കൂട്ടത്തില്‍ ചേരാത്തതേത്? a )മുസ്ലിംലീഗ് b) മനുഷ്യാവകാശം c) ചക്കരക്കുടം d) ചന്ദ്രിക





ഒടുവില്‍ മുസ്ലിംലീഗ് സ്വന്തം മുഖപത്രത്തെയും തള്ളിപ്പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍കത്തകരും നീതിന്യായ വിദഗ്ദരും മാധ്യമപ്രവര്‍ത്തകരും ഉന്നയിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ നീതിയുടെ പക്ഷത്ത് നിന്ന്് ചന്ദ്രിക ചോദിച്ചപ്പോള്‍ അത് ഞമ്മന്റെ പാര്‍ട്ടിയുടെ നിലപാടല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി. പിന്നെ ഞമ്മന്റെ നിലപാടെന്താണ് ? അത് ജന്മഭൂമി എന്നും എഴുതുന്നുണ്ടല്ലോ.!

ഖുര്‍ആനില്‍ ഒരു സൂക്തമുണ്ട്. 'നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുകയും നീതിക്ക് സാക്ഷികളാവുകയും ചെയ്യുക. ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതിപ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചു കൂടാ' (5:8).  മറ്റൊരു സൂക്തത്തില്‍ പറയുന്നത് 'നിങ്ങള്‍ നീതിക്ക് വേണ്ടി വേണ്ടി നിലകൊള്ളുന്നവരും അല്ലാഹുവിന് സാക്ഷികളാവുന്നവരുമായിരിക്കുക. അത് നിങ്ങള്‍ക്ക് തന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ഉറ്റബന്ധുക്കള്‍ക്കോ എതിരായാലും ശരി. കക്ഷി ധനികനോ ദരിദ്രനോ എന്ന് നോക്കേണ്ടതില്ല. ഇരു കൂട്ടരോടും നന്നായി അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കുക. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍ നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. നിങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചെല്ലാം സൂഷ്മമായി അറിയുന്നവനാണ് അല്ലാഹു' (4:35) യാതൊരു ഛേദവുമില്ലെങ്കില്‍ നീതിക്കൊപ്പം നില്‍ക്കുന്നതില്‍ മടി കാണിക്കരുത് എന്നല്ല ആ പറഞ്ഞ ആഹ്വാനത്തിന്റെ താല്പര്യം. ഏത് നിര്‍ണായ ഘട്ടത്തിലും നീതിക്കായി നിലകൊള്ളാനുള്ള ആഹ്വാനമാണ്. മാനവ സമൂഹം ഈ നിലവാരത്തിലേക്കുയരണമെന്നാണ് ഇസ്ലാമിന്റെ താല്പര്യം. വിശ്വാസികള്‍ക്കാവട്ടെ അങ്ങനെയല്ലാതെ നിലകൊള്ളാനുമാവില്ല. നീതിക്കൊപ്പം എന്നതിന് പകരം മുസ്ലിം ലീഗിനൊപ്പം എന്നതാണ് ഇവിടുത്തെ മുസ്ലിം സംഘനകളുടെ അനൗദ്വേഗിക വിധേയത്വം. മുസ്ലിംകളില്‍ തന്നെ നല്ലൊരു വിഭാഗം മുസ്ലിംലീഗിനെ പേടിച്ച് സ്വന്തം നിവപാട് പ്രഖ്യാപിക്കാന്‍ പ്രയാസപ്പെടുന്നു.


ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി കാണിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കരുത് എന്ന് പറഞ്ഞതിന്റെ മറുവശമാണ് ഒരു കൂട്ടരോടുള്ള വിധേയത്വം നിങ്ങളെ നീതിപൂര്‍വമായി നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് അകറ്റിക്കളയരുതെന്നത്. നീതി പൂര്‍വ്വം വര്‍ത്തിക്കുന്നത് സ്വന്തത്തിനോ വേണ്ടപ്പെട്ടവര്‍ക്കോ എതിരായിരുന്നാല്‍ പോലും അതില്‍ വിട്ടുവീഴ്ചപാടില്ല. എന്നാല്‍ ലീഗിന് സംബന്ധിച്ചിടത്തോളം ഈ ആയത്തിന് ഇപ്രകാരം ഒരു തിരുത്തുണ്ട്. ആര്‍ക്കെതിരായാലും സ്വന്തം അധികാരമുന്നണി ചെയ്താലൊഴികെ. അഥവാ നീതിയും അധികാരവും നേര്‍ക്കുനേരെ വന്നാല്‍ നീതിയെ ഒഴിവാക്കി അധികാരത്തില്‍ കടിച്ചു തൂങ്ങണം. മനുഷ്യാവകാശവും ഭരണപങ്കാളിത്തവും ഒന്നിച്ചുവന്നാല്‍ മനുഷ്യാവകാശം കുപ്പയിലെറിഞ്ഞ് ഭരണത്തിന്റെ എച്ചില്‍ കഷ്ണം നുണയണം. മുസ്ലിം സ്വത്വ പ്രതിസന്ധിയും മതേരത്വവും ഒരുപോലെ വെല്ലുവിളിക്കുന്ന ഘട്ടം വന്നാല്‍ മുസ്ലിം സ്വന്തം വലിച്ചെറിഞ്ഞ് മതേതര പൊതു മനസ്സിനൊപ്പം സ്ഥാനം പിടിക്കണം. അതാണ് മുസ്്‌ലിംലീഗ്.

ഇതിന്റെ ഏറ്റവും ഒടുലിലെ ഉദാഹണമാണ് അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍. ബാബരി മസ്ജിദ് തകര്‍ക്കുപ്പെട്ട ഘട്ടത്തില്‍ അധികാരത്തിനൊപ്പം നിന്ന് ആദര്‍ശത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ രാജ്യം കണ്ട ഏറ്റവും വലിയ മുസ്ലിസമുദായ നേതാവിനെ പോലും പുറന്തള്ളിയതാണ് ഞമ്മന്റെ ചരിത്രം. അതിലും മേലെയുണ്ട് ചന്ദ്രികാ മുഖപ്രസംഗം. അതില്‍ നീതിയും നേരുമുണ്ടോ എന്നൊന്നും പരിശോധിക്കേണ്ടതില്ല. മുസ്്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ വന്ന അഭിപ്രായം പാര്‍ട്ടിയുടെതല്ലെന്ന് ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മന്റെ നിലപാട് പച്ചയായി പറയാന്‍ ജന്മഭൂമിയുള്ളപ്പോഴാണ് ചന്ദ്രികയും മൊഖപ്രസംഗം. സേട്ട് സാഹിബിനെ പുറത്താക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ചന്ദ്രികയിലെ എഡിറ്റോറിയലിനെ പുറത്താക്കാനും ഞങ്ങക്ക് പണിയൊന്നുമില്ല. ഇനി ചന്ദ്രിക തന്നെ ഒഴിവാക്കേണ്ടി വന്നാലും ചക്കരക്കുടം കൈ ഒഴിയുന്ന പ്രശ്‌നമില്ല എന്നതായിരിക്കാം ഉള്ളിലിരിപ്പ്.

നീതിയും നെറിയും നോക്കാതെ യു.പി.എ സര്‍ക്കാര്‍ കാണിക്കുന്ന തോന്ന്യാവാസത്തിനെല്ലാം കൊടിപിടിക്കാന്‍ ഒരു ഖൗമീ പാര്‍ട്ടി. ആദര്‍ശത്തിന്റെ പേരില്‍ സ്പീകര്‍ സ്ഥാനം രാജ്യവെക്കുകയും മന്ത്രിസഭയില്‍ നിന്ന് കൂട്ടുഭരണം അവസാനിപ്പിക്കുകയും ചെയ്യാന്‍ ഇടതുപാര്‍ട്ടി ധൈര്യകാട്ടിയിരുന്നു. അത്രയൊന്നും വേണ്ട, സ്വന്തം നിലപാട് തുടന്ന് പറയാനെങ്കില്‍ സാധിക്കേണ്ടതില്ലേ?

യു.പി.എ സര്‍ക്കാറിന് കീഴില്‍ നടക്കുന്ന എല്ലാകാര്യങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു പോലുമല്ല തീരുമാനത്തിലെത്തുന്നത്. പ്രതിരോധമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ ഇസ്രായേലിന്റെ ഇടപെടല്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മുസ്ലികള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ ആരോപണമുന്നയിച്ചിരുന്ന ഒട്ടുമിക്ക സ്‌ഫോടനങ്ങളുടെയും വേരുകള്‍ ചെന്നെത്തുന്നതും പലപ്പോഴും അത്തര കൈകളിലേക്കാണെന്ന ആരോപണവും ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സാമ്രാജ്യത്വ സയണിസ്റ്റ് അജണ്ടകളുടെ കൊടിവാഹകരമായി മാറുകയാണ് ഇങ്ങേ തലക്കല്‍ മുസ്ലിം ലീഗും അവരുടെ വിനീത വിധേയരായ മുസ്ലിം സംഘടനകളും എന്ന് പറയാതിരിക്കാനാവില്ല.

പലപ്പോഴും നിയമം നിയമത്തിന്‍റെ വഴിക്ക് എന്ന് ആവ‍‍ർത്തിച്ചിരുന്ന ലീഗ് നേതൃത്വം അൽപം  മുമ്പ് മഅ്ദനി വിഷയത്തിൽ രംഗത്തിറങ്ങിയത് സ്വാഗതാർഹം തന്നെ. പ്രസ്തുതവിഷയം തൊട്ടു തലേ ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പ് നന്നായി കവ‍ർ ചെയ്തിരുന്നതും ശ്രദ്ധേയമായി. ഇന്നലെ കോഴിക്കോട്ട് നടന്ന യൂത്ത് റാലിയിലും നിരപരാധികൾക്ക് വേണ്ടി ശബ്ദമുയ‍ർത്തുമെന്ന് ആവർത്തിച്ചിരുന്നു. തൊട്ടുടനെയാണ് മനുഷ്യാവകാശവിഷയത്തിൽ തന്നെയുള്ള ഈ മറുകണ്ടം ചാടിക്കളി.

കൂട്ടത്തില്‍ ചേരാത്തതേതെന്ന് ഇനി എളുപ്പം കണ്ടുപിടിക്കാം.  a )മുസ്ലിംലീഗ്  b) മനുഷ്യാവകാശം c) ചക്കരക്കുടം d) ചന്ദ്രിക. ഉത്തരം: ..........................