മുടിയാട്ടം തീര്‍ന്നു... ഇനി മോഡിയാട്ടം....!


കാന്തപുരത്തിനെതിരെതിയെള്ള മുടിവിവാദത്തിന് ശേഷം സജീവമായത് മോഡി വിവാദമാണ്. കേരളശബ്ദം വാരികയില്‍ കാന്തപുരം നല്‍കിയ അഭിമുഖമാണ് വിവാദത്തിന് വഴി വെച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വികസനമുഖം ഉയര്‍ത്തിക്കാണിച്ച് പിന്തുണ സ്വരം ഉയര്‍ത്തിയത്. ഈ ഭാഗം പൂര്‍ണ്ണായും പ്രസിദ്ധീകരിച്ച് സിറാജ് പത്രം ചോദിക്കുന്നതും ഇതില്‍ വിവാദമാക്കാനെന്തിരിക്കുന്നു എന്നാണ്.

'ചാദ്യം: നരേന്ദ്രമോഡി സര്‍ക്കാറിന്റെ സഹായം ഗുജറാത്തിലെ താങ്കളുടെ സ്‌കൂളുകള്‍ക്ക് കിട്ടുന്നുണ്ടോ ?.
കാന്തപുരം: അവിടെ സര്‍ക്കാരിന് ഒരു പോളിസി ഉണ്ടല്ലോ. ഞങ്ങള്‍ കെട്ടിടം പണിത് സ്‌കൂള്‍ നടത്തണമെന്ന് പറഞ്ഞാല്‍ അനുവദിക്കാതിരിക്കാന്‍ കഴിയില്ലലോ. അത് മോഡി സര്‍ക്കാര്‍ എന്നാ നിലക്കല്ല.
ചോദ്യം: മോഡിയെ അഗീകരിക്കുന്നുണ്ടോ?
കാന്തപുരം: ഒരാളെ അഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഞങ്ങളുടെ നയമല്ല. ഏത് വ്യക്തിയായാലും പ്രവാചകരെ അഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നായിരിക്കും മറുപടി. ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തെയാണ് അഗീകരിക്കുകയോ അഗീകരിക്കാതിരിക്കുകയോ ചെയ്യുന്നത്.
ചോദ്യം: മോഡിയുടെ പ്രവര്‍ത്തങ്ങളെ അഗീകരിക്കുന്നുണ്ടോ?
കാന്തപുരം: റോഡ് നന്നാക്കുകയും കൃഷിയുണ്ടാക്കുകയും ചെയ്യുന്ന എല്ലാവരുടെയും പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അഗീകരിക്കും. അതില്‍ മോഡിയുള്‍പ്പെട്ടിട്ടുണ്ടങ്കില്‍ അദ്ദേഹത്തെയും.
ചോദ്യം:അതില്‍ മോഡി ഉള്‍പ്പെടുമോ?
കാന്തപുരം: ഞാന്‍ അവിടെപോയി നോക്കിയിട്ടില്ല.'(കേരളശബ്ദം)

എവിടെയാണ് ഇതില്‍ മോഡിയുടെ നരഹത്യയെ പിന്തുണക്കുന്നത്, ഇത്തരമൊരു ആരോപണം പൂര്‍ണമായും വളച്ചൊടിക്കപ്പെട്ടതും, കാന്തപുരത്തോടുള്ള വിരോധം തീര്‍ക്കുകയാണെന്നും, മോഡിക്ക് വേണ്ടി പ്രചാരം നടത്തുകയാണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലുളള ലക്ഷ്യങ്ങള്‍ എന്നുമെല്ലാമുള്ള വിമര്‍ശനങ്ങള്‍ അനുയായികള്‍ക്കും ഇത് വാര്‍ത്ത നല്‍കിയ പത്രത്തിനോട് വിരോധമുള്ളവര്‍ക്കും വാദിക്കാവുന്നതാണ്.

ശരി, ഇതില്‍ മോഡിയെ നേര്‍്ക്ക് നേരെ പിന്തുണക്കുന്ന പ്രസ്താവനയില്ല എന്നു സമ്മതിക്കാം. എന്നാല്‍ ഈ രീതിയിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ പ്രത്യേകിച്ചും ദേശീയ തലത്തില്‍ മോഡിയുടെ കപട വികസനമുഖം പ്രചാരങ്ങളും ഏറ്റെടുത്ത് മോഡിയെ വിശുദ്ധനേതാവായി വാഴിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു പ്രസ്താവന അതിന്റെ ഭാഗം മാത്രമേ ആവുകയുള്ളൂ എന്നത് അറിഞ്ഞു കൂടാത്തത് ആര്‍ക്കാണ്. മോഡിയുടെ വംശഹത്യ മോഡിയൊഴിച്ച് ആരും അംഗീകരിക്കുന്നില്ല എന്ന കാര്യം വ്യക്തമാണല്ലോ. മോഡി പോലും വംശഹത്യയെ ഇപ്പോള്‍ ന്യായീകരിച്ചു കൊണ്ടുള്ള പ്രചാരണം തീര്‍ക്കുന്നില്ല. ഇത്തരമൊരു ഘട്ടത്തില്‍ മോഡിയുടെ വംശഹത്യയെ അനുകൂലിക്കുന്നില്ല എന്ന ന്യായീകരണം അപ്രസക്തമാണ്. മോഡിയെ അനുകൂലിക്കുന്നവരെല്ലാം ഇതു തന്നെയാണ് പറഞ്ഞിട്ടുള്ളതും.

സോഷ്യല്‍ മീഡിയയാണ് ഈ വിഷയം ചൂടുള്ള വിവാദമാക്കിയത്.മോഡിയുടെ സ്ഥാനത്ത് പിശാചിനെ വെച്ച് അഭിമുഖം മാറ്റിയെഴുതിയാണ് ഒരു പ്രതികരണം. നിങ്ങളുടെ പെണ്ണുങ്ങളെ അവര്‍ ബലാല്‍സംഘം ചെയ്തിട്ടുണ്ടാകും പക്ഷെ നിങ്ങളുടെ കുട്ടികള്‍ക്കു പഠിക്കാന്‍ സ്‌കൂളുകള്‍ ഉണ്ടാക്കിയില്ലേ നിങ്ങളുടെ വീടുകള്‍ അവര്‍ ചുട്ടുചാമ്പലാക്കിയിട്ടുണ്ടാകും പക്ഷെ നിങ്ങളുടെ വീട്ടിലേക്കുള്ള റോഡുകള്‍ അവര്‍ അതിസുന്ദരമാക്കിയില്ലേ....നിങ്ങളുടെ കുട്ടികളെ അവര്‍ മാതാവിന്റെ വയറ്റില്‍ നിന്നെടുത്തു തീയിലേക്കെറിഞ്ഞിട്ടുണ്ടാകും പക്ഷെ അവര്‍ നിങ്ങള്‍ക്കു വേണ്ടി ആശുപത്രികള്‍ ഉണ്ടാക്കിയില്ലേ എന്ന തരത്തിലാണ് മറ്റൊരു പ്രതികരണം. ഇനി ഈ ചോദ്യങ്ങള്‍ക്ക് കാന്തപുരം ശരിക്കും പറയേണ്ടിയിരുന്ന മറുപടിയും ഓരോരുത്തന്മാര്‍ എഴുതി.

മറിച്ചൊരു നിലപാടുണ്ടെങ്കില്‍ അത് തുറന്നു പറയുകയും ചെയ്യാമായിരുന്നില്ലേ. അതും ഉണ്ടായില്ല. ഇനി മോഡിയുടെ തനിനിറം തന്റെ ഭാഷണത്തില്‍ പറഞ്ഞിട്ടും കേരളശബ്ദം ലേഖകന്‍ അത് വെട്ടിക്കളഞ്ഞതാണോ? എങ്കില്‍ അതും പറയണം. സാഹചര്യത്തെ കുറിച്ച് ആലോചിക്കാതെയോ ഇത്തരം പ്രസ്താവനകളുടെ അപകടം അറിയാതെ പറഞ്ഞതാണെങ്കില്‍ ഒരു നേതാവെന്ന നിലക്ക് അദ്ദേഹം കുറച്ചു കൂടി ഗൗരവത്തില്‍ ഇത്തരം സംഭവങ്ങളെ കാണേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കേണ്ടതായി വരും. ഒപ്പം നേതൃത്വവും ഈ രീതിയില്‍ മോഡി അനുകൂലികള്‍ നടത്തുന്ന കപട പ്രചാരണത്തിന് മുന്നില്‍ വീണു എന്നും വാദിക്കാം. അതുമല്ലെങ്കില്‍ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്കിടയായ പശ്ചാത്തലത്തില്‍ തന്റെ യഥാര്‍ഥ നിലപാട് വിളിച്ച് പറയാന്‍ ഒരു പത്രസമ്മേളനമോ പത്രക്കുറിപ്പോ ഇറക്കുക.

ഇത്രയും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വിമര്‍ശകര്‍ക്ക് ചിലത് പറയാനെങ്കിലും അവസരം കൊടുക്കേണ്ടതായും വരും. മോഡിയില്‍ നിന്ന് അഞ്ച് കോടി കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമാണ് ഈ പ്രസ്താവനയെന്ന് സമസ്തയുടെ നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. ചേകനൂര്‍ കേസ് പശ്ചാത്തലവും ചില സന്ദര്‍ശനകളും വിരോധികള്‍ കൂട്ടിവായിച്ചെന്നിരിക്കും. ഗുജറാത്തില്‍ പ്രത്യേകമായി ലഭിച്ചുകൊണ്ടിരിക്കുന്ന സൌകര്യങ്ങളും ഈ സമയം ഓര്‍ക്കേണ്ടതായി വരും. മോഡിയാണ് ഇന്ത്യയില്‍ റോഡും കൃഷിയും കാര്യമായി പരിഗണിക്കുന്ന മുഖ്യമന്ത്രിയെന്ന വലിയ പ്രോപഗണ്ടയെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ മനസ്സിലാകും കാന്തപുരം തനിക്ക് മോഡിയെ സമ്മതമാണ് എന്ന് പറയാന്‍ ഇതിനേക്കാള്‍ നല്ല ഒരു ശൈലി സ്വീകരിക്കാനാവില്ല എന്ന്. ഇത് മീഡിയാ വണ്‍ കണ്ടെത്തി എന്നത് അത്ര വലിയ തെറ്റല്ല എന്നും പറയാം.

ഏതായാലും ചുരുങ്ങിയത് അണികളെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് മോഡിഅനുകൂല നിലപാടില്ല എന്ന് പറയാനായി രംഗത്ത് വന്നത് നന്നായി. രണ്ട് രീതിയില്‍ വ്യാഖ്യാന സാധ്യത തൊടുവിട്ട കാന്തപുരം തന്നെയാണ് ഇനി ക്ലാരിഫിക്കേഷന്‍ വരുത്തി അപവാദങ്ങള്‍ക്ക് അറുതി വരുത്തേണ്ടത്.ഏതായായാലും കാന്തപുരവിരോധികള്‍ക്ക് മരുന്നുകള്‍ ഓരോന്നായി കാന്തപുരം തന്നെ ഉല്‍പാദിപ്പിച്ചാല്‍ എന്നാ ചെയ്യും. ഇനി കാന്തപരം പറഞ്ഞതില്‍ യാതൊരു കുഴപ്പവും കാണാത്തവരുണ്ടേല്‍ അവരിലും മോഡിയുടെ പ്രചാരണം വിജയിച്ചും എന്നു വേണം മനസ്സിലാക്കാന്‍.

വിവാഹക്കണക്കുകള്‍

മുസ്ലിം ശൈശവ വിവാഹത്തെ വിമര്‍ശിക്കുന്ന ലേഖനം ചിന്തവാരികയിലുണ്ട്. ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ ചില കണക്കുകള്‍ പെട്ടിക്കോളത്തില്‍ നല്‍കിയത ഇവിടെ പ്രസക്തമാവുന്നു. 1975 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 200 പെണ്‍കുട്ടികളാണ് ആകെ ഉണ്ടായിരുന്നത്. അതില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ 10. 2012 മുസ്ലിം വിദ്യാര്‍ഥിനികളുടെ എണ്ണം 60 ആണ്. 1967 മമ്പാട് എം.ഇ.എസ് കോളേജിലെ മുസ്ലിം വിദ്യാര്‍ഥിനികളുടെ എണ്ണം 4 ആയിരുന്നുവെങ്കില്‍ 2013 ല്‍ അത് 620 ആണ്.
യൂനിസെഫ് റിപ്പോര്‍ട്ട് 2012 ന്റെ അടിസ്ഥാനത്തിലുള്ള ചില കണക്കുകള്‍. ഇന്ത്യയില്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ - 47% ;പതിനെട്ട് വയ്യസ്സിന് മുമ്പ് അമ്മമാരാകുന്നവര്‍ - 22 %; ലോകത്താകെയുള്ള ശൈശവ വിവാഹത്തില്‍ ഇന്ത്യന്‍ സംഭാവന - 40 % ; ഭാരക്കുറവുള്ള കുട്ടികള്‍(ഗ്രാമം) - 46%; വിളര്‍ച്ച കണ്ടുവരുന്ന കുട്ടികള്‍ -72 %. അത സമയം ശൈശവ വിവാഹത്തെ എതിര്‍ത്ത് യു.എന്‍. ബില്ല് കൊണ്ടുവരാനൊരുങ്ങുമ്പോള്‍ ഇന്ത്യ അതില്‍ ഒപ്പു വെക്കില്ല എന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത.

പുസ്തക വേട്ട വീണ്ടും

കന്നട സാഹിത്യകാരന്‍ യാഗേഷ് മാസ്റ്ററെ ആഗസ്ത് 29 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ധുണ്‍ഡി എന്ന നോവലിലെ ചില വരികള്‍ ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നതായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 285 A,298 വകുപ്പുകള്‍ ചുമത്തി. ഗണപതിയെ കീഴാള ഗോത്രരാജാവായി അവതരിപ്പിച്ചു. മാധ്യമം വാരിക കേരളത്തില്‍ നടക്കുന്ന പുസ്തക വേട്ടകളെ കുറിച്ചുള്ള രാഷ്ട്രീയവും സാമൂഹികവുമായ വിശകലനമാണ് ഈ വാരം നടത്തുന്നത്. നിരോധിച്ചിട്ടില്ലാത്ത പുസ്തകങ്ങളെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളപോലീസിന്റെ അക്ഷരവേട്ടയാണ് ഡോ. സുധീപ് കെ.എസ് തുറന്നു കാണിക്കുന്നത്. ബാങ്ക് അക്കൗണ്ട് തുറക്കാന്‍ തന്റെ പേര് തീവ്രവാദി പേരല്ലെന്ന് തെളിയിക്കണം എന്ന നിബന്ധനയിലെ മനുഷ്യാവകാശ പ്രശ്‌നമാണ് ഒരു പേരിലെല്ലാമിരിക്കുന്നു എന്ന ലേഖനം.

കേരളത്തിലെ പുസ്തകവേട്ടയെ കുറിച്ച് ഉത്തരകാലം എന്ന വെബ് പോര്‍ട്ടലില്‍ വന്ന ലേഖനങ്ങള്‍ ശ്രദ്ധേയമാണ്. മുസ്ലീങ്ങള്‍ക്ക് നല്ലതല്ല 'ആവിഷ്‌ക്കാര സ്വാതന്ത്ര്യം' :പ്രസിദ്ധീകരണ സ്ഥാപനങ്ങളും മതേതരത്വവും എന്ന ലേഖനം.(http://utharakalam.com/?p=9115) 'തേജസ് പത്രവും കേരളത്തിലെ ഡീപ് സ്‌റ്റേറ്റും' എന്ന ലേഖനം തേജസ് പുനപ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ മുഖ്യധാരാപത്രങ്ങളും ചാനലുകളും പ്രകടിപ്പിക്കുന്ന സാമുദായിക, താല്‍പ്പര്യങ്ങള്‍ പൊതുവെ എല്ലാവര്‍ക്കും അറിവുള്ളതാണ്. 'മലയാള മനോരമയും' 'മാതൃഭൂമി'യും അത് മറച്ചുവെക്കാറുമില്ല. പദ്മനാഭക്ഷേത്രത്തിലെ നിധിയുടെ വിവാദത്തിന്റെ സമയത്ത് ആരാണ് കൂടുതല്‍ ഹൈന്ദവം എന്ന മത്സരംപോലും പത്രങ്ങള്‍ പ്രകടിപ്പിച്ചതായും കണ്ടിട്ടുണ്ട്. 'ജന്മഭൂമിയും' 'കേസരിയുമൊക്കെ പുറത്തുവിടുന്ന സാമുദായിക വിരോധത്തിന്റെ വിഷം ദേശീയവാദത്തിന്റെ യുക്തിക്കുള്ളിലാണ് രക്ഷപ്പെടുന്നത്. എല്ലാ പത്രങ്ങള്‍ക്കും വ്യത്യസ്തമായ മത/സമുദായ/പാര്‍ട്ടി ചായ്‌വുകള്‍ ഉണ്ടെന്ന് അറിയാമെങ്കിലും അവയൊക്കെ മറ്റുസമുദായ/പാര്‍ട്ടികേന്ദ്രങ്ങളില്‍നിന്നും എതിര്‍പ്പുകള്‍ മാത്രം നേരിടുകയും, എന്നാല്‍ മതേതരം എന്നോ നിഷ്പക്ഷമെന്നോ അവകാശപ്പെടാനും കഴിയുന്നു. എന്നാല്‍ 'തേജസ് പോലെയുള്ള പത്രങ്ങള്‍ക്ക് ദേശീയബോധം തെളിയിക്കേണ്ട ബാധ്യത വരുന്നു. ഗ്യാനേന്ദ്ര പാണ്‌ഡെയുടെ വളരെ സുപ്രധാനമായ ഒരു രാഷ്ട്രീയ ചോദ്യം വീണ്ടും ചോദിക്കേണ്ടിവരുന്നു. ''can  a Muslim  be Indian ?' പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ മറ്റൊരു ചോദ്യംകൂടി ചോദിക്കാവുന്നതാണ് 'മുസ്ലീം (ഉടമസ്ഥതയിലുള്ള) പത്രത്തെ ഇന്ത്യന്‍ പത്രമായി പരിഗണിക്കുമോ? -ലേഖകന്‍ ചോദിക്കുന്നു.
വാചകവാരം:'ഉസ്താദ,് അങ്ങ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരണപ്പെട്ടു പോയ പ്രവാചകന്റെ തിരു മുടിയെ കുറിച്ച് ഇത്ര ആധികാരികമായി പറയുമ്പോള്‍ ഗുജറാത്തിലെ വികസനത്തെ കുറിച്ച് പറയാന്‍ എന്തിന്നു അവിടെ വരെ പോവണം' -ഫേസ്ബുക്ക് കമന്റ്