ഹിജാബിനും ഒരു ദിനം വരുമ്പോൾ...


hijabഇസ്‌ലാമിക വേഷവിധാനം ഭീകരതയുടെ പ്രതീകമായ കാലത്ത് നിന്നും അതേ വേഷം ധരിച്ച സ്ത്രീ വിപ്ലവത്തിന്റെ പ്രതീകമായി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി പ്രഖ്യാപിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അംഗീകാരം ഏറ്റുവാങ്ങാനായി നോബല്‍ സമ്മാനവേദിയില്‍ ഇസ്ലാമിക വേഷവിധാനത്തോടെ സ്ത്രീ പ്രത്യക്ഷപ്പെടുന്നു. തവക്കുല്‍ കര്‍മാന്‍, യിവോണ്‍ റിഡ്‌ലി, ഇഗ്രിഡ് മാറ്റ്‌സണ്‍, നജ്‌ല അലി മഹ്മൂദ്, ഫാത്തിമ നബീല്‍, അസ്മ മഹ്ഫൂസ്, കമലാ സുരയ്യ ഇങ്ങനെ തുടരുന്നു അവരുടെ പട്ടിക.
ഈ പശ്ചാത്തിലാണ് 2012 സെപ്തംബര്‍ 4 അന്താരാഷ്ട്ര ഹിജാബ് ഐക്യഡാര്‍ഢ്യദിനം വന്നെത്തുന്നത്. ഫ്രാന്‍സിലെ കലാലയങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ ദിനത്തെയാണ് ഇത് അനുസ്മരിക്കുന്നത്. ലോകത്ത് ആദ്യമായി ഇസ്‌ലാമിക ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ രാജ്യത്ത് പൂര്‍ണ്ണമായും ഇസ്‌ലാമിക ഹിജാബ് ധരിച്ച വനിതക്ക് ഔദ്വേഗിക സ്വീകരണമൊരുക്കുന്നു എന്നത് ചരിത്രത്തിന്റെ എതിര്‍നിയോഗമാണ്. കേരളത്തില്‍ എന്തു കൊണ്ട് അടുത്തകാലത്തായി ഇസ്‌ലാമിക വേഷവിധാനം വര്‍ദ്ധിച്ചു വരുന്നുവെന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലിന്ന് സജീവ ചര്‍ച്ചയാണ്. കേരളീയ പശ്ചാത്തലത്തില്‍ പര്‍ദ്ദയെ കുറിച്ച് അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകളും സജീവമായിക്കൊണ്ടിരിക്കുകയാണ്.



അടുത്ത കാലത്തായി ഹിജാബ് കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മെഡിക്കല്‍ കോളേജുകള്‍ കണ്ടപ്പോള്‍ അറബിക്കോളേജോ എന്ന് സംശയിച്ചതായി ഈയിടെ ഒരു എഴുത്തുകാരന്‍ പറഞ്ഞത് ചര്‍ച്ചയാവുകയുണ്ടായി. പൊതുസമൂഹത്തിലും കാമ്പസുകളിലും ഇസ്‌ലാമിക വേഷവിധാനം അഭിമാത്തോടെയാണ് ഇന്ന് മുസ്‌ലിം സ്ത്രീകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. മുന്‍കാലത്തേക്കാള്‍ വിദ്യാഭ്യാസപരമായി സമൂഹത്തില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം ഉയര്‍ന്നത് ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാധ്യമാവുന്ന എല്ലാ പഠന സേവന മേഖലകളിലും ആത്മവിശ്വാസത്തോടെ അവര്‍ക്കിന്ന് കയറിച്ചെല്ലാനാവുന്നതും വ്യക്തിത്വത്തില്‍ അവര്‍ക്ക് നേടിയെടുക്കാനായ ഈ വികാസത്തിലൂടെയാണ്.
ആഗോളതലത്തില്‍ ഇസ്‌ലാമിക വേഷത്തോടെ തന്നെ സാധ്യമാവുന്ന എല്ലാ പടവുകളും കീഴടക്കിക്കൊണ്ട് മുസ്‌ലിം സ്ത്രീകളുടെ സജീവസാന്നദ്ധ്യം നിലനില്‍ക്കുന്ന ഇറാനും ഈജിപ്തും മിഡ്‌ലീസ്റ്റും കേരളതലമുറയിലും ആവേശം നല്‍കികൊണ്ടിരിക്കുന്നു. സോഷ്യല്‍മീഡിയയും വിവരസാങ്കേതിക മേഖലയിലും ഈ ആവേശത്തിന് ആക്കം കൂട്ടുന്നുണ്ടാവാം. ഒരു വശത്ത് നമ്മുടെ കേരളീയതനിമയിലുള്ള മാന്യമായ പൊതുവേഷവിധാനങ്ങള്‍ പോലും പാശ്ചാത്യവല്‍ക്കരിച്ച് അശ്ലീലമായിക്കൊണ്ടിരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഇസ്‌ലാമിക വേഷവിധാനങ്ങളിലേക്ക് അടുക്കാതിരിക്കാനും ഇസ്‌ലാമിക വിശ്വാസിനികള്‍ക്കിന്നാവില്ല.
ഒരു കാലത്ത് കാമ്പസുകളില്‍ സ്‌കാര്‍ഫ് ധരിച്ചെത്തുന്നത് വല്ലാതെ മതകീയ പശ്ചാത്തലത്തില്‍ ജീവിച്ചവരോ നിര്‍ബന്ധിതാവസ്ഥയിലോ ഒക്കെയായിരുന്നു. ഉല്‍പതിഷ്ണുവിഭാഗത്തില്‍ നിന്നും ആദ്യകാലത്ത് ഇസ്‌ലാമിക വേഷംധരിച്ചവരെ പരിഹസിക്കുന്ന കാലവും ഒരു കാലത്ത് കേരളത്തില്‍ കഴിഞ്ഞു പോയിരുന്നു. കുട്ടികളെ പേടിപ്പിക്കുന്ന 'കോതാമ്പി' എന്ന് പറഞ്ഞ് അരീക്കോട്ടെ ആയിശയുമ്മയെ ആളുകള്‍ വിളിച്ചിരുന്നുവത്രെ. അടുത്ത കാലം വരെ തലയില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന ഷാളുകളായിരുന്നു കോമണ്‍ വേഷം. അന്ന് അല്‍പം അപകര്‍ഷതയോടെയായിരുന്നു പെണ്‍കുട്ടികള്‍ ധരിച്ചിരുന്നതെങ്കില്‍ ഇന്ന് അത് അഭിമാനത്തോടെ തന്നെ ധരിക്കാന്‍ തയ്യാറാവുന്നു.
മറ്റെല്ലാ വസ്ത്രരംഗത്തെന്ന പോലെ പര്‍ദ്ദയുടെയും മഫ്തയുടെയും മേഖലയിലും പുതിയ ട്രെന്റുകളും ഫാഷനുകളുമിന്ന് കടന്നുവന്നതും പര്‍ദ്ദ ജനകീയമാവാന്‍ കാരണമായി എന്നതാണ് സത്യം. പലപ്പോഴും ഇസ്‌ലാം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ നിന്നും പരിധിവിടുന്ന സ്റ്റൈലുകളടക്കം ഈ മേഖലയിലും വന്നു. ഒരു പക്ഷെ ഈയിടെ ചില സാമുദായിക രാഷ്ട്രീയവനിതാ പ്രതിനിധികള്‍ വിവര്‍ശിച്ച പര്‍ദ്ദകള്‍ ഈ തരത്തിലുള്ളതാവാം. മഫ്തകള്‍ പലതും ഇന്ന് മുകളിലേക്ക് ചേര്‍ത്ത് കെട്ടി കഴുത്തും മാറും പുറത്തു കാണിക്കുന്ന തരത്തില്‍ വരെ ധരിക്കുന്ന സാഹചര്യം വന്നു. പ്രത്യേക നിറമോ തരമോ വേണമെന്ന് ഇസ്‌ലാം പറയുന്നില്ല. മുന്‍ കൈയും മുഖവും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറക്കുന്നതോടൊപ്പം നിമ്‌നോന്നതികള്‍ പുറത്തു കാണിക്കുന്ന തരത്തിലോ ഇടുങ്ങിയതോ സുതാര്യമായതോ ആവരുത് എന്നതാണ് ഇസ്‌ലാമിക നിബന്ധന. 

ഹിജാബിന് പിന്നില്‍ പുരുഷാധിപത്യത്തിന്റ സമ്മര്‍ദ്ധ തന്ത്രമാണെന്ന വാദത്തെ ആത്മാഭിമാനത്തോടെ തള്ളിക്കളയുന്ന പുതിയ പെണ്‍തലമുറയാണിന്ന്. നോബല്‍ സമ്മാന ജേത്രിയായ തവക്കുല്‍ കര്‍മാനോട് എന്ത് കൊണ്ട് നിങ്ങള്‍ ഹിജാബ് ധരിക്കുന്നു, അത് എങ്ങനെ നിങ്ങളുടെ ബുദ്ധിയോടും വിദ്യാഭ്യാസത്തോടും യോജിക്കുന്നു എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “ആദ്യ കാലത്ത് മനുഷ്യന്‍ നഗ്‌നനായിരുന്നു, അവന്റെ ബുദ്ധി വികസിച്ചപ്പോള്‍ അവന്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഞാനും എന്റെ വസ്ത്രധാരണയും പ്രതിനിധീകരിക്കുന്നത് മനുഷ്യന്‍ ആര്‍ജിച്ച ഏറ്റവും ഉന്നതമായ സംസ്‌കാരത്തെയാണ്. മനുഷ്യന്‍ വീണ്ടും നഗ്‌നത ആവേശിക്കുന്നത് പുരാതന കാലത്തേക്കുള്ള മടക്കമാണ് സൂചിപ്പിക്കുന്നത്.”
അഭിമാനത്തിന്റെ ഇസ്‌ലാമിക വേഷവിധാനങ്ങള്‍ക്ക് പിന്തുണയുയര്‍ത്തുന്ന ഈ ദിനത്തില്‍ ഒരായിരം വിപ്ലവ ഐക്യദാര്‍ഢ്യത്തോടെ…