെന്നും പോസിറ്റീവായി എടുക്കാമെന്നുമാണ്. 

'ഇതിനെയെന്തിനാ പ്രതിരോധിക്കുന്നത്? ഇതൊക്കെ നല്ല കാര്യങ്ങളല്‌ളേ? ഇപ്പോള്‍ സി.പി.എമ്മും ആ വഴിക്ക് വന്നിരിക്കുന്നു. സി.പി.എം സഹയാത്രികരായ മുസ്‌ലിംകളല്ലാതെ മറ്റാരുംതന്നെ ഈ പരിപാടിയില്‍ സംബന്ധിച്ചതായി സി.പി.എം പോലും അവകാശപ്പെട്ടിട്ടില്ല. പിന്നെ ഞങ്ങളെന്തിനു ബേജാറാവണം ? ഒരു സമുദായം എന്ന നിലക്ക് മുസ്‌ലിംകളനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടതകളും ചര്‍ച്ചചെയ്യാനും അധികാരികള്‍ക്ക് മുന്നില്‍ കൊണ്ടുവരാനും വൈകിയാണെങ്കിലും സി.പി.എം മുന്നോട്ടു വന്നത് ഒരു നല്ല കാര്യമായി ഞങ്ങള്‍ കാണുന്നു. ഏത് പാര്‍ട്ടിയുടെയും ഗുണാത്മക വശങ്ങളെ പിന്തുണക്കുന്നവരാണ് ഞങ്ങള്‍. ഏതായാലും മുസ്‌ലിം പ്രശ്‌നങ്ങള്‍ തുറന്നുകാണിക്കാന്‍ ദേശാഭിമാനിയും ചിന്ത വാരികയും മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല എന്നിടത്തേക്ക് സി.പി.എം എത്തിയത് നല്ല കാര്യം.' എന്നാല്‍ ലീഗ് വര്‍ഗീയ സംഘടനയാണെന്ന് വി.എസ്. ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. സി.പി.എമ്മിനോട് എന്തു സോഫ്ട് കോര്‍ണര്‍ കാണിച്ചാലും ലീഗ് വര്‍ഗീയ സംഘടനയാണെന്നതിനാല്‍ മുന്നണിയിലെടുക്കാന്‍ പോവുന്ന പ്രശ്‌നമില്ലെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ അന്ന് തന്നെ സി.പി.എം. നേതാക്കള്‍ പറഞ്ഞ് കഴിഞ്ഞു. 

ദക്ഷിണേന്ത്യയില്‍ വഹാബി തീവ്രവാദം
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ മുസ്‌ലിംകളെ ഭീകരരും തീവ്രവാദികളുമായി മുദ്രകുത്തുന്നതില്‍ അത്ഭുതമില്ല.എന്നാല്‍ കേട്ടു കേള്‍വിയില്ലാത്ത ഈര്‍ക്കിള്‍ സംഘടനകലെ പര്‍വതീകരിച്ച് ദക്ഷിണേന്ത്യയില്‍ വഹാബി തീവ്രവാദമെന്ന് എഴുതുമ്പോള്‍ രാജ്യത്ത് വിശ്വസ്ത മാധ്യമങ്ങള്‍ എന്ന് വിശ്വസിക്കപ്പെടുന്ന പത്ര-പ്രസിദ്ധീകരണങ്ങള്‍ അവാസ്ഥവങ്ങളും അബദ്ധങ്ങളും എഴുന്നള്ളിക്കുകയാണെന്ന് മുജീബുറഹ്മാന്‍ കിനാലൂര്‍ (വര്‍ത്തമാനം 21.11.13)
wahabi_front
ഫ്രണ്ട് ലൈനില്‍ പ്രസിദ്ധീകരിച്ച വഹാബി തീവ്രവാദത്തെ കുറിച്ച് സ്റ്റോറിക്കാണ് മറുപടി. ഇതോടെ ദ ഹിന്ദു, ഫ്രണ്ട്‌ലൈന്‍ തുടങ്ങിയവ പോലും ഇസ്‌ലാമോഫോബിയയുടെ പ്രചാരവേല ഏറ്റെടുക്കുകയാണെന്ന് ലേഖകന്‍. അജോയ് ആശീര്‍വാദ് ആണ് ലേഖനം എഴുതിയിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന മുഴുവന്‍ തീവ്രവാദങ്ങും വഹാബിസത്തിന്റെ സംഭാവനയാണെന്നാണ് കണ്ടെത്തല്‍. ഈ വഹാബി ധാരയിലാണ് ദയൂബന്ദി പ്രസ്ഥാനം, അഹ്‌ലെഹദീസ്, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, സിമി എന്നു തുടങ്ങി തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, മുസ്‌ലിം ലീഗ് വരെ ഉള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി വളരെ ബാലിശമായ തെളിവുകളാണ് നിരത്തുന്നതുപോലും. സെപ്തംബര്‍ 11 ശേഷം ഇസ്‌ലാമിക ടെററിസം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ശക്തമായ ഒരു ആയുധമാണ്. വഹാബി ടെററിസമെന്നും മൗദൂദി-ബന്ന-ഖുതുബ് എന്നിവരുടെ പിന്‍ബലമുള്ള ഇസ്‌ലാമിക ടെററിസവും നിരന്തര പദാവലികളാണ്. ആഗോളതലത്തില്‍ വഹാബി ടെററിസം തന്നെയാണ് ഹൈലൈറ്റ്.  പലപ്പോഴും ഈ പദാവലികളെ അപ്പടി കടമെടുത്ത് തങ്ങള്‍ക്കെതിരായ സംഘടനകളെ കൈകാര്യം ചെയ്യാന്‍ വിനിയോഗിക്കാനാണ് എല്ലാ സംഘടനകളും ശ്രമിക്കാറുള്ളത്. അവസാനം അവരെന്നെ തേടി വന്ന കഥയിലെ പോലെ ആ പട്ടികയില്‍ നിന്ന് ഒരു മുസ്‌ലിം സംഘടനയും ഒഴിവല്ല എന്നതാണ് തബ്‌ലീഗ് ജമാഅത്തിനെ പോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രതിപ്പട്ടികയൊരുക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത്. ഇനിയെങ്കിലും മുസ്‌ലിംകള്‍ ഇസ്‌ലാമിയോ ഫോബിയക്കും അതിന്റെ പ്രചാരണ തന്തങ്ങള്‍ക്കും വെള്ളവും വളവും നല്‍കാതിരുന്നെങ്കില്‍.
http://islamonlive.in/story/2013-11-28/1385630182-4816299

തിരുകേശമോ...ശഅ്‌റേ മസ്ജിദോ?ആര്....എപ്പോ...എവിടെ?


kesha
ചെന്നൈ നഗരത്തിലെ മുഹര്‍റം പത്ത്. ഇന്ത്യയിലെ പ്രമുഖ പള്ളികളിലൊന്നായ തൗസന്റ് ലൈറ്റ്‌സ് മോസ്‌കിലേക്കുള്ള ശിയാക്കളുടെ ആശൂറ ഘോഷയാത്രക്ക് ഈയാഴ്ച സാക്ഷിയായി. രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള ആശൂറ ഖാനയില്‍ നിന്നാണ് ഘോഷയാത്രയുടെ തുടക്കം.ഹുസൈന്‍...ഹുസൈന്‍ എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച ഘോഷയാത്രയില്‍ ഒരു സംഘം നെഞ്ചത്തടിച്ച് പാട്ട് പാടുന്നു. പക്ഷെ പാട്ടിനൊപ്പം ഒപ്പനയോ ദഫ്മുട്ടോ അല്ല. മുതിര്‍ന്നവരുടെയും ചെറുപ്പക്കാരുടെ കുട്ടികളുടെയും പ്രത്യേക ഗ്രൂപ്പുകളായി പാട്ടിന്റെ താളത്തിനൊത്ത് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വാര്‍ത്താണ് കര്‍ബലയെ അനുസ്മരിക്കുന്നത്. 'കര്‍ബല വിസ്മരിക്കേണ്ട കഥനങ്ങളെ ചൊല്ലി വിലപിക്കുകയോ' എന്ന തലക്കെട്ടില്‍ എം.എം. നദവി ശബാബില്‍ എഴുതിയ ലേഖനം ഇത്തരുണത്തില്‍ ശ്രദ്ദേയമാണ്.'അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കുണ്ട്. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല.' (അല്‍ബഖറ 141) എന്ന ഖുര്‍ആന്‍ വചനമുദ്ധരിച്ച് ഇക്കാര്യംകൂടി ഉണര്‍ത്തുന്നു. 'വീഴ്ചകളെ ശപിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിനു പകരം അവര്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ട് ആ വീഴ്ചകള്‍ തങ്ങളിലുണ്ടാകാതെ നാം വരുംതലമുറയ്ക്ക് മാതൃകയാകാന്‍ നോക്കുക. ഇല്ലെങ്കില്‍ നാം മുന്‍ഗാമികളെ ആക്ഷേപിക്കുന്നതുപോലെ നമ്മുടെ പിന്‍ഗാമികള്‍ നമ്മെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും.'

ഈ ആഴ്ച ആനുകാലികങ്ങളില്‍ അഭിമുഖങ്ങളുടെ ഘോഷയാത്ര തന്നെയാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ അഭിമുഖത്തില്‍ ഒട്ടേറ വിവാദങ്ങള്‍ക്ക് വഴി വെച്ച സംഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും. സ്ത്രീധനം, വിവാഹപ്രായം, തിരുകേശം തുടങ്ങിയ ഒട്ടനേകം വിഷയങ്ങള്‍ സംസാരിക്കുന്നു. തിരുകേശപ്പള്ളിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആര്...എപ്പോ...എവിടെ എന്ന ശൈലിയിലാണ് ഉത്തരം. തിരുകേശം സൂക്ഷിക്കാനായി പളളി നിര്‍മിക്കാന്‍ പദ്ധതിയില്ലെന്നും അത്തരമൊരു പളളിക്കായി പിരിവ് നടത്തിയിട്ടില്ലെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇന്ത്യയിലാകമാനം രണ്ടായിരത്തിലധികം പളളികള്‍ തങ്ങള്‍ക്കുണ്ടെന്നും പള്ളിയുണ്ടാക്കാന്‍ പിരിവിന്റെയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. മര്‍കസ് കൊത്തിക്കോരി കളയേണ്ടതാണെന്ന് ആരെങ്കിലും പ്രസംഗിച്ചാല്‍ മറുപടി പറയാതിരിക്കാനാവില്ലല്ലോ. പ്രവാചകന്റെ തിരുകേശം ഞങ്ങളിവിടെ കൊണ്ടുവന്ന് സൂക്ഷിച്ചു എന്നല്ലാതെ ആരെയും ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. നോട്ടീസടിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്തിട്ടില്ല. ഒരു വിഭാഗം തിരുകേശത്തെ തള്ളിപ്പറഞ്ഞപ്പോള്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരായതാണെന്നും അദ്ദേഹം പറഞ്ഞു. തിരുകേശ പള്ളി എന്നൊരാശയം ഇല്ലെന്നാണോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു പള്ളിയില്ല. പള്ളികള്‍ പലതുണ്ടാവും. അതില്‍ ഏതെങ്കിലും ഒന്നില്‍ തിരകേശം സൂക്ഷിച്ചു എന്നു വരാം. നാടുനീളെ സ്ഥാപിച്ച 'തിരുകേശ സൂക്ഷിപ്പില്‍ പങ്കാളികളാന്‍ പ്രവാചക സ്‌നേഹികള്‍ക്ക് സുവര്‍ണാവസരം' എന്ന ലേബലില്‍ ശഅ്‌റേ മുബാറക് മസ്ജിദിന്റെ ചിത്രമുള്ള ഫ്‌ലക്‌സുകളുടെ നിറം മങ്ങുന്നതിന് മുമ്പാണ് ഈ പ്രതികരണം എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.

മാധ്യമം ദിനപത്രത്തിന്റെയും മീഡിയാവണിന്റെയും തലപ്പത്ത് നില്‍ക്കുന്ന ഒ.അബ്ദുറഹ്മാനുമായി മറുനാടന്‍ മലയാളിയില്‍ സുനിതാദേവദാസ് നടത്തിയ അഭിമുഖത്തില്‍ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സവിസ്തരം നിരൂപണം ചെയ്യുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെയുള്ള മറ്റൊരു അഭിമുഖം മഹാത്മാഗാന്ധിയുടെ പി.എ. ആയിരുന്ന വെങ്കിട്ടറാവു കല്യാണിന്റെതാണ്. മോഡിയുടെ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടനാടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിമുഖം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെയും സവര്‍ണ ഇടപെടലുകള്‍ക്ക് കളമൊരുങ്ങുന്ന ദേശീയ രാഷ്ട്രീയത്തിന്റെയും പിന്നാമ്പുറങ്ങള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഇടതു പക്ഷത്ത് നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ യാഥാര്‍ഥ്യം ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി.ആരിഫലിയുമായി പ്രബോധനം വാരിക നടത്തിയ അഭിമുഖത്തില്‍ തുറന്നുകാട്ടുന്നു. സി.പി.എമ്മിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതാണെന്നും അമീര്‍ ചൂണ്ടിക്കാണിക്കുന്നു. സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മറുപടികളാണ് വിചിന്തനം വാരികയില്‍ ടി.പി അബ്ദുല്ലക്കോയ മദനിയുടെ അഭിമുഖത്തില്‍ പ്രധാനമായും ഉള്ളത്.
kalavara
'സിനിമയിലുമുണ്ട് ചാതുര്‍വര്‍ണ്യം' എന്ന പേരില്‍ പി.ടി. കുഞ്ഞു മുഹമ്മദുമായുള്ള അഭിമുഖമാണ് നവംബര്‍ ലക്കം പച്ചക്കുതിരയില്‍ ഇടംപിടിച്ചത്. മലയാള സിനിമയില്‍ ഉപരിവര്‍ഗത്തിന്റെ സ്വാധീനമുണ്ടെന്നും അടിസ്ഥാന വര്‍ഗം തള്ളപ്പെടാറുണ്ടെന്നുമുള്ള പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദങ്ങള്‍ ശ്രദ്ദേയമാണ്. മലയാള സിനിമയില്‍ മിക്ക കഥാപാത്രങ്ങളും ഉപരിവര്‍ഗത്തില്‍ പെട്ടവരാവാന്‍ കാരണം അവര്‍ മാത്രമാണ് മുഖ്യധാരയിലുള്ള വര്‍ഗം എന്ന കാഴ്ചപ്പാടും സമൂഹത്തില്‍ എല്ലായിടത്തും ഇരിക്കാന്‍ പ്രാപ്തരായവര്‍ അവരാണ് എന്ന പൊതു ധാരണയുമാണ്. എന്തു കൊണ്ടോ 85 ശതമാനം വരുന്ന തിയ്യനോ ദളിതനോ മുസ്‌ലിമോ കേന്ദ്ര കഥാപാത്രമായി വരാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു. അടിസ്ഥാന വര്‍ഗത്തെ അടിയിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം പറയുന്നു. സൂഫിസവും യാഥാസ്ഥികതയും അന്ധവിശ്വാസങ്ങളും ഒരു പ്രത്യേക ഗൃഹാതുരതയോടയും യഥാര്‍ഥ സാംസ്‌കാരികമായ സ്വത്വമെന്ന രീതിയിലും വിശദീകരിക്കുന്ന പി.ടി. പര്‍ദ്ദാധാരണം സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും യാഥാസ്ഥിക മുസ്‌ലിം മാപ്പിളവേഷമാണ് ദഹിക്കുന്നതെന്നും പച്ചക്കുതിരയില്‍ വ്യക്തമാക്കുമ്പോള്‍, പര്‍ദ്ദതന്നെ ഫാഷന്‍ കോളത്തിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് ഈ ലക്കം (നവംബര്‍20) ഇന്ത്യാടുഡെയില്‍. കോഴിക്കോട് കേന്ദ്രമാക്കി പ്രത്യേക ഡെനിം തുണിത്തരങ്ങള്‍ കൊണ്ട് വിപണി കയ്യടക്കുന്ന ഫാഷന്‍ പര്‍ദ്ദകള്‍ ആയിരിക്കും ഇനി ഒരു പക്ഷേ അറബ് നടുകളിലേക്കും കയറിച്ചെല്ലുകയെന്നതാണ് പുതിയ പര്‍ദ്ദാബിസിനസ് വൃത്താന്തം.

പച്ചക്കുതിരയില്‍ ശൈശവവിവാഹം പ്രവാചക നിന്ദയല്ലേ എന്ന എ.പി. കുഞ്ഞാമുവിന്റെ വിശകലനവുമുണ്ട്. ശൈശവ വിവാഹം ഇസ്‌ലാമിക മൂല്യത്തിന്റെ മൗലികതക്ക് വിരുദ്ധമാണെന്നും നബിയുടെ അനുശാസനങ്ങളുമായി പൊരുത്തപ്പെടാത്തതാണെന്നും മതപരമായി തന്നെ ശൈശവവിവാഹം അനിസ്‌ലാമികമാണ് എന്നു സമര്‍ഥിക്കുകയുമാണ് ലേഖകന്‍. പ്രവാചകന്റെ ആയിശാബീവിയുമായുള്ള വിവാഹം നടന്നത് പതിനേഴാം വയസ്സിലായിരുന്നുവെന്നും പണ്ഡിതനിഗമനങ്ങള്‍ വെച്ച് സമര്‍ഥിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളുടെ ദോഷകരമായ വശങ്ങളെയും ചതിക്കുഴികളെയും ഓര്‍മ്മപ്പെടുത്തുന്നതാണ് സുന്നത്ത് മാസികയിലെ സോഷ്യല്‍ മീഡിയ വലയും വിനയും എന്ന ലേഖനം.  ഇസ്‌ലാമും പാശ്ചാത്യന്‍ സമൂഹവും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞതിനുള്ള താത്വികമായ പ്രതീകങ്ങളാവിഷ്‌കരിച്ച ഉജ്വലമായ ഇസ്‌ലാമിക പണ്ഡിതനാണ് ഫൈസല്‍ അബ്ദുറഹ്മാന്‍. 2011 ഏപ്രില്‍ മാസത്തില്‍ ടൈം മാഗസിന്‍ നടത്തിയ സര്‍വേയില്‍ ലോകത്തെ സ്വാധീനിക്കുന്ന നൂറ് ചിന്തകന്മാരില്‍ ഒരാളായി ഇടം നേടിയ ഇദ്ദേഹത്തെ കുറിച്ച് ശബാബ് (നവംബര്‍ 15) ലക്കത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്.
http://islamonlive.in/story/2013-11-21/1385034894-4716146

നിസ്‌കാരപ്പായ മടക്കി ഇടതുപക്ഷം മുഖ്യധാരയിലേക്ക്

മുസ്‌ലിംകള്‍ക്കായി ഒരു ആനുകാലികം കൂടി. പക്ഷെ ഇത് തുടങ്ങുന്നത് മുസ്‌ലിംസംഘടനയല്ല എന്നതാണ് പ്രത്യകത. ന്യൂനപക്ഷങ്ങള്‍ക്ക് വിശിഷ്യാ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുന്നുവെന്ന് ഇടതു പക്ഷം. ഇടതുപക്ഷത്തിന്റെ വകയായി ന്യൂനപക്ഷോദ്ധാരണത്തിന് വേണ്ടി 'മുഖ്യാധാര' യുടെ വരവോടെയായിരിക്കും ഇത് സാധ്യമാവുക. മുഖ്യധാരയിലേക്ക് വന്നാല്‍ 140 പേജുമായി പുതുമയോടെ ഒരു ജേണല്‍ സ്വഭാവത്തില്‍ തന്നെയാണ് ത്രൈമാസികയുടെ കെട്ടും മട്ടും. പിണറായി വിജയന്‍, ഡോ. കെന്‍. പണിക്കര്‍, ഡോ. ബി. ഇഖ്ബാല്‍, ഡോ.കെ.കെ ഉസ്മാന്‍ ആലുവ, സി.കെ. അബ്ദുല്‍ അസീസ്, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ടി.ജമാല്‍ മുഹമ്മദ്, എ.പി. അബ്ദുല്‍ വഹാബ്, ഡോ. നൗഷാദ് പി.പി, ബഷീര്‍ മണിയംകുളം, അസ്ഗര്‍ അലി എഞ്ചിനീയര്‍ എന്നിവരുടെ ലേഖനങ്ങളുണ്ട്. കൂടാതെ മലബാര്‍ കലാപത്തെ കുറിച്ച് എ.കെ.ജി പറഞ്ഞതും പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പഠനവും ചേര്‍ത്തിരിക്കുന്നു. ന്യൂനപക്ഷവിഷയങ്ങള്‍ ഇടതു മതേതര ഫ്‌ളാറ്റ്‌ഫോമില്‍ ന്യായാന്യായ മാനദണ്ഡങ്ങളില്‍ മാറ്റുരച്ച് സത്യസന്ധമായി അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യധാര മലായാളത്തില്‍ പിറക്കുന്നതെന്ന് എഡിറ്റോറിയലില്‍ കെ.ടി. ജലീല്‍ എഴുതുന്നു. 

ഇസ്‌ലാമിന്റെ ഇടതുപക്ഷ വായന എന്നതാണ് ശ്രദ്ധേയമായ ഒരു ലേഖനം. അബൂദര്‍റുല്‍ ഗിഫാരിയെ ഇസ്‌ലാമിക ചരിത്രത്തില്‍ മാത്രമല്ല ലോകത്തെ തന്നെ ആദ്യ ഇസ്‌ലാമിക സോഷ്യലിസ്റ്റ് ആയാണ് ലേഖകന്‍ പരിചയപ്പെടുന്നത്. ഇസ്‌ലാം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിവരിച്ചത് കമ്മ്യൂണിസമായിരുന്നു. ഇസ്‌ലാമിക സോഷ്യലിസമായിരുന്നു. ലേഖനം അവസാനിക്കുന്നത് ഇപ്രകാരം. നീതിയുടെ, അവസര സമത്വത്തിന്റെ, കാരുണ്യത്തിന്റെ, മാനവികതയുടെ ദര്‍ശനമായ ഇസ്‌ലാം ഏതു പക്ഷത്ത് ചേരണം? വല്ലാത്ത ചോദ്യം തന്നെ. ലേഖകന്‍ തന്നെ വിവരിക്കുന്ന പ്രകാരം ഇസ്‌ലാമിന് സ്വന്തമായി തന്നെ സോഷ്യലിസ്റ്റ് ആശയാടിയത്തിറയാവുകയും ഖുര്‍ആന്‍ നീതിയുടെയും അവകാശത്തിന്റെയും നേര്‍രേഖയും പ്രവാചകനും അനുചരന്മാരും അതിന്റെ ധ്വജവാഹകരുമാണെങ്കില്‍ അവരുടെ അനുയായികള്‍ പിന്നെ വേറെ വല്ലവരോടും ചേരണോ? അവരോട് തന്നെ ചേര്‍ന്ന് നിന്ന് പ്രവചകന്റെയും ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും വക്താക്കളാവുകയല്ലേ വേണ്ടത്. അതോ ഇത്തരം മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ലോകത്ത് ഇത്രയും ശക്തമായി നിലനില്‍്ക്കുന്നുവെങ്കില്‍ പിന്നെ ഒന്നും രണ്ടും നൂറ്റാണ്ട് മുമ്പേ പൊട്ടിപ്പുറപ്പെട്ട കമ്മ്യൂണിസത്തിനെന്ത് പ്രസക്തി എന്നു ചോദിക്കുന്നതല്ലേ കൂടുതല്‍ കരണീയം. ഇസ്‌ലാം സോഷ്യലിസമാണ്, അതു കൊണ്ട് ഇന്നലെ വന്ന സോഷ്യലിസ്റ്റാവുക എന്നതാണോ, സോഷ്യലിസം ഇസ്‌ലാമിലുണ്ട് അതു കൊണ്ട് യഥാര്‍ഥ മുസ്‌ലിമാവുക എന്നതാണോ പ്രസക്തമായ ചോദ്യം. ലേഖനം മുഴുവന്‍ ശരിവെച്ച് അവസാനം ഇപ്രകാരം തിരിച്ചു ചോദിക്കാനാണ് തോന്നിയത്. നീതിയുടെ, അവസര സമത്വത്തിന്റെ, കാരുണ്യത്തിന്റെ, മാനവികതയുടെ ദര്‍ശനമായ കമ്മ്യൂണിസം ഏതു പക്ഷത്ത് ചേരണം?

ഇന്ത്യന്‍ മുസ്‌ലിംകള്‍ ബഹുമതസമൂഹത്തില്‍ എന്ന പേരിലുള്ള അസ്ഗറലി എഞ്ചിനീയറുടെ ലേഖനവും ഈ ലക്കത്തിലുണ്ട്. കഴിഞ്ഞ കാലത്ത് ഇന്ത്യാചരിത്രത്തില്‍ മുസ്‌ലിംസമൂഹം അനുഭവിച്ച പ്രശ്‌നങ്ങളും അവയുടെ സാമൂഹ്യ പ്രത്യാഘാതങ്ങളും കാരണങ്ങളും വിശകലനം ചെയ്യുന്നു. മുസ്‌ലിംകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഗണ്യമായ വിഭാഗമായിട്ടും സാമൂഹികരംഗത്ത് നിന്ന് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വര്‍ഗീയ ശക്തികളുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ അവരില്‍ കണ്ടു വരുന്ന അരക്ഷിതാവസ്ഥയും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 

പിണറായിയുടെ കണ്ണൂര്‍ പ്രഭാഷണം ദേശാഭിമാനിയില്‍ ലേഖനമായി വന്നപ്പോള്‍ മാധ്യമത്തില്‍ എ.ആര്‍. മറുപടി എഴുതി. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചാലേ ബാക്കിയുള്ള മുസ്‌ലിംസംഘടനകളെ മൊത്തത്തില്‍ പിന്തുണ ലഭിക്കൂ എന്നു തോന്നിയതു കൊണ്ടോ മുസ്‌ലിം സമൂദായത്തില്‍ വീക്ഷണങ്ങള്‍കൊണ്ടും കാഴ്ചപ്പാട് കൊണ്ടും വേറിട്ട് നില്‍ക്കുന്നുവെന്ന് പ്രഭഷകന്‍ തന്നെ മുമ്പൊരിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഘടനയില്‍ നിന്ന് ആരും ലഭിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടോ ആവോ? നേരത്തെ നടന്ന കണ്ണൂരിലെ ന്യൂനപക്ഷ കണ്‍വെന്‍ഷനിലും കോഴിക്കോട് നടന്ന പ്രകാശന ചടങ്ങിലെ മുഖ്യ ശത്രു ജമാഅത്തെ ഇസ്‌ലാമി ആയിരുന്നു. കോഴിക്കോടും അതാവര്‍ത്തിച്ചു. പിറ്റേന്ന തന്നെ മാധ്യമത്തില്‍ സി.ദാവൂദ് പിണറായിക്ക് മറുപടി എഴുതി. അതേ ദിവസം തന്നെ വര്‍ത്തമാനത്തിലും സമാന്തരമായ ഒരു ലേഖനം പിണറായിയെ ചോദ്യം ചെയ്തു കൊണ്ട് പ്രസിദ്ധീകരിച്ചു. പോപ്പുലര്‍ ഫ്രണ്ടിനോടില്ലാത്ത ശത്രുത പിണറായിക്ക് ജമാഅത്തിനോടെന്താണ് എന്ന് എത്ര ആലോചിച്ചിട്ടും തിരിയുന്നില്ലെന്ന് തേജസിലൂടെ കണ്ണനും ചോദിക്കുന്നു.

ആര്‍.എസ്.എസ് ചരിത്രത്തിലൂടെ
ആര്‍.എസ്.എസിന്റെ രക്തരൂക്ഷിത ചരിത്രത്തെ വായിക്കുകയാണ് അനുപമ ആര്‍. 1947 മുതല്‍ 2008 വരെ ആര്‍.എസ്.എസുകാര്‍ രാജ്യത്ത് നടത്തിയ വര്‍ഗീയകലാപങ്ങളുടെ ലിസ്റ്റും നേര്‍രേഖ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിലുണ്ട്. 1947 മാര്‍ച്ച് , ഓഗസ്റ്റ് , പഞ്ചാബ്, 1961 , ജബല്‍പൂര്‍ , 1964 റൂര്‍ക്കല, കൊല്‍ക്കത്ത, 1967 ഓഗസ്റ്റ് ഹതിയ , റാഞ്ചി, 1968 , ഔറംഗബാദ്, 1968 അസം , കരീംഗഞ്ച്, 1969 , അഹമ്മദബാദ്, 1970 മഹാരാഷ്ട്ര, 1970 ഗുല്‍ഗാവ് , മഹാരാഷ്ട്ര,  1970 , മഹാധ്, മഹാരാഷ്ട്ര,  1972, നോനാരി ,ഉത്തര്‍പ്രദേശ്, 1977 വരണാസ്സി, 1978 ഒക്ടോബര്‍ അലിഗഡ്, 1978 ഹൈദരാബാദ്, 1979 ജംഷഡപൂര്‍, 1980 മൊറാധബാദ്, 1981 ഏപ്രില്‍ ബീഹാര്‍ , ഷെരീഫ്, 1982 മീററ്റ്, 1982 ബറോഡ ഗുജറാത്ത്, 1983 മാലൂര്‍ കര്‍ണാടക, 1983 ജൂണ്‍ മലെഗവ്, മഹാരാഷ്ട്ര, 1983 ഹസാരി ബാഗ്, ബീഹാര്‍, തുടങ്ങി.....2004 ഒക്ടോബര്‍ , ഉത്തര്‍പ്രദേശ്, 2004 നവംബര്‍, അസം, 2005 ഫെബ്രുവരി , ഛത്തീസ്ഘട്ട്, 2005 ഫെബ്രുവരി , മാര്‍ച്ച് മധ്യപ്രദേശ്, 2005 ഏപ്രില്‍, മധ്യപ്രദേശ്, 2005 മാര്‍ച്ച് ,ഉത്തര്‍പ്രദേശ്, 2005 ഏപ്രില്‍, രാജസ്ഥാന്‍, 2005 മെയ് ,മഹാരാഷ്ട്ര, 2005 ഒക്ടോബര്‍ ,ഉത്തര്‍പ്രദേശ്, 2006ഫെബ്രുവരി , ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച് , ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച് , ഉത്തര്‍പ്രദേശ്, 2006 ഏപ്രില്‍ , അലിഗഡ്,  2006 ഏപ്രില്‍ മഹാരാഷ്ട്ര, 2006മെയ് , വഡോദര, 2006 ജൂണ്‍ , ഉത്തര്‍പ്രദേശ്, 2006 സെപ്തംബര്‍ മഹാരാഷ്ട്ര, 2007 ഒക്ടോബര്‍ , കര്‍ണാടക, 2007 ഡിസംബര്‍ , ഒറീസ, 2008 ജനുവരി , ഒറീസ ...അങ്ങിനെ നീളുന്നു. 

മുസ്‌ലിം വനിതാപ്രതിഭകള്‍
ഇസ്‌ലാമിക ലോകത്തെ ശ്രദ്ധേയരായ മുസ്‌ലിം വനികളെ പരിചയപ്പെടുത്തുകയാണ് പുതിയ ലക്കം ശബാബ് വാരിക. ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍ (അമേരിക്ക), തവക്കുല്‍ കര്‍മാന്‍(യമന്‍), അസ്മ മഹഫൂസ (ഈജിപ്ത്), മര്‍യം സുബ്ഹ് (അമേരിക്ക), ഉസ്മ നഹീദ് (ഇന്ത്യ), സയ്യിദ സൈദി (ബ്രിട്ടണ്‍), ശൈഖ മൗസ(ഖത്തര്‍), ത്വയ്യിബ ടൈലര്‍ (അമേരിക്ക), ഹനാ ശലബി(ഫലസ്തീന്‍), സൂസന്‍ ബാ അഖീല്‍ (സഊദി അറേബ്യ) തുടങ്ങിയവരെയാണ് പരിചയപ്പെടുത്തുന്നത്. കൂടാതെ ഇന്‍ഗ്രിഡ് മാറ്റ്‌സണിനോടുള്ള പ്രത്യേക അഭിമുഖവും ചേര്‍ത്തിരിക്കുന്നു.

http://islamonlive.in/story/2013-11-12/1384251195-4615930

സ്ത്രീ ശാക്തീകരണവും മുസ്‌ലിം സംഘടനകളും

കാലം മാറി. കേരളത്തിലെ സത്രീവിദ്യാഭ്യാസ രംഗത്തും സ്ത്രീകളുടെ പൊതുരംഗപ്രവേശത്തിനെതിരെയും ഘോരഘോരമായ പ്രഭാഷണങ്ങള്‍ക്ക് ഒരു പക്ഷെ ഇനി വിട. മാറിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അഭിസംബോധന ചെയ്യുവാനും കേരളത്തിലെ മുസ്‌ലിം സംഘടനകളും പാകമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളായിരുന്നു ഈയിടെ പുറത്ത് വന്നത്. നിര്‍ഭാഗ്യകരമായ കോഴിക്കോട്ടെ അറബിക്കല്യാണവും അതിനെ തുടര്‍ന്നുണ്ടായ യോഗങ്ങളും തീരുമാനങ്ങളുമെല്ലാം ഒട്ടേറെ ചര്‍ച്ചക്ക് വിധേയമാവുകയുണ്ടായി. ഇപ്പോഴും മുഖ്യധാരാ ആനുകാലികങ്ങളില്‍ ഈ വിഷയങ്ങള്‍ കെട്ടടങ്ങിയിട്ടുമില്ല. പുതിയ ലക്കം മാതൃഭൂമിയില്‍ കല്യാണം തന്നെയാണ് കവര്‍ സ്റ്റോറി. പഠനത്തില്‍ ഇന്ത്യയിലെ വിവാഹ നിയമങ്ങളുടെ ചരിത്രവും വസ്തുതാപരമായ കണക്കുകളും സാമൂഹ്യശാസ്ത്ര വിശകലനങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശൈശവ വിവാഹം മുസ്‌ലിം പ്രശ്‌നം മാത്രമല്ല. കണക്കുകള്‍ പ്രകാരം പതിനാറ് വയസ്സിന് താഴെയുള്ള വിവാഹങ്ങളുടെ കാര്യത്തില്‍ ശരാശരി വിവാഹപ്രായം മുസ്‌ലിംകള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും 17.3 ശതമാനമാണ്. വിവിധ കാലങ്ങളില്‍ ശൈശവ വിവാഹത്തിനെതിരെ നിലപാട് സ്വീകരിച്ച ഇന്ത്യ ഈ വര്‍ഷം നടന്ന ഐക്യരാഷ്ട സഭ പാസാക്കിയ ശൈശവ വിവാഹ നിരോധന പ്രമേയത്തില്‍ ഒപ്പു വെക്കാത്തതിനെയും വിമര്‍ശിക്കുന്നുണ്ട്. ആണുങ്ങളുടെ ഇന്ത്യയില്‍ പെണ്ണുങ്ങളുടെ കല്യാണം എന്നാണ് എം. സുല്‍ഫത്ത് എഴുതിയ ലേഖനത്തിന്റെ തലക്കട്ട്.

അതിരിക്കട്ടെ, മുസ്‌ലിം സംഘടനകളിലേക്ക് വന്നാല്‍ കാന്തപുരം എ.പി. വിഭാഗത്തിന് കീഴിലുള്ള സുന്നി വിഭാഗം കല്യാണ പരാമര്‍ശം ചര്‍ച്ചയായപ്പോള്‍ തന്നെ അതിനെതിരെ രംഗത്ത് വന്നിരുന്നു. പക്ഷെ സ്ത്രീവിഷയത്തില്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു എന്നാണ് സ്ത്രീശാക്തീകരണ കാമ്പയിന്‍ എസ്.വൈ.എസ് പ്രഖ്യാപിച്ചതിലൂടെ മനസ്സിലായത്. ഈ തീരമാനത്തെ എല്ലാ പുരോഗമാന ചിന്താഗതിക്കാരും പിന്തുണക്കുകമുണ്ടായി. മാറ്റങ്ങളെ ഉദ്ദരണികള്‍ കൊണ്ട് പിടിച്ച് കെട്ടി നിര്‍ത്തുന്ന ശൈലികളെ ഒരിക്കലും പിന്തുണക്കാവതല്ല. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ വിമര്‍ശിക്കുന്നതില്‍ അല്‍പം ജാഗ്രത പുലര്‍ത്തുന്നത് എന്തു കൊണ്ടും നന്നാവും. സമസ്ത ഇ.കെ. വിഭാഗത്തിന്റെ ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന തെളിച്ചം മാസികയും ഈ മാറ്റം വിളംബരം ചെയ്യുന്നുണ്ട്.

മുസ്‌ലിം സ്ത്രീ സമൂഹവും സമുദായവും അവളോട് ചെയ്യുന്നത് എന്ന കവര്‍ സ്‌റ്റോറിയില്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്. അവബോധം വേണ്ടത് പെണ്ണിനാണ്. പെണ്ണിന് ബോധം നല്‍കുന്നില്ലെങ്കില്‍ നഷ്ടം സമൂഹത്തിന് മൊത്തത്തിലാണ്. വരാനിരിക്കുന്ന ഒരു തലമുറക്കാണ്. ഈ അവബോധത്തിന്റെ കാര്യത്തില്‍ അവളുടെ മതവും ഭൗതികതയും ഏറെക്കുറെ പരസ്പര പൂരകങ്ങളാണ്. പുതിയ തിരിച്ചറിവുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ പെണ്ണിനെ മാനസികമായി ശക്തിപ്പെടുത്താനുള്ള അജണ്ടകള്‍ അടിയന്തിരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. തെളിച്ചം ഇത്ര കൂടി പറഞ്ഞു വെക്കുന്നു. പൊതുരംഗത്ത് നിന്ന് പൂര്‍ണമായും തഴയുന്നതിന് പകരം സുരക്ഷിതമായ മാര്‍ഗങ്ങള്‍ ആരായുകയാണ് ഇസ്‌ലാം. പ്രണയം -ആത്മീയത-ലൈംഗികത-സ്ത്രീ എന്നിവയിലൂടെ ഇസ്‌ലാം നിര്‍വചിക്കുന്ന പെണ്ണസ്തിത്വം എന്ന ഹുസൈന്‍ നസ്‌റിന്റെ ലേഖനവും ഈ ലക്കത്തിലുണ്ട്.
http://islamonlive.in/story/2013-11-06/1383731445-4515719

മറനീക്കി പുറത്തു വരുന്ന അമ്മ

ആള്‍ദൈവങ്ങളുടെ ഫാസിസ്റ്റ് ബാന്ധവം പുതുമയുള്ളതല്ല. മാതാ അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷപരിപാടിയിലേക്ക് മുഖ്യാഥിതിയായ നരേന്ദ്രമോഡി ആനയിക്കപ്പെടുന്നത് കൊച്ചായി കാണേണ്ട സംഭവല്ലെന്ന് എഴുത്തുകാരന്‍ സക്കറിയ. മോഡി അനുഗ്രഹം ശിരസ്സാവഹിച്ച അമ്മയുടെ ഹിന്ദുത്വജീവനം പരസ്യമാവുക മാത്രമാല്ല കേരളത്തിലെ മോഡിയുടെ 'കൈകാര്യകര്‍ത്താ' ആയി അമ്മ ചാര്‍ജ്ജെടുത്തിരിക്കുന്നുവെന്നാണ് സക്കറിയ തുറന്നു കാണിക്കുന്നത്. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം കവര്‍ സ്റ്റോറിയിലാണ് ആള്‍ദൈവങ്ങളുടെ ഫാസിസ്റ്റ് ബാന്ധവം പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെടുന്നത്.

സക്കറിയുടെ ലേഖനത്തോടൊപ്പം സക്കറിയയുടെ ലേഖനത്തിനുള്ള പ്രമുഖരുടെ പ്രതികരണങ്ങളും അനുബന്ധലേഖനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുവെന്നതാണ് ഈ ലക്കത്തെ വേറിട്ടു നിര്‍ത്തുന്നത്. ലേഖനത്തെ ആധാരമാക്കി. കെ.വേണു, ടി.എന്‍. ജോയി, പഴവിള രമേശന്‍, കെ.പി.ശശി, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ.പി. രാമനുണ്ണി, ഇ.പി. രാജഗോപാലന്‍, കെ.ആര്‍. മീര എന്നിവരുടെ എന്നിവരുടെ ലേഖനങ്ങളും ലക്കത്തിലുണ്ട്. കൂടെ സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനവും ചേര്‍ത്തിരിക്കുന്നു. മാധ്യമം ദിനപത്രത്തിലും ഇതേ ലേഖനം വന്നിരുന്നു. ആള്‍ദൈവങ്ങളും വര്‍ഗീയ വാദികളും ഒരു കൂടക്കീഴില്‍ എന്ന തലക്കെട്ടില്‍ എ.ഐ.അബ്ദുല്‍ മജീദ് സ്വലാഹിയുടെ ലേഖനം പുതിയലക്കം (25.10.13) വിചിന്തനം വാരികയിലുമുണ്ട്.

ഹൈന്ദവ ഫാഷിസത്തിന് മണ്ണൊരുക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നത് കുറെ കാലമായി ആള്‍ദൈവങ്ങളിലൂടെയാണ്. മതന്യൂനപക്ഷങ്ങളെ തൃശൂലമുനയില്‍ കോര്‍ത്തെടുത്ത് ചടുലനൃത്തം ചവിട്ടിയ ഫാഷിസ്റ്റുകളെ സംരക്ഷിക്കാനും പൂവിട്ട് പൂജിക്കാനും മടികാണിക്കാത്ത ആള്‍ദൈവ സംസ്‌കാരം വേണ്ടത്ര രീതിയില്‍ വിമര്‍ശിക്കപ്പെടുന്നില്ല. ഹിറ്റ്‌ലറെ വെല്ലുന്നയാളാണെന്ന് തെളിയിച്ച ഒരാളെ വള്ളിക്കാവിലേക്ക് ആനയിക്കപ്പെടുന്നതിലെ ഞെട്ടലാണ് സക്കറിയ പങ്ക് വെക്കുന്നത്. വോട്ട് ബാങ്കിന്റെ പരിധികളില്‍ നിന്നു കൊണ്ടല്ല ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും നിലപാടിന്റെ ദൃഢതകൊണ്ടായിരിക്കണമെന്നും ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേ സമയം നിലവിലുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ചില ഓര്‍മ്മപ്പെടുത്തലും കൊടുക്കുന്നു. ചില കാവിഭക്തരെയും പേരെടുത്തു കൈകാര്യം ചെയ്യുന്നുണ്ട്. മാക്‌സിസ്റ്റ്കാരനും  കോണ്‍ഗ്രസ്‌കാരനും വണങ്ങുന്നത് സംഘ് പരിവാറിന്റെ തൊഴുത്തിലാണെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട. ഇക്കാര്യം തുറന്നു കാണിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ നാണത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ആര്‍.എസ്.എസ് പ്രവാചകനായി അഭിഷേകം ചെയ്യപ്പെട്ട മോഡിക്കെതിരെയും അതിനെ താലോലിക്കുന്ന ദൈവങ്ങള്‍ക്കെതിരെയും നിലപാടെടുക്കുന്ന ലേഖനം തീവ്രമായ ഭാഷ കൊണ്ട് ശ്രദ്ധേയമാവുന്നുണ്ട്.

അമൃതാദന്ദമയീ മഠം ഉള്ളത് ആര്‍.എ.എസുകാരുടെ കയ്യിലാണ്. ഇത്തരം വിഷയങ്ങള്‍ ശക്തമായി നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണ് കെ. വേണു പ്രതികരണത്തിലൂടെ ഉന്നയിക്കുന്നത്. ആണവ-ഫാഷിസ്റ്റ് ഭീഷണങ്ങളേക്കാള്‍ പ്രധാനമാണ് മതാധിഷ്ടിതമായ ഭീഷണി. മോഡിക്ക് പിന്നില്‍ ബി.ജെ.പി അല്ലെന്നും ആര്‍.ആസ്.എസ് ആണെന്നും അതിനാല്‍ തന്നെ ഇടതുപക്ഷത്തിന്റെ അടുത്ത് തെരഞ്ഞടുപ്പ് അജണ്ട ഈ പ്രതിരോധരംഗത്തേക്കായിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. മോഡിക്ക് ഗുജറാത്ത് കലാപവുമായുള്ള ബന്ധം പോലെയാണ് അമ്മക്ക് സംഘ്പരിവാര ശക്തികളുമായുള്ള ബന്ധം. അതു കൊണ്ട് ഗുജറാത്ത് കലാപത്തില്‍ നിന്ന് മോഡിക്ക് കൈ കഴുകാനാവത്തതു പോലെ അമ്മയില്‍ നിന്നും ഈ ബന്ധം മാറ്റിനിര്‍ത്താനാവില്ലെന്ന് കെ.പി. ശശി. പി. വത്സലയെ പോലുള്ളവര്‍ ഇത്തരം ആള്‍ ദൈവ ആശിര്‍വാദങ്ങള്‍ നടത്തുന്നത് പുരോഗമനം മടുത്തിട്ടായിരിക്കും എന്നാണ് എഴുത്തുകാരി കെ.ആര്‍. മീരയുടെ വിലയിരുത്തല്‍. 

കെ.പി. രാമനുണ്ണിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ആള്‍ദൈവ സംസ്‌കാരത്തിന് മതമൂല്യങ്ങളില്‍ അധിഷ്ടിതമായ ബദലിനെ കൊണ്ട് മാത്രമേ പ്രതിരോധം തീര്‍ക്കാനാവൂ എന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. രാമനും കൃഷ്ണനും യേശുവും മുഹമ്മദ് നബിയും പ്രബോധനം ചെയ്യുകയും ഗാന്ധിജി ഇതില്‍ നിന്നെല്ലാം ആവാഹിക്കുകയും ചെയ്തിട്ടുള്ള മൂല്യാധിഷ്ടിത ആത്മീയതയാണ് പരിഹാരമെന്നും മതവിശ്വാസികളെ അപകടകാരികളായ ്അധികാരികള്‍ റാഞ്ചുന്നതിനെതിരെ അടുത്തകാലത്ത് വായിക്കപ്പെട്ട ശ്രദ്ധേയമായ ലേഖനമാണിതെന്നും കെ.പി. രാമനുണ്ണി വിലയിരുത്തി.

എന്നാല്‍ കൂട്ടത്തില്‍ ഹമീദ് ചേന്ദമംഗല്ലൂരിന്റെ ലേഖനത്തിലൂടെ മറ്റു വല്ലതും വെളിപ്പെടുന്നുണ്ടോ എന്നും വായനക്കാര്‍ക്ക് സംശയിക്കാവുന്നതാണ്. അതിസരള യുക്തിയുടെ കുതിരപ്പുറത്ത് കയറുകയാണ് സക്കറിയയെന്നാണ് ചേന്ദമംഗല്ലൂരിന്റെ വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയുടെ സുന്നികളുടെയും എല്ലാ ആസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വരുമ്പോള്‍ അവരെ ആരും കോണ്‍ഗ്രസുകാരോ മാക്‌സിസ്റ്റുകാരോ ബി.ജി.പിക്കാരോ ആക്കി മുദ്ര കുത്താത്തപ്പോള്‍ എന്തിനാണ് അമ്മയെ ഇങ്ങിനെ ആര്‍.എസ്.എസ് ബാന്ധവും ആരോപിക്കുന്നത് എന്നതാണ് പരാതി. ആത്മീയ വ്യാപാരത്തിനപ്പുറം അതിന് മറ്റു യാതൊരു അജണ്ടയുമില്ലെന്ന കാര്യത്തില്‍ ഹമീദ് ചേന്ദമംഗല്ലൂരിന് സംശയമേതുമില്ല. 'കണ്ണിന്റെ കൃഷ്ണമണിപോലെ പരിപാലിക്കാന്‍' കടപ്പെട്ടയാളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു എന്നും വിലയിരുത്താം.

വിദ്യാഭ്യാസം: മുസ്‌ലിം കേരളം

വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം കേരളം എവിടെ നില്‍ക്കുന്നു എന്നുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് തേജസ് (നവംബര്‍ 1-15) ലക്കത്തില്‍. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസരംഗത്തും ഉദ്യോഗരംഗത്തും കേരള മുസ്‌ലിം കള്‍ ഏറെ മുന്നേറിയെങ്കിലും മതിയായ വിദ്യാഭ്യാസ സാഹചര്യങ്ങളോ അര്‍ഹമായ പ്രാതിനിധ്യമോ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ലേഖനത്തിലൂടെ ചാര്‍ട്ടുകള്‍ തിരിച്ച് വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന 100 മുസ്‌ലിം വിദ്യാര്‍ഥികളില്‍ ഹയര്‍സെക്കന്ററി പൂര്‍ത്തീകരിക്കുന്നവര്‍ 37.5 ശതമാനവും ഇതില്‍ ഡിഗ്രി പൂര്‍ത്തീകരിക്കുന്നവര്‍ 5.2 ശതമാനവുമാണെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭേതപ്പെട്ട വിത്യാസമാണ് ഉള്ളതെന്നും ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സ്‌കൂളുകളുടെ സമുദായം തിരിച്ചുള്ള കണക്ക്, ജനസംഖ്യയെയും ജനസാന്ദ്രതയെയും അടിസ്ഥാനമാക്കി കേരളത്തിലെ സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്, കേരളത്തിലെ സ്വകാര്യ ഹൈസ്‌കൂളുകളുടെ കണക്കും അവയില്‍ മുസ്‌ലിം മാനേജ്‌മെന്റ് കണക്കും, ഹയര്‍ സെക്കന്ററി സ്‌കൂളുകളുടെ സമുദായം തിരിച്ചുള്ള കണക്കുമെല്ലാം പ്രത്യേകം ചാര്‍ട്ടാക്കി നല്‍കിയിരിക്കുന്നു.

വാചകവാരം:
പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകരെ, നിങ്ങളാണ് സമൂഹത്തെ ജാതിയുടെയും മത്തതിന്റെയും പേരില്‍ ഇപ്പോള്‍ വിഭജിക്കുന്നത്. നിങ്ങളാണ് മലയാളികള്‍ക്കിടയില്‍ അകല്‍ച്ചയും ഭയവുമുണ്ടാക്കുന്നത്. -പുനത്തില്‍ കഞ്ഞബ്ദുല്ല (സമകാലിക മലയാളം)