ബഷീറിലെ ദേശീയതയും പതിനാറാം വയസ്സിലെ വിവാഹവും

സ്വാതന്ത്ര്യ സമര സേനാനിയായ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചും വിവാഹരംഗത്തെ പെണ്ണിന്റെ പ്രായത്തെ കുറിച്ചും പൊതുവേദിയിലെ മുസ്‌ലിം സ്ത്രീയെകുറിച്ചെല്ലാമാണ് ഈ ലക്കം വാനയാവാരത്തില്‍.

പൊതുവേദിയിലെ മുസ്‌ലിം സ്ത്രീ
സമൂഹത്തില്‍ വിപ്ലവകരമായ ഒരു മാറ്റം സൃഷ്ടിക്കുന്നതിന് തടസ്സമാകുന്നത് പുരുഷാധിപത്യ സമുദായിക സംഘടനകളും പുരുഷ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയുമാണെന്ന് എന്‍.പി. ഹാഫിസ് മുഹമ്മദ് മലയാളം വാരികയില്‍. (27.9.13) കേരള രാഷ്ട്രീയത്തിലെ മുസ്‌ലിം സ്ത്രീ സാന്നിദ്ധ്യം, സംവരണം പോലുള്ള ഘട്ടങ്ങളില്‍ നേരിടുന്ന പ്രയാസങ്ങള്‍, ഇടതു പക്ഷമടക്കമുള്ള സംഘടനകളിലെ മുസിലിം സ്ത്രീ സാന്നിദ്ധ്യം എന്നിവയൊന്നും ആശാവഹമല്ല. എല്ലാ മേഖലകളിലും പുരുഷ കേന്ദ്രീകൃതമായാണ് കാര്യങ്ങള്‍ കിടക്കുന്നതെന്നും ലേഖകന്‍. മുസ്‌ലിം സംഘടനകളിലെ സ്ത്രീ സാന്നിദ്ധ്യങ്ങളെ കുറിച്ചുള്ള വിലയിരുത്തലില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ ജി.ഐ.ഒ, മുജാഹിദിന് കീഴിലെ എം.ജി.എം എന്നീ സംഘടനകളുടെ മുന്നേറ്റങ്ങള്‍ ശ്ലാഘിക്കുകയും സേവന-പഠന മേഖലമേഖലകളിലെ സേവനങ്ങള്‍ എടുത്തു പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രബലമായ സുന്നി വിഭാഗങ്ങളില്‍ പല മേഖലകളിലും മാറ്റങ്ങള്‍ ദൃശ്യമാവുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കായി സംഘടന രൂപീകരിക്കാനായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും അര്‍ഹമായ പരിഗണനകള്‍ നല്‍കുന്നില്ല. മുസ്‌ലിംകള്‍ മേല്‍നോട്ടം നല്‍കി രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി മാറ്റം കുറിച്ചെങ്കിലും, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവക്കൊന്നും സജീവ വനിതാ സംഘടനകളിലെന്നും ഒലീവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വര്‍ത്തമാനകാലം എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായം വിലയിരുത്തുന്നു.

പതിനാറിന്റെ വായനകള്‍
വിവാഹ പ്രായവിവാദത്തില്‍ മുസ്‌ലിംസംഘടകളെ പ്രതിക്കൂട്ടിലാക്കുകയും പുരോഗമന വിരുദ്ധതയുടെ പേരില്‍ മീഡിയകള്‍ ആഘോഷിക്കുമ്പോള്‍ എഴുത്തുകാരി ലീലാ മേനോന്‍ ഇതെഴുതുന്നത്. 'വിവാഹപ്രായം പതിനാറാക്കണം' ഗ്ലോബല്‍ മലയാളം എന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് ഈ ലേഖനം എഴുതിയത്.
lelamnnn
'ഇന്ത്യയില്‍ 47%-ലേറെ പേര്‍ പതിനെട്ടിനുമുമ്പ് വിവാഹിതരാകുന്നുവെങ്കില്‍ വിവാഹം കഴിക്കാനുള്ള പ്രായം പതിനാറായി കുറയ്ക്കണം. അല്ലെങ്കില്‍ സ്ത്രീകള്‍ കഠിനമായ ലൈംഗിക ചൂഷണത്തിന് ഇരയാകും. ഗ്ലോബല്‍ മലയാളത്തിന്റെ ലൈംഗിക പ്രായം പതിനാറാക്കണോയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ലീലാ മോനോന്റെ ഈ പ്രതികരണം. പത്തുവയസു മുതല്‍ കുട്ടികള്‍ പ്രണയ ബന്ധത്തില്‍ കുടുങ്ങി ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്ന സാഹചര്യം ഇന്ന് ഇന്ത്യയില്‍ വര്‍ധിച്ചു വരുകയാണ്. ലൈംഗികതയുടെ പ്രായം കുറയ്‌ക്കേണ്ടതാണ്. പക്ഷേ അതിന്റെ ദൂരവ്യാപകമായ ഫലവും നാം തന്നെ അഭിമുഖീകരിക്കേണ്ടി വരും. സ്‌കൂളുകളില്‍ കോണ്ടം വില്പന നടത്തേണ്ട ഗതിക്കേടിലാവും നാം. എന്നാല്‍ സാംസ്‌കാരിക മാറ്റങ്ങളെ നാം ഉള്‍ക്കൊണ്ടേ മതിയാവൂ. ലൈംഗിക തൃഷ്ണ സമൂഹത്തില്‍ കൂടി വരുന്നു. ആധുനിക മാധ്യമങ്ങളാകാം ഇതിന് കാരണം. ആദ്യം താലി പിന്നീട് ആദ്യരാത്രി എന്ന സങ്കല്പം മാറി ആദ്യം ലൈംഗിക ബന്ധം പിന്നീട് താലി എന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. നമ്മുടെ നാട്ടിലെ അമ്മമാരുടെ പങ്ക് ഈ വിഷയത്തില്‍ ചെറുതല്ല.'

അതേ സമയം പതിനാറിനെതിരെ ശക്തമായ ലേഖനമെഴുതിയിരിക്കുകയാണ് യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ്. (മാതൃഭൂമി 25.8.13) ലേഖനം അവസാനിക്കുന്നത് ഇങ്ങിനെ. 'മുസ്‌ലിം വിവാഹത്തില്‍ മഹറാണ് (പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടത്) പരമപ്രധാനം. എന്നാല്‍, മഹറിനെ പിന്‍തള്ളി സ്ത്രീധനം ഇന്ന് സാര്‍വത്രികമായിരിക്കുന്നു. മഹര്‍ വാങ്ങേണ്ട പണംപോലും വരന് സ്ത്രീധനമായി മുന്‍കൂട്ടി നല്‍കേണ്ട സ്ഥിതിയിലേക്ക് വിവാഹക്കമ്പോളം മാറിയിരിക്കുന്നു. സ്ത്രീധനം നല്‍കാനാകാത്തതിന്റെ പേരില്‍ എത്ര പെണ്‍കുട്ടികളാണ് പുരനിറഞ്ഞ് നില്‍ക്കുന്നത്. മൈസൂര്‍ കല്യാണത്തിലൂടെ വിവാഹിതരായ എത്ര പെണ്‍കുട്ടികളാണ് ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവകളാക്കപ്പെടുന്നത്! സമുദായം ഇത്തരം വിഷയങ്ങളില്‍ പ്രതിലോമപരമായി യോജിക്കുന്നതിനുപകരം ഈ വിധത്തില്‍ ജീവിതം ഹോമിക്കപ്പെട്ട പാവം പെണ്‍കുട്ടികളുടെ കണ്ണുനീര്‍ തുടയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനല്ലേ ഒന്നിക്കേണ്ടത്? വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ശരീഅത്ത് വിരോധികളെന്നും സമുദായത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തുന്നതിനുപകരം ആത്മവിമര്‍ശത്തിനും സ്വയംതിരുത്തലിനും തയ്യാറായാല്‍ അതായിരിക്കും മതസംഘടനകളുടെ അന്തസ്സിനും അവര്‍ സൃഷ്ടിച്ച പുരോഗതിയുടെ പിന്തുടര്‍ച്ചയ്ക്കും ചേര്‍ന്നത്.'
pra27
അറബിക്കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വശത്ത് മുസ്‌ലിം സംഘടനകളെ ആക്രമിക്കുന്നതിനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രസ്ഥാവന ഇറക്കിയെങ്കിലും സ്ത്രീകള്‍ പഠിച്ചാലെന്ത് എന്ന ചോദ്യമാണ് പ്രബോധനം പുതിയലക്കം (27.9.13) ചോദിക്കുന്നത്. 'ഇതര സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ പഠനവും ആവശ്യമെങ്കില്‍ തൊഴില്‍ സമ്പാദനവും കഴിഞ്ഞ് ശാരീരികവും മാനസികവുമായ പക്വതയും യോഗ്യതയും കൈവരിച്ച ശേഷമാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുക. മുസ്‌ലിം പെണ്‍കുട്ടികളില്‍ പലരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കല്യാണപന്തലിലേക്ക് കാലെടുത്തു വെക്കുന്നത് ജീവിതത്തിന്റെ പരമമായ ലക്ഷ്യം വിവാഹമാണെന്ന വികലമായ കാഴ്ചപ്പാട് കുട്ടികളിലും രക്ഷിതാക്കളിലും വളര്‍ന്നു വരുന്നത് കൊണ്ടാണ്.' 'സമുദായമേ, കാണേണ്ടത് അറബിക്കണ്ണീരല്ല; ഈ പെണ്‍കുട്ടിയുടെ പോരാട്ടമാണ്' എന്ന പേരില്‍ നാലാമിടത്തില്‍ സവാദ് റഹ്മാന്റെ ലേഖനവും ഇക്കാര്യമാണ് പറയുന്നത്.

സ്വാതന്ത്ര്യസമരസേനാനിയായ ബഷീര്‍
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ നമ്മോട് ആരെങ്കിലും ചോദിച്ചാല്‍ നാം വൈക്കം മുഹമ്മദ് ബഷീറിനെ എത്രം സ്ഥാനത്ത് ഉള്‍പ്പെടുത്തും? ഒരു വേള ആ പേര് പോലും നമ്മുടെ മനസ്സില്‍ തെളിയുമോ? ഇല്ല എന്ന നമ്മുടെ ഉത്തരം യാദൃശ്ചികമല്ല. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം പൊതുവെ വിസ്മൃതമാണ്. ബഷീറിന്റെ ഈ ചരിത്ര ദൗത്യത്തെ വിശകലനം ചെയ്യുകയാണ് വിജ്ഞാന കൈരളയിലെ സെപ്തംബര്‍ ലക്കത്തില്‍ പ്രിയ പീലിക്കോട്. ബഷീറിലെ ദേശീയത എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

'ആ കാലഘട്ടത്തിലെ എഴുത്തുകാരില്‍ നിന്ന് ബഷീറിനെ വ്യത്യസ്തനാക്കുന്നത് നീണ്ട സ്വാതന്ത്ര്യ സമര പാരമ്പര്യമാണ്. വൈക്കം സത്യാഗ്രഹത്തില്‍ നിന്ന് തുടങ്ങി സ്വാതന്ത്ര്യ  ലബ്ധി വരെ അത് നീണ്ട് കിടക്കുന്നു. അന്നത്തെ മിക്ക എഴുത്തുകാരും ദേശീയ പ്രസ്ഥാനത്തിലോ വിപ്ലവ പ്രസ്ഥാനത്തിലോ നേരിട്ട് പങ്കെടുക്കാതെ തങ്ങളുടെ സര്‍ഗാത്മകതയിലൂടെ അതിനെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ബഷീര്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം സ്വാതന്ത്ര്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചു. അതു കൊണ്ട് ആ കൃതികളിലെ ദേശീയബോധത്തിന് അനുഭവത്തിന്റെ ചൂടും ചൂരുമുണ്ട്. 'ബഷീറിനെ കുറിച്ച് വേറെയും രണ്ട് പഠനങ്ങള്‍ ഈ ലക്കകത്തിലുണ്ട്.
ആരാമം മാസികയില്‍ സ്വാതന്ത്ര്യസമര സേനാനിയായ എം. റഷീദുമായുള്ള സംഭാഷണം കാണം. അതില്‍ ബഷീറുമായ രസകരമായ അനുഭവങ്ങള്‍ എം.റഷീദ് പങ്കുവെക്കുന്നുണ്ട്. 'കാലന്‍ കുട മടക്കിത്തൂക്കിയിട്ട് ബഷീര്‍ ചായകുടിക്കാനിരുന്നു. ചായ കുടിച്ചു തീരും മുമ്പേ തൂക്കിയിട്ട കുട വേറൊരുത്തന്‍ എടുത്തു. പെട്ടെന്ന് ബഷീര്‍ എഴുന്നേറ്റ്-'നിങ്ങളുടെ പേര് ബഷീര്‍ എന്നാണോ?' എന്ന് ചോദിച്ചു. 'അല്ല'. 'എന്നാലിത് ബഷീറിന്‍രെ കുടയാണ്' എന്നു പറഞ്ഞ് കുട തിരിച്ചു വാങ്ങി.

കേരളത്തെ കണ്ട് പഠിക്കട്ടെ
ദേശീയ മാധ്യമരംഗത്ത് മുസ്‌ലിം സാന്നിദ്ധ്യം വളരെ കുറവാണ്. സ്വന്തമായി പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യധാരാ പ്രസിദ്ധീകരണങ്ങളോ ചാനലുകളോ ദേശീയ തലത്തില്‍ മുസ്‌ലിംകള്‍ക്കില്ല. മുസ്‌ലിം ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രബല വിഭാഗമായ ജമാഅത്തെ ഇസ്‌ലാമിക്ക് പോലും ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലും ആനുകാലികങ്ങളുണ്ടെങ്കിലും അതും പ്രചാരണത്തില്‍ വളരെ പിന്നിലാണ്. ഇവിടെയാണ് കേരളത്തില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ മീഡിയാ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയിലേക്കും ഇന്ത്യയിലൊട്ടുക്കും മാതൃകാപരമാവുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തിനുള്ള സ്വദേശത്തും വിദേശത്തുമായി 17 എഡിഷനുകള്‍ ഉള്ള മാധ്യമമാണ് ഈ രംഗത്ത് മാതൃകയെന്നാണ് മുസ്‌ലിം മിറര്‍ എടുത്തുദ്ദരക്കുന്നത്. ഈ വര്‍ഷം മാധ്യമത്തിന്റെ കുടംബത്തില്‍ നിന്നും ആരംഭിച്ച മീഡിയാവണ്‍ ചാനലും വലിയ കുതിപ്പാണെന്ന് ലേഖനം വിലയിരുത്തുന്നു. JIH must learn some lessons from its Kerala unit which has got tremendous success in the field media എന്നാണ് മുസ്‌ലിം മിറര്‍ ജമാഅത്തെ ഇസ്‌ലാമിയോട് അഭ്യാര്‍ഥിക്കുന്നത്.
- പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ച പ്രമുഖ്യ ഇസ്‌ലാമിക നവോദ്ധാന നായകനായ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയെ കുറിച്ചു ജീവിത ചിത്രം സെപ്തംബര്‍ 27 ലെ ശബാബിന്റെ കവര്‍‌സ്റ്റോറി. ദഹ്ലവിയുടെ വംശം, ജനനം, കുടുംബം, വിദ്യാഭ്യാസം, യാത്രകള്‍, മീമാംസകള്‍, സാമൂഹ്യ രാഷ്ട്രീയ ചിന്തകള്‍, വേര്‍പാട് എന്നിവയെല്ലാം രണ്ട് ലേഖനങ്ങളിലായി വിവരിക്കുന്നു. മുഹമ്മദുല്‍ ഗസ്സാലിയുടെ ദഹ്ലവിയെ കുറിച്ച ലേഖനം ഇതിലുണ്ട്.
- പൂങ്കാവനം സെപ്തംബര്‍ ലക്കം സില്‍വര്‍ ജൂബിലി പതിപ്പാണ്. മനോഹരമായ പുറംചട്ടയോടെ പുറത്തിറങ്ങിയ പൂങ്കാവനത്തില്‍ വിഭവങ്ങളില്‍ അധികം പുതുമകളൊന്നും ഇല്ല. പരിസ്ഥിതി വീക്ഷണം ഖുര്‍ആനില്‍, പരിസ്ഥിതി സങ്കല്‍പം ഖുര്‍ആനില്‍. വിഷം തിന്നുന്ന മലയാളികള്‍, മാധ്യമങ്ങളുടെ രാഷ്ട്രീയം തുടങ്ങിയ ലേഖനങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണങ്ങളും ചേര്‍ത്തിരിക്കുന്നു.
വാചകവാരം: കാത്തു കാത്തിരുന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം നേടിയമോഡിയെ സ്തുതിക്കുന്ന മാതൃഭൂമി, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഏഷ്യാനെറ്റ് മാധ്യമങ്ങള്‍ 2002 ലെ ഗുജറാത്ത് വംശഹത്യയെ പറ്റി ഒന്നും പറയാതിരിക്കുന്നത് മോഡിയുടെ വരവിനേക്കാളും ഇന്ത്യയെ പേടിപ്പെടുത്തുന്നതാണ് - രിസാല വാരിക
http://islamonlive.in/story/2013-09-25/1380126159-3914167

മാപ്പിളപാര്‍ട്ടികളും അത്ഭുത മനുഷ്യരും

ഇയാഴ്ചയിലെ സഹസഞ്ചാരികളിലൂടെ കണ്ണോടിക്കുമ്പോള്‍ കേരളത്തിലെ മതസംഘടനകളെ കുറിച്ച നിരീക്ഷണങ്ങളും ജീവിതത്തില്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന അത്ഭുത പ്രതിഭകളും സോഷ്യല്‍ മീഡിയകളുടെയും മൊബൈല്‍ ഫോണുകളുടെയും സ്വാധീനവും കാമ്പസിലെ ഓണചിന്തകളുമെല്ലാം കാണാം.

മാപ്പിളപ്പാര്‍ട്ടികള്‍
കേരളത്തിലെ മുസ്‌ലിം സംഘടനകളെ കുറിച്ചുള്ള ലേഖനങ്ങള്‍ മലയാള ആനുകാലികങ്ങളില്‍ പുതുമയുള്ളതല്ല. ഓരോ സംഘടനയുടെയും നിലവിലെ അവസ്ഥയും കേരളീയ പൊതു മണ്ഡലത്തില്‍ അവയുടെ സ്വാധീനവും അളക്കുകയാണ് ഈ വര്‍ഷത്തെ ഔട്ട്‌ലുക്ക് മലയാളത്തിന്‍െ ഓണപ്പതിപ്പ്. എന്‍. പി. ആഷ്‌ലിയുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊരു സാമൂഹ്യ പശ്ചാത്തലം എന്ന ലേഖനത്തിലൂടെയാണ് കേരളത്തിലെ മതസംഘടനകളെ വിചാരണ ചെയ്യുന്നത്.

പാരമ്പര്യവിധേയത്വം കാര്യമായ ദൗര്‍ബല്യമാണെങ്കിലും ജീവിതാനുഭവങ്ങളോടുള്ള സ്വഛന്ദതയും സത്യസന്ധതയും തന്നെയാണ് ഇ.കെ. സുന്നിവിഭാഗത്തെ ഏറ്റവും വലിയ മുസ്‌ലിം വിഭാഗമായി നിലനിര്‍ത്തുന്നത്. ഫ്യൂഡല്‍ പിന്തുണ, ശാസ്ത്രീയ കാഴ്ചപ്പാടിനോടുള്ള വിമുഖത, വിവിധ കാരണങ്ങളാല്‍ കലാ-സാംസ്‌കാരിക വളര്‍ച്ചക്ക് സഹായകമായ അന്തരീക്ഷം എന്നിവയെല്ലാം ഉള്ളപ്പോഴും ഒട്ടും കാണാത്തത് പൗരോഹിത്യത്തിന്റെ ആധിപത്യമാണെന്നും പലപ്പോഴും ചൂഷിത വിഭാഗമായിരുന്നു ഇവരെന്നും ലേഖകന്‍ വിലയിരുത്തുന്നു. എന്നാല്‍ സമസ്തയില്‍ നിന്നും വേര്‍പ്പെട്ട എ.പി. വിഭാഗം ഗള്‍ഫ് പണത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്നതാണ്. രാഷ്ട്രീയ പരമായി ഇടത് ആഭിമുഖ്യവും ഇവര്‍ക്കുണ്ട്.

നവോത്ഥാന അന്തരീക്ഷത്തില്‍ രൂപം കൊണ്ട മുജാഹിദ് പ്രസ്ഥാനം കേരള മുസ്‌ലിംകളില്‍ നിന്ന് മലയാളി മുസ്‌ലിമിലേക്കുള്ള മാറ്റം കാണിക്കുന്നുണ്ട്. ഗള്‍ഫ് പണത്തിന്റെ വരവോടെ സംഘടനക്കകത്ത് സാമ്പത്തിക താല്പര്യം മേല്‍കൈ നേടി. കാഴ്ചപ്പാടിലെ യാന്ത്രികത കലാസാഹിത്യരംഗങ്ങളിലും സംഘടനക്കപ്പുറത്ത് കാര്യങ്ങളെ മനസ്സിലാക്കുന്നതിലും വീഴ്ചവരുത്തിയിട്ടുണ്ടെന്നും ലേഖകന്‍. ഏറ്റവും ചെറിയ മുസ്‌ലിം സംഘടനയായ ജമാഅത്തെ ഇസ്‌ലാമി ഗള്‍ഫ് ഉണ്ടാക്കിയ അച്ചടി, വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ചകളെ കോര്‍പ്പറേറ്റ് മിടുക്കോടെ സ്വന്തം ദൃശ്യതക്ക് ഉപയോഗിക്കാനായത് ജമാഅത്തെ ഇസ്‌ലാമിക്കാണ്. മുസ്‌ലിം മധ്യവര്‍ഗത്തിന്റെ പിന്തുണമാത്രമാണ് ജമാഅത്തിനുള്ളതെന്നും ആശയഘട്ടം പ്രായോഗിക ഘട്ടം എന്നിങ്ങനെ രണ്ട് ഘട്ടം ജമാഅത്തിനുണ്ടെന്നും ലേഖകന്‍ തുടരുന്നുണ്ട്. ഫ്യൂഡല്‍-പ്രവാസി, സമ്പന്ന-ദരിദ്ര, ഗ്രാമീണ-നാഗരിക, മേല്‍ജാതി-കീഴ്ജാതി, സ്ത്രീ-പുരുഷ സ്വത്വങ്ങളെ മുക്കിക്കളയാനും ജമാഅത്തൊഴികെ മുസ്‌ലിം സംഘടനകളുടെ രാഷ്ട്രീയ മുഖമാവാനും ലീഗിന് സാധിച്ചു എന്നതാണ് മറ്റൊരു വിലയിരുത്തല്‍. തുടര്‍ന്ന് കേരള മുസ്‌ലിംകളുടെ സാമുഹികതയും ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്നുണ്ട്.

അത്ഭുത മനുഷ്യര്‍
ഇന്ത്യാടുഡെ ഓണം സ്‌പെഷ്യല്‍ പതിപ്പില്‍ അത്ഭുത മനുഷ്യന്‍ എന്ന ഫീച്ചര്‍ കാണാം. അറിവിന്റെ കടലിലെ അത്ഭുതമത്സ്യം എന്ന തലക്കെട്ടോടെ അലി മണിക്ഫാനെ കുറിച്ചാണ് ഓണപ്പതിപ്പ് ചര്‍ച്ച ചെയ്യുന്നത്. അഞ്ച് അത്ഭുത മനുഷ്യരിലുടെ സി.എസ്. സലീല്‍ നടത്തിയ സഞ്ചാരത്തിലാണ് ഓന്നാമതായി മണിക് ഫാനെ പരിചയപ്പെടുത്തുന്നത്. 'കടലിന്നഗാതകളിലേക്ക് നീന്തിത്തുടിക്കുമ്പോഴും കരയിലെ മണ്ണിലെ തുടിപ്പുകള്‍ മണിക്ഫാന്‍ തൊട്ടറിഞ്ഞിരുന്നു. രാമേശ്വരത്ത് ജോലി ചെയ്യുമ്പോള്‍ ആര്‍ക്കും വേണ്ടാതെ കിടന്ന വള്ളിയൂരിലെ തരിശു ഭൂമിയില്‍ പതിനഞ്ചേക്കര്‍ സ്ഥലം വാങ്ങി. അവിടെ ചെടികള്‍ക്ക് സ്വമേധയാ വളരാന്‍ അവസരമൊരുക്കി. അവയുടെ വേരുകള്‍ അവ സ്വയം ഉറപ്പിച്ചു നില്‍ക്കണമെന്ന സിദ്ധാന്തം. കാലങ്ങള്‍ കൊണ്ട് അവിടെ ചെറുമരങ്ങള്‍ വളര്‍ന്നു. പക്ഷികള്‍ വന്നു. അവയുടെ പരാഗണവഴികളിലൂടെ അവിടം ജൈവവൈവിദ്ധ്യത്തിന്റെ കലവറയായി മാറി.' ഇതായിരുന്നു മണിക്ഫാന്റെ ഡൂ നത്തിങ് ഫാം. പേരിനും പ്രശസ്തിക്കുമപ്പുറം ജീവിത സമര്‍പ്പണത്തിന്റെ പാഠങ്ങളാണ് ഇതിലൂടെ നല്‍കുന്നത്.

മാസപ്പിറവിയുടെയും അതിനെ തുടര്‍ന്നുള്ള വിവാദങ്ങളിലൂടെയും പശ്ചാത്തലത്തില്‍ മാത്രമാണ് മണിക്ഫാനെ കുറിച്ച് പൊതുവെ ചര്‍ച്ച ചെയ്യപ്പെടാറുള്ളൂ. എന്നാല്‍ അനേക ഗവേഷണവും നിരീക്ഷണവും നടത്തി ഒട്ടനേകം കണ്ടെത്തലുകള്‍ നടത്തി ജീവിതം സ്വയം നന്മക്കായി സമര്‍പ്പിച്ചിരിക്കുന്ന മണിക് ഫാനെ ഇന്നും പലരും അറിയില്ല. മാജിദ് അഴീക്കോട് സംവിധാനം ചെയ്ത കണ്ടു പിടുത്തങ്ങളുടെ കപ്പിത്താന്‍ എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാണ്. ഈയിടെ അദ്ദേഹം രൂപീകരിച്ച ഹിജ്‌റ കമ്മിറ്റിയില്‍ നിന്നും രാജി വെച്ച വാര്‍ത്തയാണ് കേള്‍ക്കാനായത്. താന്‍ മുന്നോട്ട് വെച്ച് ഏകീകൃത ഹിജ്‌റ കലണ്ടര്‍ എന്ന ആശയത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും സമുദായത്തിനകത്ത് ഏകീകരണം സാധ്യമാവുന്നതിന് മുമ്പേ അമിത വാശിയില്‍ മറ്റൊരു ഭിന്നിപ്പിന് തുടക്കമിടുക എന്നതായിരുന്നു ഹിജ്‌റ കമ്മിറ്റിയില്‍ വന്ന മറ്റു ചിലരുടെ സ്വാധീനഫലമായി ഉണ്ടായത്. ഇതില്‍ വ്യക്തിപരമായ അനിഷ്ടം രേഖപ്പെടുത്തിയ അദ്ദേഹം പൊതു സമൂഹത്തിന്റെ ഒപ്പം തന്നെയാണ് അടുത്തുള്ള പെരുന്നാളുകളിലെല്ലാം പങ്കെടുത്തത്. മുസ്‌ലിം ഐക്യം എന്ന ആശയവുമായി വന്ന താന്‍ ഭിന്നിപ്പിന്റെ ആളാണെന്ന നിലക്ക് ചിത്രീകരിക്കപെടുന്ന പശ്ചാത്തലത്തിലായിരുന്നു രാജി.

vaynnnnn
ഓഫ്‌ലൈന്‍ ജീവിതം അസാധ്യം
ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പ് മൊബൈലുലകത്തിന്റെ വലിയ ലോകം തുറന്നിടുന്നതാണ്. മൊബൈല്‍ ജീവിതത്തിന്റെ രാഷ്ട്രീയവും സര്‍ഗാത്മകതയും സാമൂഹികയും എല്ലാം വിശകലനം ചെയ്യുന്നു. അതേ സമയം പ്രബോധന വാരിയയുടെ പുതിയലക്കം മലയാള വെബുലകത്തിലെ ഇസ്‌ലാമിക സാന്നിദ്ധ്യവും ഫേസ് ബുക്ക്, വിക്കിപീഡിയ, ബ്ലോഗുകള്‍ എന്നിവയുടെ ക്രിയാത്മകവശങ്ങും അവ സമൂഹത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സ്വാധീനവും ചര്‍ച്ച ചെയ്യുന്നു. ഇനിയൊരു ഓഫ്‌ലൈന്‍ ജീവിതം അസാധ്യമാണ് എന്ന ടൈറ്റിലാണ് പ്രബോധനം ഉള്ളടക്കം പേജിന് നല്‍കിയത്. കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ സോഷ്യല്‍ മീഡിയ വേരുറപ്പിക്കുമ്പോള്‍ എന്ന ഒരു ലേഖനം ഔട്ട്‌ലുക്ക് മലയാളത്തിലും കാണാം.

കാമ്പസോണം
ഓണത്തിന്‍രെ ജാതീതതയും കാ്മ്പസുകളിലെ ഓണാഘോഷവും ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട് സെപ്തംബര്‍ ലക്കം തെളിച്ചം. 'മതേതരത്വവും മലയാളിത്വവും നിര്‍ണയിക്കുന്ന കാമ്പസ് ഓണങ്ങള്‍' എന്നാണ് ഹൈദരാബാദ് ഇഫ്‌ലുവിലെ പി.എച്ച്.ഡി റിസര്‍ച്ചര്‍ കെ.ടി. ഹാഫിസ് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. 'കേരളത്തില്‍ വ്യത്യസ്ത വിധത്തിലും രീതിയിലുമെല്ലാം ആഘോഷിക്കപ്പെടുകയും ആഘോഷിക്കാതിരിക്കുകയുമൊക്കെ ചെയ്ത ഓണം ഒരു പ്രത്യേക രീതിയിലും രൂപത്തിലും രീതിയിലും ആഘോഷിച്ചാല്‍ മാത്രമേ നിങ്ങള്‍ പൂര്‍ണ മലയാളി ആവുകയുള്ളൂ എന്ന ബോധം നാട്ടില്‍ നിലനില്‍ക്കുന്നതിനേക്കാള്‍ അധികം കേരളത്തിന് പറത്ത് കാമ്പസുകളില്‍ നിലനില്‍ക്കുന്നത് എന്ത് കൊണ്ട് എന്ന് അന്വേഷിക്കുമ്പോഴാണ് അവിടങ്ങളില്‍ മലയാളി ബോധങ്ങള്‍ എത്രമാത്രം സവര്‍ണജാതീയത പേറുന്നതാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുക.' ഈ രീതിയില്‍ ഓണാഘോഷങ്ങളില്‍ നിന്ന് വിട്ട് നില്‍നുള്ള ജനാധിപത്യാവകാശം പോലും അനുവധിച്ചു കൊടുക്കാന്‍ കാമ്പസുകളിലെ പുരോഗമന മലയാളി സവര്‍ണബോധം അനുവദിക്കുന്നില്ലെന്നും ലേഖകന്‍ പരിഭവിക്കുന്നു.

സമുദായം ഓര്‍ക്കേണ്ട സഹായ പദ്ധതികള്‍
ഇതേ തെളിച്ചത്തില്‍ തന്നെ മത ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഏതെല്ലാം, എവിടുന്നെല്ലാം, എങ്ങിനെയെല്ലാം എന്നതിന്റെ ഒരു ഹെല്‍പ് ലൈന്‍ ലേഖനവും തെളിച്ചം സെപ്തംബര്‍ ലക്കത്തിലുണ്ട്. മതന്യൂന പക്ഷങ്ങളുടെ സാസ്‌കാരിക-വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും മറ്റിതര ചാരിറ്റബിള്‍ ട്രസ്റ്റുകളും നടത്തി വരുന്ന അനേകം ധനസസഹായ പദ്ധതികളും കോച്ചിങ് സ്ഥാപനങ്ങളും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വ്യാപകമാണെങ്കിലും ഇതിനെ കുറിച്ച് അറിവ് പലര്‍ക്കുമില്ല. നാട്ടകം എന്ന കോളത്തിലൂടെ സമുദായം ഓര്‍ക്കേണ്ട സഹായ പദ്ധതികള്‍ എന്ന ലേഖനം മഹല്ലുകള്‍ കേന്ദ്രീകരിച്ച് സമീപകാലത്തുണ്ടായ ചില ശാക്തീകരണ ശ്രമങ്ങള്‍ക്ക കൂടുതല്‍ ശക്തി പകരുമെന്നും ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
http://islamonlive.in/story/2013-09-18/1379518845-3813894

വിക്കിപീഡിയ തീര്‍ക്കുന്ന വിവര വിപ്ലവം


'ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭിക്കുന്ന ഒരു സ്ഥിതിയെ കുറിച്ച് ചിന്തിച്ചു നോക്കൂ.' ഈ ആഹ്വാനത്തോടെയാണ് 2001 ല്‍ ആ സംരംഭം ആരംഭിക്കുന്നത്. ലോകത്തിലെ മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്ത ഏത് വിജ്ഞാനവും സ്വതന്ത്രമായി ആര്‍ക്കും ലഭ്യമാക്കാനായി നടത്തുന്ന നിഷ്‌കാമ പ്രവര്‍ത്തനം. വെബ് ലോകത്തെ സ്വതന്ത്രമായ ഈ വിവര വ്യാപന സാങ്കേതികവിദ്യക്ക് വിക്കിപീഡിയ എന്ന് പറയാം.

അറിവ് എക്കാലത്തും സ്വതന്ത്രമായി നിലകൊള്ളേണ്ടതാണ്. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. എല്ലാം കുത്തക വത്കരണത്തിനും കച്ചവടത്തിനും വിധേയമായ ഇക്കാലത്ത് വൈജ്ഞാനിക രംഗത്തിന് ഒരു സ്വതന്ത്ര സഞ്ചയമൊരുക്കുകയാണ് വിക്കിപീഡിയ. ലോകത്തിലെ ഏത് ഭാഷയിലുള്ള രചനകളും പരസ്പരം കൈമാറ്റം ചെയ്യാനും ഏത് ദേശത്തെയും പ്രാദേശികമായ വിവരങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാനും വിക്കിപീഡിയയിലെ ഭാഷാ നെറ്റ് വര്‍ക്ക് വഴിസാധ്യമാവുന്നു എന്നതും ശ്രദ്ധേയമാണ്.

അറിവിന്റെ നൈതികത എന്ന ആശയമാണ് വിക്കിപീഡിയ മുന്നോട്ട് വെക്കുന്നത്. ഏതൊരറിവും മാനവസമൂഹത്തോടും അത് കണ്ടെത്താനായി ചിന്താശേഷി നല്‍കിയ ദൈവത്തോടും കടപ്പെട്ടിരിക്കുന്നു. ഞാന്‍ എല്ലാം എന്റെ അറിവു കൊണ്ട് നേടിയതാണ് എന്ന ഖാറൂനിന്റെ വാദമുഖങ്ങളെ വേദഗ്രന്ഥം പുച്ഛിക്കുന്നത് അത് കൊണ്ടാണ്. അറിവ് പൊതു സ്വത്താണെന്ന് മൗലിക കാഴ്ചപ്പാടാണ് ഇസ്ലാം സമര്‍പ്പിക്കുന്നതെങ്കില്‍ അത് പാടില്ലെന്നാണ് എക്കാലത്തെയും മുതലാളിത്ത വ്യവസ്ഥിതി പ്രഖ്യാപിച്ചിരുന്നത്. വൈജ്ഞാനിക രംഗത്തെ ഈ ശ്രമങ്ങള്‍ പ്രവാചകന്‍ വിശേഷിപ്പിച്ചത് കണ്ണിമുറിയാത്ത ദാനദര്‍മ്മമായാണെന്നത് ഇവിടെ ശ്രദ്ധേയമാവുന്നു.

പരസ്പര സഹകരണത്തിലൂന്നിയ പ്രവര്‍ത്തന മണ്ഡലമാണ് വിക്കിപീഡിയ മുന്നോട് വെക്കുന്ന മറ്റൊരാശയം. മനുഷ്യര്‍ തീര്‍ത്ത വര്‍ഗ-ദേശ-വര്‍ണ-ഭാഷാ വിവേചനത്തിനധീതമായ ഒരു കൂട്ടായ്മയാണ് ഇവിടെ രൂപപ്പെടുന്നത്. അറിവിന്റെ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത സാധ്യതയാണ് അത് തുറന്നിടുന്നത്. പണ്ഡിതനോ സാധാരണക്കാരനോ അക്കാഡമീഷനോ വിദ്യാര്‍ഥിയോ വിത്യാസമില്ലാതെ ലോകത്തിന്റെ മുക്കുമൂലകളിലുള്ളവര്‍ ഒരു ലേഖനത്തിന്റെ പിറവിക്കായി യത്‌നിക്കുന്നു. ഓരോരുത്തരും തങ്ങളാര്‍ജ്ജിച്ച് അറിവിനെ അതുമായി ചേര്‍ത്തു വെക്കുന്നു. പണ്ഡിതനില്‍ സംഭവിക്കുന്ന അബന്ധങ്ങള്‍ പോലും സാധാരണക്കാരന്‍ തെളിവുകളുടെ പിന്‍ബലത്തില്‍ തിരുത്തുമ്പോള്‍ അക്കാദമിക യോഗ്യതയുള്ളവരുടെ അറിവു മാത്രമേ സമൂഹത്തില്‍ സ്വീകാര്യമാവൂ എന്ന ആശയത്തിന് മറുപടിയാവുകയാണ്. വൈജ്ഞാനിക രംഗത്തെ ഈ ജനാധിപത്യം (info democracy) വിക്കിപീഡിയ സമര്‍ഥമായി പ്രായോഗിക വത്കരിക്കുന്നു.

ലാഭേച്ഛയിലധിഷ്ടിതമാണ് ഇന്നത്തെ എല്ലാ വൈജ്ഞാനിക വ്യാപാരവും. ഇവിടെയും വിക്കിപീഡിയ വിലങ്ങിടുന്നു. ചെറിയ ലേഖനങ്ങള്‍ മുതല്‍ വന്‍ ഗ്രന്ഥ ശേഖരം തന്നെ ഇവിടെ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനാവും. വിക്കിപീഡിയയുടെ ഒരു പ്രധാന സംരഭങ്ങളിലൊന്നാണ് വിക്കി ഗ്രന്ഥശാല.(ml.wikisource.org) സ്വതന്ത്രമായി ഗ്രന്ഥങ്ങള്‍ ചേര്‍ക്കാനാവുന്ന ഈ സൈറ്റില്‍ പകര്‍പ്പവകാശം തീര്‍ന്ന ക്ലാസിക് കൃതികളും പകര്‍പ്പവകാശം ഉപേക്ഷിച്ച് പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങളും സൗജന്യമായി ലോകത്തിന് സമര്‍പ്പിക്കാവുന്നതാണ്. പകര്‍പ്പവകാശ കാലാവധി തീര്‍ന്ന മലയാള ഗ്രന്ഥങ്ങള്‍ പൊതുസഞ്ചയത്തിലേക്ക് ചേര്‍ക്കുവാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ മാതൃഭൂമി മാതൃകയാണ്. പ്രസിദ്ധീകരണം നിലച്ച 600 ഓളം പുസ്തകങ്ങള്‍ പൊതുസഞ്ചയത്തിലേക്ക് (http://digital.mathrubhumi.com/#books) സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനി വിക്കി ഗ്രന്ഥശാലയിലെത്തിക്കാനും ബുദ്ധിമുട്ടില്ല. വിജ്ഞാനത്തിന്റെ സ്വതന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്ന ഒരു മാതൃകാദര്‍ശനത്തിന്റെ ഗ്രന്ഥങ്ങള്‍ പോലും ഇനിയും അവിടെയെത്താതിരിക്കുന്നത് ഖേദകരമാണ്.

വിക്കിപീഡിയയുടെ ആരംഭം തുടക്കം ഇങ്ങിനെ. ആര്‍ക്കും എഴുതിച്ചേര്‍ക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയത്തിന്റെ പ്രചാരകനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999 ല്‍ മുന്നോട്ട് വെച്ചിരുന്നു. റിക്ക് ഗ്രേറ്റ്്‌സിന്റെ ഇന്റര്‍പീഡിയയായിരുന്നു ഈ മേഖലയിലെ ആദ്യ പരീക്ഷണം. പക്ഷെ പരിശ്രമം പാളിപ്പോവുകയായിരുന്നു. അതിന് ശേഷമാണ് ജിമ്മിവെയില്‍സും ലാറിസാങ്ങറും ന്യൂപീഡിയ ആരംഭിക്കുന്നത്. ഇതില്‍ നേഖനത്തിന് നിലവാരവും ആധികാരികതയും ഉണ്ടാവട്ടെ എന്നു വെച്ച് പ്രഗത്ഭരായ എഴുത്തുകാരെ വെച്ചെങ്കിലും മന്ദഗതിയിലായിരുന്നു പോക്ക്.

ഈ സമയത്താണ് വലിയ സാങ്കേതിക പരിജ്ഞാനമൊന്നും ആവശ്യമില്ലാതെ തന്നെ ലോകത്തിലെ ആര്‍ക്കും തങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചേര്‍ക്കാവുന്ന വിക്കി എന്ന് സോഫ്ട് വെയര്‍ പ്രചാരത്തിലാവുന്നത്. വാഡ് കണ്ണിങ് ഹാം ആയിരുന്നു ഈ സോഫ്ട് വെയര്‍ ആരംഭിച്ചത്. വിക്കി സോഫ്ട് വെയര്‍ കണ്ടപ്പോള്‍ നൂപീഡിയക്കാര്‍ക്ക് ഒരാഗ്രഹം. നൂ പീഡിയയെ സഹായിക്കാന്‍ വിക്കിപീഡിയ എന്ന പേരില്‍ സൈറ്റ ആരംഭിച്ച് നിലവാരമുള്ളവ മാത്രം തെരഞ്ഞെടുത്ത് നൂപീഡിയ മൊഞ്ചാക്കുക. പക്ഷെ പണി പാളി. മാതൃസൈറ്റിനെയും കടത്തി വെട്ട് പോഷകസൈറ്റായ വിക്കിപീഡിയ ഇടിച്ചു കയറി. ദിവസങ്ങള്‍ക്കുള്ളില്‍ നൂറും ആയിരവും പതിനായിരവും ലേഖനങ്ങളും എഡിറ്റിങും നടക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ ഒരു പരീക്ഷണത്തിന്റെ വിജയമായിരുന്നു വിക്കിപീഡിയ.

ആളുകളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തതു കൊണ്ടായിരുന്നു അനുബന്ധ സൈറ്റായ വിക്കിപീഡിയ ആരംഭിക്കാന്‍ കാരണം. പൊതു ജനങ്ങളെല്ലാം നശീകരണ സ്വഭാവമുള്ളവരാണ് എന്ന ധാരണയെ മറികടക്കുന്നതാിരുന്നു പിന്നീടുള്ള അനുഭവം. വളരെ ക്രിയാത്മകമായി തന്നെ ആ കൂട്ടായ്മ മുന്നോട്ട് പോയി. അംഗങ്ങളില്‍ നിന്ന് ദീര്‍ഘകാലത്തെ എഡിറ്റിങിലെ വൈദഗ്ദ്യവും ആധികാരികതയും മനസ്സിലാക്കി അവരെ വിവിധ ശ്രേണികളിലുള്ള വിക്കിപീഡിയയിലെ അധികാര പരിധികള്‍ നല്‍കി. ഈ അധികാര പരിധിയില്‍ നിന്നു കൊണ്ട് ജനാധിപത്യരീതിയില്‍ ദീര്‍ഘമായ ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയും പുതിയ അഡ്മിനുകളെ കണ്ടെത്തി. ഓരോ തെരഞ്ഞെടുപ്പും സൈറ്റിന് മുകളില്‍ പരസ്യപ്പെടുത്തി പൊതു ചര്‍ച്ചയിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. യാതൊരു വിധി സാമ്പത്തിക ലാഭവും നോ്ക്കാതെ തങ്ങളുടെ സമയവും അധ്വാനവും ചെലവഴിച്ച് ഈ വിജ്ഞാന ഭണ്ഡാരത്തിന്റെ പണിപ്പുരയില്‍ സദാ ജാഗ്രത്തായി.

വിക്കിപീഡിയയുടെ പരിമിതികളും പോരായ്മകളും സ്ഥിരമായി വിമര്‍ശനങ്ങള്‍ വിധേയമാവാറുള്ള ഒന്നാണ്. ലേഖനങ്ങളിലെ അബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള വിമര്‍ശനക്കുറിപ്പുകളും കാണാറുണ്ട്. എന്നാല്‍ ഇതര പ്രസിദ്ധീകരണങ്ങളിലോ ഗ്രന്ഥങ്ങളിലോ ഉള്ള അബന്ധങ്ങള്‍ നമുക്ക് പരാതിപ്പെടാന്‍ മാത്രം സാധിക്കുമ്പോള്‍ ഇവിടെ ആധികാരികമായ പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ നമുക്ക് തന്നെ വസ്തുതള്‍ ചേര്‍ക്കാനാവും. അതിനാവട്ടെ വിക്കി സ്ഥാപനകനുള്ള അതേ അധികാരം വിക്കി പീഡിയയില്‍ കയറിയ ഏത് അംഗത്തിനും നല്‍കുന്നു. വസ്തുതാരകമായ അബന്ധങ്ങളും മറ്റും നിരീക്ഷിക്കാനും നശീകരണപ്രവണതകളെ ഇല്ലാതാക്കാനും അഡ്മിനുകളും ബ്യൂറോക്രാറ്റുകളും വിക്കിപീഡിയ സജ്ജരാണ്.

അതേ സമയം വിക്കിപീഡിയയിലെ ഒരു ലേഖനവും സ്വതന്ത്രമായി ആധികാരികമാണെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ ലേഖന റഫറന്‍സുകളായി വിക്കിപീഡിയയെ ഉദ്ദരിക്കുന്നതും കരണീയമല്ല. വിക്കിപീഡിയയുടെ ഓരോ ലേഖനത്തിന്റെയും ആധികാരികത ബലപ്പെടുന്നത് അതില്‍ ചേര്‍ത്തിട്ടുള്ള റഫറന്‍സുകള്‍ക്കനുസിച്ച് മാത്രമാണ്. വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ആധികാരികമായ റെഫറന്‍സിന്റെ പിന്‍ബലത്തില്‍ പകര്‍പ്പവകാശ രഹിതമായ സ്വതന്ത്രവിവരങ്ങള്‍ മാത്രമേ ചേര്‍ക്കാവൂ എന്നതും കര്‍ശനമായി പാലിക്കപ്പെടേണ്ടതാണ്. ഇത്തരം അനേകം അവലംബങ്ങള്‍ ചേര്‍ത്തു കൊണ്ടുള്ള വിവരശേഖരമായാണ് വിക്കിപീഡിയയെ പരിഗണിക്കേണ്ടത്.


2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ തുടക്കം. 2006 ലാണ് ആയിരാമത്തെ ലേഖനം പിറക്കുന്നത്. 2009 ല്‍ ഇത് പതിനായിരവും 2013 മുപ്പതിനായിരവും കടന്നു. 50,000 ലധികം പേര്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കിലും മുന്നൂറുപേരോളമേ സജീവമുള്ളൂ. മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 21 അഡ്മിനുകളും 52 നിരീക്ഷക പദവിയിലുള്ളവരുമാണുള്ളത്. വിക്കിപീഡിയ ലേഖനങ്ങളുടെ കാര്യക്ഷമത നിശ്ചയിക്കുന്നത് അതിന്റെ ഡെപ്ത് നോക്കിയിട്ടാണ്. ഈ മാനദണ്ഡമനുസരിച്ച് ഇതര ഇന്ത്യന്‍ ഭാഷകളേക്കാള്‍ ലേഖനങ്ങളുടെ എണ്ണത്തില്‍ പിറകിലാണെങ്കിലും ഡെപ്്തില്‍ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ പല പ്രമുഖ ഭാഷാവിക്കിപീഡിയയെക്കാളും മുന്‍ നിരയിലാണ് ആ നിലക്ക് മലയാളം. വെബ്‌സൈറ്റുകളുടെ റാങ്കിങ് നിശ്ചയിക്കുന്ന ഔദ്വേഗിക ഏജന്‍സിയായ അലകസാ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മുന്‍ നിര സൈറ്റുകളിലൊന്നാണ് വിക്കിപീഡിയ.

en.wikipedia.org എന്നതാണ് ഇംഗ്ലീഷ് വിക്കിവിലാസം. ml എന്നത് മലയാളത്തിന്റെയും ar എന്നത് അറബിയുടെയും ur എന്നത് ഉറുദുവിന്റെയും കോഡാണ്. മാതൃവിക്കിപീഡിയയെ കൂടാതെയുള്ള മറ്റൊരു സംരംഭമാണ് 2 കോടിയോളം ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ എന്നിവയുടെ സ്വതന്ത്രശേഖരമായ commons.wikipedia.org. സ്വതന്ത്രമായ ചിത്രങ്ങള്‍ ആര്‍ക്കും ഇതിലേക്ക് സംഭാവന ചെയ്യാനാവും. നേരത്തെ പരാമര്‍ശിച്ച വിക്കി ഗ്രന്ഥശാലയെകുടാതെ വിക്കി പാഠശാല (ml.wikibooks.org) വിക്ക്ഷണറി (ml.wiktionary.org) വിക്കിചൊല്ലുകള്‍ (ml.wikiquote.org) എന്നിവയും അനുബന്ധ സൈറ്റുകളാണ്. 287 ലോകഭാഷകളില്‍ ഇപ്പോള്‍ വിക്കിപീഡിയ ലഭ്യമാണ്.

അംഗത്വം എടുക്കാന്‍ ഇമെയില്‍ വിലാസം മാത്ര നല്‍കിയാല്‍ മതിയാവും. തുടര്‍ന്ന് മലയാളത്തില്‍ എഴുതുവാന്‍ സൈറ്റിന് മുകള്‍ഭാഗത്ത് എഴുത്തുപകരണം അമത്തിയാല്‍ ഏതു കമ്പ്ൂട്ടറില്‍ നിന്നും മലയാളം സജ്ജമാക്കാം. ലേഖനത്തിന് മുകളില്‍ കാണുന്ന തിരുത്തുക എന്ന് ക്ലിക്ക് ചെയ്താല്‍ ലേഖനം തിരുത്താനാവും. സാങ്കേതി പരിജ്ഞാനങ്ങളൊന്നും ഇല്ലാതെ തന്നെ നേരിട്ട് ലേഖനം കണ്ട് തിരുത്താനുള്ള സംവിധാനം ഇപ്പോഴുണ്ട്. ആവശ്യമായ സഹായവും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്.


(മലയാളം വിക്കിപീഡിയ നിരിക്ഷകസേനാംഗ-patroller-മാണ് ലേഖകന്‍))
പ്രബോധനം: 20.09.2013 ൽപ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണരൂപം
മലപ്പുറം ബസപകടം: കയറേണ്ടത് ഡ്രൈവർമാരുടെ മെക്കിട്ട് മാത്രമോ?

[മലപ്പുറത്തെ ബസപകടങ്ങള്‍; യഥാര്‍ത്ഥ പ്രതി ആര് ? ഈ ലേഖനം www.kvartha.com ൽ പ്രസിദ്ദീകരിച്ചു.]

ബഹുമാനപ്പെട്ട മുഖ്യമന്ത്രി...
താങ്കൾ ദുരന്ത സ്ഥലം സന്ദർശിച്ചുവല്ലോ...

മലപ്പുറം ജില്ല 

എട്ടു മാസം 
രണ്ടായിരത്തി മുന്നൂറ്റി എഴുപത്തിമൂന്നു അപകടം 
ഇരുനൂറ്റി ഇരുപത്തിമൂന്ന് മരണം 
പൂക്കീപ്പറമ്പ് കേരളം കണ്ട് ഏറ്റവും വലിയ ബസ് ദുരന്തം. താനൂർ...


ഒരാഴ്ച കഴിഞ്ഞില്ല...ഷോക്ക് വിട്ടുമാറും മുമ്പെ പിന്നെയും...അതേ ഷോക്കിൽ നിൽക്കെയാണ് തിരൂരിൽ സ്കൂൾ ബസ് മറിഞ്ഞു കുട്ടികൾക്ക് പരിക്കേറ്റ വാർത്ത കേള്ക്കുന്നത്....

വർദ്ദിച്ചു വരുന്ന ദുരന്തങ്ങൾക്ക് പിന്നിലുള്ള കാരണം ഒന്നൊന്നായി വന്നു കൊണ്ടിരിക്കുന്നു.
1.അമിതവേഗതം 2.ഡ്രൈവറുടെ അശ്രദ്ധ 3.മത്സരയോട്ടം 4. പെർമിറ്റ് പ്രശ്നം...ഇങ്ങിനെ പോവും. അതെല്ലാം പ്രശ്നം തന്നെ...അതെല്ലാം കർശനമായി നിയന്ത്രിക്കുകയും നടപടിയെടുക്കുകയും വേണം...
പ്രശ്നം അത് മാത്രമാണോ എന്നതാണിവിടുത്തെ പ്രശ്നം...
എന്തു കൊണ്ടാണ് മലബാറിൽ മാത്രം ഇത്ര അമിത വേഗതയും അപകടവും?
ഡ്രൈവറെയും അമിത വേഗതയെയും മാത്രം പഴിക്കാൻ വരട്ടെ...
അങ്ങയുടെ സാമ്രാജ്യത്വത്തിലെ ഒരു ഭാഗമാണ് മലപ്പുറവും മലബാറും...
ഇപ്പോഴും മലപ്പുറത്തിൽ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഉൾഭാഗങ്ങളിലേക്ക് ഈ തരം കുട്ടി ബസുകള് തന്നെ ശരണം. അതും ദിവസത്തിൽ മണിക്കൂറുകള് പിന്നിട്ട് മാത്രം വരുന്നവ...സ്വാഭാവികമായും കുത്തിക്കൊള്ളിച്ച് തന്നെ ആളുകളെ കയറ്റും....അല്ല ആളുകൾ കയറും...അതിൽ ഡ്രൈവർമാർ പലപ്പോഴും ചെറിയ ചെക്കന്മാരോ ഇടക്കെങ്കിലും വേണ്ട ലൈസൻസില്ലാത്ത കിളിച്ചെക്കന്മാരുമൊക്കെ വണ്ടി ഓട്ടും.

മരിച്ച സഹോദരിമാരെല്ലാം പട്ടിക്കാടെ പാരലൽ കോളേജ് കഴിഞ്ഞ് വരുന്നവരാണ് എന്നു കാണാം...ഇവർക്ക് പഠിക്കാൻ റെഗുലർ കോളേജും ഇല്ല.
ഇവിടെയും കുറെ മന്ത്രിമാരുണ്ടല്ലോ...ഗതാഗത മന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിയും എല്ലാം ഈ മലപ്പുറത്ത് കാര് തന്നെ എന്നതാണ് മറ്റൊരു സത്യം. ലോ ഫ്ലോറും ഹൈ ഫ്ലോറുമൊന്നും വേണ്ട..സർക്കാറിന്റെ കെ.എസ്.ആർ.ടി.സി. ബസൊക്കെ അങ്ങ് തിരുകൊച്ചിയിൽ മാത്രം കടന്ന് കറങ്ങട്ടെ...മലബാറിലുള്ള ഉൾ റൂട്ടിലൊക്കെ വല്ല മുതലാളിമാരും നാട്ടിലുണ്ടെങ്കിൽ അവരും പോക്കറ്റീന്ന് പൈസ ഇറക്കെ ആളുകളെ കയറ്റി പോട്ടെ...വണ്ടിയില്ലേൽ പോവും വേണ്ട..അല്ലേ ഇല്ല വണ്ടിയിലൊക്കെ കുത്തി ഞെരുക്കി അങ്ങ് പോവട്ടെ....
കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുന്നതിലും സര്‍ക്കാറിന് മലബാറിനോട് അവഗണന. വിവരാവകാശനിയമ പ്രകാരം കെ.എസ്.ആര്‍.ടി.സി നല്‍കിയ രേഖകളിലാണ് മലബാറിലെ പരിമിതമായ സര്‍വീസുകളെ കുറിച്ചുള്ള കണക്കുകള്‍.
സംസ്ഥാനത്താകമാനം 6,179 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇതില്‍ 4,496 ബസുകള്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് സര്‍വീസ് നടത്തുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലേക്ക് ആകെയുള്ളത് 1,683 സര്‍വീസുകള്‍ മാത്രം. തൃശൂര്‍-പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പെരിന്തല്‍മണ്ണ, വടകര, സുല്‍ത്താന്‍ ബത്തേരി, തലപ്പിള്ളി റൂട്ടുകളില്‍ യാത്രാക്ളേശം രൂക്ഷമായി തുടരുമ്പോഴാണ് സര്‍വീസുകളിലുള്ള ഈ അസമത്വം.
ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ മാത്രം 554 ബസുകളുടെ കുറവാണുള്ളത്.
കെ.എസ്.ആര്‍.ടി.സി ആര് വിചാരിച്ചാലും രക്ഷപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ പരിതപിക്കുമ്പോഴാണ് വടക്കന്‍ ജില്ലകളില്‍ സര്‍വീസ് നടത്തി സ്വകാര്യ ബസുകള്‍ ലാഭം കൊയ്യുന്നത്. 36 സീറ്റും 50 ലിറ്റര്‍ ഡീസല്‍ ക്ഷമതയുമുള്ള സ്വകാര്യ ബസുകള്‍ ഇവിടെ ദിവസം 4000 രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ട്.
എന്നാല്‍, കെ.എസ്.ആര്‍.ടി.സി നിരത്തുന്നത് നഷ്ടങ്ങളുടെ കണക്കാണ്. ഒരു കെ.എസ്.ആര്‍.ടി.സി ബസിന് 1,692 രൂപയാണ് പ്രതിദിന നഷ്ടം. 2010-2011 വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ മൊത്തം നഷ്ടം 381.62 കോടിയാണ്.
ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ 5,403 പേര്‍ക്ക് ഒരു ബസ് വീതമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി നല്‍കുന്നത്. ജനസംഖ്യാനുപാതികമായി 3,288 സര്‍വീസുകള്‍ നടത്തേണ്ടിടത്ത് 1,683 എണ്ണം മാത്രമാണ് മലബാറിലേക്ക് സര്‍വീസ് നടത്തുന്നത്. അവിടേക്ക് പുതിയതായി ഒരു സര്‍വീസും അനുവദിച്ചിട്ടില്ല.
തെക്കന്‍ ജില്ലകളില്‍ വേണ്ടത് 2,891 സര്‍വീസുകളാണെങ്കില്‍ 4,496 സര്‍വീസുകളാണ് അനുവദിച്ചത്. ജനസംഖ്യാനുപാതികമായി മലബാറിലെ ഓരോ ജില്ലകളിലേക്കുമുള്ള ബസുകളുടെ കുറവ് ഇങ്ങനെയാണ്. മലപ്പുറം-554, കോഴിക്കോട്-336, പാലക്കാട്-312, തൃശൂര്‍-187, കണ്ണൂര്‍-183, കാസര്‍കോട്-123. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് ബസുകള്‍ വടക്കന്‍ ജില്ലകളിലെ മിക്ക റൂട്ടുകളും പിടിച്ചടക്കിയിരിക്കുകയാണ്.
സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്താലും പണിമുടക്കിനാലും ഈ റൂട്ടുകളില്‍ ജനം വലയുന്നതും പതിവാണ്.ലോക്കല്‍ സര്‍വീസുകളൊന്നുമില്ലാത്ത മലബാറിലെ ജില്ലകളിലേക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. പുതുതായി 625 ചേസുകള്‍ വാങ്ങി 411 എണ്ണം ബോഡി കെട്ടി നിരത്തിലിറക്കിയപ്പോഴും ഒന്നും മലബാറിന് അനുവദിച്ചിട്ടില്ല. (മാധ്യമം 25.11.2012 വി സുധീറന്റെ റിപ്പോർട്ട്. LINK http://www.madhyamam.com/news/201795/121125)
കോഴിക്കോട് നിന്നും മഞ്ചേരി വഴി മണ്ണാർക്കാട്ടേക്കുള്ള മലബാറിലെ പ്രധാനമായ ഒരു സംസ്ഥാന പാതിയിൽ ഇന്നേവരെ ഒരു കെ.എസ്.ആർ.ടി.സി പോലുമില്ല. പല റൂട്ടിലും പേരിന് മാത്രമാണ് ഓടുന്നത്. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-വഴിക്കടവ് തുടങ്ങിയ പ്രധാന റൂട്ടുകളെ മാറ്റി നിർത്തിയാൽ മലപ്പറും ജില്ല യിലെ പൊതുവായ അവസ്ഥ ഇതാണ്. 
ഇവിടെ നികുതി തരുന്നത് എല്ലാവരും ഒരുപോലെയാണ്...അവകാശങ്ങളോ തോന്നിയപോലെ...മലബാറെന്താ കേരളത്തിലല്ലേ എന്നും ചോദിച്ച് ഉന്നയിച്ച് താങ്കളിരിക്കുന്ന സെക്രട്ടറിയേറ്റ് വരെ ഒരു ദിവസം ഉപരോധിച്ചെങ്കിലും ഇപ്പോ വിലപിക്കുന്ന മാധ്യമങ്ങളെയൊന്നും അന്ന് കണ്ടില്ല. ഇനി ആരേലും വല്ലതും വായ തുറന്ന് ചോദിച്ചാലോ മത തീവ്രവാദം...സാമുദായികത..ഒലക്കാപിണ്ണാക്ക്...
ഇനി പറയട്ടെ...ഇതിൽ യാഥാർഥ പ്രതികൾ അമിത വേഗതയിലോടുന്ന ഡ്രൈവർമാർ മാത്രമേ അതോ കാലങ്ങളായി അതിനുള്ള സാഹചര്യവും അനിവാര്യതയും അവഗണനയും സൃഷ്ടിക്കുന്ന സർക്കാരോ?
ആരാണ് യഥാർഥ പ്രതി?

ബ്ലോഗെഴുത്തുകള്‍:


മലയാളത്തില്‍ യൂണികോഡിന്റെ വ്യാപനത്തോടെയാണ് ബ്ലോഗെഴുത്തും സജീവമായത്. പത്രാധിപരുടെയോ പത്രോടമകളുടെയോ ഔദാര്യത്തിന് കാത്ത് നില്‍ക്കാതെ തന്നെ തനതായ ഭാഷയില്‍ ആശയപ്രാകശനം നടത്താമെന്നതാണ് ബ്ലോഗെഴുത്തിനെ വേറിട്ടു നിര്‍ത്തുന്നത്. പിടിച്ചു വലിക്കുന്ന തലക്കെട്ടുകളും വായന തുടങ്ങിയാല്‍ പൂര്‍്ത്തിയാക്കിപ്പോവുന്ന എഴുത്തു ശൈലിയും ലേ ഔട്ടുമാണ് ഒരോ ബ്ലോഗിനെയും വേറിട്ടു നിര്‍ത്തുന്നത്. പ്രശസ്തരായ ഒട്ടേറെ മലയാള ബ്ലോഗര്‍മാരുണ്ട്. ജനകീയമായ ബ്ലോഗുകള്‍ മിക്കതും സമകാലികമായ വിഷയങ്ങളിലുള്ള വിശകലനങ്ങളെ കൊണ്ട് നിറഞ്ഞതായിരിക്കും. ആക്ഷേപഹാസ്യ ശൈലിയും വിമര്‍ശനവും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരം ബ്ലോഗുകള്‍ക്ക് സന്ദര്‍ശകര്‍
പതിനായിരക്കണക്കിനുണ്ട്. ആയിരക്കണക്കിന് കമന്റുകള്‍ പോലും ലഭിക്കുന്നു. വൈജ്ഞാനിക ചര്‍ച്ചകള്‍, ആദര്‍ശ ചര്‍ച്ചകളും വിമര്‍ശനങ്ങളും മറുപടികളും, മാധ്യമനിരൂപണങ്ങള്‍, രാഷ്ട്രീയ വിശകലനങ്ങള്‍, സര്‍ഗപരമായ രചനകള്‍, പ്രത്യേക വിഷയങ്ങളിലുള്ള കുറിപ്പുകള്‍ മുതലായവയാണ് പൊതുവായ ബ്ലോഗുലകം.

സമകാലികബ്ലോഗുകളില്‍ വായനക്കാരുടെ സജീവ സാന്നിദ്ധ്യമുള്ള ഒരു ബ്ലോഗാണ് ബഷീര്‍ വള്ളിക്കുന്നിന്റെ vallikkunnu.com. വ്യാജമുടിയും ആത്മീയ ചൂഷണവുമായി ബന്്ധപ്പെട്ട് ശ്രദ്ധേയന്റെ (shradheyan.com)  ബ്ലോഗിലൂടെ നടത്തിയ വെള്ളിപ്പെടത്തലുകള്‍ ഏറെ ചര്‍്ച്ച ചെയ്യുപ്പെടുകയുണ്ടായി. ഇസ്ലാമിക വിമര്‍ശനം ഇസ്ലാമിക പ്രസ്ഥാന വിമര്‍ശനങ്ങള്‍ മുതലായവ നിരൂപണം ചെയ്യുന്ന ബ്ലോഗുകളാണ് സി.കെ. അബ്ദുല്ലത്തീഫിന്റെ jamaatheislami.blogspot.in,yukthivadikalumislamum.blogspot.in എന്നിവ. എന്‍.എം. ഹുസൈന്റെ ബ്ലോഗ് ഒരു സമയത്ത് ദീര്‍ഘമായ ധൈഷണിക സംവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. kinalur.com, tpmshameem.blogspot.in,  aneesudheen.blogspot.in,  basheerudheen.blogspot.in, absar.com, keelika.blogspot.in, abidtm.blogspot.in, abiteacher.blogspot.in, manavikanilapadukal.blogspot.in, lookavicharam.blogspot.in,bukkumpenayum.blogspot.in, sumayanam.blogspot.in, yoosufmuttanoor.blogspot.ae, mansoormaruppacha.blogspot.ae,  zubaidaidrees.blogspot.in, absarmohamed.com, vallithodika.blogspot.inmuktharuda.blogspot.in തുടങ്ങിയ ബ്ലോഗെഴുത്തുകള്‍ ബൂലോഗത്തെ അല്‍പം ചിലത് മാത്രം..

[ചില ബ്ലോഗുകൾ മാത്രമേ ഇവിടെയുള്ള പ്രസിദ്ധമായ പല ബ്ലോഗുകളുമില്ല..താഴേ കമന്റായി ഈ ലേഖനത്തിൽ ഉൾപ്പെടുത്തേണ്ട ബ്ലോഗുകൾ ചേർക്കുമല്ലോ...]