പ്ര(യ)വാസ ലോകം


സുബൈദയുടെ വീട്ടില്‍ ഇന്ന് ബില്‍ഡിങിന്റെ സണ്‍ഷേഡ് വാര്‍ക്കുകയാണ്.വാര്‍പ്പായതിനാല്‍ പൊറാട്ടയും ഇറച്ചിയുമെല്ലാം ഹോട്ടലില്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. രണ്ട് മക്കളും ഉമ്മയും മാത്രമേ വീട്ടിലുള്ളൂ. പത്ത് മണിക്ക് പൊറോട്ടയും ഇറച്ചിയും തിന്ന് മുറ്റത്ത് വിശ്രമിക്കുന്ന ബംഗാളിയോട് വെറുതെയൊരു  കുശലാന്വേഷണം. നിങ്ങള്‍ക്ക് വീട്ടിലാരൊക്കെയുണ്ട്. ഒരു വിധം പഠിച്ചെടുത്ത മലയാളത്തില്‍ ഖാസിം പറഞ്ഞു. ഉമ്മയും ഉപ്പയും നാല് മക്കളും ഭാര്യയും എല്ലാമുണ്ട്. മൂത്ത മകളുടെ വിവാഹമാണ് ഇന്ന്. ഇറങ്ങാനിരിക്കുകയാണെന്ന് പറഞ്ഞ് കുറച്ച് മുമ്പ് മോള്‍ വിളിച്ചിരുന്നു. അവള്‍ കരഞ്ഞപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞത്. വല്യൂമ്മ കഴിഞ്ഞയാഴ്ച മരിച്ചെങ്കിലും കാണാനായിരുന്നില്ല. മൂന്നോ നാലോ മാസം കൂടുമ്പോഴാണ് നാട്ടില്‍ പോവാറ്. അപ്പോഴേക്കും  വിളി വന്നപ്പോള്‍ ഖാസിം മുണ്ടും തോളിലിട്ട് പണിസ്ഥലത്തേക്കോടി. 3-4 മാസമൊക്കെ ഇങ്ങനെ പണി ചെയ്യുമ്പോഴുള്ള അയാളുടെയും അയാളുടെ വീട്ടുകാരുടെയും ദയനീയാവാസ്ഥ ഓര്‍ത്ത് സൂബൈദ വേദനിച്ചപ്പോഴും 3-4 വര്‍ഷമായി ഇക്കയെ കാണാതെയാണല്ലോ താനും മക്കളും കഴിയുന്നതെന്ന് അവര്‍ക്കോര്‍മ്മയില്ലായിരുന്നു. പിന്നെ പാത്രവും ഗ്ലാസ്സുമെടുത്തുവെച്ച് ഉമ്മാക്കിപ്പോ കഞ്ഞി കൊണ്ടുവന്ന് തരാമെന്ന് പറഞ്ഞ് സുബൈദ അടുക്കളയിലേക്ക് പോയി.