ആമയും മുയലും മത്സരം തുടരുന്നു ...


ആമയും മുയലും ഓട്ടപ്പന്തയം വെച്ച കഥ പ്രസിദ്ധമാണ്. ഓട്ടത്തിനിടയില്‍ മുയല്‍ ഉറങ്ങിപ്പോവുകയും ആമ വിജയിക്കുകയും ചെയ്യുന്നതാണ് കഥ. എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. അടുത്ത ദിവസം മുയല്‍ ആമയെ വീണ്ടും മത്സരത്തിനായി ക്ഷണിക്കുന്നു. തലേന്ന് ഉറങ്ങിപ്പോയതാണെന്നും ഇത്തവണ താന്‍ തന്നെ ജയിക്കുമെന്നും മുയല്‍ വീരവാദം മുഴക്കി. മൃഗങ്ങളെല്ലാം നോക്കി നില്‍ക്കെ മുയല്‍ വിജയിക്കുകയും ആമ തോല്‍ക്കുകയും ചെയ്തു. പക്ഷെ ആമ ബുദ്ധിമാനായിരുന്നു. വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അടുത്ത ദിവസം വീണ്ടും മുയലിനെ വെല്ലുവിളിച്ചു. ഏതു വരെ ഓടണമെന്ന് ആമ നിശ്ചയിച്ചു. എത്ര കുറവായാലും കൂടുതലായാലും താന്‍ തന്നെ ജയിക്കുമെന്ന് മുയലിന് ആത്മവിശ്വാസമുണ്ടായിരുന്നു. മത്സരം ആരംഭിച്ചു. മുയല്‍ മുമ്പില്‍ ഓടുകയാണ്. പക്ഷെ ഫിനിഷിങ് പോയന്റിലേക്ക് എത്തണമെങ്കില്‍ ഒരു പുഴ കടക്കണം. ആമ പതിയെ വന്ന് പുഴയും കടന്ന് ഒന്നാമതെത്തി. കഥ തല്‍കാലം ഇവിടെവെച്ച് അവസാനിപ്പിക്കാം. പക്ഷെ ആമക്കും മുയലിനും തങ്ങളുടെ പരിമിതികളെ അതിജയിക്കാനാവുന്നില്ല. സ്വന്തം പിരമിതികളെ മറികടക്കലാണ് പരസ്പര സഹവര്‍ത്തിത്വത്തിലൂടെ സാധ്യമാവുന്നത്. അതായിരുന്നു കഥയുടെ രണ്ടാം ഭാഗത്ത് ആമയും മുയലും സ്വീകരിച്ചത്. അഥവാ രണ്ട് പേരും മത്സരിക്കാനെത്തിയിരിക്കുന്നു. എല്ലാവരും നോക്കി നില്‍ക്കേ സ്റ്റാര്‍ട്ടിങ് പോയന്റില്‍ വിസില്‍ മുഴങ്ങി. ആമ മുയലിന് പുറത്ത് കയറി. പുഴക്കരയിലെത്തിയപ്പോള്‍ മുയല്‍ ആമയുടെ പുറത്തും കയറി രണ്ട് പേരും ഓരേ സമയം വിജയിച്ചു.!

മനുഷ്യരെല്ലാം സഹോദരരാണ്. ജീവിതത്തിന്റെ അനിവാര്യമായ ഘട്ടങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടുള്ള സഹകരണം ആവശ്യമായി വരും. ഒരാള്‍ക്ക് ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാന്‍ സാധിക്കുകയില്ല. കാരണം മനുഷ്യന്‍ പ്രകൃത്യാതന്നെ ഒരു നാഗരികജീവിയാണ്.
മനുഷ്യന്‍ സാമൂഹികജീവിതത്തില്‍ മൂന്ന് തലത്തിലാണ് ആളുകളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒന്നാമത്തേത് മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന ആശ്രയത്വ (Dependent ) ഘട്ടമാണ്. ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലുമെല്ലാം നാം മറ്റുള്ളവരുടെ ആശ്രയത്വത്തിലാണ് കഴിയുന്നത്. യുവത്വത്തിലേക്ക് കടക്കുന്നതോടെ സ്വതന്ത്ര (independent) ന്മാരായിത്തീരുകയും ആരെയും ആശ്രയിക്കാതെ ജീവിക്കാവുന്ന സാഹചര്യമാകുന്നു. ആരും നമ്മെ ആശ്രയിക്കുന്നില്ലെന്ന തോന്നല്‍ സ്വാതന്ത്രത്തിന് നിറം പകരുന്നു. എന്നാല്‍ വിവാഹം, സന്താനങ്ങള്‍ എന്നിവ വന്നെത്തുന്നതോടെ നാം പരസ്പരാശ്രിതര്‍ (interdependent) യിത്തീരുന്നു. ഈ ഘട്ടത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നതോ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നതോ സാമൂഹിക ജീവിതത്തില്‍ ഭൂഷണമല്ല. ഇവിടെയാണ് സഹവര്‍ത്തിത്വജീവിതത്തിന്റെ പ്രസക്തി.
ഈ രീതിയില്‍ പരസ്പര സഹവര്‍ത്തിത്വം കാര്യക്ഷമമാകുമ്പോഴാണ് നീതി പൂര്‍വമായ സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കപ്പെടുന്നത്. നമസ്‌കാരത്തിനായി സമൂഹത്തിന്റെ ഓരോ തട്ടിലുള്ളവരുമായും അണിയണിയായി തോളോട് തോള്‍ ചേര്‍ന്ന് നില്‍കുമ്പോള്‍ വിളംബരം ചെയ്യുന്നത് ഈ സമത്വസന്ദേശമാണ്. സകാത്തിലൂടെയും സ്വദഖയിലൂടെ സാമ്പത്തിക അസമത്വത്തിന്റെ വേരറുക്കപ്പെടുന്നു. എത്ര വലിയ വിഭവങ്ങള്‍ക്കുടമയാണെങ്കിലും പട്ടിണികിടക്കുന്ന മനുഷ്യന്റെ വിശപ്പ് നീ അനുഭവിച്ചറിഞ്ഞേ പറ്റൂ എന്നാണ് എല്ലാ വര്‍ഷത്തെയും നോമ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത്. ഹജ്ജിന്റെ വിളംബരം ദേശ ഭാഷ വര്‍ണ്ണ ലിംഗ വിവേചനത്തിന്റെ ഏതെല്ലാം വേലിക്കെട്ടുകള്‍ സമൂഹത്തില്‍ നിലനില്‍കുന്നുണ്ടോ അതിനെയെല്ലാം പൊട്ടിച്ചെറിയുന്നു.
ഭൗതികമായ ഏതൊരു വിഷയമെടുത്താലും ഈ സഹവര്‍ത്തിത്വം കാണാനാവും. ജോലിയും കച്ചവടവും വിവാഹവും യാത്രയും യുദ്ധവും പ്രതിരോധവുമടക്കം വ്യത്യസ്തങ്ങളായ സാമൂഹിക ഇടപാടുകളെല്ലാം അതിന്റെ ഭാഗമാണ്. 
ഇനി മതപരമായ നമസ്‌കാരമോ ഹജ്ജോ മറ്റ് അധ്വാന പരിശ്രമങ്ങളോ ആയിരുന്നാലും ഇതര ആളുകളുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കാര്യമാണ്. അത് സാമൂഹികമായി നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. 
മാനുഷിക ബന്ധങ്ങള്‍ രണ്ട് തരത്തില്‍ കാണാവുന്നതാണ്. കുടുംബബന്ധം, വൈവാഹിക ബന്ധം, പങ്കാളിത്തബന്ധം, സൗഹൃദ ബന്ധം, അയല്‍ ബന്ധം തുടങ്ങിയ ദീര്‍ഘകാലം നിലനില്‍കുന്ന ബന്ധമാണ് അതില്‍ ഒന്നാമത്തേത്. അങ്ങാടിയിലോ യാത്രാവേളകളിലോ ഉണ്ടാവുന്ന കാര്യകാരണബന്ധങ്ങളാണ് മറ്റൊന്ന്. അതാവട്ടെ പെട്ടെന്ന് അവസാനിച്ചു പൊവുകയും ചെയ്യുന്നു.
വിപരീതരീതിയിലുള്ള രണ്ട് തരം ബന്ധങ്ങളും കാണാവുന്നതാണ്. സഹവര്‍ത്തിത്വത്തിന്റെയും പരസ്പര സഹായത്തിന്റെയും ബന്ധങ്ങളാണ് അതിലൊന്ന്. മറ്റൊന്ന് അകല്‍ച്ചയുടെയും ശത്രുതയുടെയും വൈരാഗ്യത്തിന്റെയും ബന്ധമാണ്. 
ഇത്തരം ശത്രുതാപരമായ സമീപനങ്ങളില്‍ നിന്ന് വിട്ടു നില്‍കുകയും അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്യണമെന്ന് അല്ലാഹു അഹ്വാനം ചെയ്യുന്നു:
“സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടുകക്ഷികള്‍ പരസ്പരം കലഹിക്കാനിടയായാല്‍, അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. അവരിലൊരു കക്ഷി മറുകക്ഷിയോട് അതിക്രമം ചെയ്യുന്നുവെങ്കില്‍ അതിക്രമം ചെയ്യുന്നവരോടു പടവെട്ടുവിന്‍, അവര്‍ അല്ലാഹുവിന്റെ വിധിയിലേക്കു തിരിച്ചുവരുന്നതുവരെ. അങ്ങനെ തിരിച്ചുവന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. നീതി പാലിക്കുവിന്‍. നിശ്ചയം, അല്ലാഹു നീതിമാന്‍മാരെ സ്‌നേഹിക്കുന്നു.” (49:9)
വിശ്വാസികള്‍ പരസ്പരം സഹോദരന്‍മാരാണെന്നും പരസ്പര ബന്ധങ്ങള്‍ക്കിടിയില്‍ നിങ്ങള്‍ നന്മ വരുത്തണമെന്നും അല്ലാഹു പറയുന്നു. “വിശ്വാസികള്‍ പരസ്പരം സഹോദരന്മാര്‍ തന്നെയാകുന്നു. അതിനാല്‍, നിങ്ങളുടെ സഹോദരന്മാര്‍ക്കിടയില്‍ ബന്ധങ്ങള്‍ നന്നാക്കുവിന്‍. അല്ലാഹുവിനോട് ഭക്തിയുള്ളവരാവുകയും ചെയ്യുവിന്‍. നിങ്ങള്‍ അനുഗ്രഹിക്കപ്പെടുമെന്നാശിക്കാം.” (49:10)
ഈ പരസ്പര സഹവര്‍ത്തിത്വം ഇല്ലാതായി പോവുന്ന ഘടങ്ങളെ നമ്മില്‍ നിന്നും പിഴുതു കളയേണ്ടതും അനിവാര്യമാണ്. 
“അല്ലയോ വിശ്വസിച്ചവരേ, പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നുവരാം. സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ പരിഹസിക്കുന്ന സ്ത്രീകളെക്കാള്‍ ശ്രേഷ്ഠകളായെന്നു വരാം. പരസ്പരം അവഹേളിക്കരുത്. ദുഷ്‌പേരുകള്‍ വിളിക്കയുമരുത്. വിശ്വാസം കൈക്കൊണ്ടശേഷം ദുഷ്‌പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രെ. ഈ ദുശ്ശീലത്തില്‍നിന്നു പിന്തിരിയാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു.” (49:11)
“അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.”(49:12)
വിശ്വാസികളെ കുറിച്ച് സദ്വിചാരം കാത്തു സൂക്ഷിക്കണമെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആളുകളെ കുറിച്ച് നിഷേധാത്മകമായ നിലപാട് സൂക്ഷിക്കുകയെന്നത് വിശ്വാസികള്‍ക്ക് അനിവാര്യമായ കാര്യമാണ്. ഖുര്‍ആന്‍ പറയുന്നു. “ഈ വര്‍ത്തമാനം കേട്ടമാത്രയില്‍ത്തന്നെ, വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും തങ്ങളെക്കുറിച്ച് നല്ലതു തോന്നുകയും ഇതു കെട്ടിച്ചമച്ച അപവാദമാണെന്ന് പറയുകയും ചെയ്യാതിരുന്നതെന്ത്?” (24:12)
ദൈവമാര്‍ഗത്തിലേക്കുള്ള ക്ഷണം നന്മകാംക്ഷിച്ചും മാന്യവായ വാക്കുകൊണ്ടും ആയിരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ സംവാദം നടത്തണം. സദുപദേശത്തോടെയും അടിയുറച്ച വിശ്വാസത്തോടെയും നൈര്‍മല്യം കാത്തു സൂക്ഷിച്ചാവണം അത് നിര്‍വഹിക്കേണ്ടത്. കഠിനവും പരുക്കസ്വഭാവവുമുള്ള ശൈലി സ്വീകരിച്ച് ആളുകളെ പ്രയാസപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്ന ശൈലിയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കണ്ടതുമുണ്ട്. 
പ്രവാചകന്‍ (സ)യുടെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു. പ്രവാചക ജീവചരിത്രം സാമൂഹിക സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കാര്യത്തില്‍ ഉത്തമമായ മാതൃകയാണ്.