ബഷീറിലെ ദേശീയതയും പതിനാറാം വയസ്സിലെ വിവാഹവും

സ്വാതന്ത്ര്യ സമര സേനാനിയായ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചും വിവാഹരംഗത്തെ പെണ്ണിന്റെ പ്രായത്തെ കുറിച്ചും പൊതുവേദിയിലെ മുസ്‌ലിം സ്ത്രീയെകുറിച്ചെല്ലാമാണ് ഈ ലക്കം വാനയാവാരത്തില്‍.

പൊതുവേദിയിലെ മുസ്‌ലിം സ്ത്രീ
സമൂഹത്തില്‍ വിപ്ലവകരമായ ഒരു മാറ്റം സൃഷ്ടിക്കുന്നതിന് തടസ്സമാകുന്നത് പുരുഷാധിപത്യ സമുദായിക സംഘടനകളും പുരുഷ കേന്ദ്രീകൃത കുടുംബ വ്യവസ്ഥയുമാണെന്ന് എന്‍.പി. ഹാഫിസ് മുഹമ്മദ് മലയാളം വാരികയില്‍. (27.9.13) കേരള രാഷ്ട്രീയത്തിലെ മുസ്‌ലിം സ്ത്രീ സാന്നിദ്ധ്യം, സംവരണം പോലുള്ള ഘട്ടങ്ങളില്‍ നേരിടുന്ന പ്രയാസങ്ങള്‍, ഇടതു പക്ഷമടക്കമുള്ള സംഘടനകളിലെ മുസിലിം സ്ത്രീ സാന്നിദ്ധ്യം എന്നിവയൊന്നും ആശാവഹമല്ല. എല്ലാ മേഖലകളിലും പുരുഷ കേന്ദ്രീകൃതമായാണ് കാര്യങ്ങള്‍ കിടക്കുന്നതെന്നും ലേഖകന്‍. മുസ്‌ലിം സംഘടനകളിലെ സ്ത്രീ സാന്നിദ്ധ്യങ്ങളെ കുറിച്ചുള്ള വിലയിരുത്തലില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ ജി.ഐ.ഒ, മുജാഹിദിന് കീഴിലെ എം.ജി.എം എന്നീ സംഘടനകളുടെ മുന്നേറ്റങ്ങള്‍ ശ്ലാഘിക്കുകയും സേവന-പഠന മേഖലമേഖലകളിലെ സേവനങ്ങള്‍ എടുത്തു പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രബലമായ സുന്നി വിഭാഗങ്ങളില്‍ പല മേഖലകളിലും മാറ്റങ്ങള്‍ ദൃശ്യമാവുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കായി സംഘടന രൂപീകരിക്കാനായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും അര്‍ഹമായ പരിഗണനകള്‍ നല്‍കുന്നില്ല. മുസ്‌ലിംകള്‍ മേല്‍നോട്ടം നല്‍കി രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി മാറ്റം കുറിച്ചെങ്കിലും, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവക്കൊന്നും സജീവ വനിതാ സംഘടനകളിലെന്നും ഒലീവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വര്‍ത്തമാനകാലം എന്ന ഗ്രന്ഥത്തിലെ ഒരു അധ്യായം വിലയിരുത്തുന്നു.

പതിനാറിന്റെ വായനകള്‍
വിവാഹ പ്രായവിവാദത്തില്‍ മുസ്‌ലിംസംഘടകളെ പ്രതിക്കൂട്ടിലാക്കുകയും പുരോഗമന വിരുദ്ധതയുടെ പേരില്‍ മീഡിയകള്‍ ആഘോഷിക്കുമ്പോള്‍ എഴുത്തുകാരി ലീലാ മേനോന്‍ ഇതെഴുതുന്നത്. 'വിവാഹപ്രായം പതിനാറാക്കണം' ഗ്ലോബല്‍ മലയാളം എന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് ഈ ലേഖനം എഴുതിയത്.
lelamnnn
'ഇന്ത്യയില്‍ 47%-ലേറെ പേര്‍ പതിനെട്ടിനുമുമ്പ് വിവാഹിതരാകുന്നുവെങ്കില്‍ വിവാഹം കഴിക്കാനുള്ള പ്രായം പതിനാറായി കുറയ്ക്കണം. അല്ലെങ്കില്‍ സ്ത്രീകള്‍ കഠിനമായ ലൈംഗിക ചൂഷണത്തിന് ഇരയാകും. ഗ്ലോബല്‍ മലയാളത്തിന്റെ ലൈംഗിക പ്രായം പതിനാറാക്കണോയെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ലീലാ മോനോന്റെ ഈ പ്രതികരണം. പത്തുവയസു മുതല്‍ കുട്ടികള്‍ പ്രണയ ബന്ധത്തില്‍ കുടുങ്ങി ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്ന സാഹചര്യം ഇന്ന് ഇന്ത്യയില്‍ വര്‍ധിച്ചു വരുകയാണ്. ലൈംഗികതയുടെ പ്രായം കുറയ്‌ക്കേണ്ടതാണ്. പക്ഷേ അതിന്റെ ദൂരവ്യാപകമായ ഫലവും നാം തന്നെ അഭിമുഖീകരിക്കേണ്ടി വരും. സ്‌കൂളുകളില്‍ കോണ്ടം വില്പന നടത്തേണ്ട ഗതിക്കേടിലാവും നാം. എന്നാല്‍ സാംസ്‌കാരിക മാറ്റങ്ങളെ നാം ഉള്‍ക്കൊണ്ടേ മതിയാവൂ. ലൈംഗിക തൃഷ്ണ സമൂഹത്തില്‍ കൂടി വരുന്നു. ആധുനിക മാധ്യമങ്ങളാകാം ഇതിന് കാരണം. ആദ്യം താലി പിന്നീട് ആദ്യരാത്രി എന്ന സങ്കല്പം മാറി ആദ്യം ലൈംഗിക ബന്ധം പിന്നീട് താലി എന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. നമ്മുടെ നാട്ടിലെ അമ്മമാരുടെ പങ്ക് ഈ വിഷയത്തില്‍ ചെറുതല്ല.'

അതേ സമയം പതിനാറിനെതിരെ ശക്തമായ ലേഖനമെഴുതിയിരിക്കുകയാണ് യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ. ഫിറോസ്. (മാതൃഭൂമി 25.8.13) ലേഖനം അവസാനിക്കുന്നത് ഇങ്ങിനെ. 'മുസ്‌ലിം വിവാഹത്തില്‍ മഹറാണ് (പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടത്) പരമപ്രധാനം. എന്നാല്‍, മഹറിനെ പിന്‍തള്ളി സ്ത്രീധനം ഇന്ന് സാര്‍വത്രികമായിരിക്കുന്നു. മഹര്‍ വാങ്ങേണ്ട പണംപോലും വരന് സ്ത്രീധനമായി മുന്‍കൂട്ടി നല്‍കേണ്ട സ്ഥിതിയിലേക്ക് വിവാഹക്കമ്പോളം മാറിയിരിക്കുന്നു. സ്ത്രീധനം നല്‍കാനാകാത്തതിന്റെ പേരില്‍ എത്ര പെണ്‍കുട്ടികളാണ് പുരനിറഞ്ഞ് നില്‍ക്കുന്നത്. മൈസൂര്‍ കല്യാണത്തിലൂടെ വിവാഹിതരായ എത്ര പെണ്‍കുട്ടികളാണ് ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവകളാക്കപ്പെടുന്നത്! സമുദായം ഇത്തരം വിഷയങ്ങളില്‍ പ്രതിലോമപരമായി യോജിക്കുന്നതിനുപകരം ഈ വിധത്തില്‍ ജീവിതം ഹോമിക്കപ്പെട്ട പാവം പെണ്‍കുട്ടികളുടെ കണ്ണുനീര്‍ തുടയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനല്ലേ ഒന്നിക്കേണ്ടത്? വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ശരീഅത്ത് വിരോധികളെന്നും സമുദായത്തിന്റെ ശത്രുക്കളെന്നും മുദ്രകുത്തുന്നതിനുപകരം ആത്മവിമര്‍ശത്തിനും സ്വയംതിരുത്തലിനും തയ്യാറായാല്‍ അതായിരിക്കും മതസംഘടനകളുടെ അന്തസ്സിനും അവര്‍ സൃഷ്ടിച്ച പുരോഗതിയുടെ പിന്തുടര്‍ച്ചയ്ക്കും ചേര്‍ന്നത്.'
pra27
അറബിക്കല്യാണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വശത്ത് മുസ്‌ലിം സംഘടനകളെ ആക്രമിക്കുന്നതിനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രസ്ഥാവന ഇറക്കിയെങ്കിലും സ്ത്രീകള്‍ പഠിച്ചാലെന്ത് എന്ന ചോദ്യമാണ് പ്രബോധനം പുതിയലക്കം (27.9.13) ചോദിക്കുന്നത്. 'ഇതര സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ പഠനവും ആവശ്യമെങ്കില്‍ തൊഴില്‍ സമ്പാദനവും കഴിഞ്ഞ് ശാരീരികവും മാനസികവുമായ പക്വതയും യോഗ്യതയും കൈവരിച്ച ശേഷമാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുക. മുസ്‌ലിം പെണ്‍കുട്ടികളില്‍ പലരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കല്യാണപന്തലിലേക്ക് കാലെടുത്തു വെക്കുന്നത് ജീവിതത്തിന്റെ പരമമായ ലക്ഷ്യം വിവാഹമാണെന്ന വികലമായ കാഴ്ചപ്പാട് കുട്ടികളിലും രക്ഷിതാക്കളിലും വളര്‍ന്നു വരുന്നത് കൊണ്ടാണ്.' 'സമുദായമേ, കാണേണ്ടത് അറബിക്കണ്ണീരല്ല; ഈ പെണ്‍കുട്ടിയുടെ പോരാട്ടമാണ്' എന്ന പേരില്‍ നാലാമിടത്തില്‍ സവാദ് റഹ്മാന്റെ ലേഖനവും ഇക്കാര്യമാണ് പറയുന്നത്.

സ്വാതന്ത്ര്യസമരസേനാനിയായ ബഷീര്‍
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ നമ്മോട് ആരെങ്കിലും ചോദിച്ചാല്‍ നാം വൈക്കം മുഹമ്മദ് ബഷീറിനെ എത്രം സ്ഥാനത്ത് ഉള്‍പ്പെടുത്തും? ഒരു വേള ആ പേര് പോലും നമ്മുടെ മനസ്സില്‍ തെളിയുമോ? ഇല്ല എന്ന നമ്മുടെ ഉത്തരം യാദൃശ്ചികമല്ല. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം പൊതുവെ വിസ്മൃതമാണ്. ബഷീറിന്റെ ഈ ചരിത്ര ദൗത്യത്തെ വിശകലനം ചെയ്യുകയാണ് വിജ്ഞാന കൈരളയിലെ സെപ്തംബര്‍ ലക്കത്തില്‍ പ്രിയ പീലിക്കോട്. ബഷീറിലെ ദേശീയത എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

'ആ കാലഘട്ടത്തിലെ എഴുത്തുകാരില്‍ നിന്ന് ബഷീറിനെ വ്യത്യസ്തനാക്കുന്നത് നീണ്ട സ്വാതന്ത്ര്യ സമര പാരമ്പര്യമാണ്. വൈക്കം സത്യാഗ്രഹത്തില്‍ നിന്ന് തുടങ്ങി സ്വാതന്ത്ര്യ  ലബ്ധി വരെ അത് നീണ്ട് കിടക്കുന്നു. അന്നത്തെ മിക്ക എഴുത്തുകാരും ദേശീയ പ്രസ്ഥാനത്തിലോ വിപ്ലവ പ്രസ്ഥാനത്തിലോ നേരിട്ട് പങ്കെടുക്കാതെ തങ്ങളുടെ സര്‍ഗാത്മകതയിലൂടെ അതിനെ പരിപോഷിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ബഷീര്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം സ്വാതന്ത്ര്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചു. അതു കൊണ്ട് ആ കൃതികളിലെ ദേശീയബോധത്തിന് അനുഭവത്തിന്റെ ചൂടും ചൂരുമുണ്ട്. 'ബഷീറിനെ കുറിച്ച് വേറെയും രണ്ട് പഠനങ്ങള്‍ ഈ ലക്കകത്തിലുണ്ട്.
ആരാമം മാസികയില്‍ സ്വാതന്ത്ര്യസമര സേനാനിയായ എം. റഷീദുമായുള്ള സംഭാഷണം കാണം. അതില്‍ ബഷീറുമായ രസകരമായ അനുഭവങ്ങള്‍ എം.റഷീദ് പങ്കുവെക്കുന്നുണ്ട്. 'കാലന്‍ കുട മടക്കിത്തൂക്കിയിട്ട് ബഷീര്‍ ചായകുടിക്കാനിരുന്നു. ചായ കുടിച്ചു തീരും മുമ്പേ തൂക്കിയിട്ട കുട വേറൊരുത്തന്‍ എടുത്തു. പെട്ടെന്ന് ബഷീര്‍ എഴുന്നേറ്റ്-'നിങ്ങളുടെ പേര് ബഷീര്‍ എന്നാണോ?' എന്ന് ചോദിച്ചു. 'അല്ല'. 'എന്നാലിത് ബഷീറിന്‍രെ കുടയാണ്' എന്നു പറഞ്ഞ് കുട തിരിച്ചു വാങ്ങി.

കേരളത്തെ കണ്ട് പഠിക്കട്ടെ
ദേശീയ മാധ്യമരംഗത്ത് മുസ്‌ലിം സാന്നിദ്ധ്യം വളരെ കുറവാണ്. സ്വന്തമായി പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യധാരാ പ്രസിദ്ധീകരണങ്ങളോ ചാനലുകളോ ദേശീയ തലത്തില്‍ മുസ്‌ലിംകള്‍ക്കില്ല. മുസ്‌ലിം ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രബല വിഭാഗമായ ജമാഅത്തെ ഇസ്‌ലാമിക്ക് പോലും ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലും ആനുകാലികങ്ങളുണ്ടെങ്കിലും അതും പ്രചാരണത്തില്‍ വളരെ പിന്നിലാണ്. ഇവിടെയാണ് കേരളത്തില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിക്ക് കീഴിലെ മീഡിയാ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയിലേക്കും ഇന്ത്യയിലൊട്ടുക്കും മാതൃകാപരമാവുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തിനുള്ള സ്വദേശത്തും വിദേശത്തുമായി 17 എഡിഷനുകള്‍ ഉള്ള മാധ്യമമാണ് ഈ രംഗത്ത് മാതൃകയെന്നാണ് മുസ്‌ലിം മിറര്‍ എടുത്തുദ്ദരക്കുന്നത്. ഈ വര്‍ഷം മാധ്യമത്തിന്റെ കുടംബത്തില്‍ നിന്നും ആരംഭിച്ച മീഡിയാവണ്‍ ചാനലും വലിയ കുതിപ്പാണെന്ന് ലേഖനം വിലയിരുത്തുന്നു. JIH must learn some lessons from its Kerala unit which has got tremendous success in the field media എന്നാണ് മുസ്‌ലിം മിറര്‍ ജമാഅത്തെ ഇസ്‌ലാമിയോട് അഭ്യാര്‍ഥിക്കുന്നത്.
- പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ച പ്രമുഖ്യ ഇസ്‌ലാമിക നവോദ്ധാന നായകനായ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയെ കുറിച്ചു ജീവിത ചിത്രം സെപ്തംബര്‍ 27 ലെ ശബാബിന്റെ കവര്‍‌സ്റ്റോറി. ദഹ്ലവിയുടെ വംശം, ജനനം, കുടുംബം, വിദ്യാഭ്യാസം, യാത്രകള്‍, മീമാംസകള്‍, സാമൂഹ്യ രാഷ്ട്രീയ ചിന്തകള്‍, വേര്‍പാട് എന്നിവയെല്ലാം രണ്ട് ലേഖനങ്ങളിലായി വിവരിക്കുന്നു. മുഹമ്മദുല്‍ ഗസ്സാലിയുടെ ദഹ്ലവിയെ കുറിച്ച ലേഖനം ഇതിലുണ്ട്.
- പൂങ്കാവനം സെപ്തംബര്‍ ലക്കം സില്‍വര്‍ ജൂബിലി പതിപ്പാണ്. മനോഹരമായ പുറംചട്ടയോടെ പുറത്തിറങ്ങിയ പൂങ്കാവനത്തില്‍ വിഭവങ്ങളില്‍ അധികം പുതുമകളൊന്നും ഇല്ല. പരിസ്ഥിതി വീക്ഷണം ഖുര്‍ആനില്‍, പരിസ്ഥിതി സങ്കല്‍പം ഖുര്‍ആനില്‍. വിഷം തിന്നുന്ന മലയാളികള്‍, മാധ്യമങ്ങളുടെ രാഷ്ട്രീയം തുടങ്ങിയ ലേഖനങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരെ കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണങ്ങളും ചേര്‍ത്തിരിക്കുന്നു.
വാചകവാരം: കാത്തു കാത്തിരുന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം നേടിയമോഡിയെ സ്തുതിക്കുന്ന മാതൃഭൂമി, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഏഷ്യാനെറ്റ് മാധ്യമങ്ങള്‍ 2002 ലെ ഗുജറാത്ത് വംശഹത്യയെ പറ്റി ഒന്നും പറയാതിരിക്കുന്നത് മോഡിയുടെ വരവിനേക്കാളും ഇന്ത്യയെ പേടിപ്പെടുത്തുന്നതാണ് - രിസാല വാരിക
http://islamonlive.in/story/2013-09-25/1380126159-3914167