ഹർത്താൽ ദിനചിന്തകൾ



#രണ്ട് കാര്യം ഏത് നിമിഷമാണ് സംഭവിക്കുകയെന്ന് മുൻകൂട്ടി പറയാനാവില്ല. ഒന്ന്) മനുഷ്യന്റെ മരണം, രണ്ട് ) കേരളത്തിലെ ഹർത്താൽ!
#ഹർത്താൽ എന്നത് ഗുജറാത്തി പദമാണ്‌ ഹർ എന്നാൽ എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും താൽ എന്നാൽ പൂട്ട് എന്നുമാണർത്ഥങ്ങൾ. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹർത്താലിന്റെ അർത്ഥം.
#പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികർത്ഥത്തിൽ ഹർത്താൽ എന്ന് പറയുന്നത്.
#ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ച് ഭയം മൂലം അതിന്‌ നിർബന്ധിതമാവുകയാണ്‌ ചെയ്യുന്നത്. അതിനാൽ അവ ഭരണഘടനാപരമാണ്‌ എന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത് വെറും സാങ്കേതികം മാത്രമാണ്‌. ഇന്ന് രാഷ്ട്രീയപാർട്ടികൾ അവർ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമാവാനായി നിർബന്ധമായും ജനങ്ങളെ അതിൽ പങ്കെടുപ്പിക്കുന്നു.
#ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരാവശ്യങ്ങളിൽ നിന്നും മറ്റും ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ച് ഹർത്താലിൽ പങ്കെടുത്തു. പക്ഷെ, ഇന്നത്തെ ഹർത്താൽ?!
#ഹർത്താലുകൊണ്ട് നഷ്ടങ്ങളുടെ ഒരു പാട് കണക്കുകൾ നിരത്താനാവുമെങ്കിലും സദാ മലയാളി മനസ്സ് മാറാത്തിടത്തോളം കേരളത്തിൽ ഒരു ഹർത്താലും അവസാനിക്കാൻ പോവുന്നില്ല.
#രാഷ്ട്രീയ പാർട്ടികളാണ് ഹർത്താൽ നടത്തുന്നതെന്നൊക്കെ വെറുതെ പറയുന്നത്. ഓരോ മയാളിയുമാണ് ഹർത്താൽ നടത്തുന്നത്. ചിലരതിന് നേതൃത്വം നൽകുന്നുവെന്ന് മാത്രം
# കേരളത്തിൽ കുറച്ചു കാലം ഒരു പാർട്ടിയും ഹർത്താൽ പ്രഖ്യാപിച്ചെന്ന് വെക്കുക(സങ്കൽപിക്കുന്നതിൽ തെറ്റില്ലല്ലോ). പിറ്റേന്ന് ഹർത്താൽ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിയ പൊതുജനം ഒരു ഹർത്താലിന് ആഹ്വാനം ചെയ്യും.
#ലക്ഷോപലക്ഷം മലയാളികളുടെ ഒരു ദിവസം യഥാർഥത്തിൽ ലക്ഷോപലക്ഷം ദിവസങ്ങളല്ലേ. അഥവാ ഒരു ഹർത്താലിലൂടെ എത്ര ചോദ്യം ചെയ്യപ്പെടുന്ന അധ്വാനശേഷിയാണ് പാഴാക്കപ്പെടുന്നത്?
#വലിയ പ്രതീക്ഷയിൽ തീരുമാനിക്കപ്പെട്ട മകളുടെ വിവാഹം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നിൽക്കുമ്പോഴാണ് രംഗബോധമില്ലാത്ത കോമാളിയായി അവൻ വീണ്ടും വരുന്നത്. ആ രക്ഷിതാവിന്റെ മനസ്സൊന്ന് ആലോചിച്ചു നോക്കൂ...
#ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന ഹോസ്പിറ്റൽ കേസുകൾ. അതിനിരയായിത്തീരുന്നവരുടെയും മനസ്സുകളും ഓർക്കുക. ഹർത്താലിന്റെ ഈ ശാപം ആരിലാണ് ചെന്ന് പതിയുക.
#പണ്ടത്തെ ബന്ദ് നിരോധിച്ച് ഹർത്താലാക്കിയത് പേര് മാറ്റാനായിരുന്നില്ല. ബന്ദിൽ നിർബന്ധിതാവസ്തയുള്ളപ്പോൾ ഹർത്താലിൽ സ്വമേധയാ സഹകരണം മാത്രമേയുള്ള. അഥവാ ആരെങ്കിലും കടതുറന്നാൽ അത അടപ്പിക്കുന്നതും ആരെങ്കിലും വണ്ടിയോടിച്ചാൽ ടയറിലെ കാറ്റഴിച്ചു വിടുന്നതും പോക്കിരിത്തമാണ്.
#ഹർത്താലില്ലാതെ എന്ത് സമരം, എന്ത് രാഷട്രീയം,എന്ത് പ്രക്ഷോഭം എന്ന് ചോദിക്കുന്നവരുണ്ടാവാം. പക്ഷെ ഒരു പ്രക്ഷോഭങ്ങൾ നടത്തുകയും വിജയം കാണുകയും ചെയ്ത സോളിഡാരിറ്റി ഇന്നേ വരെ ഒരു ഹർത്താലിനും ആഹ്വാനം ചെയ്തിട്ടില്ല എന്നാണറിവ്.
#ഹർത്താൽ നടത്തുകയാണെങ്കിൽ അത് പൊതു താല്പര്യം മുൻ നിർത്തിയാവണം. അല്ലാതെ സ്വന്തം പാർട്ടിക്ക് പറ്റിയ തെറ്റിന് ജനങ്ങടെ മെക്കിട്ട് കേറിയിട്ടെന്ത് കാര്യം?
#കേരളം ഒരു ദിവസം സ്തംഭിച്ചാൽ പോലും, അതിലൂടെയുണ്ടാകുന്ന നഷ്ടത്തേക്കാളും വലിയ ഒരു ദുരന്തം സംഭവിച്ചെങ്കിൽ അത് ഒഴിവാക്കാൻ ആണ് ഒരു ഹർത്താലെങ്കിൽ ഒരു പക്ഷെ ജനം അതിൽ സഹകരിച്ചേക്കും. പക്ഷെ, അങ്ങിനത്തെ എത്ര ഹർത്താൽ നടന്നിട്ടുണ്ടാവും?
#ഇനി എന്തൊക്കെ വിളമ്പിയാലും നടക്കാനുള്ള ഹർത്താൽ നടക്കുക തന്നെ ചെയ്യും. പിന്നെ, ആലോചിക്കേണ്ടത് പിന്നെ ഹർത്താലിനെ ഉപയോഗപ്പെടുത്താമെന്നതാണ്. അങ്ങനെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഹർത്താലിന്റെ നഷ്ടം ഒരു പക്ഷെ നികത്താനാവും.
#ഹർത്താലും ടി.വി.കാണാനും വെള്ളമടിക്കാനും മാത്രമുള്ള ദിവസമായി മാറ്റാതിരിക്കുക.
#ഹർത്താലിന് ഒരു സവിശേഷതയുണ്ട്.ഞായറാഴ്ച ലിവുണ്ടായിട്ടും കാര്യമില്ല. സാദാ ദിവസത്തേക്കാൾ തിരക്കായിരിക്കും.  എന്നാൽ ഹർത്താലിൽ ഷെഡ്യൂൾഡ് ചെയ്തു വെച്ച ഒരു പരിപാടിയുണ്ടാവില്ല. സ്വാഭാവികമായും നാടുകളിൽ വിജ്ഞാന സദസ്സുകൾ, ക്ഷേമ പ്രവത്തനങ്ങൾ, ജനസേവന സംരംഭങ്ങൾ, സ്കോഡുകൾ, നാട്ടിലുളള അയൽ-കുടുംബ സന്ദർശനങ്ങൾ എന്നിവക്കെല്ലാം ഉപയോഗപ്പെടുത്താം.
#ഒരു പക്ഷെ വീട്ടിൽ തനിച്ചിരിക്കുന്ന ഭാര്യയും മക്കളും മാസത്തിലൊരു ഹർത്താലെങ്കിലുമുണ്ടാവണേ എന്ന് രഹസ്യമായി വല്ല നേർച്ചയും നേരുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കുടുംബത്തിൽ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഒരു പകലിൽ ചെലവഴിക്കുകയെന്നതും വലിയ കാര്യം തന്നെ.
# ഇന്നത്തെ ഹർത്താലൊരു റമദാനായതു കൊണ്ട് ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ട ഒഴിവുവേളയെന്ന നിലക്ക് തീർച്ചയായും പരലോകത്ത് നമുക്ക് അനുകൂലമായി സാക്ഷ്യം പറയുന്ന ഒരു ഹർത്താലായി ഇതും മാറേണ്ടതുണ്ട്...

പടച്ചവൻ കാക്കട്ടെ...