നിസ്‌കാരപ്പായ മടക്കി ഇടതുപക്ഷം മുഖ്യധാരയിലേക്ക്

മുസ്‌ലിംകള്‍ക്കായി ഒരു ആനുകാലികം കൂടി. പക്ഷെ ഇത് തുടങ്ങുന്നത് മുസ്‌ലിംസംഘടനയല്ല എന്നതാണ് പ്രത്യകത. ന്യൂനപക്ഷങ്ങള്‍ക്ക് വിശിഷ്യാ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാവുന്നുവെന്ന് ഇടതു പക്ഷം. ഇടതുപക്ഷത്തിന്റെ വകയായി ന്യൂനപക്ഷോദ്ധാരണത്തിന് വേണ്ടി 'മുഖ്യാധാര' യുടെ വരവോടെയായിരിക്കും ഇത് സാധ്യമാവുക. മുഖ്യധാരയിലേക്ക് വന്നാല്‍ 140 പേജുമായി പുതുമയോടെ ഒരു ജേണല്‍ സ്വഭാവത്തില്‍ തന്നെയാണ് ത്രൈമാസികയുടെ കെട്ടും മട്ടും. പിണറായി വിജയന്‍, ഡോ. കെന്‍. പണിക്കര്‍, ഡോ. ബി. ഇഖ്ബാല്‍, ഡോ.കെ.കെ ഉസ്മാന്‍ ആലുവ, സി.കെ. അബ്ദുല്‍ അസീസ്, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ടി.ജമാല്‍ മുഹമ്മദ്, എ.പി. അബ്ദുല്‍ വഹാബ്, ഡോ. നൗഷാദ് പി.പി, ബഷീര്‍ മണിയംകുളം, അസ്ഗര്‍ അലി എഞ്ചിനീയര്‍ എന്നിവരുടെ ലേഖനങ്ങളുണ്ട്. കൂടാതെ മലബാര്‍ കലാപത്തെ കുറിച്ച് എ.കെ.ജി പറഞ്ഞതും പാലൊളി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പഠനവും ചേര്‍ത്തിരിക്കുന്നു. ന്യൂനപക്ഷവിഷയങ്ങള്‍ ഇടതു മതേതര ഫ്‌ളാറ്റ്‌ഫോമില്‍ ന്യായാന്യായ മാനദണ്ഡങ്ങളില്‍ മാറ്റുരച്ച് സത്യസന്ധമായി അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യധാര മലായാളത്തില്‍ പിറക്കുന്നതെന്ന് എഡിറ്റോറിയലില്‍ കെ.ടി. ജലീല്‍ എഴുതുന്നു. 

ഇസ്‌ലാമിന്റെ ഇടതുപക്ഷ വായന എന്നതാണ് ശ്രദ്ധേയമായ ഒരു ലേഖനം. അബൂദര്‍റുല്‍ ഗിഫാരിയെ ഇസ്‌ലാമിക ചരിത്രത്തില്‍ മാത്രമല്ല ലോകത്തെ തന്നെ ആദ്യ ഇസ്‌ലാമിക സോഷ്യലിസ്റ്റ് ആയാണ് ലേഖകന്‍ പരിചയപ്പെടുന്നത്. ഇസ്‌ലാം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിവരിച്ചത് കമ്മ്യൂണിസമായിരുന്നു. ഇസ്‌ലാമിക സോഷ്യലിസമായിരുന്നു. ലേഖനം അവസാനിക്കുന്നത് ഇപ്രകാരം. നീതിയുടെ, അവസര സമത്വത്തിന്റെ, കാരുണ്യത്തിന്റെ, മാനവികതയുടെ ദര്‍ശനമായ ഇസ്‌ലാം ഏതു പക്ഷത്ത് ചേരണം? വല്ലാത്ത ചോദ്യം തന്നെ. ലേഖകന്‍ തന്നെ വിവരിക്കുന്ന പ്രകാരം ഇസ്‌ലാമിന് സ്വന്തമായി തന്നെ സോഷ്യലിസ്റ്റ് ആശയാടിയത്തിറയാവുകയും ഖുര്‍ആന്‍ നീതിയുടെയും അവകാശത്തിന്റെയും നേര്‍രേഖയും പ്രവാചകനും അനുചരന്മാരും അതിന്റെ ധ്വജവാഹകരുമാണെങ്കില്‍ അവരുടെ അനുയായികള്‍ പിന്നെ വേറെ വല്ലവരോടും ചേരണോ? അവരോട് തന്നെ ചേര്‍ന്ന് നിന്ന് പ്രവചകന്റെയും ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും വക്താക്കളാവുകയല്ലേ വേണ്ടത്. അതോ ഇത്തരം മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ലോകത്ത് ഇത്രയും ശക്തമായി നിലനില്‍്ക്കുന്നുവെങ്കില്‍ പിന്നെ ഒന്നും രണ്ടും നൂറ്റാണ്ട് മുമ്പേ പൊട്ടിപ്പുറപ്പെട്ട കമ്മ്യൂണിസത്തിനെന്ത് പ്രസക്തി എന്നു ചോദിക്കുന്നതല്ലേ കൂടുതല്‍ കരണീയം. ഇസ്‌ലാം സോഷ്യലിസമാണ്, അതു കൊണ്ട് ഇന്നലെ വന്ന സോഷ്യലിസ്റ്റാവുക എന്നതാണോ, സോഷ്യലിസം ഇസ്‌ലാമിലുണ്ട് അതു കൊണ്ട് യഥാര്‍ഥ മുസ്‌ലിമാവുക എന്നതാണോ പ്രസക്തമായ ചോദ്യം. ലേഖനം മുഴുവന്‍ ശരിവെച്ച് അവസാനം ഇപ്രകാരം തിരിച്ചു ചോദിക്കാനാണ് തോന്നിയത്. നീതിയുടെ, അവസര സമത്വത്തിന്റെ, കാരുണ്യത്തിന്റെ, മാനവികതയുടെ ദര്‍ശനമായ കമ്മ്യൂണിസം ഏതു പക്ഷത്ത് ചേരണം?

ഇന്ത്യന്‍ മുസ്‌ലിംകള്‍ ബഹുമതസമൂഹത്തില്‍ എന്ന പേരിലുള്ള അസ്ഗറലി എഞ്ചിനീയറുടെ ലേഖനവും ഈ ലക്കത്തിലുണ്ട്. കഴിഞ്ഞ കാലത്ത് ഇന്ത്യാചരിത്രത്തില്‍ മുസ്‌ലിംസമൂഹം അനുഭവിച്ച പ്രശ്‌നങ്ങളും അവയുടെ സാമൂഹ്യ പ്രത്യാഘാതങ്ങളും കാരണങ്ങളും വിശകലനം ചെയ്യുന്നു. മുസ്‌ലിംകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഗണ്യമായ വിഭാഗമായിട്ടും സാമൂഹികരംഗത്ത് നിന്ന് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വര്‍ഗീയ ശക്തികളുടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ അവരില്‍ കണ്ടു വരുന്ന അരക്ഷിതാവസ്ഥയും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 

പിണറായിയുടെ കണ്ണൂര്‍ പ്രഭാഷണം ദേശാഭിമാനിയില്‍ ലേഖനമായി വന്നപ്പോള്‍ മാധ്യമത്തില്‍ എ.ആര്‍. മറുപടി എഴുതി. ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചാലേ ബാക്കിയുള്ള മുസ്‌ലിംസംഘടനകളെ മൊത്തത്തില്‍ പിന്തുണ ലഭിക്കൂ എന്നു തോന്നിയതു കൊണ്ടോ മുസ്‌ലിം സമൂദായത്തില്‍ വീക്ഷണങ്ങള്‍കൊണ്ടും കാഴ്ചപ്പാട് കൊണ്ടും വേറിട്ട് നില്‍ക്കുന്നുവെന്ന് പ്രഭഷകന്‍ തന്നെ മുമ്പൊരിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഘടനയില്‍ നിന്ന് ആരും ലഭിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടോ ആവോ? നേരത്തെ നടന്ന കണ്ണൂരിലെ ന്യൂനപക്ഷ കണ്‍വെന്‍ഷനിലും കോഴിക്കോട് നടന്ന പ്രകാശന ചടങ്ങിലെ മുഖ്യ ശത്രു ജമാഅത്തെ ഇസ്‌ലാമി ആയിരുന്നു. കോഴിക്കോടും അതാവര്‍ത്തിച്ചു. പിറ്റേന്ന തന്നെ മാധ്യമത്തില്‍ സി.ദാവൂദ് പിണറായിക്ക് മറുപടി എഴുതി. അതേ ദിവസം തന്നെ വര്‍ത്തമാനത്തിലും സമാന്തരമായ ഒരു ലേഖനം പിണറായിയെ ചോദ്യം ചെയ്തു കൊണ്ട് പ്രസിദ്ധീകരിച്ചു. പോപ്പുലര്‍ ഫ്രണ്ടിനോടില്ലാത്ത ശത്രുത പിണറായിക്ക് ജമാഅത്തിനോടെന്താണ് എന്ന് എത്ര ആലോചിച്ചിട്ടും തിരിയുന്നില്ലെന്ന് തേജസിലൂടെ കണ്ണനും ചോദിക്കുന്നു.

ആര്‍.എസ്.എസ് ചരിത്രത്തിലൂടെ
ആര്‍.എസ്.എസിന്റെ രക്തരൂക്ഷിത ചരിത്രത്തെ വായിക്കുകയാണ് അനുപമ ആര്‍. 1947 മുതല്‍ 2008 വരെ ആര്‍.എസ്.എസുകാര്‍ രാജ്യത്ത് നടത്തിയ വര്‍ഗീയകലാപങ്ങളുടെ ലിസ്റ്റും നേര്‍രേഖ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിലുണ്ട്. 1947 മാര്‍ച്ച് , ഓഗസ്റ്റ് , പഞ്ചാബ്, 1961 , ജബല്‍പൂര്‍ , 1964 റൂര്‍ക്കല, കൊല്‍ക്കത്ത, 1967 ഓഗസ്റ്റ് ഹതിയ , റാഞ്ചി, 1968 , ഔറംഗബാദ്, 1968 അസം , കരീംഗഞ്ച്, 1969 , അഹമ്മദബാദ്, 1970 മഹാരാഷ്ട്ര, 1970 ഗുല്‍ഗാവ് , മഹാരാഷ്ട്ര,  1970 , മഹാധ്, മഹാരാഷ്ട്ര,  1972, നോനാരി ,ഉത്തര്‍പ്രദേശ്, 1977 വരണാസ്സി, 1978 ഒക്ടോബര്‍ അലിഗഡ്, 1978 ഹൈദരാബാദ്, 1979 ജംഷഡപൂര്‍, 1980 മൊറാധബാദ്, 1981 ഏപ്രില്‍ ബീഹാര്‍ , ഷെരീഫ്, 1982 മീററ്റ്, 1982 ബറോഡ ഗുജറാത്ത്, 1983 മാലൂര്‍ കര്‍ണാടക, 1983 ജൂണ്‍ മലെഗവ്, മഹാരാഷ്ട്ര, 1983 ഹസാരി ബാഗ്, ബീഹാര്‍, തുടങ്ങി.....2004 ഒക്ടോബര്‍ , ഉത്തര്‍പ്രദേശ്, 2004 നവംബര്‍, അസം, 2005 ഫെബ്രുവരി , ഛത്തീസ്ഘട്ട്, 2005 ഫെബ്രുവരി , മാര്‍ച്ച് മധ്യപ്രദേശ്, 2005 ഏപ്രില്‍, മധ്യപ്രദേശ്, 2005 മാര്‍ച്ച് ,ഉത്തര്‍പ്രദേശ്, 2005 ഏപ്രില്‍, രാജസ്ഥാന്‍, 2005 മെയ് ,മഹാരാഷ്ട്ര, 2005 ഒക്ടോബര്‍ ,ഉത്തര്‍പ്രദേശ്, 2006ഫെബ്രുവരി , ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച് , ഉത്തര്‍പ്രദേശ്, 2006 മാര്‍ച്ച് , ഉത്തര്‍പ്രദേശ്, 2006 ഏപ്രില്‍ , അലിഗഡ്,  2006 ഏപ്രില്‍ മഹാരാഷ്ട്ര, 2006മെയ് , വഡോദര, 2006 ജൂണ്‍ , ഉത്തര്‍പ്രദേശ്, 2006 സെപ്തംബര്‍ മഹാരാഷ്ട്ര, 2007 ഒക്ടോബര്‍ , കര്‍ണാടക, 2007 ഡിസംബര്‍ , ഒറീസ, 2008 ജനുവരി , ഒറീസ ...അങ്ങിനെ നീളുന്നു. 

മുസ്‌ലിം വനിതാപ്രതിഭകള്‍
ഇസ്‌ലാമിക ലോകത്തെ ശ്രദ്ധേയരായ മുസ്‌ലിം വനികളെ പരിചയപ്പെടുത്തുകയാണ് പുതിയ ലക്കം ശബാബ് വാരിക. ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍ (അമേരിക്ക), തവക്കുല്‍ കര്‍മാന്‍(യമന്‍), അസ്മ മഹഫൂസ (ഈജിപ്ത്), മര്‍യം സുബ്ഹ് (അമേരിക്ക), ഉസ്മ നഹീദ് (ഇന്ത്യ), സയ്യിദ സൈദി (ബ്രിട്ടണ്‍), ശൈഖ മൗസ(ഖത്തര്‍), ത്വയ്യിബ ടൈലര്‍ (അമേരിക്ക), ഹനാ ശലബി(ഫലസ്തീന്‍), സൂസന്‍ ബാ അഖീല്‍ (സഊദി അറേബ്യ) തുടങ്ങിയവരെയാണ് പരിചയപ്പെടുത്തുന്നത്. കൂടാതെ ഇന്‍ഗ്രിഡ് മാറ്റ്‌സണിനോടുള്ള പ്രത്യേക അഭിമുഖവും ചേര്‍ത്തിരിക്കുന്നു.

http://islamonlive.in/story/2013-11-12/1384251195-4615930