വിക്കിപീഡിയ തീര്‍ക്കുന്ന വിവര വിപ്ലവം


'ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭിക്കുന്ന ഒരു സ്ഥിതിയെ കുറിച്ച് ചിന്തിച്ചു നോക്കൂ.' ഈ ആഹ്വാനത്തോടെയാണ് 2001 ല്‍ ആ സംരംഭം ആരംഭിക്കുന്നത്. ലോകത്തിലെ മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്ത ഏത് വിജ്ഞാനവും സ്വതന്ത്രമായി ആര്‍ക്കും ലഭ്യമാക്കാനായി നടത്തുന്ന നിഷ്‌കാമ പ്രവര്‍ത്തനം. വെബ് ലോകത്തെ സ്വതന്ത്രമായ ഈ വിവര വ്യാപന സാങ്കേതികവിദ്യക്ക് വിക്കിപീഡിയ എന്ന് പറയാം.

അറിവ് എക്കാലത്തും സ്വതന്ത്രമായി നിലകൊള്ളേണ്ടതാണ്. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. എല്ലാം കുത്തക വത്കരണത്തിനും കച്ചവടത്തിനും വിധേയമായ ഇക്കാലത്ത് വൈജ്ഞാനിക രംഗത്തിന് ഒരു സ്വതന്ത്ര സഞ്ചയമൊരുക്കുകയാണ് വിക്കിപീഡിയ. ലോകത്തിലെ ഏത് ഭാഷയിലുള്ള രചനകളും പരസ്പരം കൈമാറ്റം ചെയ്യാനും ഏത് ദേശത്തെയും പ്രാദേശികമായ വിവരങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാനും വിക്കിപീഡിയയിലെ ഭാഷാ നെറ്റ് വര്‍ക്ക് വഴിസാധ്യമാവുന്നു എന്നതും ശ്രദ്ധേയമാണ്.

അറിവിന്റെ നൈതികത എന്ന ആശയമാണ് വിക്കിപീഡിയ മുന്നോട്ട് വെക്കുന്നത്. ഏതൊരറിവും മാനവസമൂഹത്തോടും അത് കണ്ടെത്താനായി ചിന്താശേഷി നല്‍കിയ ദൈവത്തോടും കടപ്പെട്ടിരിക്കുന്നു. ഞാന്‍ എല്ലാം എന്റെ അറിവു കൊണ്ട് നേടിയതാണ് എന്ന ഖാറൂനിന്റെ വാദമുഖങ്ങളെ വേദഗ്രന്ഥം പുച്ഛിക്കുന്നത് അത് കൊണ്ടാണ്. അറിവ് പൊതു സ്വത്താണെന്ന് മൗലിക കാഴ്ചപ്പാടാണ് ഇസ്ലാം സമര്‍പ്പിക്കുന്നതെങ്കില്‍ അത് പാടില്ലെന്നാണ് എക്കാലത്തെയും മുതലാളിത്ത വ്യവസ്ഥിതി പ്രഖ്യാപിച്ചിരുന്നത്. വൈജ്ഞാനിക രംഗത്തെ ഈ ശ്രമങ്ങള്‍ പ്രവാചകന്‍ വിശേഷിപ്പിച്ചത് കണ്ണിമുറിയാത്ത ദാനദര്‍മ്മമായാണെന്നത് ഇവിടെ ശ്രദ്ധേയമാവുന്നു.

പരസ്പര സഹകരണത്തിലൂന്നിയ പ്രവര്‍ത്തന മണ്ഡലമാണ് വിക്കിപീഡിയ മുന്നോട് വെക്കുന്ന മറ്റൊരാശയം. മനുഷ്യര്‍ തീര്‍ത്ത വര്‍ഗ-ദേശ-വര്‍ണ-ഭാഷാ വിവേചനത്തിനധീതമായ ഒരു കൂട്ടായ്മയാണ് ഇവിടെ രൂപപ്പെടുന്നത്. അറിവിന്റെ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത സാധ്യതയാണ് അത് തുറന്നിടുന്നത്. പണ്ഡിതനോ സാധാരണക്കാരനോ അക്കാഡമീഷനോ വിദ്യാര്‍ഥിയോ വിത്യാസമില്ലാതെ ലോകത്തിന്റെ മുക്കുമൂലകളിലുള്ളവര്‍ ഒരു ലേഖനത്തിന്റെ പിറവിക്കായി യത്‌നിക്കുന്നു. ഓരോരുത്തരും തങ്ങളാര്‍ജ്ജിച്ച് അറിവിനെ അതുമായി ചേര്‍ത്തു വെക്കുന്നു. പണ്ഡിതനില്‍ സംഭവിക്കുന്ന അബന്ധങ്ങള്‍ പോലും സാധാരണക്കാരന്‍ തെളിവുകളുടെ പിന്‍ബലത്തില്‍ തിരുത്തുമ്പോള്‍ അക്കാദമിക യോഗ്യതയുള്ളവരുടെ അറിവു മാത്രമേ സമൂഹത്തില്‍ സ്വീകാര്യമാവൂ എന്ന ആശയത്തിന് മറുപടിയാവുകയാണ്. വൈജ്ഞാനിക രംഗത്തെ ഈ ജനാധിപത്യം (info democracy) വിക്കിപീഡിയ സമര്‍ഥമായി പ്രായോഗിക വത്കരിക്കുന്നു.

ലാഭേച്ഛയിലധിഷ്ടിതമാണ് ഇന്നത്തെ എല്ലാ വൈജ്ഞാനിക വ്യാപാരവും. ഇവിടെയും വിക്കിപീഡിയ വിലങ്ങിടുന്നു. ചെറിയ ലേഖനങ്ങള്‍ മുതല്‍ വന്‍ ഗ്രന്ഥ ശേഖരം തന്നെ ഇവിടെ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനാവും. വിക്കിപീഡിയയുടെ ഒരു പ്രധാന സംരഭങ്ങളിലൊന്നാണ് വിക്കി ഗ്രന്ഥശാല.(ml.wikisource.org) സ്വതന്ത്രമായി ഗ്രന്ഥങ്ങള്‍ ചേര്‍ക്കാനാവുന്ന ഈ സൈറ്റില്‍ പകര്‍പ്പവകാശം തീര്‍ന്ന ക്ലാസിക് കൃതികളും പകര്‍പ്പവകാശം ഉപേക്ഷിച്ച് പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങളും സൗജന്യമായി ലോകത്തിന് സമര്‍പ്പിക്കാവുന്നതാണ്. പകര്‍പ്പവകാശ കാലാവധി തീര്‍ന്ന മലയാള ഗ്രന്ഥങ്ങള്‍ പൊതുസഞ്ചയത്തിലേക്ക് ചേര്‍ക്കുവാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ മാതൃഭൂമി മാതൃകയാണ്. പ്രസിദ്ധീകരണം നിലച്ച 600 ഓളം പുസ്തകങ്ങള്‍ പൊതുസഞ്ചയത്തിലേക്ക് (http://digital.mathrubhumi.com/#books) സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനി വിക്കി ഗ്രന്ഥശാലയിലെത്തിക്കാനും ബുദ്ധിമുട്ടില്ല. വിജ്ഞാനത്തിന്റെ സ്വതന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്ന ഒരു മാതൃകാദര്‍ശനത്തിന്റെ ഗ്രന്ഥങ്ങള്‍ പോലും ഇനിയും അവിടെയെത്താതിരിക്കുന്നത് ഖേദകരമാണ്.

വിക്കിപീഡിയയുടെ ആരംഭം തുടക്കം ഇങ്ങിനെ. ആര്‍ക്കും എഴുതിച്ചേര്‍ക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയത്തിന്റെ പ്രചാരകനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999 ല്‍ മുന്നോട്ട് വെച്ചിരുന്നു. റിക്ക് ഗ്രേറ്റ്്‌സിന്റെ ഇന്റര്‍പീഡിയയായിരുന്നു ഈ മേഖലയിലെ ആദ്യ പരീക്ഷണം. പക്ഷെ പരിശ്രമം പാളിപ്പോവുകയായിരുന്നു. അതിന് ശേഷമാണ് ജിമ്മിവെയില്‍സും ലാറിസാങ്ങറും ന്യൂപീഡിയ ആരംഭിക്കുന്നത്. ഇതില്‍ നേഖനത്തിന് നിലവാരവും ആധികാരികതയും ഉണ്ടാവട്ടെ എന്നു വെച്ച് പ്രഗത്ഭരായ എഴുത്തുകാരെ വെച്ചെങ്കിലും മന്ദഗതിയിലായിരുന്നു പോക്ക്.

ഈ സമയത്താണ് വലിയ സാങ്കേതിക പരിജ്ഞാനമൊന്നും ആവശ്യമില്ലാതെ തന്നെ ലോകത്തിലെ ആര്‍ക്കും തങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചേര്‍ക്കാവുന്ന വിക്കി എന്ന് സോഫ്ട് വെയര്‍ പ്രചാരത്തിലാവുന്നത്. വാഡ് കണ്ണിങ് ഹാം ആയിരുന്നു ഈ സോഫ്ട് വെയര്‍ ആരംഭിച്ചത്. വിക്കി സോഫ്ട് വെയര്‍ കണ്ടപ്പോള്‍ നൂപീഡിയക്കാര്‍ക്ക് ഒരാഗ്രഹം. നൂ പീഡിയയെ സഹായിക്കാന്‍ വിക്കിപീഡിയ എന്ന പേരില്‍ സൈറ്റ ആരംഭിച്ച് നിലവാരമുള്ളവ മാത്രം തെരഞ്ഞെടുത്ത് നൂപീഡിയ മൊഞ്ചാക്കുക. പക്ഷെ പണി പാളി. മാതൃസൈറ്റിനെയും കടത്തി വെട്ട് പോഷകസൈറ്റായ വിക്കിപീഡിയ ഇടിച്ചു കയറി. ദിവസങ്ങള്‍ക്കുള്ളില്‍ നൂറും ആയിരവും പതിനായിരവും ലേഖനങ്ങളും എഡിറ്റിങും നടക്കാന്‍ തുടങ്ങി. ചുരുക്കത്തില്‍ ഒരു പരീക്ഷണത്തിന്റെ വിജയമായിരുന്നു വിക്കിപീഡിയ.

ആളുകളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്തതു കൊണ്ടായിരുന്നു അനുബന്ധ സൈറ്റായ വിക്കിപീഡിയ ആരംഭിക്കാന്‍ കാരണം. പൊതു ജനങ്ങളെല്ലാം നശീകരണ സ്വഭാവമുള്ളവരാണ് എന്ന ധാരണയെ മറികടക്കുന്നതാിരുന്നു പിന്നീടുള്ള അനുഭവം. വളരെ ക്രിയാത്മകമായി തന്നെ ആ കൂട്ടായ്മ മുന്നോട്ട് പോയി. അംഗങ്ങളില്‍ നിന്ന് ദീര്‍ഘകാലത്തെ എഡിറ്റിങിലെ വൈദഗ്ദ്യവും ആധികാരികതയും മനസ്സിലാക്കി അവരെ വിവിധ ശ്രേണികളിലുള്ള വിക്കിപീഡിയയിലെ അധികാര പരിധികള്‍ നല്‍കി. ഈ അധികാര പരിധിയില്‍ നിന്നു കൊണ്ട് ജനാധിപത്യരീതിയില്‍ ദീര്‍ഘമായ ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയും പുതിയ അഡ്മിനുകളെ കണ്ടെത്തി. ഓരോ തെരഞ്ഞെടുപ്പും സൈറ്റിന് മുകളില്‍ പരസ്യപ്പെടുത്തി പൊതു ചര്‍ച്ചയിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. യാതൊരു വിധി സാമ്പത്തിക ലാഭവും നോ്ക്കാതെ തങ്ങളുടെ സമയവും അധ്വാനവും ചെലവഴിച്ച് ഈ വിജ്ഞാന ഭണ്ഡാരത്തിന്റെ പണിപ്പുരയില്‍ സദാ ജാഗ്രത്തായി.

വിക്കിപീഡിയയുടെ പരിമിതികളും പോരായ്മകളും സ്ഥിരമായി വിമര്‍ശനങ്ങള്‍ വിധേയമാവാറുള്ള ഒന്നാണ്. ലേഖനങ്ങളിലെ അബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള വിമര്‍ശനക്കുറിപ്പുകളും കാണാറുണ്ട്. എന്നാല്‍ ഇതര പ്രസിദ്ധീകരണങ്ങളിലോ ഗ്രന്ഥങ്ങളിലോ ഉള്ള അബന്ധങ്ങള്‍ നമുക്ക് പരാതിപ്പെടാന്‍ മാത്രം സാധിക്കുമ്പോള്‍ ഇവിടെ ആധികാരികമായ പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ നമുക്ക് തന്നെ വസ്തുതള്‍ ചേര്‍ക്കാനാവും. അതിനാവട്ടെ വിക്കി സ്ഥാപനകനുള്ള അതേ അധികാരം വിക്കി പീഡിയയില്‍ കയറിയ ഏത് അംഗത്തിനും നല്‍കുന്നു. വസ്തുതാരകമായ അബന്ധങ്ങളും മറ്റും നിരീക്ഷിക്കാനും നശീകരണപ്രവണതകളെ ഇല്ലാതാക്കാനും അഡ്മിനുകളും ബ്യൂറോക്രാറ്റുകളും വിക്കിപീഡിയ സജ്ജരാണ്.

അതേ സമയം വിക്കിപീഡിയയിലെ ഒരു ലേഖനവും സ്വതന്ത്രമായി ആധികാരികമാണെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ ലേഖന റഫറന്‍സുകളായി വിക്കിപീഡിയയെ ഉദ്ദരിക്കുന്നതും കരണീയമല്ല. വിക്കിപീഡിയയുടെ ഓരോ ലേഖനത്തിന്റെയും ആധികാരികത ബലപ്പെടുന്നത് അതില്‍ ചേര്‍ത്തിട്ടുള്ള റഫറന്‍സുകള്‍ക്കനുസിച്ച് മാത്രമാണ്. വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ആധികാരികമായ റെഫറന്‍സിന്റെ പിന്‍ബലത്തില്‍ പകര്‍പ്പവകാശ രഹിതമായ സ്വതന്ത്രവിവരങ്ങള്‍ മാത്രമേ ചേര്‍ക്കാവൂ എന്നതും കര്‍ശനമായി പാലിക്കപ്പെടേണ്ടതാണ്. ഇത്തരം അനേകം അവലംബങ്ങള്‍ ചേര്‍ത്തു കൊണ്ടുള്ള വിവരശേഖരമായാണ് വിക്കിപീഡിയയെ പരിഗണിക്കേണ്ടത്.


2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ തുടക്കം. 2006 ലാണ് ആയിരാമത്തെ ലേഖനം പിറക്കുന്നത്. 2009 ല്‍ ഇത് പതിനായിരവും 2013 മുപ്പതിനായിരവും കടന്നു. 50,000 ലധികം പേര്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കിലും മുന്നൂറുപേരോളമേ സജീവമുള്ളൂ. മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 21 അഡ്മിനുകളും 52 നിരീക്ഷക പദവിയിലുള്ളവരുമാണുള്ളത്. വിക്കിപീഡിയ ലേഖനങ്ങളുടെ കാര്യക്ഷമത നിശ്ചയിക്കുന്നത് അതിന്റെ ഡെപ്ത് നോക്കിയിട്ടാണ്. ഈ മാനദണ്ഡമനുസരിച്ച് ഇതര ഇന്ത്യന്‍ ഭാഷകളേക്കാള്‍ ലേഖനങ്ങളുടെ എണ്ണത്തില്‍ പിറകിലാണെങ്കിലും ഡെപ്്തില്‍ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ പല പ്രമുഖ ഭാഷാവിക്കിപീഡിയയെക്കാളും മുന്‍ നിരയിലാണ് ആ നിലക്ക് മലയാളം. വെബ്‌സൈറ്റുകളുടെ റാങ്കിങ് നിശ്ചയിക്കുന്ന ഔദ്വേഗിക ഏജന്‍സിയായ അലകസാ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മുന്‍ നിര സൈറ്റുകളിലൊന്നാണ് വിക്കിപീഡിയ.

en.wikipedia.org എന്നതാണ് ഇംഗ്ലീഷ് വിക്കിവിലാസം. ml എന്നത് മലയാളത്തിന്റെയും ar എന്നത് അറബിയുടെയും ur എന്നത് ഉറുദുവിന്റെയും കോഡാണ്. മാതൃവിക്കിപീഡിയയെ കൂടാതെയുള്ള മറ്റൊരു സംരംഭമാണ് 2 കോടിയോളം ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ എന്നിവയുടെ സ്വതന്ത്രശേഖരമായ commons.wikipedia.org. സ്വതന്ത്രമായ ചിത്രങ്ങള്‍ ആര്‍ക്കും ഇതിലേക്ക് സംഭാവന ചെയ്യാനാവും. നേരത്തെ പരാമര്‍ശിച്ച വിക്കി ഗ്രന്ഥശാലയെകുടാതെ വിക്കി പാഠശാല (ml.wikibooks.org) വിക്ക്ഷണറി (ml.wiktionary.org) വിക്കിചൊല്ലുകള്‍ (ml.wikiquote.org) എന്നിവയും അനുബന്ധ സൈറ്റുകളാണ്. 287 ലോകഭാഷകളില്‍ ഇപ്പോള്‍ വിക്കിപീഡിയ ലഭ്യമാണ്.

അംഗത്വം എടുക്കാന്‍ ഇമെയില്‍ വിലാസം മാത്ര നല്‍കിയാല്‍ മതിയാവും. തുടര്‍ന്ന് മലയാളത്തില്‍ എഴുതുവാന്‍ സൈറ്റിന് മുകള്‍ഭാഗത്ത് എഴുത്തുപകരണം അമത്തിയാല്‍ ഏതു കമ്പ്ൂട്ടറില്‍ നിന്നും മലയാളം സജ്ജമാക്കാം. ലേഖനത്തിന് മുകളില്‍ കാണുന്ന തിരുത്തുക എന്ന് ക്ലിക്ക് ചെയ്താല്‍ ലേഖനം തിരുത്താനാവും. സാങ്കേതി പരിജ്ഞാനങ്ങളൊന്നും ഇല്ലാതെ തന്നെ നേരിട്ട് ലേഖനം കണ്ട് തിരുത്താനുള്ള സംവിധാനം ഇപ്പോഴുണ്ട്. ആവശ്യമായ സഹായവും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്.


(മലയാളം വിക്കിപീഡിയ നിരിക്ഷകസേനാംഗ-patroller-മാണ് ലേഖകന്‍))
പ്രബോധനം: 20.09.2013 ൽപ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണരൂപം