അല്ലേലും പവർക്കട്ടിനെന്താണിത്ര കുഴപ്പം ...അങ്ങിനെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രതീക്ഷയുടെ മേല്‍ വസന്തത്തിന്റെ ഇടിമുഴക്കവുമായി വീണ്ടുമൊരു പവര്‍കട്ട് യുഗം….
ഗൃഹാതുരമുണര്‍ത്തുന്ന ആ പവര്‍കട്ട് കാലത്തെ ആര്‍ക്കാണ് മറക്കാനാവുക.
എല്ലാ ശനിയാഴ്ചയും പത്രം വരുമ്പോള്‍ നോക്കുക ഈ ആഴ്ച എപ്പോഴാണ് പവര്‍ക്കട്ട് എന്നായിരിക്കും. ചിലര്‍ അതെല്ലാം നേരത്തെ കണക്കു കൂട്ടി പറയും.
എന്നാലും ഞായറാഴ്ച കട്ടില്ലാത്തതു കാരണം ദുരദര്‍ശനിലെ നാല്മണി പടം മുടങ്ങാറില്ല. പക്ഷെ, ചിലപ്പോഴെങ്കിലും ഞായറാഴ്ചകളിലും പവര്‍ക്കട്ട് വരാറുണ്ട്.
മിക്കവാറും അതിനിടക്ക് ആകെ ക്കൂടി പ്രതീക്ഷിച്ച ഇടി കഴിഞ്ഞിട്ടുണ്ടെങ്കില്‍ സങ്കടമാണ്. അങ്ങിനെയായിരിക്കും ഒരാഴ്ച വാര്‍ത്തയുടെ സമയത്ത് ലോഡ്‌ഷെഡിങ് വരുന്നത്...ഹാവൂ..ആശ്വാസം.
അല്ലെങ്കിലും വാര്‍ത്ത തുടങ്ങിയാല്‍ സിനിമക്കുള്ള ഇന്റര്‍വെല്ലാണ്.
പിന്നെ വെള്ളിയാഴ്ചയിലെ ചിത്രഗീതവും ബുധനാഴ്ചത്തെ തിരനോട്ടവും പല പവര്‍ക്കട്ടുകളും അപഹരിച്ചു കളഞ്ഞിട്ടുണ്ട്. ഇതെല്ലാം പ്രകാശമ്മാഷുടെയും റുക്യത്താത്തയുടെയും വീട്ടിലെ കാര്യം.
വീട്ടിലെത്തിയാല്‍ ലോഡ്‌ഷെഡിങിന്റെ അരമണിക്കൂറിലേക്ക് വീട്ടുകാർ പണിയെല്ലാം സെറ്റ് ചെയ്തു വെക്കും. എട്ട് മണിക്കാണ് കട്ടെങ്കിലും അതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് ചോറു കൊടുത്തിരിക്കും. മിക്കവാറും കരണ്ടു വന്നിട്ട് കഴിക്കാം എന്നായിരിക്കും വലിയവരുടെ തീരുമാനം. പിന്നെ അരമണിക്കൂര്‍ പഠിക്കണ്ടല്ലോ എന്നതാണ് മറ്റൊരാശ്വാസം. എന്നാലും പുതിയ വല്ല കഥ പുസ്തകവും കിട്ടിയിട്ടുണ്ടെങ്കില്‍ ആസമയത്ത് മണ്ണെണ്ണ വിളക്കിനടുത്ത് നിന്ന് തന്നെ അതിലെ ഡിങ്കനും മായാവിയും പൂച്ചപ്പോലീസുമെല്ലാം വായിച്ചു തീര്‍ത്തിരിക്കും.
പിന്നെ വല്ല വികൃതിയും ഒപ്പിക്കാനാകെ കിട്ടുന്ന സമയവും അതാണ്. അങ്ങനെ വിളക്കത്തിരുന്ന് കയ്യില്‍ കിട്ടിയത് വല്ലതും കത്തിച്ച് സമയം കഴിക്കും. ചിലപ്പോഴാവട്ടെ വിരുന്നുകാരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ ഓറഞ്ച് കൊണ്ട് വന്നിട്ടുണ്ടാവും. അതിന്റെ തൊലിയെടുത്ത് കണ്ണില്‍ പീച്ചുന്നത് പോലെ വിളക്കത്ത് പീച്ചിയാലും നല്ല രസമായിരിക്കും. ചിലപ്പോഴെങ്കിലും വല്ല പ്ലാസ്റ്റിക്കും ഉരുക്കുന്നതിനിടക്ക് കയ്യല്‍പ്പം പൊള്ളിയാലും ആരോടും പറായാതിരിക്കും.
അങ്ങനെ അരമണിക്കൂര്‍ കഴിഞ്ഞാല്‍ പെട്ടെന്ന് നൂറ്റിപ്പത്തിന്റെ ബള്‍ബങ്ങ് തെളിയുമ്പോ കണ്ണൊരു പുളിപ്പാണ്. പക്ഷെ മറ്റു ബള്‍ബുകള്‍ കത്തിക്കൊണ്ടിരിക്കുന്നുണ്ടോ എന്നറിയാല്‍ ഫിലമെന്റിലേക്ക് ടോര്‍ച്ചടിച്ച് നോക്കണം. അന്നാവട്ടെ 14 ജില്ലകളെ കൂടാതെ വോള്‍ട്ടേജില്ല എന്നൊരു ജില്ല കൂടിയുണ്ടെന്നറിഞ്ഞത് ഒരു മിമിക്‌സ് പരേഡിന്റെ കാസറ്റ് കേട്ടപ്പോഴാണ്. പലപ്പോഴും അിറയാതെ പകല്‍ സമയത്ത് നൂറ്റിപത്തിന്റെ ബള്‍ബിട്ട് അടിച്ച് പോയ അനുഭവങ്ങളും ധാരാളം.

ഇതെല്ലാം ഞങ്ങളുടെ ലോകം. ഇനി ഒന്നാലോചിച്ചു നോക്കൂ.. വീട്ടിലെ മുതിര്‍ന്നവരെല്ലാം ഒന്നശ്വാസത്തോടെ കൂട്ടം കൂടിയിരിക്കുന്നത് മറ്റെപ്പോഴാണ്. പുള്ളത്തിണ്ടുമ്മേ ആ ഇളം കാറ്റും കൊണ്ടിരിക്കാന്‍ പവർകട്ടല്ലാതെ പിന്നെ മറ്റെവിയെടാ സമയമുള്ളത്. അങ്ങനെ ദിവസവും ഒരു കുടുംബയോഗം തന്നെയായിരിക്കും അത്. അതിലാവട്ടെ പലരസങ്ങളും പറഞ്ഞ് കുട്ടികളുടെ കളികളുമെല്ലാമായി ആസമയമങ്ങനെ കഴിയും. ഇന്നാര്‍ക്കാണ് അര മണിക്കൂറൊന്ന് ഒഴിഞ്ഞിരിക്കാന്‍ സമയമുള്ളത്. പഠിപ്പു മുറിയിലെ കുട്ടികളെയും അടുക്കളയിലെ സ്ത്രീകളെയും ടി.വികണ്ടിരിക്കുന്ന ആണുങ്ങളെയും ബാക്കിയുള്ളവരെയും ഒരുമിച്ചരുത്താന്‍ കട്ട് സമയം ധാരാളം. പിന്നെ അര മണിക്കൂര്‍ കട്ടായാല്‍ ആകെക്കൂടെ അരമണിക്കൂര്‍ ടി.വി പരിപാടി പോകും എന്നതില്‍ കവിഞ്ഞ് ഒരു വീട്ടിലെന്താ കുഴപ്പം.

രാത്രിയെ രാത്രിയായി നിര്‍ത്തിയ ആ നാളുകളെ പൂര്‍ണ്ണമായി തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിലില്ലേലും അര മണിക്കൂറായെങ്കിലും മടക്കിത്തരാന്‍ നമ്മുടെ സര്‍ക്കാറിനെ കൊണ്ട് സാധിച്ചതില്‍ സരക്കാറിന് നന്ദി പറയണം.ഏതായാലും സര്‍ക്കാരിന്റെ പവര്‍ക്കട്ട് തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ട്……