ഖുര്‍ആന്‍-ശാസ്ത്രം പുതിയ വായനകള്‍

ചെറുകായയുടെ തോടിനുള്ളില്‍ നാമെല്ലാം ഒതുക്കപ്പെട്ടിരിക്കുകയാണെങ്കിലും അനന്തമായ ഈ പ്രപഞ്ചത്തിന്റെ രാജാക്കന്മാരായി നാം ഭാവിക്കുന്നു.' ഷേക്‌സ്പിയറിന്റെ ഹാംലെറ്റിലെ ഈ സംഭാഷണത്തില്‍ നിന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ് യൂനിവേഴ്‌സ് ഇന്‍ എ നട്ട്‌ഷെല്‍ എന്ന പുസ്തകത്തിന്റെ പേര് കടമെടുത്തത്. മനുഷ്യന്റെ അറിവ് ഇത്രയൊക്കെ പരിമിതമായിട്ടും അവന്റെ അഹങ്കാരത്തിന് യാതൊരു പരിധിയും ഇല്ല!! 
ശാസ്ത്ര ജേണലുകളിലും സൈറ്റുകളിലും കാണുന്ന വാര്‍ത്തകളും വിവരണങ്ങളും അപ്പടി വിഴുങ്ങണമെന്നതാണ് പുരോഗമനവാദത്തിന്റെ ലക്ഷണം. ശാസ്ത്രത്തിന്റെ ലേബലില്‍ എന്ത് അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടാലും മതവിശ്വാസങ്ങളെ മാത്രമേ പിന്തിരപ്പത്തമായി കാണാറുള്ളൂ. ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു സ്രഷ്ടാവില്ലെന്നും പ്രപഞ്ചം തനിയെ ഉണ്ടായതാണെന്നുമുള്ള വാദങ്ങള്‍ ശാസ്ത്രീയമായിത്തീരുന്നതും മറിച്ചുള്ളതെല്ലാം മതയാഥാസ്ഥിതിക ചിന്തയായി മാറുന്നതും അങ്ങനെയാണ്. ഈ ബോധത്തെ പൊളിച്ചെഴുതുകയാണ് പ്രഫ. പി.എ വാഹിദ് തന്റെ ഖുര്‍ആനും ശാസ്ത്രവും നാസ്തിക സിദ്ധാന്തവും എന്ന പുസ്തകത്തിലൂടെ.
ഖുര്‍ആന്‍-ശാസ്ത്ര ഗവേഷണങ്ങളെ പല രീതികളില്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള രചനകള്‍ മലയാളത്തിലുണ്ട്. അവയില്‍ പലതും അവകാശവാദങ്ങള്‍ക്കപ്പുറം യുക്തിചിന്തയെ ഉണര്‍ത്തുന്നവയോ പ്രബോധനപരമോ അല്ല. ഈ ഖുര്‍ആന്‍-ശാസ്ത്ര വിശകലനങ്ങളില്‍ മനംമടുത്തവര്‍ അത്തരം വിഷയങ്ങളോട് പൂര്‍ണമായും പുറംതിരിഞ്ഞ് നില്‍ക്കുന്നതും കാണാം. മതവും ശാസ്ത്രവും രണ്ടായി പോവണമെന്ന് അഭിപ്രായമില്ലെങ്കിലും ഖുര്‍ആനും ശാസ്ത്രവും തമ്മിലുള്ള ഗവേഷണങ്ങളെ ഒരു രണ്ടാംതരം ഏര്‍പ്പാടായി കാണുന്നവര്‍ ധാരാളമാണ്. ഖുര്‍ആന്‍ ദൈവികമാണ് എന്ന പോലെ തന്നെ ശാസ്ത്രവും ദൈവികമാണ് എന്ന ആശയത്തിലൂന്നി നിന്നു കൊണ്ട് ഖുര്‍ആനിലെ ശാസ്ത്ര സൂചനകളെ ആധുനിക ശാസ്ത്രവുമായി താരതമ്യം ചെയ്ത് അവതരിപ്പിക്കുന്ന രീതിക്ക് പുതുമയുണ്ട്.
'ശാസ്ത്രം ഇന്ന് കണ്ടെത്തിയതൊക്കെ ഞങ്ങളുടെ ഖുര്‍ആനില്‍ പണ്ടേ പറഞ്ഞതാണ്' എന്ന മട്ടിലുള്ള വിശകലനരീതിക്ക് പകരം ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ദൈവിക ഗ്രന്ഥത്തെയും അതിന്റെ കര്‍ത്താവിനെയും അപഗ്രഥിക്കാനുള്ള വഴി തുറക്കുകയാണീ ഗ്രന്ഥത്തില്‍. അതേ സമയം ശാസ്ത്രം ഇനിയും ചെന്നെത്തിയിട്ടില്ലാത്തതും സ്ഥിരീകരിച്ചിട്ടില്ലാത്തതും ശാസ്ത്രദര്‍പ്പണത്തിന് പുറത്തുള്ളതുമായ ഖുര്‍ആനികാശയങ്ങളെയും പരിചയപ്പെടുത്തുന്നുമുണ്ട്.
പുസ്തകത്തില്‍ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയം ആധുനിക ശാസ്ത്രം ഏറെ കൊട്ടിഘോഷിച്ച ജിനോം പ്രോജക്ടിനെ കുറിച്ചാണ്. ജിനോം ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയായി പരിചയപ്പെടുത്തുമ്പോഴും ജീന്‍ എന്താണെന്ന് നിര്‍വചിക്കാന്‍ ഇന്നുവരെ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം. ജീനിനെ കുറിച്ചുള്ള വിശകലനത്തില്‍ അത് അഭൗതികമായ പ്രതിഭാസമായി വരുന്നതിനാണ് സാധ്യതയേറെയുള്ളത്. ആ രീതിയില്‍ അതിനെ വിശദീകരിച്ചവരും ഉണ്ട്. എന്നാല്‍, അത് അംഗീകരിക്കുകയാണെങ്കില്‍ ദൈവിക സാന്നിധ്യത്തെ അത് അടയാളപ്പെടുത്തും. ഈ ബയോ സോഫ്ട്‌വെയറിനെ ഖുര്‍ആനിക പ്രയോഗമായ റൂഹുമായി ബന്ധപ്പെടുത്തി ലേഖകന്‍ അവതരിപ്പിക്കുന്നു.
ഏതൊരു കാര്യവും ശാസ്ത്രീയമാണെന്ന് പറയണമെങ്കില്‍ പരീക്ഷണത്തിന് വിധേയമാക്കി അത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ സാധിക്കണം. അതു കൊണ്ട് തന്നെ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ശാസ്ത്ര-ചരിത്ര-പ്രവചന മാനങ്ങളുള്ള വചനങ്ങളെ സ്ഥിരീകരിക്കപ്പെട്ട ശാസ്ത്ര കണ്ടെത്തലുമായി വിലയിരുത്തി തെറ്റാണെന്ന് തെളിയിക്കാവുന്നതാണ്. അതേ മാനദണ്ഡം ഉപയോഗിച്ച് ദൈവത്തെ ശാസ്ത്രീയമായി നിരാകരിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ശാസ്ത്രീയമായി ഖണ്ഡിക്കാനാവുന്ന ഖുര്‍ആനിക വെളിപാടുകളെ ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്നുണ്ട്. പ്രപഞ്ചോല്‍പത്തിയെ കുറിച്ചും പ്രപഞ്ച വികാസത്തെ കുറിച്ചും സൗര-ചാന്ദ്ര സവിശേഷതകളെ കുറിച്ചും ഗോള ചലനങ്ങളെ കുറിച്ചുമെല്ലാം ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ വിശകലനം ചെയ്യുന്നു. എന്നാല്‍, ഒരു വചനവും ഖണ്ഡിക്കാന്‍ കഴിയാത്തതിനാല്‍ തന്നെ അത് ശാസ്ത്രീയമാവുന്നു. അതിലൂടെ ദൈവ വിശ്വാസവും യുക്തിപരമാവുന്നു. എന്നാല്‍, നിരീശ്വരത്വം പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രം നിരാകരിക്കുന്നതാണ്. ഖുര്‍ആനിന് എതിരായിട്ടുള്ള ശാസ്ത്ര സിദ്ധാന്തങ്ങള്‍ തള്ളപ്പെടുകയോ വിവാദമായി തുടരുകയോ ചെയ്യുന്നു എന്നിടത്താണ് ഗ്രന്ഥത്തിന്റെ ഉപസംഹാരം.  ഏതൊരു ശാസ്ത്രകുതുകിക്കും സാധാരണക്കാരനും ഉള്‍ക്കൊള്ളാനാവും വിധം ലളിതമായ ഉദാഹരണങ്ങളിലൂടെ കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

പുസ്തകം സുഹൈറലി തിരുവിഴാംകുന്ന്‌

'ചെറുകായയുടെ തോടിനുള്ളില്‍ നാമെല്ലാം ഒതുക്കപ്പെട്ടിരിക്കുകയാണെങ്കിലും അനന്തമായ ഈ പ്രപഞ്ചത്തിന്റെ രാജാക്കന്മാരായി നാം ഭാവിക്കുന്നു