സ്ത്രീ ശാക്തീകരണവും മുസ്‌ലിം സംഘടനകളും

കാലം മാറി. കേരളത്തിലെ സത്രീവിദ്യാഭ്യാസ രംഗത്തും സ്ത്രീകളുടെ പൊതുരംഗപ്രവേശത്തിനെതിരെയും ഘോരഘോരമായ പ്രഭാഷണങ്ങള്‍ക്ക് ഒരു പക്ഷെ ഇനി വിട. മാറിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും അഭിസംബോധന ചെയ്യുവാനും കേരളത്തിലെ മുസ്‌ലിം സംഘടനകളും പാകമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളായിരുന്നു ഈയിടെ പുറത്ത് വന്നത്. നിര്‍ഭാഗ്യകരമായ കോഴിക്കോട്ടെ അറബിക്കല്യാണവും അതിനെ തുടര്‍ന്നുണ്ടായ യോഗങ്ങളും തീരുമാനങ്ങളുമെല്ലാം ഒട്ടേറെ ചര്‍ച്ചക്ക് വിധേയമാവുകയുണ്ടായി. ഇപ്പോഴും മുഖ്യധാരാ ആനുകാലികങ്ങളില്‍ ഈ വിഷയങ്ങള്‍ കെട്ടടങ്ങിയിട്ടുമില്ല. പുതിയ ലക്കം മാതൃഭൂമിയില്‍ കല്യാണം തന്നെയാണ് കവര്‍ സ്റ്റോറി. പഠനത്തില്‍ ഇന്ത്യയിലെ വിവാഹ നിയമങ്ങളുടെ ചരിത്രവും വസ്തുതാപരമായ കണക്കുകളും സാമൂഹ്യശാസ്ത്ര വിശകലനങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ശൈശവ വിവാഹം മുസ്‌ലിം പ്രശ്‌നം മാത്രമല്ല. കണക്കുകള്‍ പ്രകാരം പതിനാറ് വയസ്സിന് താഴെയുള്ള വിവാഹങ്ങളുടെ കാര്യത്തില്‍ ശരാശരി വിവാഹപ്രായം മുസ്‌ലിംകള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും 17.3 ശതമാനമാണ്. വിവിധ കാലങ്ങളില്‍ ശൈശവ വിവാഹത്തിനെതിരെ നിലപാട് സ്വീകരിച്ച ഇന്ത്യ ഈ വര്‍ഷം നടന്ന ഐക്യരാഷ്ട സഭ പാസാക്കിയ ശൈശവ വിവാഹ നിരോധന പ്രമേയത്തില്‍ ഒപ്പു വെക്കാത്തതിനെയും വിമര്‍ശിക്കുന്നുണ്ട്. ആണുങ്ങളുടെ ഇന്ത്യയില്‍ പെണ്ണുങ്ങളുടെ കല്യാണം എന്നാണ് എം. സുല്‍ഫത്ത് എഴുതിയ ലേഖനത്തിന്റെ തലക്കട്ട്.

അതിരിക്കട്ടെ, മുസ്‌ലിം സംഘടനകളിലേക്ക് വന്നാല്‍ കാന്തപുരം എ.പി. വിഭാഗത്തിന് കീഴിലുള്ള സുന്നി വിഭാഗം കല്യാണ പരാമര്‍ശം ചര്‍ച്ചയായപ്പോള്‍ തന്നെ അതിനെതിരെ രംഗത്ത് വന്നിരുന്നു. പക്ഷെ സ്ത്രീവിഷയത്തില്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു എന്നാണ് സ്ത്രീശാക്തീകരണ കാമ്പയിന്‍ എസ്.വൈ.എസ് പ്രഖ്യാപിച്ചതിലൂടെ മനസ്സിലായത്. ഈ തീരമാനത്തെ എല്ലാ പുരോഗമാന ചിന്താഗതിക്കാരും പിന്തുണക്കുകമുണ്ടായി. മാറ്റങ്ങളെ ഉദ്ദരണികള്‍ കൊണ്ട് പിടിച്ച് കെട്ടി നിര്‍ത്തുന്ന ശൈലികളെ ഒരിക്കലും പിന്തുണക്കാവതല്ല. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ വിമര്‍ശിക്കുന്നതില്‍ അല്‍പം ജാഗ്രത പുലര്‍ത്തുന്നത് എന്തു കൊണ്ടും നന്നാവും. സമസ്ത ഇ.കെ. വിഭാഗത്തിന്റെ ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്തിറങ്ങുന്ന തെളിച്ചം മാസികയും ഈ മാറ്റം വിളംബരം ചെയ്യുന്നുണ്ട്.

മുസ്‌ലിം സ്ത്രീ സമൂഹവും സമുദായവും അവളോട് ചെയ്യുന്നത് എന്ന കവര്‍ സ്‌റ്റോറിയില്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്. അവബോധം വേണ്ടത് പെണ്ണിനാണ്. പെണ്ണിന് ബോധം നല്‍കുന്നില്ലെങ്കില്‍ നഷ്ടം സമൂഹത്തിന് മൊത്തത്തിലാണ്. വരാനിരിക്കുന്ന ഒരു തലമുറക്കാണ്. ഈ അവബോധത്തിന്റെ കാര്യത്തില്‍ അവളുടെ മതവും ഭൗതികതയും ഏറെക്കുറെ പരസ്പര പൂരകങ്ങളാണ്. പുതിയ തിരിച്ചറിവുകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ പെണ്ണിനെ മാനസികമായി ശക്തിപ്പെടുത്താനുള്ള അജണ്ടകള്‍ അടിയന്തിരമായി നടപ്പാക്കേണ്ടിയിരിക്കുന്നു. തെളിച്ചം ഇത്ര കൂടി പറഞ്ഞു വെക്കുന്നു. പൊതുരംഗത്ത് നിന്ന് പൂര്‍ണമായും തഴയുന്നതിന് പകരം സുരക്ഷിതമായ മാര്‍ഗങ്ങള്‍ ആരായുകയാണ് ഇസ്‌ലാം. പ്രണയം -ആത്മീയത-ലൈംഗികത-സ്ത്രീ എന്നിവയിലൂടെ ഇസ്‌ലാം നിര്‍വചിക്കുന്ന പെണ്ണസ്തിത്വം എന്ന ഹുസൈന്‍ നസ്‌റിന്റെ ലേഖനവും ഈ ലക്കത്തിലുണ്ട്.
http://islamonlive.in/story/2013-11-06/1383731445-4515719