ഒരു പര(ി)സ്ഥിതി കാഴ്ച...


ജൂണ്‍-5. ലോക പരിസ്ഥിതി ദിനം.
ബസ് കാത്തിരിക്കുമ്പോഴാണ് വളരെ കൗതുകം തോന്നിക്കുന്ന നീളന്‍ വാലുള്ള  ഒരു പച്ചില ഓന്ത് മരത്തില്‍ നിന്നും റോഡിലേക്ക് വീണത്. ഒരു കൈ ഉയര്‍ത്തിപ്പിടിച്ച് റോഡ് ക്രോസ് ചെയ്യുമ്പോള്‍ വാഹനങ്ങളൊന്നും വരരുതേ എന്നായിരുന്നു എന്റെ മനസ്സില്‍. ഒരു പക്ഷെ പരിസ്ഥിതി ദിനത്തിന്റെ സന്തോഷത്തില്‍ തങ്ങളോടുള്ള മനുഷ്യരുടെ സ്‌നേഹാദരവുകള്‍ നേരിട്ടറിയാനായിരിക്കാം ആള്‍ക്കൂട്ടത്തിലേക്ക് ആ സുന്ദരി കടന്നു വന്നത്. പക്ഷെ പരിസ്ഥിതിയും സൗന്ദര്യവുമറിയാത്ത ഒരു കൂട്ടം തെമ്മാടിപ്പിള്ളേരുടെ മുന്നിലാണ് താനുള്ളത് എന്നുണ്ടോ അവളറിയുന്നു. ഓട്ടോ ഡ്രൈവര്‍മാരും മറ്റുകുണ്ടന്മാരും കൂതറ കളിച്ചിരിക്കുന്നതിനിടയിലേക്കായിരുന്നു അവളുടെ വരവ്. അല്ലെങ്കിലും ഓന്തിനെ കണ്ടാല്‍ കൊല്ലണമെന്നും അത് നരകത്തില്‍ മാലിന്യം കൊണ്ടുവന്നുതരുന്നതാണ് എന്നാണല്ലോ ആ പാവം ജീവിയുടെ മേല്‍ ആരോപിച്ചിരിക്കുന്ന അപരാധം. അത് ഉള്ളിന്റെയുള്ളില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാവണം മുന്നും പിന്നും നോക്കാതെ തന്റെ ഓട്ടോ തിരിച്ചെടുത്ത് മുന്‍വീല്‍ മുന്നോട്ട് തിരിച്ച് ആ കടുംകൈ ചെയ്ത്. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊന്നും കൂടി നിലത്തിറങ്ങി. ആതിന്റെ ഇണയോ മറ്റോ ആണെന്ന് തോന്നി. നിലത്തുകൂടെ ആരെയും ഉപദ്രവിക്കാതെ പ്രകൃതി തനിക്ക് ചേര്‍ത്തു വെച്ച് തന്നെ ആലിന് മുകളിലേക്ക് ഓടിക്കയറി നില്‍ക്കുമ്പോഴായിരുന്നു കണ്ടു നിന്ന മറ്റൊരുത്തനൊരു രസം തോന്നിയത്. അവന്‍ ആലിലേക്കെത്തിച്ച് ഓന്തിന്റെ വാലു പിടിച്ച് താഴേക്കിട്ടു...പിന്നെ കളിപ്പിക്കലായി...പരിസ്ഥിതി ദിനത്തില്‍ പോലും പരിസ്ഥിതിയുടെ സന്തുലിതത്വം കാക്കുന്ന തങ്ങളെ പോലെ, അല്ല തങ്ങളേക്കാള്‍ ഭൂമിക്ക് ആ അവശ്യമായ ആ ദൈവസൃഷ്ടിയെ വട്ടം കറക്കുമ്പോഴാണ് എനിക്കുള്ള ബസ് മുന്നില്‍ വന്ന് നിന്നത്. ഞാനതില്‍ കയറി യാത്ര തുടര്‍ന്നു...