വി ആര്‍ അനന്തമുര്‍ത്തി, യു ആര്‍?




ഈയാഴ്ചയിലെ താരങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേഷത്തിലെത്തിയ മോഡിയും മോഡിയെ പിന്തുണക്കുകയും എതിര്‍ക്കുകയും ചെയ്ത രണ്ട് പ്രമുഖരുമാണെന്ന് പറയാം. വി.ആര്‍. കൃഷ്ണയ്യറും യു.ആര്‍ അനന്തമൂര്‍ത്തിയുമായിരുന്നു അവര്‍. ഞങ്ങള്‍ മോഡിയെ എതിര്‍ക്കുന്ന അനന്തമൂര്‍ത്തിക്കൊപ്പമാണ്, നിങ്ങള്‍ കൃഷ്ണയ്യര്‍ക്കൊപ്പമോ എന്ന ചോദ്യമാണ് മുകളിലെ പേരുകളിലെ ഇനീഷ്യലുകള്‍ തിരിച്ചിടുമ്പോള്‍ അര്‍ഥമാക്കുന്നത്.

'മോഡിക്ക് അധികാരം ലഭിച്ചാല്‍ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സ്വപ്‌നം കണ്ട ഇന്ത്യയെ കാണാന്‍ സാധിക്കില്ല' എന്നാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ തുടക്കം പംക്തിയിലെ റൈറ്റപ്പ്. സമീപകാലത്തെ ഏറ്റവും വലിയ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തപ്പെടുമ്പോള്‍ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് അതു നല്‍കുന്ന വിപല്‍ സന്ദേശങ്ങളാണ് ബി. ആര്‍.പി ഭാസ്‌കര്‍ പരിശോധിക്കുന്നത്.  ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വഷണം നടത്തിയ നാനാവതി കമ്മീഷനുമുമ്പാകെ കലാപത്തിന്റെ അനാലറ്റിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയത് ആര്‍. ബി. ശ്രീകുമാറാണ്. അദ്ദേഹവുമായി നടത്തിയ ദീര്‍ഘാഭിമുഖം ഈ ലക്കം (6.10.13) കലാകൗമുദിയിലുണ്ട്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമായിരുന്നു അതെന്നും കോര്‍പ്പറേറ്റ് വക്താവാണ് മോഡിയെന്നും അദ്ദേഹം മണ്ടനാണെന്നും കേസ് അട്ടിമറി വിദഗ്ദനാണെന്നുമെല്ലാം ശ്രീകുമാര്‍.

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രന്‍ നരേന്ദ്ര മോഡിയുടെ, അത്ര ഹിഡന്‍ അല്ലാത്ത കേരള പദ്ധതിയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ജാതീയ  സാമുദായിക ചേരിതിരിവുകളെക്കുറിച്ചും അഴിമുഖം  എന്ന ഓണ്‍ലൈന്‍ ജേണലില്‍ സംസാരിക്കുന്നു. ഗുജറാത്ത് എന്നെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും എന്നാണ് തലക്കെട്ട്.
(http://www.azhimukham.com/secondtopnews-240.h-tml)

അത്തും പിത്തുമായോ കൃഷ്ണയ്യര്‍ക്ക് എന്നാണ് മുജീബു റഹ്മാന്‍ കിനാലൂര്‍ ചോദിക്കുന്നത്. 'ഇത്രയേറെ കളങ്കിതനായ മോഡിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആളുണ്ടായില്ല എന്നതിനേക്കാള്‍ ആശങ്കാകുലം മോഡിക്ക് വേണ്ടി വക്കാലത്തുമായി മതേതരവാദികള്‍ എന്ന് നാം ആഘോഷിച്ചു പോന്ന പലരും മുന്നോട്ടു വരുന്നു എന്നതാണ്.. മോഡിക്ക് ജന്മദിനാശംസ നേര്‍ന്ന പ്രമുഖരില്‍ ഒരാളാണ് മുന്‍സുപ്രീം കോടതി ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍ . മോഡിയെ പ്രശംസകള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ച കൃഷ്ണയ്യര്‍ , അദ്ദേഹം മനുഷ്യാവകാശ സംരക്ഷകനും സോഷ്യലിസ്റ്റുമാണെന്നും പറഞ്ഞു കളഞ്ഞു! മുന്‍ കരസേവ മേധാവി വി കെ സിംഗ്, മുന്‍ സൈനികനും ഒളിമ്പിക് ജേതാവുമായ രാജ്യവര്‍ധന്‍ രധോര്‍, നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ മോഡിക്ക് അഭിനന്ദനവുമായി രംഗത്ത് വന്നു. നരേന്ദ്ര മോഡിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി ജെ പി ന്യൂനപക്ഷസെല്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി അംഗത്വ വിതരണത്തില്‍ ധാരാളം മുസ്‌ലിംകള്‍ ബിജെപിയില്‍ ചേര്‍ന്നതായാണ് അവരുടെ അവകാശവാദം. ഇത് പൂര്‍ണമായും ശരിയാകില്ലെന്നു കരുതിയാല്‍ തന്നെ, അധികാര മോഹികളായ യൂദാസുകള്‍ ഏതു ചെകുത്താനും കുഴലൂതാനുണ്ടാകും. രാജ്യത്തെ മതേതര രാഷ്ട്രീയക്കാര്‍ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. സ്വതസിദ്ധമായ ചാഞ്ചാട്ടം വെടിഞ്ഞു വര്‍ഗീയതയെ എതിര്‍ക്കാനും ന്യൂപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും കോണ്‍ഗ്രസിനു കഴിയുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.'(http://www.kinalur.com/2013/09/blog-post_26.html)

മുസ്ഫര്‍നഗറിലെ നിലവിളികള്‍

മുസ്ഫര്‍ നഗര്‍ കലാപത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം കൂടുതല്‍ വിശകലനങ്ങളും നിരീക്ഷണങ്ങളും ഈയാഴ്ച പുറത്തുവന്നു. കലാപത്തെ കുറിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് സെന്റര്‍ ഫോര്‍ പോളിസി അനാലിസിസാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ സിവില്‍ സര്‍വീസ് ഉദ്വേഗസ്തനുമായ ഹര്‍ഷ് മന്ദര്‍, അതിര്‍ത്തി രക്ഷാ സേനയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഇ.എന്‍. രാം മോഹന്‍, ജെ.എന്‍.യുവിലെ കമല്‍ ചിത്ര ചിനോയ്, ദേശീയോദ്ഗ്രഥന കൗണ്‍സിലംഗം ജോണ്‍ ദയാല്‍, സുകുമാര്‍ മുരളീധരന്‍, സീമ മുസ്തഫ തുടങ്ങിയവര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമം ആഴ്ചപ്പപ്പതിപ്പില്‍ (7.10.13) മുറിവേറ്റ മുസഫര്‍ നഗര്‍ എന്നാണ് തേജസ് ദൈ്വവാരികയുടെ കവര്‍ സ്‌റ്റോറി. മുസഫര്‍ നഗറിലെ ജൗല റിലീഫ് ക്യാമ്പില്‍ നിന്നും ഇ.എം. അബ്ദുറഹ്മാനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ രാം പുനിയാനിയുടെ മുസഫര്‍ നഗര്‍: കലാപങ്ങള്‍ , വിളനിലങ്ങള്‍ എന്ന ലേഖനം ഡൂള്‍ ന്യൂസില്‍ (http://www.doolnews.com/muzaffarnagar-violence-polarization-with-a-difference-by-ram-puniyani-malayalam-news-545.h-tm-l) പ്രസിദ്ധീകരിച്ചു. ബി. ജെ. പിയുടെ പരിക്രം യാത്രയിലൂടെ അവര്‍ ഇവിടെ വിഭാഗീയതയുടെ വിത്ത് പാകി. സമാജ് വാദി പാര്‍ട്ടിയും ഈ രീതിയില്‍ തന്നെ ചിന്തിച്ചു. ഹിന്ദു വിഭാഗീയത ബി.ജെ.പിക്ക് ഗുണമാവുന്നത് പോലെ തന്നെ മുസ്ലിം വിഭാഗീയത തങ്ങള്‍ക്കും ഗുണമാകുമെന്ന് അവരും കണക്കും കൂട്ടി. ഈ കണക്കുകൂട്ടല്‍ കലാപം പടരുന്നതിന് കാരണമായി-രാം പുനിയാനി.

മുസ്ലിം സംഘടനകള്‍ പ്രതിക്കൂട്ടില്‍

കേരളത്തിലെ മുസ്ലിം സംഘടനകളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ കയറ്റിയ വാരമാണ് കഴിഞ്ഞു പോയത്. എം.എന്‍. കാരശ്ശേരി മാതൃഭൂമി പത്രത്തില്‍ ഈ വിഷയത്തില്‍ ലേഖനമെഴുതി. ലേഖനത്തിലുദ്ദരിച്ച ഹദീസ് ഇവിടെ പ്രസക്തം തന്നെയാണ്. ഒരു പെണ്‍കുട്ടി മുഹമ്മദ് നബിയുടെ സദസ്സില്‍ വന്ന്, തന്റെ അറിവോ അനുവാദമോ ഇല്ലാതെ ബാപ്പ തന്നെ ഇന്നയാള്‍ക്ക് കെട്ടിച്ചുവെന്ന് പരാതിപ്പെട്ടു.
നബി ചോദിച്ചു: ''നിനക്ക് പ്രായപൂര്‍ത്തിയായിട്ടില്ലേ?''
''ആയിട്ടുണ്ട്.''
''നിന്നോട് ചോദിക്കാതെയാണോ കെട്ടിച്ചത്?''
''അതെ.''
'ശരി, ഇഷ്ടമില്ലെങ്കില്‍ ആ വിവാഹം നിനക്ക് റദ്ദാക്കാം. പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ നടക്കുന്ന നിക്കാഹിന് സാധുതയില്ല.''
'പ്രവാചകരേ, ഭര്‍ത്താവിനെ എനിക്കിഷ്ടമായി. ഞാന്‍ തൃപ്തയാണ്. ഈ സഭയില്‍ വന്ന് ഞാന്‍ ഇത് ചോദിച്ചത് അത്തരം കാര്യങ്ങളില്‍ തീര്‍പ്പെടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടോ എന്ന് അങ്ങയുടെ മുഖത്തുനിന്ന് കേള്‍ക്കുന്നതിനുവേണ്ടിയാണ്.'
''തീര്‍ച്ചയായും സ്ത്രീകള്‍ക്ക് ആ അവകാശമുണ്ട്.''

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പാഠം ഒന്ന് വിലാപം ചെയ്ത ആര്യാടന്‍ ഷൗക്കത്തിന്റെ ലേഖനമുണ്ട്. വിഷയം ഇതുതന്നെ. ഈ ലക്കം കലാകൗമുദി എം.എം. ഹസന്‍, സാദിഖലി എന്നിവരുടെ വീക്ഷണങ്ങള്‍ ചേര്‍ത്തി നിക്കാഹിന്റെ രാഷ്ട്രീയം എന്ന പേരില്‍ കവര്‍‌സ്റ്റോറി ചെയ്തു (6.10.13). മാറാത്ത നേതൃത്വം മാറേണ്ട സമുദായം എന്ന പേരില്‍ ഡൂള്‍ ന്യൂസില്‍ വന്ന നീണ്ട ലേഖനത്തില്‍ മതസംഘടനകളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അതേ സമയം ലീലാ മേനോടൊപ്പം മമതാ ശര്‍മ്മയും. ബലാല്‍സംഘങ്ങള്‍ വര്‍ദ്ദിക്കുന്നത് തടയാന്‍ വിവാഹപ്രായം കുറക്കുന്നത് തന്നെയാണ് നല്ലതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമതാ ശര്‍മ്മാ പറയുന്നത്.

സംഘടനാ നേതാക്കളും തങ്ങളുടെ നിലപാട് വിശദീകരിക്കുകയുണ്ടായി. വിവാഹ പ്രായം വസ്തുതയറിയാതെ വിമര്‍ശിക്കുന്നവര്‍ എന്ന തലക്കെട്ടില്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അസ്ഗറലി വര്‍ത്തമാനത്തില്‍ ലേഖനമെഴുതി. ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലിയുടെ മാധ്യമം അഭിമുഖത്തില്‍ വിഷയത്തിലുള്ള മധ്യമനിലപാട് പറയുന്നു. '18 വയസ്സ് ആകുന്നതിനുമുമ്പ് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചേ അടങ്ങൂ എന്നു വിചാരിക്കുന്ന പിന്തിരിപ്പന്മാരും 18 എന്നത് വിശുദ്ധ നമ്പറാണെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചപോലും അനുവദിക്കില്ല എന്നും ധാര്‍ഷ്ട്യം വെച്ചുപുലര്‍ത്തുന്ന മതേതര പൗരോഹിത്യവും ഫലത്തില്‍ ഒന്നുതന്നെയാണ്. 18 എന്നത് ഒരു നിശ്ചിത സാഹചര്യത്തില്‍ ഇന്ത്യയില്‍ രൂപപ്പെട്ട നിയമമാണ്. സാമൂഹികശാസ്ത്രപരവും മനശ്ശാസ്ത്രപരവും മറ്റുമായ ഒരുപാട് ഘടകങ്ങള്‍ മുന്‍നിര്‍ത്തി ഒരു സമയത്ത് വന്ന തീരുമാനം. അതിനെ സംവാദവിധേയമാക്കാനേ പാടില്‌ളെന്ന് പറയുന്ന സെക്കുലര്‍ വരേണ്യര്‍ക്ക് നിയമ രൂപവത്കരണത്തെയും സാമൂഹിക മാറ്റങ്ങളെയും കുറിച്ച സാമാന്യ ധാരണകളില്ല എന്നതാണ് സത്യം. (മാധ്യമം 27.9.13)

പുസ്‌കവിവാദങ്ങള്‍ വീണ്ടും
ഉറുദു ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥം 12 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ഒരു തടസ്സവുമില്ലാതെ വില്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മലയാള ഭാഷയില്‍ 4 വര്‍ഷമായി ഈ പുസ്തകം വായിക്കപ്പെടുന്നുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഇംഗ്‌ളീഷ് പാഠപുസ്തകത്തിലെ 'ഓഡ് റ്റു ദ സീ' എന്ന കവിത നിരോധിച്ച വിവാദം അടങ്ങിയത് ഈയിടെയാണ്. നന്മ ബുക്‌സിന്റെ ഉടമ അബ്ദുറഹ്മാനെയാണ് ഇതിന്റേ പേരില്‍ അറസ്റ്റ് ചെയ്ത്. ഇതിന് ശേഷം തൊട്ടടുത്ത് ദിവസം തന്നെ ഇദ്ദേഹത്തെ മറ്റൊരു പുസ്തകത്തിന്റെ പേരിലും കേസെടുത്തിരിക്കുന്നു. 'അസവര്‍ണക്ക് നല്ലത് ഇസ്ലാം' എന്ന പുസ്തകത്തിന്റെ 2005 ലെ പതിപ്പിന്റെ വിതരണം നടത്തി എന്നതാണ് കേസ്. 1936ല്‍ കേരള തിയ്യ യൂത്ത് ലീഗാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്‍, പി.കെ കുഞ്ഞിരാമന്‍, സഹോദരന്‍ കെ.അയ്യപ്പന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തരകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെയ പിതാവ് എ.കെ ഭാസ്‌കരന്‍ എന്നിവരുടെ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി മുസ്ലീങ്ങളെ അകാരണമായി അറസ്റ്റ് ചെയ്യരുതെന്നു പറഞ്ഞു സര്‍ക്കലര്‍ അയച്ച വാരത്തിലാണീ സംഭവവും.


ഈമഷിയുടെ അച്ചടിമഷി പതിപ്പ്

ഒരു കാലത്ത് മുഖ്യധാരയില്‍ മാറ്റി നിര്‍ത്തപ്പെട്ടവരോ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ മുഖം കാണിക്കാനാവാത്തതോ വരാത്തതോ ആയ രചനകള്‍ ആവിഷ്‌കരിക്കാനുള്ള ഇടം എന്ന നിലയിലായിരുന്നു ബ്ലോഗുലകത്തെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ബ്ലോഗുകള്‍ ശക്തമായ സാഹിത്യരചനകള്‍ വിരിയുന്ന ഇടമായി മാറിയിരിക്കുന്നു. emashi.blogspot.in എന്ന ഓണ്‍ലൈന്‍ മാസികയുടെ വാര്‍ഷികപ്പതിപ്പ് പ്രിന്റ് എഡിഷനില്‍ പുറത്തിറങ്ങി. നൂറ് പേജുള്ള പതിപ്പില്‍ കഥയും കവിതയും ലേഖനങ്ങളും അനുഭവങ്ങളും അഭിമുഖങ്ങളുമെല്ലാമായി സജീവമാണ്. ഈ മഷിയി മാത്രം വിരിഞ്ഞ രചനകള്‍ക്ക് അച്ചടിമഷി ലഭിച്ച സന്തോഷത്തിലാണ് ബ്ലോഗേഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍.


* തിരുകേശം വിവാദം അവസാനിപ്പിക്കാന്‍ സമയമായി എന്ന് പറഞ്ഞ് കാന്തപുരത്തിന്റെ മുടിവാദങ്ങള്‍ പുതിയ പശ്ചാത്തലത്തില്‍ നിരൂപണം ചെയ്ത് മാധ്യമത്തില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി ലേഖനമെഴുതി. കാന്തപുരത്തിനെതിരെ അഞ്ച് കാരണങ്ങള്‍ എന്ന പേരില്‍ കാന്തപുരത്തെ ന്യായീകരിച്ച് മാധ്യമത്തില്‍ തന്നെ 26.9.13 നും ലേഖനം രചിച്ചു. ഈ ലക്കം സത്യധാരയില്‍ കാന്തപുരം തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവന്ന ജിഷാന്‍ മാഹിയുടെയും മുഹമ്മദ് രാമന്തളിയുടെയും വെളിപ്പെടുത്തലുകളും വിശദാംശങ്ങളുമുണ്ട്. മുടിയുടെ വിഷയത്തില്‍ ശ്രദ്ധേയന്റെ എട്ട് ബ്ലോഗ് പോസ്‌റ്‌റുകളും ശ്രദ്ധേയമായിരുന്നു.

* മുസ്ലിം ജനതയെ യാഥാസ്ഥികതയുടെ മൂടുപടമണിയിക്കുന്ന മുജാഹിദ് മഠാധിപതികള്‍, മുജാഹിദ് പ്രസ്ഥാനം മൃദു വര്‍ഗീയതയുടെ ഒളിത്താവളം-മത മൗലികവാദത്തിന്റെയും എന്ന ലേഖനം ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ചിരിക്കുന്നു.

* വാക്‌സിനേഷന്റെ അധിനിവേശ ഗൂഢാലോചന ഭരണകൂടങ്ങളെ സ്വാധീനിച്ച് നടത്തപ്പെടുന്ന ഒരു സാമ്രാജ്യത്വ അധിനിവേശ ഗൂഢാലോചനയാണ് വാക്‌സിനേഷന്‍ എന്ന ആരോപണം വളരെ ശക്തമാണ്. കേരളീയ സമൂഹം അത് മനസ്സിലാക്കി വരുന്നു എന്നതിന് തെളിവാണ് ഇവിടെ വാക്‌സിനുകളോടുള്ള വിമുഖത. പക്ഷേ ഖേദകരമെന്ന് പറയട്ടെ, നമ്മുടെ അലോപ്പതി ഡോക്ടര്‍മാരില്‍ ചിലര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. (29.9.13) മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞ മാസത്തില്‍ ഈ വിഷയത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാഴ്ചവാരം:

ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ ഡോ.യൂസുഫുല്‍ ഖറദാവിയെ കുറിച്ച് മലയാളത്തില്‍ ആദ്യമായി ഡോക്യുമെന്ററി പുറത്തിറങ്ങി. പ്രാര്‍ത്ഥനാനിരതനായ പോരാളി എന്നാണ് ഡോക്യുമെന്ററിക്ക് നല്‍കിയിട്ടുളള പേര്. സിതാര ദോഹ അവതരിപ്പിക്കുന്നു ഇന്‍സൈറ്റ് വിഷ്വല്‍ മീഡിയ പ്രാര്ഞതനാ നിരതനായ  പോരാളി. സ്‌ക്രീപ്റ്റ് മുഹമ്മദ് പാറക്കടവ്  എഡിറ്റിഹ് ഫിറോസ് ആലുവ
അസോ. ഡയറക്ടര്‍ ബന്ന ചേന്ദമംഗല്ലൂര്‍ (https://www.facebook.com/photo.php?v=519873048088699)
ഖറദാവിയുടെ ആത്മകഥ തേജസ് വാരികയില്‍ പതിനാല് ലക്കം പിന്നിട്ടു കഴിഞ്ഞു. ഈജിപ്തിലെ ദാറുശ്ശൂറൂഖ് പ്രസിദ്ധീകരിച്ച ഖറദാവിയുടെ സമ്പൂര്‍ണ ആത്മകഥ മൂന്ന് വാള്യങ്ങളിലായി 1500 ലധികം പേജുകളുണ്ട്.