മീഡിയ ഒന്നല്ല... ഒരൊന്നൊന്നര...!

മീഡിയാ വണിന്റെ ആദ്യ ന്യൂസ് ബുള്ളറ്റിന്‍ തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. മലയാള ചാനലുകളില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത എന്തു പുതുമകയാവും മീഡിയാവണിന് നല്‍കാനുണ്ടാവുക എന്ന ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമിടയിലേക്ക്  വന്ന ഇന്നലത്തെ 9 മണിയുടെ ന്യൂസ് വണ്‍ ശ്രദ്ധേയമായി. ഉണ്ടാക്കിവെച്ച ചട്ടക്കൂടിന് പുറത്ത് കടക്കാൻ പുതിയ തലമുറക്കേ സാധിക്കൂ. അത് തീർച്ചയായും മീഡിയാ വൺ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇത് കുറെ അവതാരകരെ മറുകണ്ടത്തിൽ നിന്ന് കൊളുത്തിട്ട് ചാടിച്ചാൽ നടക്കുന്നതല്ല. ഒരു പക്ഷെ മറുകണ്ടം ചാടലുകൾ തന്നെയാവാം ഒരേ അച്ചിലുള്ളവ മാത്രം കാണാൻ പ്രേക്ഷകരെ നിർബന്ധിപ്പിച്ചിരുന്ന ഘടകവും.

പ്രതിരോധ മന്ത്രിയെ അത്ഭുതപ്പെടുത്തിക്കളഞ്ഞ പുറംകാഴ്ചയിലെ ചാനല്‍ കോപ്ലക്‌സും സ്റ്റുഡിയോവും അതിലേറെ അതിശയിപ്പിച്ചു കളഞ്ഞു സ്റ്റുഡിയോക്കുള്ളിലെ സാങ്കേതിക സംവിധാനങ്ങളും നല്ലൊരു ഹോം നടത്തിത്തന്നെയാണ് ചാനല്‍ ഇവര്‍ തുടങ്ങുന്നതെന്ന പ്രഖ്യാപിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചെങ്കില്‍ അതിനെ അന്വര്‍ഥമാക്കുന്നരീതിയിലായിരുന്നു പ്രഥമ ബുള്ളറ്റിനും എന്ന് പറയാതിരിക്കാനാവില്ല. വാര്‍ത്താവതരരംഗത്ത് നികേഷ് കുമാര്‍ ഇന്ത്യാവിഷനിലൂടെ കൊണ്ടുവന്ന ട്രെന്റിന്റെ കോപ്പിയായിരുന്നു ഇത്രയും കാലമെങ്കില്‍ മീഡിയാവണ്‍ മറ്റൊരു ടേണിങ് പോയന്റായിരിക്കുന്നു. നടന്നു വന്നുള്ള വാര്‍ത്താവതരണവും ബോഡിലാംഗ്വേജിനെ ഉപയോഗപ്പെടുത്തിയും ബിഗ് സക്രീന്‍ പശ്ചാത്തലവും ഇരുന്നുള്ള വാര്‍ത്താവതരങ്ങള്‍ക്കിടയിലുള്ള കോംപിയറിങും പുതിയാനുഭവമായി.

ആദ്യ ഷോവില്‍ തന്നെ യാതൊരുവിധ നവജാതശിശുവിന്റെ ചാപല്യങ്ങളുമില്ലാത്ത എല്ലാ ചാനലുകളുടെ മുമ്പില്‍ ചാടിയുള്ള ടെലി റിപ്പോര്‍ട്ടിങും ശ്രദ്ധേയമാക്കി. സാങ്കേതിക രംഗത്ത് എന്‍.ഡി.ടി.വി ഗ്ലോബലിന്റെ കണ്‍സള്‍ട്ടന്‍സിയായിരിക്കാം. ഈ മികവുകള്‍ക്ക് ആക്കം കൂട്ടിയത്. ന്യൂ ജനറേഷന്‍ ട്രെന്റ് സിനിമയില്‍ മാത്രം മതിയാവില്ല എന്നാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത കെ.സി. ജോസഫ് പറഞ്ഞത്. വാര്‍ത്താവതാരകരിലും ചെറുപ്പക്കാരുടെ സാന്നിദ്ധ്യം സജീവമാണെങ്കിലും സംസാരപ്പിഴവുകള്‍ ഇല്ലാതാക്കേണ്ടതുണ്ട്. ഡോ. യാസീന്‍ അശ്‌റഫിന്റെ മാധ്യമം ആഴ്ചപ്പതിപ്പിലെ മീഡിയാ സ്‌കാന്‍ മികച്ചനിലവാരത്തിലുള്ളതാണെങ്കിലും അവതരണം കുടച്ചു കൂടി കനത്തോടെ ആവാമെന്ന് തോന്നി. കൂടുതല്‍ പരിപാടികളെത്തുന്നതോടെ കൂടുതല്‍ മിഴിവ് പകരുമെന്ന് പ്രതീക്ഷിക്കാം.
രാജ്യത്തെ അഞ്ച് മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള ചാനലുകളിലൊന്നും മലയാളത്തിലെ ഏറ്റവും മികച്ച ടെക്‌നോളജിയുപയോഗപ്പെടുത്തുന്ന ചാനലെന്ന ക്രെഡിറ്റും മീഡിയാവണ്‍ കയ്യടക്കിക്കളഞ്ഞു. ചാനല്‍ തുടങ്ങും മുമ്പേതന്നെ ജനകീയമായി എന്ന് പറയാവുന്ന തരത്തിലായിരുന്നു കോഴിക്കോട് സ്വപ്‌നനഗരിയെ വീര്‍പ്പുമുട്ടിച്ച ജനാവലി. ഇത്രയും വലിയസദസ്സിനുമുമ്പില്‍ പ്രഖ്യാപിച്ച് കടന്നുവന്ന ചാനലും ഒരു പക്ഷെ കേരളത്തില്‍ നവ്യാനുഭവമാവാം. ഏതൊരു സാധാരണക്കാരനും ഷെയര്‍ ഹോള്‌ഡേഴ്‌സായി പങ്കുചേരാന്‍ അവസരമൊരുക്കിയതിലൂടെ മലയാളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവുമധികം ഷെയര്‍ഹോള്‍ഡേഴുസള്ള ചാനലാവാനും മീഡിയാവണിന് സാധിച്ചു എന്നതില്‍ അഭിമാനിക്കാം.

ഇനി വള്ളിക്കുന്നിന്‍റെ ബ്ലോഗിൽ നിന്ന് അല്പഭാഗം...

<<< ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകളെ എതിര്‍ത്തു കൊണ്ടും അവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അവരുടെ കയ്യിരുപ്പ് വെച്ചു നോക്കിയാല്‍ ഇനിയും എഴുതാനുള്ള സാധ്യതയുമുണ്ട്. പക്ഷേ അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാതിരിക്കുന്നത് മഹാപാതകമാണ്. മീഡിയ വണ്‍ ചാനലിന്റെ ഉദ്ഘാടന പരിപാടിയും അവരുടെ പ്രഥമ വാര്‍ത്താ ബുള്ളറ്റിനും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒട്ടും നിരാശപ്പെടുത്തിയില്ല. എന്ന് മാത്രമല്ല, എന്റെ പ്രതീക്ഷയെക്കാള്‍ ഇത്തിരി അപ്പുറമെത്തുകയും ചെയ്തു. ഒരു പക്ഷെ അല്പം മാത്രം പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം എനിക്കങ്ങനെ തോന്നിയത്. മാതൃഭൂമിയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചത് കൊണ്ട് തുടക്കം മുതല്‍ അവര്‍ നിരാശപ്പെടുത്തി. ഇപ്പോഴും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ആറ് വാര്‍ത്താ ചാനലുകള്‍ നമുക്കിടയിലുണ്ട്. അതിലേക്ക് എഴാമാനായാണ് മീഡിയ വണ്‍ കടന്നു വരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ഉദ്ഘാടന പരിപാടി എന്തുകൊണ്ടും പ്രൌഡ ഗംഭീരമായിരുന്നു എന്ന് തന്നെ പറയാം. തികച്ചും പ്രൊഫഷണലായി അതവര്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഉദ്ഘാടന പരിപാടിക്ക് ശേഷം ആദ്യമായെത്തിയ വാര്‍ത്താ പരിപാടിയാണ്. രാത്രി ഒമ്പത് മണിയുടെ വാര്‍ത്ത. ന്യൂസ് വണ്‍ സ്പെഷ്യല്‍ എഡിഷന്‍ എന്നാണ്‌ അവര്‍ അതിനു നല്‍കിയിരിക്കുന്ന പേര്. മലയാള വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ ഏറ്റവും വലിയ യുദ്ധം നടക്കുന്നത് രാത്രി ഒമ്പത് മണിക്കാണ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ വാര്‍ത്തകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് അപ്പോഴാണ്‌. 'പ്രതികരണ വ്യവസായികള്‍ക്ക്' ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും ആ നേരത്താണ്. ഇന്നലത്തെ ഒമ്പത് മണിയുടെ വാര്‍ത്തകളില്‍ തുടക്കക്കാരായ മീഡിയ വണ്ണാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് എന്ന് പറയുന്നതില്‍ ഞാന്‍ ഒട്ടും പിശുക്ക് കാണിക്കുന്നില്ല.

ആ സമയത്ത് എല്ലാ ചാനലുകളും ഞാനോന്നോടിച്ചു നോക്കി. ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, മാതൃഭൂമി, റിപ്പോര്‍ട്ടര്‍ .. എല്ലായിടത്തും സ്ത്രീ പീഡനം തന്നെ വിഷയം. പീഡനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെയും ബി ജെ പിയിലെയും ചേരിപ്പോരും തമ്മില്‍ തല്ലും വറുത്തു പൊരിച്ചെടുക്കുകയാണ് എല്ലാവരും. പതിവ് വിഷയം, പതിവ് മസാലകള്‍, പതിവ് പ്രതികരണ വ്യവസായികള്‍.. ഒന്നിലും ഒരു മാറ്റവുമില്ല. പക്ഷെ മീഡിയ വണ്‍ ചര്‍ച്ച ചെയ്തത് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന ചര്‍ച്ചകളും കേന്ദ്രത്തിലും കാശ്മീരിലും ആ സംഭവം ഉയര്‍ത്തിയ പ്രതികരണങ്ങളുമാണ്. ഫെബ്രുവരി പത്തു മുതല്‍ മലയാള ടി വി പഴയത് പോലെയാവില്ല എന്ന പരസ്യം തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന ഒരു ചര്‍ച്ചയും ഏറെ പുതുമയുള്ള ഒരവതരണവും.http://www.vallikkunnu.com/2013/02/blog-post_11.html#more>>>