മലപ്പുറം ബസപകടം: കയറേണ്ടത് ഡ്രൈവർമാരുടെ മെക്കിട്ട് മാത്രമോ?

[മലപ്പുറത്തെ ബസപകടങ്ങള്‍; യഥാര്‍ത്ഥ പ്രതി ആര് ? ഈ ലേഖനം www.kvartha.com ൽ പ്രസിദ്ദീകരിച്ചു.]

ബഹുമാനപ്പെട്ട മുഖ്യമന്ത്രി...
താങ്കൾ ദുരന്ത സ്ഥലം സന്ദർശിച്ചുവല്ലോ...

മലപ്പുറം ജില്ല 

എട്ടു മാസം 
രണ്ടായിരത്തി മുന്നൂറ്റി എഴുപത്തിമൂന്നു അപകടം 
ഇരുനൂറ്റി ഇരുപത്തിമൂന്ന് മരണം 
പൂക്കീപ്പറമ്പ് കേരളം കണ്ട് ഏറ്റവും വലിയ ബസ് ദുരന്തം. താനൂർ...


ഒരാഴ്ച കഴിഞ്ഞില്ല...ഷോക്ക് വിട്ടുമാറും മുമ്പെ പിന്നെയും...അതേ ഷോക്കിൽ നിൽക്കെയാണ് തിരൂരിൽ സ്കൂൾ ബസ് മറിഞ്ഞു കുട്ടികൾക്ക് പരിക്കേറ്റ വാർത്ത കേള്ക്കുന്നത്....

വർദ്ദിച്ചു വരുന്ന ദുരന്തങ്ങൾക്ക് പിന്നിലുള്ള കാരണം ഒന്നൊന്നായി വന്നു കൊണ്ടിരിക്കുന്നു.
1.അമിതവേഗതം 2.ഡ്രൈവറുടെ അശ്രദ്ധ 3.മത്സരയോട്ടം 4. പെർമിറ്റ് പ്രശ്നം...ഇങ്ങിനെ പോവും. അതെല്ലാം പ്രശ്നം തന്നെ...അതെല്ലാം കർശനമായി നിയന്ത്രിക്കുകയും നടപടിയെടുക്കുകയും വേണം...
പ്രശ്നം അത് മാത്രമാണോ എന്നതാണിവിടുത്തെ പ്രശ്നം...
എന്തു കൊണ്ടാണ് മലബാറിൽ മാത്രം ഇത്ര അമിത വേഗതയും അപകടവും?
ഡ്രൈവറെയും അമിത വേഗതയെയും മാത്രം പഴിക്കാൻ വരട്ടെ...
അങ്ങയുടെ സാമ്രാജ്യത്വത്തിലെ ഒരു ഭാഗമാണ് മലപ്പുറവും മലബാറും...
ഇപ്പോഴും മലപ്പുറത്തിൽ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഉൾഭാഗങ്ങളിലേക്ക് ഈ തരം കുട്ടി ബസുകള് തന്നെ ശരണം. അതും ദിവസത്തിൽ മണിക്കൂറുകള് പിന്നിട്ട് മാത്രം വരുന്നവ...സ്വാഭാവികമായും കുത്തിക്കൊള്ളിച്ച് തന്നെ ആളുകളെ കയറ്റും....അല്ല ആളുകൾ കയറും...അതിൽ ഡ്രൈവർമാർ പലപ്പോഴും ചെറിയ ചെക്കന്മാരോ ഇടക്കെങ്കിലും വേണ്ട ലൈസൻസില്ലാത്ത കിളിച്ചെക്കന്മാരുമൊക്കെ വണ്ടി ഓട്ടും.

മരിച്ച സഹോദരിമാരെല്ലാം പട്ടിക്കാടെ പാരലൽ കോളേജ് കഴിഞ്ഞ് വരുന്നവരാണ് എന്നു കാണാം...ഇവർക്ക് പഠിക്കാൻ റെഗുലർ കോളേജും ഇല്ല.
ഇവിടെയും കുറെ മന്ത്രിമാരുണ്ടല്ലോ...ഗതാഗത മന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിയും എല്ലാം ഈ മലപ്പുറത്ത് കാര് തന്നെ എന്നതാണ് മറ്റൊരു സത്യം. ലോ ഫ്ലോറും ഹൈ ഫ്ലോറുമൊന്നും വേണ്ട..സർക്കാറിന്റെ കെ.എസ്.ആർ.ടി.സി. ബസൊക്കെ അങ്ങ് തിരുകൊച്ചിയിൽ മാത്രം കടന്ന് കറങ്ങട്ടെ...മലബാറിലുള്ള ഉൾ റൂട്ടിലൊക്കെ വല്ല മുതലാളിമാരും നാട്ടിലുണ്ടെങ്കിൽ അവരും പോക്കറ്റീന്ന് പൈസ ഇറക്കെ ആളുകളെ കയറ്റി പോട്ടെ...വണ്ടിയില്ലേൽ പോവും വേണ്ട..അല്ലേ ഇല്ല വണ്ടിയിലൊക്കെ കുത്തി ഞെരുക്കി അങ്ങ് പോവട്ടെ....
കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുന്നതിലും സര്‍ക്കാറിന് മലബാറിനോട് അവഗണന. വിവരാവകാശനിയമ പ്രകാരം കെ.എസ്.ആര്‍.ടി.സി നല്‍കിയ രേഖകളിലാണ് മലബാറിലെ പരിമിതമായ സര്‍വീസുകളെ കുറിച്ചുള്ള കണക്കുകള്‍.
സംസ്ഥാനത്താകമാനം 6,179 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇതില്‍ 4,496 ബസുകള്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് സര്‍വീസ് നടത്തുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലേക്ക് ആകെയുള്ളത് 1,683 സര്‍വീസുകള്‍ മാത്രം. തൃശൂര്‍-പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പെരിന്തല്‍മണ്ണ, വടകര, സുല്‍ത്താന്‍ ബത്തേരി, തലപ്പിള്ളി റൂട്ടുകളില്‍ യാത്രാക്ളേശം രൂക്ഷമായി തുടരുമ്പോഴാണ് സര്‍വീസുകളിലുള്ള ഈ അസമത്വം.
ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ മാത്രം 554 ബസുകളുടെ കുറവാണുള്ളത്.
കെ.എസ്.ആര്‍.ടി.സി ആര് വിചാരിച്ചാലും രക്ഷപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ പരിതപിക്കുമ്പോഴാണ് വടക്കന്‍ ജില്ലകളില്‍ സര്‍വീസ് നടത്തി സ്വകാര്യ ബസുകള്‍ ലാഭം കൊയ്യുന്നത്. 36 സീറ്റും 50 ലിറ്റര്‍ ഡീസല്‍ ക്ഷമതയുമുള്ള സ്വകാര്യ ബസുകള്‍ ഇവിടെ ദിവസം 4000 രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ട്.
എന്നാല്‍, കെ.എസ്.ആര്‍.ടി.സി നിരത്തുന്നത് നഷ്ടങ്ങളുടെ കണക്കാണ്. ഒരു കെ.എസ്.ആര്‍.ടി.സി ബസിന് 1,692 രൂപയാണ് പ്രതിദിന നഷ്ടം. 2010-2011 വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ മൊത്തം നഷ്ടം 381.62 കോടിയാണ്.
ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ 5,403 പേര്‍ക്ക് ഒരു ബസ് വീതമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി നല്‍കുന്നത്. ജനസംഖ്യാനുപാതികമായി 3,288 സര്‍വീസുകള്‍ നടത്തേണ്ടിടത്ത് 1,683 എണ്ണം മാത്രമാണ് മലബാറിലേക്ക് സര്‍വീസ് നടത്തുന്നത്. അവിടേക്ക് പുതിയതായി ഒരു സര്‍വീസും അനുവദിച്ചിട്ടില്ല.
തെക്കന്‍ ജില്ലകളില്‍ വേണ്ടത് 2,891 സര്‍വീസുകളാണെങ്കില്‍ 4,496 സര്‍വീസുകളാണ് അനുവദിച്ചത്. ജനസംഖ്യാനുപാതികമായി മലബാറിലെ ഓരോ ജില്ലകളിലേക്കുമുള്ള ബസുകളുടെ കുറവ് ഇങ്ങനെയാണ്. മലപ്പുറം-554, കോഴിക്കോട്-336, പാലക്കാട്-312, തൃശൂര്‍-187, കണ്ണൂര്‍-183, കാസര്‍കോട്-123. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് ബസുകള്‍ വടക്കന്‍ ജില്ലകളിലെ മിക്ക റൂട്ടുകളും പിടിച്ചടക്കിയിരിക്കുകയാണ്.
സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്താലും പണിമുടക്കിനാലും ഈ റൂട്ടുകളില്‍ ജനം വലയുന്നതും പതിവാണ്.ലോക്കല്‍ സര്‍വീസുകളൊന്നുമില്ലാത്ത മലബാറിലെ ജില്ലകളിലേക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. പുതുതായി 625 ചേസുകള്‍ വാങ്ങി 411 എണ്ണം ബോഡി കെട്ടി നിരത്തിലിറക്കിയപ്പോഴും ഒന്നും മലബാറിന് അനുവദിച്ചിട്ടില്ല. (മാധ്യമം 25.11.2012 വി സുധീറന്റെ റിപ്പോർട്ട്. LINK http://www.madhyamam.com/news/201795/121125)
കോഴിക്കോട് നിന്നും മഞ്ചേരി വഴി മണ്ണാർക്കാട്ടേക്കുള്ള മലബാറിലെ പ്രധാനമായ ഒരു സംസ്ഥാന പാതിയിൽ ഇന്നേവരെ ഒരു കെ.എസ്.ആർ.ടി.സി പോലുമില്ല. പല റൂട്ടിലും പേരിന് മാത്രമാണ് ഓടുന്നത്. കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-വഴിക്കടവ് തുടങ്ങിയ പ്രധാന റൂട്ടുകളെ മാറ്റി നിർത്തിയാൽ മലപ്പറും ജില്ല യിലെ പൊതുവായ അവസ്ഥ ഇതാണ്. 
ഇവിടെ നികുതി തരുന്നത് എല്ലാവരും ഒരുപോലെയാണ്...അവകാശങ്ങളോ തോന്നിയപോലെ...മലബാറെന്താ കേരളത്തിലല്ലേ എന്നും ചോദിച്ച് ഉന്നയിച്ച് താങ്കളിരിക്കുന്ന സെക്രട്ടറിയേറ്റ് വരെ ഒരു ദിവസം ഉപരോധിച്ചെങ്കിലും ഇപ്പോ വിലപിക്കുന്ന മാധ്യമങ്ങളെയൊന്നും അന്ന് കണ്ടില്ല. ഇനി ആരേലും വല്ലതും വായ തുറന്ന് ചോദിച്ചാലോ മത തീവ്രവാദം...സാമുദായികത..ഒലക്കാപിണ്ണാക്ക്...
ഇനി പറയട്ടെ...ഇതിൽ യാഥാർഥ പ്രതികൾ അമിത വേഗതയിലോടുന്ന ഡ്രൈവർമാർ മാത്രമേ അതോ കാലങ്ങളായി അതിനുള്ള സാഹചര്യവും അനിവാര്യതയും അവഗണനയും സൃഷ്ടിക്കുന്ന സർക്കാരോ?
ആരാണ് യഥാർഥ പ്രതി?